5 ട്രില്യണ്‍ ഡോളര്‍ സ്വപ്‌നത്തെ വികലമാക്കി ജി.ഡി.പി തളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കഴിഞ്ഞ 26 ത്രൈമാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് 4.5 ശതമാനമായി കുറഞ്ഞതില്‍ കനത്ത ആശങ്ക പങ്കു വയ്ക്കുന്നു സാമ്പത്തിക വിദഗ്ധര്‍. വാര്‍ഷിക ജിഡിപി വളര്‍ച്ചാ പ്രവചനം 5.5 ശതമാനമായി പരിഷ്‌കരിച്ചുതുടങ്ങി അവര്‍. സാമ്പത്തിക സര്‍വേ പ്രകാരം സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്ന 7 ശതമാനത്തിന്റെ സ്ഥാനത്താണിത്.

രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വിവരങ്ങള്‍ക്കൊപ്പമാണ് ജി.ഡി.പി കണക്കുകളും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടത്. ഇവയില്‍ ആറെണ്ണവും ഉല്‍പാദന പ്രതിസന്ധി നേരിടുകയാണ്. കല്‍ക്കരി മേഖലയെ ആണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 17.6 ശതമാനം ആണ് ഇവിടെ ഇടിവ്.

സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായി. രാസവളങ്ങള്‍ ഒഴികെയുള്ള എല്ലാ മേഖലകളും ഉല്‍പാദനത്തില്‍ ഇടിവുണ്ടായതിനാല്‍ പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി എന്നീ മേഖലകളില്‍ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് കാരണമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതെങ്ങനെയെന്ന് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഡാറ്റ വ്യക്തമാക്കിയിരുന്നു. 2018 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജിഡിപി 8% വളര്‍ച്ച കൈവരിച്ചു. എന്നാല്‍ പിന്നീട് സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മൂന്നു പാദങ്ങളില്‍ 7%, 6.6%, 5.8% എന്നിങ്ങനെ താഴ്ന്നു. 2019-20 ന്റെ ആദ്യ പാദത്തില്‍ 5%, ഇപ്പോള്‍ 4.5%. വളര്‍ച്ചാ നിരക്ക് ആറ് പാദം കൊണ്ട് ഏകദേശം പകുതിയായി കുറഞ്ഞു.

സമ്പദ്വ്യവസ്ഥയിലെ തുടര്‍ച്ചയായ സങ്കോചം മോദി സര്‍ക്കാരിന്റെ രണ്ടാം ഭരണത്തിന് വലിയ തലവേദനയായിക്കഴിഞ്ഞു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കണമെന്ന പ്രധാനമന്ത്രിയുടെ മോഹം എങ്ങനെ സാക്ഷാത്കരിക്കപ്പെടുമെന്ന ചോദ്യത്തിന് ഉത്തരങ്ങളൊന്നും വരുന്നില്ല, അതു സാധ്യമാകണമെങ്കില്‍ വളര്‍ച്ചാനിരക്ക് ഇപ്പോഴത്തേതിന്റെ ഇരട്ടിയാകണമെന്ന അവസ്ഥ നിലനില്‍ക്കേ.

2018-19 അവസാനത്തോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 2.72 ട്രില്യണ്‍ ഡോളറായിരുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞത് വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് ഡാറ്റാബേസ് ചൂണ്ടിക്കാട്ടിയാണ്. അതനുസരിച്ച് 2024- 25 ഓടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 8 % നിലനിര്‍ത്തേണ്ടതുണ്ട്.

5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം മാറ്റിനിര്‍ത്തുകയാണെങ്കില്‍പ്പോലും, സാമ്പത്തിക മാന്ദ്യം സാധാരണക്കാരെ വിഷമിപ്പിക്കുന്നതു തന്നെയാണെന്ന അഭിപ്രായത്തിനു ബലം കൂടിവരുന്നു. മന്ദഗതിയിലുള്ള സാമ്പത്തിക നീക്കത്താല്‍ തൊഴിലവസര സൃഷ്ടിയുടെ കാര്യത്തില്‍ നാല് പതിറ്റാണ്ടത്തെ താഴ്ന്ന നിലയിലാണിപ്പോള്‍ രാജ്യം. കര്‍ഷകരുടെ വരുമാനം കുറയുന്നു. ഓട്ടോമൊബൈല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. വിപണിയിലാകട്ടെ വിലക്കയറ്റവും. വളര്‍ച്ച കുറഞ്ഞുവെങ്കിലും ഇന്ത്യ മാന്ദ്യത്തിലല്ലെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വീക്ഷണം സാമ്പത്തിക വിദഗ്ധര്‍ക്കു സ്വീകാര്യമല്ലാതെ അവശേഷിക്കുന്നു ഇക്കാരണങ്ങളാല്‍.

യുപിഎയുടെ രണ്ടാം ഭരണകാലത്തേക്കാള്‍ മോദി സര്‍ക്കാരിന്റെ ആദ്യ കാലയളവില്‍ സമ്പദ്വ്യവസ്ഥ എങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് കാണിക്കാന്‍ വിവിധ ഡാറ്റാ ഘടകങ്ങള്‍ നിര്‍മ്മല സീതാരാമന്‍ ഉദ്ധരിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ആദ്യ കാലയളവില്‍ വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ടു എന്നതില്‍ തര്‍ക്കമില്ല. അതേ സമയം, പഴയ പ്രതാപം അയവിറക്കുന്നതിനുപകരം യാഥാര്‍ത്ഥ്യ ബോധം വീണ്ടെടുത്ത് സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണു പ്രധാനപ്പെട്ട കാര്യമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഭൂമിയും തൊഴിലുമായി ബന്ധപ്പെട്ടുള്ള ധീരമായ പരിഷ്‌കാരങ്ങളിലൂടെയും സാമ്പത്തിക ഉത്തേജന നടപടികളിലൂടെയും സര്‍ക്കാര്‍ ക്രിയാത്മക നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. സാമ്പത്തിക പിരിമുറുക്കത്തിന് അറുതി വരണം.

അടുത്ത കാലത്ത് പണപ്പെരുപ്പത്തിന്റെ വികൃതമുഖം വെളിയില്‍ വന്നിട്ടും റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ച് ധനനയങ്ങളില്‍ പലിശനിരക്ക് കുറച്ചു. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി നിരക്ക് ഗണ്യമായി കുറച്ചതുള്‍പ്പെടെയുള്ള നടപടികളുമുണ്ടായി.

അതേസമയം, സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് വ്യക്തമായ നീക്കങ്ങളൊന്നുമില്ല. സപ്ലൈ ഭാഗത്ത് സര്‍ക്കാര്‍ ധാരാളം നടപടികള്‍ കൈക്കൊണ്ടു. എന്നാല്‍ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് ഉചിത കാര്യങ്ങള്‍ ചെയ്യുന്നില്ല.മുഖ്യമായും ഇക്കാരണത്താല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥ അസ്വീകാര്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു.

4.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യമുണ്ടെന്ന് സ്ഥിരീകരിച്ചതായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.ധനക്കമ്മി 3.3 ശതമാനം മുതല്‍ 3.5 വരെ ആയിരിക്കണമെന്ന മോഹം ഈ സാമ്പത്തിക വര്‍ഷത്തില്‍ പാളുമെന്നും 4% വരെ ആയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും മാസങ്ങളില്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുള്ള ഏക അജണ്ട സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനമായിരിക്കണമെന്ന് ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി പറഞ്ഞു. 'സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തേജനവും രചനാത്മക നടപടികളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it