ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

രാവിലെ നേരത്തെ എഴുന്നേറ്റ് ഒമ്പതു മണിക്ക് ഓഫീസിലെത്തണം, വൈകിട്ട് അഞ്ചുമണി വരെ ഇരുന്ന് ജോലി ചെയ്യണം, തോന്നുമ്പോള്‍ ഇറങ്ങാന്‍ കഴിയില്ല, ആത്യാവശ്യങ്ങള്‍ക്ക് ലീവ് കിട്ടില്ല, ലീവെടുത്താല്‍ തന്നെ സാലറി കട്ടാവും. ഒരു വ്യവസ്ഥിതമായ ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളാണിതൊക്കെ. എന്നാല്‍ ഇതൊന്നുമില്ലാതെ ജോലിചെയ്യാന്‍ കഴിയുമോ? കഴിയും! അതാണ് ഗിഗ് വര്‍ക്കിന്റെ ഗുണം. ഒരാളുടെ കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത് ചെയ്യാം എന്നതാണ് ഗിഗ് വര്‍ക്കര്‍ ആയാലുള്ള ഗുണം. ഇവിടെ ജോലി ചെയ്യിപ്പിക്കുന്ന ആളും ജോലി ചെയ്യുന്ന ആളും തമ്മില്‍ മുതലാളി-തൊഴിലാളി ബന്ധമില്ല. നിങ്ങളുടെ ബോസ് നിങ്ങള്‍ തന്നെയാണ്. നിങ്ങളൊരു സ്ഥാപനത്തിന്റെ പേ റോളില്‍ ഉണ്ടാകില്ല, പകരം പണം നല്‍കുന്നത് നിങ്ങള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ക്കാണ്.

സ്വന്തം കഴിവുകള്‍ വില്‍ക്കുക
ജോലിയില്ലാതിരിക്കുമ്പോള്‍ പണത്തിന് ആവശ്യം വന്നാല്‍ പറമ്പിലെ കശുവണ്ടിയും തേങ്ങയും കുരുമുളകുമൊക്കെ സംഘടിപ്പിച്ച് വിറ്റ് തല്‍ക്കാലം ആവശ്യങ്ങള്‍ നടത്തിയിരുന്നത് പോലെ ഗിഗ് ഇക്കോണമിയിൽ ചെയ്യുന്നത് സ്വന്തം കഴിവുകള്‍ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി അവതരിപ്പിച്ച് അതിനെ വില്‍ക്കുക എന്നതാണ്. ഇന്ന് കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുപാടുണ്ട്. ഇതിനെ കണക്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയും മറ്റ് ടെക്‌നോളജികളുമുണ്ട്. പിന്നെന്തിന് കാത്തിരിക്കണം?
ദുരന്തത്തില്‍ നിന്നു തുടക്കം
കോവിഡ് കാലത്ത് പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. കൂടാതെ ശമ്പളം വെട്ടിക്കുറച്ചതും തൊഴിലവസരം കുറഞ്ഞതുമൊക്കെ നിരവധി ആളുകളെ പരമ്പരാഗത തൊഴില്‍ രീതിയില്‍നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒരു ദുരന്തത്തില്‍നിന്നുണ്ടായ അതിജീവന കഥകൂടിയാണ് ഗിഗ് ഇക്കണോമിയുടേത്.

ഗിഗ് ഇക്കോണമിയിൽ ഫ്രീലാന്‍സ് രീതിയിലാണ് ആളുകള്‍ ജോലി ചെയ്യുന്നത്. ഫ്രീ ആയിരിക്കുമ്പോള്‍ ജോലി ചെയ്യും, അല്ലാത്തപ്പോള്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടും. പല കമ്പനികളും ഫുള്‍ടൈം ജോലിക്കാര്‍ക്ക് പുറമെ പാര്‍ട്ട് ടൈം, കോണ്‍ട്രാക്ട്, ഫ്രീലാന്‍സ് ജോലിക്കാരുടെ സേവനംകൂടെ ഉപയോഗപ്പെടുത്തുന്നുണ്ട്.

