മോദിക്കായി ബോയിങ് ഒരുക്കുന്നത് മിസൈലുകള്‍ ഏല്‍ക്കാത്ത വിമാനം; എയര്‍ ഫോഴ്‌സ് 1 മാതൃകയില്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക യാത്രാ വിമാനമായ എയര്‍ ഫോഴ്‌സ് 1 നു തുല്യമായി മിസൈല്‍ പ്രതിരോധ ശേഷി അടക്കം അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷല്‍ ബോയിങ് വിമാനത്തിലായിരിക്കും അടുത്ത ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200 ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കം പ്രതിരോധ സംവിധാനങ്ങളുള്ള ബോയിങ് 777-300 ഇ ആര്‍ വിമാനങ്ങളാണ് വാങ്ങുകയെന്നാണു സൂചന. ഭാവിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്.
ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ മരവിപ്പിക്കുന്ന സംവിധാനമുണ്ടാകും പുതിയ വിമാനങ്ങളില്‍.മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ സ്വയം പ്രതിരോധിക്കുകയും ചെയ്യും. രണ്ട് പുതിയ സ്പെഷ്യല്‍ വിമാനങ്ങളും വ്യോമസേനയുടെ കീഴിലായിരിക്കണമെന്നാണു തീരുമാനിച്ചിട്ടുള്ളത്. ഹ്രസ്വ യാത്രകള്‍ക്ക് ഇപ്പോള്‍ത്തന്നെ വ്യോമസേനാ വിമാനങ്ങളാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുപയോഗിക്കുന്നത്.