വേണം, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം

വേണം, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം
Published on

ഭരണത്തിന്റെ പല മേഖലകളിലും പരാജയപ്പെട്ട്, കൂടുതല്‍ തീവ്രമായ ഹിന്ദുത്വത്തിലേക്ക് ബിജെപി തിരിയുന്ന ഈ ഘട്ടത്തില്‍ പല രാഷ്ട്രീയ ശക്തികളും, ബിജെപിയുടെ ചില പഴയകാല നേതാക്കള്‍ പോലും, ഈ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇതേക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളെയും അതിന്റെ മുന്‍പന്തിയിലെത്തുന്ന നേതാവിനെയും നേതാക്കളെയും കുറിച്ചാണ്. മറ്റൊരു തലത്തിലുള്ള രാഷ്ട്രീയം, തികച്ചും വേറിട്ട ഒരു ഇന്ത്യയുടെ വിഷന് വേണ്ട രാഷ്ട്രീയം എന്നിവയൊന്നും ആര്‍ക്കും വിഷയമാകുന്നേയില്ല.

എന്തെല്ലാമാണ് ഒരുബദല്‍ സംവിധാനത്തിന്റെ സാധ്യതകള്‍?

സ്വാഭാവികമായും കോണ്‍ഗ്രസും പങ്കാളികളും തന്നെ ആദ്യത്തെ ചോയ്‌സ്. പക്ഷേ, ലോക്‌സഭയില്‍ വെറും 44 എംപിമാര്‍ മാത്രമുള്ള, മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തിലുള്ള ഒരു ദേശീയ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ തക്ക അധികാരമില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ ഫെഡറല്‍ മുന്നണിയാണ് രണ്ടാമത്. ഇതിലേയ്ക്ക് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ ബിജെപി ഇതര പാര്‍ട്ടികളെയും കൊണ്ടുവരാന്‍ അവര്‍ തയാറുമാണ്. തെലുങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവു വിഭാവനം ചെയ്യുന്ന ജന മുന്നണിയാണ് മൂന്നാമതുള്ളത്. കോണ്‍ഗ്രസ് ഒഴിച്ച് മറ്റ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഒരു പ്രതിപക്ഷ സഖ്യത്തിലാണ് റാവുവിന് വിശ്വാസം.

എന്താണ് ഇവയുടെ പ്രശ്‌നങ്ങള്‍?

ഇവയെല്ലാം ഒരു പാര്‍ട്ടി നേതാവ് കൂട്ടുകെട്ടുകളാണ് എന്നത് തന്നെ. ആശയങ്ങളുടെയും വേറിട്ട ഒരു ഭരണ സംവിധാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെയും കൂട്ടായ്മയൊന്നും ഇതിലില്ല. ഇന്നുള്ളതിന് പകരമായി വരുന്നതിന്റെ സത്വം വേറിട്ടതാകണം, അതിന്റെ ഉള്ളടക്കം വ്യത്യസ്തമായിരിക്കണം, അല്ലാതെ പഴയ അതേ കാര്യങ്ങളെ പുതിയൊരു രൂപത്തില്‍ അവതരിപ്പിക്കുന്നതല്ല നമുക്ക് വേണ്ട 'ഓള്‍ട്ടര്‍നേറ്റിവ്.'

അല്ലെങ്കില്‍, സ്വാഭാവികമായും നരേന്ദ്ര മോദിയെ എതിരിടാനുള്ള തന്ത്രം ഇതായിരിക്കും 'എല്ലാവരും മോദിയെ പുറത്താക്കാന്‍ നോക്കുന്നു. എനിക്ക് അഴിമതിയെ പുറത്താക്കണം, വികസനത്തെ അകത്തേയ്ക്ക് കൊണ്ടുവരണം.' കളി തുടങ്ങും മുമ്പേ പ്രതിപക്ഷം തോല്‍ക്കും എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഒരു പഴയ പരാജയ മാതൃക

