പ്രതീക്ഷകള്‍ പാളി ; ഇന്ത്യന്‍ ഓഹരി വിപണിയെ വിദേശ നിക്ഷേപകര്‍ അതിവേഗം കൈവിടുന്നു

നരേന്ദ്ര മോദിയുടെ വികസന സ്വപ്‌നങ്ങളില്‍ കണ്ണു നട്ട് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 45 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കൊഴുക്കിയവര്‍ക്കു മനംമാറ്റം വന്നു തുടങ്ങിയതായി ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ പറയുന്നു.അന്താരാഷ്ട്ര ഇടപാടുകാര്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഓഹരി വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. ജൂണ്‍ മുതല്‍ അവര്‍ 4.5 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റു.1999 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വിറ്റഴിക്കലാണിത്.

രാജ്യത്തിന്റെ വികസന പാത വികസ്വരമാക്കാന്‍ നരേന്ദ്ര മോദി സാമ്പത്തിക സാധ്യതകള്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുമെന്ന നിഗമനങ്ങളാണ് പാളിക്കൊണ്ടിരിക്കുന്നത്.വിവിധ അന്താരാഷ്ട്ര വിപണികളിലായി 52 ബില്യണ്‍ ഡോളറിന്റെ മേല്‍നോട്ടം വഹിക്കുന്ന ലോംബാര്‍ഡ് ഓഡിയര്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്‌സിന്റെ ലണ്ടന്‍ ആസ്ഥാനമായുള്ള മുഖ്യ നിക്ഷേപ തന്ത്രജ്ഞന്‍ സല്‍മാന്‍ അഹമ്മദ് പറയുന്നതിങ്ങനെ: 2014 നു മുമ്പ് മോദിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞ അന്താരാഷ്ട്ര വിശ്വാസ്യത മായുകയാണിപ്പോള്‍.

ദീര്‍ഘകാലം മോദിക്ക് പിന്തുണ നല്‍കിയിരുന്ന അമേരിക്കന്‍ നിക്ഷേപക ബാങ്കായ ജെഫ്റീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫര്‍ വുഡ് പറയുന്നത് നിലവിലെ അവസ്ഥയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യന്‍ വിപണിക്ക് ശക്തിപകരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യന്‍ ഓഹരികള്‍ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മോദിയെ 'ലോകത്ത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനല്‍കുന്ന നേതാവ്' എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫര്‍ വുഡ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടാത്തതിനാല്‍ ഇന്ത്യയിലെ സ്വകാര്യമേഖല ദീര്‍ഘമായ തകര്‍ച്ച നേരിടാനിരിക്കുകയാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ സാമ്പത്തികവിദഗ്ധ ഉപാസന ചച്രയും അഭിപ്രായപ്പെട്ടിരുന്നു.

നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വന്‍കിട വിദേശനിക്ഷേപകര്‍ക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോണ്‍, നെറ്റ്ഫ്ളിക്സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ വിപലീകരണ പദ്ധതികളില്‍ സൂക്ഷ്മത പുലര്‍ത്തുന്നത് തൊഴില്‍വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിടുന്ന തകര്‍ച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതല്‍ക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി.

2019 രണ്ടാംപാദത്തിലെ വളര്‍ച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോര്‍ട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ പുതിയ തെളിവാണ്. വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ശോചനീയ അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോള്‍ ഇന്ത്യയിലാണ്.

2016-ല്‍ 86 ശതമാനം കറന്‍സികളും ഒറ്റയടിക്ക് അസാധുവാക്കിയ നടപടിയാണ് ഇപ്പോഴത്തെ തിരിച്ചടിക്കുപിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-ല്‍ തിരക്കുപിടിച്ച് ജി.എസ്.ടി നടപ്പാക്കുകകൂടി ചെയ്തതോടെ വാണിജ്യരംഗം പ്രതിസന്ധിയിലായി. അന്തര്‍ദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനില്‍ക്കുമ്പോള്‍ അത് മുതലെടുക്കാന്‍ പോലും ഇന്ത്യക്കു കഴിയുന്നില്ല.

കശ്മീരിലെ ഇടപെടലിനെതിരെ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കാര്‍ട്ടിക്ക മാനേജ്മെന്റ് എം ഡി കാതലിന്‍ ഗിന്‍ഗോള്‍ഡ് രംഗത്തുവന്നു: 'രാഷ്ട്രീയ മൂലധനം അവര്‍ കശ്മീരിലാണ് ചെലവഴിച്ചത്. അത് നിരാശാജനകമാണ്.' കാതലിന്‍ പറയുന്നു.

രാജ്യം മാന്ദ്യത്തിന്റെ വക്കിലാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ വസ്തു നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത ഈയിടെ വ്യക്തമാക്കിയിരുന്നു. വാഹനവിപണി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് സി.ഇ.ഒ ഗെന്റര്‍ ബന്റ്ഷെക്കും ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ അഞ്ച് പാദങ്ങളില്‍ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്നു.

ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 5% വ്യക്ത സൂചനകളാണു നല്‍കിയത്. കാര്‍ വില്‍പ്പന റെക്കോര്‍ഡിലെ ഏറ്റവും വേഗതയില്‍ താഴുകയാണ്. മൂലധന നിക്ഷേപം ഇടിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെയപേക്ഷിച്ച് ഏറ്റവും കൂടി. രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം ലോകത്തിലെ ഏറ്റവും മോശം വായ്പാ അനുപാതത്തിലെത്തി നില്‍ക്കുന്നു. എണ്ണയുടെ പുതിയ വിലക്കയറ്റമാകട്ടെ ഏറ്റവും ദുസ്സഹവും.

സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുമ്പോള്‍ മോദി വെറുതെ ഇരിക്കുകയല്ലെങ്കിലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നതും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതും ഉള്‍പ്പെടെയുള്ള അനിവാര്യ നടപടികള്‍ മന്ദഗതിയിലാണെന്ന് നിക്ഷേപകര്‍ പറയുന്നു.

Related Articles

Next Story

Videos

Share it