'ഹൗഡി മോഡി'യുടെ സ്‌പോണ്‍സര്‍ കമ്പനിയും പെട്രോനെറ്റുമായി 1.77 ലക്ഷം കോടിയുടെ കരാര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്രേ മോദിയെ താരപരിവേഷത്തോടെ അമേരിക്കയില്‍ അവതരിപ്പിച്ച 'ഹൗഡി മോഡി' പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്ന കമ്പനി പെട്രോനെറ്റുമായി വമ്പന്‍ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രകൃതിവാതക എണ്ണ ഖനന കമ്പനിയായ ടെലൂറിയനാണ് ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോനെറ്റുമായി കരാറായത്.

ടെലൂറിയന്റെ ലൂസിയാനയിലെ നിര്‍ദിഷ്ട പ്രകൃതിവാതക ഖനന പദ്ധതിയില്‍ പെട്രോനെറ്റ് 1.77 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ധാരണ. വര്‍ഷം 50 ലക്ഷം ടണ്‍ എല്‍എന്‍ജി ഖനനം ചെയ്യാന്‍ പെട്രോനെറ്റിന് അനുമതി ലഭിക്കും. അമേരിക്കയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കരാറാണിത്.

മോദിയുടെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും കരാറൊപ്പിട്ടത്. ഊര്‍ജ ആവശ്യത്തിന് അമേരിക്കന്‍ കമ്പനികളെ കൂടുതല്‍ ആശ്രയിക്കുക എന്ന പുതിയ നയം മാറ്റത്തിന്റെ കൂടി ഭാഗമാണ് കരാര്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികളായ ഗെയ്ല്‍, ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമാണ് പെട്രോനെറ്റ്. കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലുമാണ് പെട്രോനെറ്റിന്റെ ടെര്‍മിനലുകള്‍ ഉള്ളത്

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it