അടിയന്തരാവസ്ഥയുടെ തിരിച്ചടികളെയും പ്രതിപക്ഷ കക്ഷികളുടെ നന്നേ ചെറിയ ഒരു സഖ്യത്തെയും നേരിട്ട ഇന്ദിരാ ഗാന്ധി 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്. 'ഞാനും അവരും തമ്മില്‍' എന്ന തരത്തില്‍ തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ച ഇന്ദിര പറഞ്ഞിരുന്നത് 'അവര്‍ക്ക് ഇന്ദിരയെ പുറത്താക്കണം, എനിക്ക് പട്ടിണിയേയും' എന്നാണ്. മീഡിയയെ നിയന്ത്രിക്കാനുള്ള കഴിവൊന്നും ഇന്ദിരയ്ക്കില്ലായിരുന്നു, സോഷ്യല്‍ മീഡിയയിലൂടെ യാഥാര്‍ത്ഥ്യമല്ലാത്ത യുദ്ധം ചെയ്യാനുള്ള പോരാളികളും അവര്‍ക്ക് സഹായമായില്ല, ആശയത്തിലും നിര്‍വഹണത്തിലുമെല്ലാം ജനവിരുദ്ധമായിരുന്നു അടിയന്തരാവസ്ഥ, അതുകൊണ്ട് അവര്‍ പരാജയപ്പെട്ടു.

ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം മോദിയുടെ നില വളരെ ശക്തമാണ്

അന്ന് ഇന്ദിരയ്‌ക്കെതിരെ ഒരുമിച്ച പ്രതിപക്ഷം രൂപം കൊടുത്ത ജനതാ പാര്‍ട്ടിയില്‍ എല്ലാവിധ രാഷ്ട്രീയ അനുഭാവികളുമുണ്ടായിരുന്നു ഇടതും, വലതും മധ്യവും, അജ്ഞാതവും എല്ലാം. അതുകൊണ്ടുതന്നെ 30 മാസത്തിനുള്ളില്‍ പാര്‍ട്ടി പൊളിയുകയും ചെയ്തു. നേതൃത്വം, രാഷ്ട്രീയം, വിവിധ ഗ്രൂപ്പുകള്‍ക്കും പ്രദേശങ്ങള്‍ക്കും വേണ്ട പ്രത്യേക പരിഗണന എന്നിവയെല്ലാമാണ് പ്രശ്‌നമായത്. വിരോധാഭാസമെന്നു പറയട്ടെ, 2019 ല്‍ മോദിയുടെ ഏറ്റവും വലിയ പ്രതീക്ഷയാകാന്‍ പോകുന്നത് ഇന്ദിരയ്‌ക്കെതിരെ ഉയര്‍ന്ന ഈ 'ഐക്യ' പ്രതിപക്ഷത്തിന്റെ പരാജയമാണ്.

ബദല്‍ മാര്‍ഗം എന്താവണം? പ്രധാനം ഭരണഘടന തന്നെ

വെറും പാര്‍ട്ടികള്‍ മാത്രമാകരുത് പുതിയ സംവിധാനം. ഒരു വ്യത്യസ്ത ലോക വീക്ഷണം വേണം, പൊതുവായ ഒരു മിനിമം പ്രോഗ്രാം വേണം, ഭരണത്തെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് വേണം. ആദ്യമായി ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കണം, മതേതരത്വത്തോട് പ്രതിബദ്ധതയുണ്ടാകണം, ഒരു മത വിശ്വാസവും ഇല്ലാതാക്കാത്ത, ഒരു വിശ്വാസത്തിനും കൂട്ടുചേരാത്ത രാജ്യമാകണം. സമത്വവും ക്ഷേമവും ഉള്‍പ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നേടിയെടുക്കേണ്ടത്, കാരണം വളരെ താഴ്ന്ന വരുമാനമുള്ള പാര്‍ശ്വവത്കൃതരായ ജനങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, അടിസ്ഥാന വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് സഹായം കൂടിയേ തീരൂ.

ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം, അതുകൊണ്ട് മീഡിയ, എന്റര്‍ടൈന്‍മെന്റ്, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം നേതൃത്വം നല്‍കേണ്ടത് ഉദ്യോഗസ്ഥരല്ല, പ്രൊഫഷണലായ വിദഗ്ധരാണ്.