സൊമാറ്റൊ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകളും ഊബര്‍, ഒല തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട ആപ്പുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഗിഗ് ജീവനക്കാരെ ഉപയോഗിച്ചു മാത്രമാണ്. എന്നാല്‍ ഇത്തരം ജോലികള്‍ മാത്രമല്ല. അധ്യാപകര്‍, ഡിസൈനര്‍, അഭിഭാഷകര്‍, ഫിനാന്‍സ് കണ്‍സള്‍റ്റന്റ്, ആര്‍ക്കിടെക്റ്റ്, ജേര്‍ണലിസ്റ്റ്, എഴുത്ത്, അനലിസ്റ്റ്, ഫോട്ടോഗ്രാഫര്‍, വെഡ്ഡിംഗ് പ്ലാനര്‍ തുടങ്ങി എല്ലാ മേഖലകളിലും മിക്കവാറും കാര്യങ്ങള്‍ നടക്കുന്നത് ഗിഗ് വഴിയാണ്. അതുകൊണ്ടുതന്നെ ഗിഗ് അവസരങ്ങള്‍ നിരവധിയാണ്.
നമ്മുടെ കയ്യില്‍ സ്വന്തമായി ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിയുന്ന ഒരു കഴിവ് (skill), അല്ലെങ്കില്‍ സേവനം ഉണ്ടെങ്കില്‍ അത് പുറംലോകത്തെ അറിയിക്കാനും അവ ആവശ്യമായ വ്യക്തികളും കമ്പനികളുമായി കണക്റ്റ് ചെയ്യാനും Upwork, Truelancer പോലുള്ള ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഇന്നുണ്ട്.
ആനുകൂല്യങ്ങളില്ല
ഈ രംഗത്തുള്ള കമ്പനികള്‍ ഗിഗ് തൊഴിലാളികളെ അവരുടെ ജീവനക്കാരായല്ല പരിഗണിക്കുന്നത്, സ്വിഗ്ഗിയും സൊമാറ്റൊയും അവരെ വിളിക്കുന്നത് തന്നെ 'ഡെലിവറി പാര്‍ട്‌നേഴ്‌സ്' എന്നാണ്. പങ്കാളിയായാല്‍ പിന്നെ പ്രോവിഡന്റ് ഫണ്ട്, തൊഴില്‍ സുരക്ഷ, പെന്‍
ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല. എന്നിട്ടും ഗിഗ് വര്‍ക്ക് തെരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്, ജോലിയില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യവും തന്നെയായിരിക്കും കാരണം.
മുന്‍പ് ഒരു ജോലിയില്‍ കയറി റിട്ടയര്‍ ചെയ്യുന്നതുവരെ ഒരു സ്ഥലത്ത് തുടരുകയായിരുന്നു ലക്ഷ്യം. ഇന്ന് സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, ഇന്നുള്ള ജോലി നാളെയുണ്ടാവണമെന്നില്ല. വളരെ പെട്ടെന്ന് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു, കഴിവുകള്‍ക്ക് പ്രാധാന്യം കൂടിവരുന്നു. കഴിവുള്ളവര്‍ക്ക് ജോലി സാധ്യതയും.
ഇന്ത്യയില്‍ 15 മില്ല്യണ്‍
അമേരിക്കയില്‍ മാത്രം 57.3 മില്ല്യണ്‍ ഗിഗ് വര്‍ക്കേഴ്‌സ് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2027 ആകുമ്പോഴേക്കും 50 ശതമാനം ജനങ്ങളും ഗിഗ് വര്‍ക്കേഴ്‌സ് ആയിരിക്കുമെന്നും പറയുന്നു. 2021ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 15 മില്ല്യണ്‍ ഗിഗ് വര്‍ക്കേഴ്‌സാണുള്ളത്. ഗിഗ് ഇക്കോണമി വളരുകയാണ്, ലോക സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ സംഭാവന ഗിഗ് ഇക്കോണമിയുടേത് ആയിക്കൊണ്ടിരിക്കുന്നു.
ഹാപ്പിനസ് റൂട്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ലേഖകന്‍.
ഫോണ്‍: 9846786445.


Khamarudheen KP
Khamarudheen KP is a Chief Operating Officer, Happiness Route  

Khamarudheen KP is a Corporate Outbound Trainer & Empowerment Coach

Related Articles

Next Story

Videos

Share it