മോദിയുടെ രസതന്ത്രം, പ്രതിപക്ഷത്തിന്റെ ഗണിതശാസ്ത്രം

തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഘടകങ്ങള്‍

Modi Rahul
-Ad-

പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് എതിരാളിയാര്? രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതിപക്ഷ നിരയ്ക്ക് അതിനൊത്ത ശക്തിയോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഗോദയില്‍ ആഞ്ഞടിക്കാന്‍ സാധിക്കുന്നില്ല.

നരേന്ദ്ര മോദിയുടെ രസതന്ത്രവും പ്രതിപക്ഷത്തിന്റെ ഗണിതശാസ്ത്രവും തമ്മിലാണ് ഇപ്പോഴത്തെ പോരാട്ടം. 2014ല്‍ പോള്‍ ചെയ്ത വോട്ടിന്റെ 64 ശതമാനം പ്രതിപക്ഷത്തിന് ലഭിച്ചപ്പോള്‍ എന്‍ ഡി എയ്ക്ക് ലഭിച്ചത് 36 ശതമാനമാണ്. അന്ന് അന്യോന്യം പോരടിച്ചവര്‍ പലരും ഇന്ന് തോളില്‍ കൈയിട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും ഒന്നിച്ചിട്ടുണ്ട്. ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ധാരണയുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദിയുടെ രസതന്ത്രമുണ്ട്. സുസ്ഥിരവും ശക്തവുമായ സര്‍ക്കാരും അതിന് സാരഥ്യം നല്‍കാന്‍ 56 ഇഞ്ച് നെഞ്ചളവുള്ള സാരഥിയും എന്ന ഭരണകക്ഷിയുടെ വാദമാണ് ഇതില്‍ ശക്തം.

-Ad-

ഇതിനു പുറമേ അതിര്‍ത്തി കടന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തിയ, ദേശീയബോധത്തെ ആകാശത്തോളം ഉയര്‍ത്തിയ നേതാവെന്ന പ്രതിച്ഛായയും മോദി അണിഞ്ഞിരിക്കുന്നു.

വാദങ്ങളുണ്ട്, പക്ഷേ

ഭരണകക്ഷി പറയുന്നതെന്തിനെയും ശക്തമായി പ്രതിരോധിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനും സാധിക്കുന്ന നിരവധി കാര്യങ്ങള്‍ പ്രതിപക്ഷത്തിനുമുന്നിലുണ്ട്. നോട്ട് പിന്‍വലിക്കല്‍, രൂപയുടെ മൂല്യമിടിവ്, തൊഴിലില്ലായ്മ കുതിച്ചുയരുന്നത്, ജിഡിപിയിലെ തളര്‍ച്ച, റഫേല്‍ വിവാദം, ബാങ്കുകളുടെ ഉയര്‍ന്ന കിട്ടാക്കട പ്രശ്‌നം അങ്ങനെ പലതും.

എന്നാല്‍ മോദി – ഷാ ദ്വയത്തെ ചെറുക്കാനുള്ള തന്ത്രങ്ങളോ കരുത്തോ അവര്‍ക്കില്ല. എന്താണ് ഇതിന് കാരണമെന്ന് പരിശോധിക്കാം.

1. പ്രതിപക്ഷ നിരയില്‍ ഇപ്പോഴും ശക്തമായ ഐക്യനിരയില്ല.

2. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയുടെ ഡ്രൈവര്‍ സീറ്റിലെത്തിയ രാഹുല്‍ ഗാന്ധിക്ക് തന്ത്രപരമായി സഖ്യകക്ഷികളുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

3. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെയും പിടിപ്പുകേടുകളെയും കുറിച്ച് വാചാലമാകുമ്പോഴും ബദല്‍ എന്ത് നയമാണ് തങ്ങള്‍ നടപ്പാക്കുകയെന്ന് വ്യക്തമായി പറയാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല.

4. 12, 14 കക്ഷികള്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നാല്‍ അതിന്റെ പൊതുമിനിമം പരിപാടി എന്താകുമെന്ന് ഇതുവരെ രൂപമില്ല.

5. മോദിക്ക് പകരം ആര് എന്ന ഈ സൈബര്‍ ആര്‍മിയുടെ ചോദ്യത്തിനോ രാജ്യത്ത് ചര്‍ച്ചയാകേണ്ട വികസനകാര്യങ്ങള്‍ക്കോ കൃത്യമായ മറുപടി ഇപ്പോഴും വന്നിട്ടില്ല.

6. ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് ഇത്തരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പറയാനുള്ള അവസരമാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാല്‍ അക്കാര്യം വേണ്ട വിധത്തില്‍ ഇപ്പോഴും മുന്‍നിരയിലേക്ക് എത്തിയിട്ടില്ല.

7. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പിന്നാലെയാണ് ഇപ്പോഴും കക്ഷികള്‍. ശക്തമായ വികസന മോഡല്‍ മുന്നോട്ടു വെച്ചാല്‍ ജാതി – മത പ്രീണനം വേണ്ട. മോദിയുടെ 2014ലെ വിജയത്തില്‍ നിന്നാണ് ഇത് പ്രതിപക്ഷ നിര പഠിക്കേണ്ടത്.

8. പ്രതിപക്ഷ നിര പ്രധാനമന്ത്രി പദത്തിലേക്ക് ഒരാളെ ഉയര്‍ത്തിക്കാട്ടാത്തതാണ് നല്ലത്. അത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രസിഡന്‍ഷ്യല്‍ സ്വഭാവത്തിലേക്ക് മാറ്റും. മാത്രമല്ല, വ്യക്തിപ്രഭാവത്തിന്റെ പിന്‍ബലത്തില്‍ മോദി അതിന്റെ മെച്ചമെടുക്കുകയും ചെയ്യും. ആന്റി – മോദിസം പറയാതെ മോദിയുടെ പരാജയങ്ങള്‍ തുറന്നുകാട്ടണം. ഒരു പോസിറ്റീവ് അജണ്ട പ്രതിപക്ഷം കൊണ്ടുവരണം.

മോദി – ഷാ കൂട്ടുകെട്ടിനെയും അവരുടെ യുദ്ധതന്ത്രത്തെയും ഫലപ്രദമായി ചെറുക്കാന്‍ മുഖാമുഖമുള്ള പോരാട്ടത്തിനാണ് പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകേണ്ടത്. എങ്കില്‍ മാത്രമേ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കൂ.

വെറും രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയിലുള്ള ബദല്‍ നിരയല്ല, മറിച്ച് ബദല്‍ ലോകവീക്ഷണത്തോടെയുള്ള, പൊതുമിനിമം പരിപാടിയിലധിഷ്ഠിതമായ, ഭരണ സംബന്ധമായ കാര്യങ്ങളില്‍ ബദല്‍ സമീപനമുള്ള കൂട്ടായ്മയാണ് വേണ്ടത്. 1977ല്‍ ഇന്ദിരാ ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ജനതാ പാര്‍ട്ടിക്ക് സംഭവിച്ച പിഴവ് ഇപ്പോള്‍ ആവര്‍ത്തിക്കരുത്.

ഇത് പ്രതിപക്ഷം കേള്‍ക്കുന്നുണ്ടോ?

Disclaimer: The views and opinions expressed in this article are those of the author, and are not necessarily those of Dhanam Publications, the Editorial Team or any of its employees.

1 COMMENT

  1. മോഡി മാറണം എന്ന് ധനം ആൾക്കാർക്ക് നിർബന്ധം ഉള്ളതുപോലെ….

LEAVE A REPLY

Please enter your comment!
Please enter your name here