കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാന സംശയങ്ങളും മറുപടിയും

എല്ലാ കോവിഡ് വാക്‌സിനും ഒന്നാണോ? കോവിഡ് വാക്‌സിന്‍ എടുക്കുമ്പോള്‍ ഏതാണ് എടുക്കേണ്ടത്?
ഇന്ത്യയില്‍ അനുമതി ലഭിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ അടക്കമുള്ളവയ്ക്ക് രോഗപ്രതിരോധ ശേഷി 70 ശതമാനത്തോളം ഉറപ്പാക്കാന്‍ കഴിവുള്ളതാണ്. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. സ്പുട്‌നിക്കിന്റെ ഇറക്കുമതി അടുത്ത മാസം ആകുമെന്നാണ് അറിയിപ്പ്. കോവിഷീല്‍ഡ് ആണെങ്കിലും കോവാക്‌സിന്‍ ആണെങ്കിലും ഒരേ വാക്‌സിന്‍ തന്നെ രണ്ട് ഡോസും എടുക്കാന്‍ ശ്രമിക്കുക.
വിദേശത്തു നിന്ന് ഫൈസര്‍ വാക്‌സിന്‍ എടുക്കുന്നവരും ഫൈസര്‍ തന്നെ രണ്ടാം ഡോയും എടുക്കുക. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന്‍ ലഭ്യമല്ല. മാത്രമല്ല ഇന്ത്യയിലെ ഡേറ്റ ബേസില്‍ പേര്
ചേര്‍ക്കാത്തവര്‍ക്ക് ഇവിടെ നിന്ന് രണ്ടാം ഡോസ് മാത്രമായി സ്വീകരിക്കാനാകില്ല.
വാക്‌സിന്‍ എടുത്തവരും ക്വാറന്റീന്‍ പാലിക്കണോ?
വാക്‌സിന്‍ സ്വീകരിച്ച് വിദേശത്തു നിന്നെത്തിയാലും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീന്‍ ഇരിക്കണം. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാലും ഏഴ് ദിവസം ക്വാറന്റീന്‍ ഇരിക്കണം. വാക്‌സിന്‍ സ്വീകരിച്ച വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും രോഗവാഹകരാകാന്‍ ഇവര്‍ക്കു കഴിയും.
ആദ്യ ഡോസ് സ്വീകരിച്ചവര്‍ രണ്ടാം ഡോസിനു സര്‍ട്ടിഫിക്കറ്റോ മറ്റോ എടുക്കണോ?
വേണ്ട. ആദ്യ ഡോസ് എടുക്കുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പറും മതി.
ആദ്യ വാക്‌സിന്‍ ഡോസ് എടുത്ത് എത്ര ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് എടുക്കണം?
കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍ 28 ദിവസത്തിനു ശേഷവും കോവിഷീല്‍ഡ് എടുത്തവര്‍ 42 ദിവസത്തിനുശേഷവും അടുത്ത ഡോസിന് ഹാജരാകാം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ രണ്ടാമത്തെ ഡോസ് കേരളത്തില്‍ നിന്നും എടുക്കാമോ?
എടുക്കാം. തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും നല്‍കിയാല്‍ മതി.
എന്തൊക്കെയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍ ?
ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടലും ചുമയുമാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം. ലക്ഷണങ്ങളില്ലാതെയും രോഗബാധ ഉണ്ടായേക്കാം. അതിനാലാണ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ പോലും ടെസ്റ്റ് നടത്തേണ്ടതും ക്വാറന്റീന്‍ തുടരേണ്ടതും.
വാക്സിന്‍ എടുത്തയാള്‍ക്ക് രോഗം വരുമോ?
വാക്സിന്‍ എടുത്തയാള്‍ക്ക് 70 ശതമാനത്തോളം മാത്രമാണ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നത്. കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ച് ARDS (Acute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് കോവിഡ് 19 വൈറസ് ബാധ ജീവന് ഭീഷണിയാവുന്നത്. ഈ അവസ്ഥയിലേക്ക് വാക്സിന്‍ എടുത്തവര്‍ എത്താനുള്ള സാധ്യത ഇല്ല എന്നല്ലാതെ രോഗം വരില്ല എന്നത് ഉറപ്പിക്കാനാകില്ല. രോഗം വന്നാലും ശക്തി കുറഞ്ഞേക്കാം. പക്ഷെ ഇത്തരക്കാരും രോഗവാഹകരാണ്. അതിനാല്‍ വാക്സിന്‍ എടുത്താലും എടുത്തിട്ടില്ലാത്ത സമയത്ത് പുലര്‍ത്തിയ അതേ ജാഗ്രത അതേ രൂപത്തില്‍ തുടരണം. മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ഇപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമോ?
ഇത്തരക്കാരാണ് തീര്‍ച്ചയായും വാക്സിന്‍ ഉടന്‍ എടുക്കേണ്ടത്. പ്രമേഹം, ശ്വാസകോശരോഗം, കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞ വ്യക്തികള്‍, വൃദ്ധര്‍, കൈക്കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് വൈറസ് ബാധയെ കൂടുതല്‍ ഏറെ ഗൗരവമായി കാണേണ്ടത്. ഇത്തരക്കാരെ വാക്സിന്‍ സ്വീകരിച്ചാലും നിരീക്ഷണത്തിനു ശേഷമാണ് ആശുപത്രികളില്‍ നിന്നു പോകാന്‍ അനുവദിക്ക. ഭയക്കേണ്ടതില്ല, പ്രതിരോധമാണ് വലുത്. ഗര്‍ഭിണികളും മുലയൂട്ടുന്ന 'അമ്മ മാരും വാക്സിന്‍ എടുക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല.
ഓര്‍ക്കുക കോവിഡ് 19 നെതിരെ ഫലപ്രദമായ മരുന്ന് ഇതുവരെ ലോകത്തൊരിടത്തും കണ്ടുപിടിച്ചിട്ടില്ല. അത് കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും ഫലപ്രദം. ഒപ്പം വാക്സിനേഷനും.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it