ഏറ്റവും പ്രധാനമായി, നീതിന്യായ വ്യവസ്ഥയ്ക്ക് വേണ്ട സംരക്ഷണം നല്‍കണം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയല്ല വേണ്ടത്. ജ്യുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുക, ഈ രംഗത്തെ നിയമനങ്ങള്‍, ജോലിമാറ്റങ്ങള്‍, ഉദ്യോഗക്കയറ്റങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇടപെടലുകള്‍ നടത്താതിരിക്കുക. പോലീസ്, അഡ്മിനിസ്‌ട്രേഷന്‍ ജ്യുഡീഷ്യറി, ഇലക്ഷന്‍ എന്നിവയിലെല്ലാം വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ജനാധിപത്യം കാത്തു സൂക്ഷിക്കേണ്ടത്. അതോടൊപ്പം ലോക്പാല്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുകയും വേണം. ഇലക്ഷന്‍ കമ്മീഷന്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എന്നിങ്ങനെയുള്ള ഭരണഘടനാപരമായ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സ്വാതന്ത്യം ഉറപ്പുവരുത്തണം.

എല്ലാ സമുദായങ്ങളുടെയും അവകാശം ഉറപ്പുവരുത്തുക

ഇന്ത്യ സ്വന്തമാണെന്ന വിശ്വാസം എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാകണം. എന്നാല്‍ അവരെ അമിതമായി പ്രീണിപ്പിക്കുകയും വേണ്ട. വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ക്ക് അതിനുള്ള അവകാശവും കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമിയിലുള്ള അവകാശവും നല്‍കിയില്ലെങ്കില്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ല, നക്‌സലിസത്തിന് ഒരു അവസാനവുമുണ്ടാകില്ല. സ്ത്രീകളെ ശാക്തീകരിക്കാന്‍ പ്രത്യേക സാമൂഹ്യ സംവിധാനങ്ങള്‍ വേണം, പൊതുസ്ഥലങ്ങളില്‍ അവര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തണം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശിക്ഷ ഉയര്‍ത്തണം, സ്ത്രീകളുടെ സാമൂഹ്യസാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുകയും വേണം.

ഇന്ത്യയ്ക്ക് ഒരു വ്യത്യസ്ത സാമ്പത്തിക വീക്ഷണം

പ്രതിപക്ഷ കൂട്ടായ്മ മൂന്നാമതായി വാഗ്ദാനം ചെയ്യേണ്ടത് സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് ഏര്‍പ്പെടുത്തുന്നതും കാര്‍ഷിക മേഖലയില്‍ എം എസ് സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്ത കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതും കിട്ടാക്കടങ്ങള്‍ (പ്രത്യേകിച്ചും മനപ്പൂര്‍വം പിഴവ് വരുത്തുന്നവരുടെ) തിരികെ നേടിയെടുക്കുന്നതും ബാങ്കിംഗ് ഓട്ടോണമി ഉറപ്പുവരുത്തുന്നതും ഭൂമി, സ്വര്‍ണ്ണം, വിദേശസ്വത്തുക്കള്‍ എന്നിവയിലുള്ള കള്ളപ്പണം കണ്ടെത്തുന്നതും വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതും ഇവയില്‍ ഉള്‍പ്പെടും.

ഇതെല്ലാം കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഫണ്ടുകള്‍ മികച്ച രീതിയില്‍ കൈമാറാനും സഹായകമാകണം. ഒപ്പം, സംയുക്ത ഭരണവും ജിഎസ്ടിയിലൂടെ ഒരു രാജ്യം, ഒരു നികുതി എന്ന സംവിധാനവും കൂടുതല്‍ മികച്ചതാകും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്കായി ബജറ്റിന്റെ 25 ശതമാനം മാറ്റിവയ്ക്കുകയും വേണം.

