10% സംവരണം: 10 ചോദ്യങ്ങൾ

കളി മാറുകയാണ്. ഇതാദ്യമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പകരം സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തുന്ന നടപടി നിയമമായി.

സംവരണ വിഭാഗത്തില്‍ പെട്ടിട്ടില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടു വരുന്ന ഈ ബില്ല് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുന്ന 124ാമത് ഭരണഭേദഗതി ബില്ലാണ്.

സത്യമാണോ എന്ന് സംശയം തോന്നുന്ന വിധത്തില്‍ മനോഹരം? തീര്‍ച്ചയായും. ഇത് പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം കുരുക്കിലാക്കി. മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ ഒഴികെയുള്ള പാര്‍ട്ടികളെല്ലാം മനസില്ലാമനസോടെയാണെങ്കിലും ബില്ലിനെ അനുകൂലിച്ചു. ഇതു വരെ എല്ലാം ശുഭം.

ഇനിയാണ് യഥാര്‍ത്ഥ ചോദ്യമുയരുന്നത്.

സാമ്പത്തികം മാത്രം മാനദണ്ഡമാക്കുന്നതിനാല്‍ ഇത് ബ്രാഹ്മണ, ബനിയ, പട്ടേല്‍, മറാത്തി, ഗുജ്ജാര്‍, താക്കൂര്‍ തുടങ്ങിയവര്‍ക്കും മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ലഭ്യമാകും. 2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മോദി നടത്തിയ ഒരു 'മാസ്റ്റര്‍ സ്‌ട്രോക്ക്' എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. സംവരണ വിഭാഗമല്ലാത്ത പ്രത്യേകാവകാശങ്ങളൊന്നും ലഭ്യമാകാത്ത പൗരന്മാര്‍ക്ക് കൂടുതല്‍ സമത്വം സൃഷ്ടിക്കുന്നതാണ് വിശാലാര്‍ത്ഥത്തില്‍ ഈ നിയമം. അതേസമയം ജാതിയുടെ അടിസ്ഥാനത്തില്‍ നല്‍കി വന്നിരുന്ന 49.5 ശതമാനം സംവരണത്തിന് കോട്ടമൊന്നും സംഭവിക്കുന്നില്ല എന്നതു കൊണ്ട് പിന്നോക്ക ജാതിക്കാരും ആദിവാസികളുമൊന്നും ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമില്ല.

ഇത് രാഷ്ട്രീയക്കളി മാത്രേമാ?

ആദ്യമായി, രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ 90 ദിവസം മാത്രം ശേഷിക്കേ 10 ശതമാനം കൂടുതല്‍ സംവരണം എന്നതു പോലെയുള്ള ഒരു വലിയ നയം അതും സാമ്പത്തികം മാനദണ്ഡമാക്കിയുള്ളത് പ്രഖ്യാപിക്കുന്നത്, നടപ്പിലാക്കാന്‍ ആവശ്യമായ സമയം പോലും ഇല്ലാത്ത സാഹചര്യത്തിലാണെന്നതാണ്. നടപ്പിലാവണമെന്ന് ആഗ്രഹമില്ലാതെ ചെയ്ത രാഷ്ട്രീയക്കളി മാത്രമാണോ ഇത്?

ഭരണഘടനയ്ക്ക് എതിരല്ലേ?

സാമൂഹിക അസമത്വവും ജാതി അടിസ്ഥാനമായുള്ള അനീതിയും ഇല്ലാതാക്കുക എന്നതാണ് സംവരണത്തിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കിയുള്ള സംവരണം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാവുകയില്ലേ?

നിയമപരമായ സാധുതയുണ്ടോ?

ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇരുസഭകളും ഈ ഭരണ
ഘടനാ ഭേദഗതി അംഗീകരിച്ചെങ്കിലും രാജ്യത്തെ 50 ശതമാനമോ അതില്‍ കൂടുതലോ സംസ്ഥാനങ്ങള്‍ ഇത് അംഗീകരിച്ച് പാസാക്കുമെന്ന് ഉറപ്പുണ്ടോ? തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഇത് ചെയ്തു തീര്‍ക്കാനാകുമോ? അങ്ങനെ ചെയ്താല്‍ പോലും, സംവരണങ്ങള്‍ എല്ലാം കൂടി 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീം കോടതിയുടെ വിധി നേരത്തെ നിലവിലുള്ളതിനാല്‍ (എസ്.സി-എസ്ടി-ഒബിസി സംവരണം തന്നെ ഇപ്പോള്‍ 49.5 ശതമാനമുണ്ട്) ഇതിന് നിയമപരമായും ഭരണഘടനാ പരമായും സാധുതയുണ്ടോ?

പരാജയം ഉറപ്പിച്ചോ?

1990 ല്‍ വിപി സിംഗ് ബിപി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങിയപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നവരാണ് ബിജെപി. ഇപ്പോള്‍ കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞപ്പോള്‍ മണ്ഡല്‍ കമണ്ഡലുവിനു മേല്‍ വിജയം നേടിയിരിക്കുന്നു. ഒരിക്കലും പരിഹാരം കാണാത്ത അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി ഹിന്ദു ഏകീകരണം നടത്താനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നും ഭരണ കക്ഷി ഉറപ്പിച്ചുവോ?

വികസന രാഷ്ട്രീയം കുഴിച്ചുമൂടിയോ?

ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഉണ്ടായിരുന്ന വികാസ് പുരുഷന്‍ എന്ന ഇമേജാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പെട്ടെന്നു തന്നെ വികസന രാഷ്ട്രീയം കുഴിച്ചു മൂടിയോ?

ഇതാണോ പുതിയ ദാരിദ്യ രേഖ?

വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കുകയും അഞ്ച് ഏക്കറില്‍ കുറവ് ഭൂമി ഉണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നതാണ് പറയുന്നത്. അതായത് പ്രതിമാസം 66,000 രൂപ വരുമാനം. അങ്ങനെയെങ്കില്‍ ഇതാണോ രാജ്യത്തിന്റെ പുതിയ ദാരിദ്ര്യ രേഖ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് 20,000 ത്തില്‍ കൂടുതല്‍ വരുമാനമുള്ള ആളുകളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തുന്നു? എന്തുകൊണ്ട് ചുരുങ്ങിയ കൂലി പ്രതിമാസം 18,000 രൂപയാക്കണം എന്നാവശ്യപ്പെട്ട് ജനങ്ങള്‍ രാജ്യത്ത് ഹര്‍ത്താല്‍ നടത്തുന്നു?

തൊഴിലില്ലാതെ സംവരണം സാധ്യമോ?

രാജ്യത്ത് കാര്യമായി ജോലി സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ബിജെപി മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു. അങ്ങനെയെങ്കില്‍ കൂടുതലായി നല്‍കിയിരിക്കുന്ന സംവരണം സാധ്യമാക്കുന്നതെങ്ങനെ? ഇതിലൂടെ നിലവിലുള്ള 49.5 ശതമാനം സംവരണത്തിന് കൂടി വിലയില്ലാതാവും. അങ്ങനെയാവുമ്പോള്‍ സംവരണം എന്നത്

പൊള്ളയായ വാഗ്ദാനം മാത്രമാവില്ലേ? സ്വകാര്യ മേഖലയില്‍ കൂടി സംവരണം സാധ്യമായില്ലെങ്കില്‍ ഈ നിയമം കൊണ്ട് യാതൊരു ഗുണവും ഇല്ലെന്ന് വരില്ലേ?

പിന്നോക്കക്കാരുടെ പങ്ക് കുറയില്ലേ?

ഒരു ബ്രാഹ്മിണ്‍-ബനിയ പാര്‍ട്ടിയായാണ് ബിജെ

പി കരുതപ്പെടുന്നത്. മുന്നോക്ക ജാതിക്കാര്‍ക്ക് നല്‍കുന്ന സംവരണത്തോടെ ഈ വാദം കൂടുതല്‍ ബലപ്പെടുകയല്ലേ ചെയ്യുക? സംവരണം 50 ശതമാനത്തില്‍ താഴെയായി നിര്‍ത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്ക ജാതിക്കാരുടെ പങ്ക് കുറയുകയല്ലേ ചെയ്യുക?

സംവരണമാണോ ശരിയായ വഴി?

ദരിദ്ര വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനുള്ള ശരിയായ വഴി റിസര്‍വേഷനാണോ അതോ വായ്പ എഴുതിത്തള്ളല്‍, എംഎന്‍ആര്‍ഇജിഎ പോലുള്ള വരുമാനം നല്‍കുന്ന പദ്ധതികള്‍, സൗജന്യമായി ധാന്യം നല്‍കല്‍, ചെലവു കുറഞ്ഞ വിദ്യാഭ്യാസം ലഭ്യമാക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണോ?

ഇത് ദാരിദ്ര്യം ഇല്ലാതാക്കുമോ?

അവസാനമായി, ഭരണഘടനാ ശില്‍പ്പികള്‍, ഒരു ദശാബ്ദക്കാലത്തേക്ക് മാത്രമായാണ് സംവരണം അവതരിപ്പിച്ചത്. എന്നാല്‍ ദശാബ്ദങ്ങള്‍ സംവരണം തുടര്‍ന്നിട്ടും ലക്ഷ്യമിട്ടതു പോലുള്ള സാമൂഹ്യ നീതി ഇതുവരെയും ലഭ്യമായിട്ടില്ല. സാമ്പത്തികാടിസ്ഥാനത്തിലുള്ള 10 ശതമാനം സംവരണത്തിനും ഇതേ ഗതിവരില്ലെന്നും തുടര്‍ന്ന് അത് നീട്ടേണ്ടി വരില്ലെന്നും എന്താണ് ഉറപ്പ്? സാമൂഹ്യ നീതിക്കും ദാരിദ്യം തുടച്ചു നീക്കുന്നതിനുമുള്ള ദീര്‍ഘകാല പരിഹാരമാണോ സംവരണം?

ഒരു തുറന്ന ചര്‍ച്ച ആവശ്യമാണ്. പത്തു ശതമാനം സംവരണം എന്ന് വാദിക്കുന്നവര്‍ ഇപ്പോള്‍ വിജയാഹ്‌ളാദത്തിലാണ്. എന്നാല്‍ എതിര്‍ക്കുന്നവര്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തട്ടിപ്പ് മാത്രമാണെന്നും നിയമത്തിനു മുന്നിലും കാലത്തിനു മുന്നിലും നിലനില്‍ക്കില്ലെന്നും കരുതുന്നു.

Disclaimer: The views and opinions expressed in this article are those of the author, and are not necessarily those of Dhanam Publications, the Editorial Team or any of its employees.

Prof. Ujjwal Chowdhury
Prof. Ujjwal Chowdhury  

ഇന്ത്യൻ പൊളിറ്റിക്കൽ ഇക്കണോമിയുടെ പ്രശ്നങ്ങൾ സ്ഥിരമായി വിലയിരുത്തുന്ന ലേഖകൻ പേൾ അക്കാദമിയിൽ (മുംബൈ & ഡൽഹി) സ്കൂൾ ഓഫ് മീഡിയയുടെ മേധാവി ആണ്

Related Articles

Next Story

Videos

Share it