കോവിഡ് 19: കേരളത്തിലെ 90 ശതമാനം ഗ്രാമീണ മേഖല കടക്കെണിയിലാകും

''വീട് പണിക്കായി 50,000 രൂപ വായ്പ എടുത്തതാണ്. ആഴചയില്‍ 1500 രൂപ വെച്ചാണ് തിരിച്ചടവ്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഓരോ അടവ് മുടങ്ങുമ്പോഴും പലിശ കൂടും. എന്തുചെയ്യണമെന്നറിയില്ല,'' കൊച്ചി നഗരത്തിലെ ഓഫീസുകളിലും വീടുകളിലും ക്ലീനിംഗ് ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തിയ ഒരു ഗൃഹനാഥ പറയുന്നു. ഇത് കൊറോണ മൂലം കഷ്ടത്തിലാകുന്ന ഗ്രാമീണ കുടുംബങ്ങളുടെ ചെറുചിത്രം മാത്രം.

കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 88
ശതമാനം കുടുംബങ്ങളും കടക്കെണിയിലാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍
സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങള്‍
വെളിപ്പെടുത്തിയിരുന്നു.

ചെറുതും വലുതുമായ ഒട്ടനവധി വായ്പകളുടെ പിടിയിലാണ് ഗ്രാമീണ മേഖലയിലെ ഓരോ
കുടുംബവും. വായ്പകളുടെ തിരിച്ചടവിന് ശേഷം വീട്ടുചെലവിന് പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിലായിരുന്നു പലരും. അതിനിടെയാണ് ജോലിക്കു പോലും പോകാന്‍ പറ്റാത്ത വിധം പകര്‍ച്ച വ്യാധി പടരുന്നത്.

നഗരങ്ങളുടെ പ്രാന്തപ്രദേശത്ത് ജീവിക്കുന്ന സ്ത്രീകള്‍ പൊതുവേ നഗരത്തിലെത്തി ലോട്ടറി കച്ചവടം, ക്ലീനിംഗ് ജോലികള്‍ തുടങ്ങിയവയിലേര്‍പ്പെട്ടാണ് കുടുംബം പുലര്‍ത്തുന്നത്. പുരുഷന്മാര്‍ ഓട്ടോറിക്ഷ ഓടിച്ചും കയറ്റിറക്ക് ജോലികളില്‍ ഏര്‍പ്പെട്ടും വരുമാനം കണ്ടെത്തുന്നു. ഇതൊക്കെ ഇപ്പോള്‍ നിലച്ചു. ഗ്രാമീണ മേഖലയിലെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷി പണികളും നിര്‍ത്തിവെച്ചതോടെ കുടുംബങ്ങളുടെ വരുമാനമാര്‍ഗം അടഞ്ഞു. നാട്ടിന്‍ പുറത്തെ കടകളില്‍ പോലും കച്ചവടമില്ല.

കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്പ

സംഘടിതവും അസംഘടിതവുമായ പല മൈക്രോഫിനാന്‍സ് കമ്പനികളും ഗ്രാമീണ മേഖലയില്‍ സജീവമാണ്. ഇത്തരത്തിലുള്ള അഞ്ചിടങ്ങളില്‍ നിന്നുവരെ കടമെടുത്തവരുണ്ട്. സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് അവരെ ശാക്തീകരിക്കുകയാണ് സംഘടിതമായ മൈക്രോഫിനാന്‍സ് കമ്പനികളുടെ ലക്ഷ്യമെങ്കിലും മറ്റ് ചില കമ്പനികള്‍ ബ്ലേഡ് പലിശയ്ക്ക് കടം കൊടുക്കുന്നവയാണ്. ഇവരില്‍ നിന്ന് വീട് നിര്‍മാണം, നവീകരണം, ആശുപത്രി ചെലവുകള്‍, മറ്റു കടങ്ങള്‍ വീട്ടാന്‍ തുടങ്ങിയവയ്ക്കായാണ് ഭൂരിഭാഗം പേരും വായ്പ എടുത്തിരിക്കുന്നത്. സ്ത്രീകളാണ് ഭൂരിഭാഗം വായ്പകളെടുത്തിരിക്കുന്നതെങ്കിലും അത് വിനിയോഗിക്കുന്നതില്‍ അവര്‍ക്ക് പങ്ക് വളരെ കുറവാണ്.

കുടുംബത്തിലെ പുരുഷന്മാരാണ് ഈ തുക കൈകാര്യം ചെയ്യുക. സ്ത്രീകള്‍ പലവിധ ജോലികള്‍ ചെയ്തുണ്ടാക്കുന്ന വരുമാനം വായ്പകളിലേക്ക് തിരിച്ചടയ്ക്കാനായി പുരുഷന്മാരുടെ കൈകളില്‍ കൊടുത്താലും കൃത്യമായി അത് ചെയ്യാത്ത പുരുഷന്മാരുമുണ്ട്.

ആഴ്ചകള്‍ കൊണ്ട് ഈ കൊറോണ ബാധ കൊണ്ടുള്ള സ്തംഭനം മാറിയില്ലെങ്കില്‍ കേരളത്തിലെ ഗ്രാമീണ മേഖലയിലെ 90 ശതമാനം കുടുംബങ്ങളിലും സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാകും. വായ്പ തിരിച്ചടവിനായി പണം പലിശയ്ക്ക് നല്‍കിയവര്‍ സ്വീകരിക്കാനിടയുള്ള മാര്‍ഗങ്ങളും സാധാരണ കുടുംബങ്ങളുടെ സമാധാനം നഷ്ടപ്പെടുത്താനാണിട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it