എല്ലാ ലോക്‌സഭാ നിയോജക മണ്ഡലത്തിന്റെയും വികസനത്തിനായി പദ്ധതികള്‍ വേണം. ആ മണ്ഡലത്തില്‍ ഏറ്റവും കരുത്ത് തെളിയിച്ച, ബിജെപിഇതര പാര്‍ട്ടിക്കാണ് അവിടെ മത്സരത്തിന് അവസരം നല്‍കേണ്ടത്.

മാറേണ്ടത് കാഴ്ചപ്പാട്

പൊതുജനങ്ങളുടെ കാഴ്ചയില്‍ മോദിയുടെ സ്ഥാനം വലുതാണ്. അതിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അതികായനായി നില്‍ക്കുന്ന ഒരു വ്യക്തിക്ക് എതിരാളികളാകുന്നത് രാഷ്ട്രീയ കുള്ളന്മാരുടെ കൂട്ടം, മോദിയെക്കുറിച്ച് വ്യക്തിപരമായി ഒരുവിധ അഴിമതിയും ആരോപിക്കാനില്ല, എതിര്‍ ഭാഗത്തുള്ളതാകട്ടെ അഴിമതിക്കാരുടെ സംഘം, ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ രാജ്യം വേണോ അതോ ജാതി വര്‍ഗീയ ശക്തികളുടെ വളരെ ചെറിയ ഒരു സംഘം നേതൃത്വം നല്‍കുന്ന ഇന്ത്യ വേണോ? ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍, ഭരണകൂടത്തോട് സന്ധിചെയ്ത ഒരു മീഡിയ കൂടി പ്രചരിപ്പിക്കുമ്പോള്‍ ഇതെല്ലാം പ്രതിപക്ഷ സഖ്യത്തിന് വളരെ അപകടകരമായി മാറും.

ഇതിനെ നേരിടാന്‍ ഒരേയൊരു വഴിയേയുള്ളു. പകരമായി കണ്ടെത്തുന്ന സംവിധാനം ഏറ്റവും മികവുറ്റതാക്കുക. അതായത് ധാര്‍ഷ്ട്യക്കാരനായ ഒരു ഏകാധിപതിക്ക് എതിരെ ജനങ്ങളുടെ നേതാവ് എന്ന സാഹചര്യമാകണം. ചില പ്രത്യേക അഴിമതി മാത്രം മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പല ബിജെപി നേതാക്കള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷണം നേരിടാതെ പോകുന്നത് ജനങ്ങള്‍ മനസിലാക്കണം. ഒരു മതത്തിലെ സവര്‍ണ സമുദായത്തിന്റെ ആധിപത്യത്തിനെതിരെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒത്തുചേരുക എന്നതാകണം ഇനി വേണ്ട കാഴ്ചപ്പാട്. വളരെ ഗര്‍വ് നിറഞ്ഞ ഒരു ഉന്നതകുല ഭരണത്തിനപ്പുറത്ത് സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കും പ്രാമുഖ്യമുള്ള ഭരണസംവിധാനം കൊണ്ടുവരുന്നതില്‍ അഭിപ്രായ ഐക്യം വേണം. ഇതെല്ലാം ഒത്തുചേരുന്ന ഒരു ബദല്‍ സംവിധാനത്തിന് മോദി - ഷാ കൂട്ടുകെട്ടിലെ വ്യംഗ്യാര്‍ത്ഥങ്ങളും രഹസ്യധാരണകളും പുറത്തുകൊണ്ടുവരാന്‍ കഴിയും.

മികച്ച നേതൃത്വമുള്ള, പീപ്പിള്‍സ് ഫെഡറല്‍ അലയന്‍സ് (പിഎഫ്എ) എന്ന ഒരു ഐക്യ പ്രതിപക്ഷ സഖ്യമുണ്ടാകട്ടെ. വളരെ വ്യക്തതയുള്ള ഒരു മിനിമം പ്രോഗ്രാമും കാഴ്ചപ്പാടുമായി അത് ഇന്ത്യയ്ക്ക് പൊതുജനകേന്ദ്രീകൃതമായ, വാചകക്കസര്‍ത്തുകളും ധാര്‍ഷ്ട്യ സ്വഭാവവുമില്ലാത്ത ഒരു വികസന ഭാവി സൃഷ്ടിക്കട്ടെ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com