ഇറക്കി-കയറ്റുമതിയില്‍ കുരുമുളകിന് ദ്രുതവാട്ടം; ഒരു മാസം കൊണ്ട് ഇടിഞ്ഞത് 34 രൂപ

അഞ്ച് ആഴ്ച കൊണ്ട് കുരുമുളകു വില ഇടിഞ്ഞത് കിലോഗ്രാമിന് 34 രൂപയോളമാണ്. കഴിഞ്ഞ ആഴ്‌ചയില്‍ 11 രൂപയാണ് വില ഇടിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 19 രൂപയോളമാണ് കുരുമുളകിന് കുറഞ്ഞത്.
സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് (SAFTA) ഉടമ്പടിയുടെ ഭാഗമായി 8 ശതമാനം തീരുവയിൽ ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്ത കുരുമുളക് വൻതോതിൽ എത്തിയതാണ് വിലയിടിവിനുളള പ്രധാന കാരണമെന്ന് കർഷകര്‍ പറയുന്നു.
കൊച്ചിയില്‍ അൺഗാർബിൾഡിന് 627 രൂപയും ഗാർബിൾഡിന് 647 രൂപയുമാണ് വില. ശ്രീലങ്കൻ കുരുമുളക് ദക്ഷിണേന്ത്യൻ വിപണികളിൽ പോലും വിൽക്കപ്പെടുന്ന സാഹചര്യമാണ് ഉളളത്. ഇത് തദ്ദേശീയ കര്‍ഷകരില്‍ കൂടുതൽ സമ്മർദ്ദമാണ് ചെലുത്തുന്നത്.

ശ്രീലങ്കയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശ്രീലങ്കയിൽ നിന്നുള്ള മൊത്തം കുരുമുളക് ഇറക്കുമതി 10,433 ടൺ ആണ്. ശ്രീലങ്കയില്‍ കുരുമുളക് ഉൽപ്പാദനം 25,000 ടണ്ണിനു മുകളിലായി വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ പറയുന്നു. തങ്ങളുടെ അധിക സ്റ്റോക്ക് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനാണ് ശ്രീലങ്ക ശ്രമിക്കുന്നത്.
അതേസമയം ശ്രീലങ്കന്‍ കുരുമുളകിന് ഗുണ നിലവാരം കുറവാണെന്ന് ഇടുക്കി നെടുങ്കണ്ടത്തെ കുരുമുളക് കര്‍ഷകനായ ജോജി തോമസ് പറയുന്നു. സാന്ദ്രത കുറവ്, ഉയർന്ന ഈർപ്പം, ഫംഗസിൻ്റെ സാന്നിധ്യം തുടങ്ങിയവ ശ്രീലങ്കന്‍ കുരുമുളകില്‍ ഉണ്ട്. ആഭ്യന്തര കർഷകരെ നേരിട്ട് ബാധിക്കുന്നതിനാൽ ഇത്തരം ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
വിയറ്റ്നാം, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് കുരുമുളകിന്റെ പ്രധാന ഉല്‍പ്പാദകര്‍. കേരളത്തില്‍ കുരുമുളക് കൂടുതലായും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇടുക്കി, വയനാട് ജില്ലകളിലാണ്. കേന്ദ്ര സര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ കരുമുളകിനെയും ഉള്‍പ്പെടുത്തിയതിനാല്‍ ഒരു പരിധിക്ക് മുകളില്‍ കുരുമുളക് വില ഉയരാനും തടസമുണ്ട്.

ജനുവരി വരെ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യത

കിലോഗ്രാമിന് 620 രൂപ വരെ വില താഴ്ന്ന ശേഷം നിലവില്‍ 630 രൂപയ്ക്കടുത്താണ് ഇടുക്കിയില്‍ കര്‍ഷകരില്‍ നിന്ന് കുരുമുളക് ശേഖരിക്കുന്നത്. ജനുവരിയോടു കൂടി വില 700 രൂപയ്ക്കടുത്തെത്തും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് നെടുങ്കണ്ടത്തെ കര്‍ഷകനായ ഉപ്പൂട്ടില്‍ തങ്കച്ചന്‍ പറയുന്നു. 620-700 രൂപ നിലവാരത്തില്‍ കുരുമുളക് ജനുവരി വരെ നില്‍ക്കാനാണ് സാധ്യത. രാജ്യ വ്യാപകമായി ഇത്തവണ കുരുമുളകിന്റെ ഉല്‍പ്പാദനം വളരെ കുറവാണ്. ഇത് ജനുവരി കഴിയുമ്പോള്‍ വില 700-750 രൂപ നിലവാരത്തില്‍ എത്താന്‍ ഇടയാക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
ശ്രീലങ്കയില്‍ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ നിന്ന് വീണ്ടും കയറ്റുമതി ചെയ്യുന്നതിനു വേണ്ടിയാണ് വന്‍തോതില്‍ രാജ്യത്തേക്ക് കുരുമുളക് എത്തിക്കുന്നത്. ഇറക്കുമതി നയത്തിലെ പഴുതുകളാണ് പുനർ കയറ്റുമതിക്ക് വേണ്ടി ഇറക്കുമതി ചെയ്ത കുരുമുളകിനെ ആഭ്യന്തര വിപണിയിലേക്ക് കടക്കാൻ സഹായിക്കുന്നതെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസ് ട്രേഡേഴ്‌സ് ഗ്രോവേഴ്‌സ് കൺസോർഷ്യം ആരോപിച്ചു. ആഭ്യന്തര കർഷകരുടെ താൽപ്പര്യത്തെ മോശമായി ബാധിക്കുന്നതിനാൽ ഇത്തരം ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും കൺസോർഷ്യത്തിൻ്റെ കേരള ഘടകം ആവശ്യപ്പെട്ടു.
ഇറക്കുമതി ചെയ്ത കുരുമുളക് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് ഡി.ജി.എഫ്.ടി (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) ആറ് മാസത്തെ സമയമാണ് നല്‍കുന്നത്. ഇറക്കുമതി-കയറ്റുമതി നയത്തിലെ പ്രധാന അപാകതകളിലൊന്നാണ് ഇത്. കേരളത്തിന്റെ പ്രധാന നാണ്യവിളയായ കുരുമുളക് പോലുള്ള ഇനത്തെ വളരെ പ്രതികൂലമായാണ് ഇത് ബാധിക്കുന്നതെന്നും കര്‍ഷക സമൂഹം പറയുന്നു.
Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it