ജിഡിപിയുടെ വളര്‍ച്ചയും തളര്‍ച്ചയും

ഈ ധനകാര്യ വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇന്ത്യ വളര്‍ന്നത് 13.5 ശതമാനം. ജിഡിപിയുടെ (GDP) പാദവാര്‍ഷിക കണക്കുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ 2012-നു ശേഷമുള്ള രണ്ടാമത്തെ വലിയ വളര്‍ച്ച. കോവിഡ് ലോക്ക്ഡൗണ്‍ മൂലം ജിഡിപി 23.8 ശതമാനം കുറഞ്ഞ 2020 ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ നിന്ന് 20.1 ശതമാനം വളര്‍ച്ച കാണിച്ച 2021-ലെ ഏപ്രില്‍- ജൂണ്‍ പാദമാണ് അതിലേറെ വളര്‍ച്ച ഉണ്ടായ കാലം.

ഇപ്പോഴത്തെ 'വലിയ' വളര്‍ച്ച പക്ഷേ, ആരെയും സന്തോഷിപ്പിച്ചില്ല. സര്‍ക്കാര്‍ പോലും അതിലെ റിക്കാര്‍ഡുകള്‍ എടുത്തു പറഞ്ഞു ചര്‍ച്ചയുടെ വഴി തിരിക്കാനാണു ശ്രമിച്ചുകണ്ടത്. രാജ്യത്തിന്റെ വളര്‍ച്ചാലക്ഷ്യം നേടുന്നതിന് ഇത്രയും വളര്‍ച്ച പോരായിരുന്നു എന്നതിലേക്കു ചര്‍ച്ച പോകരുതെന്ന താല്‍പ്പര്യമാണ് അതിനു പിന്നില്‍.
തളര്‍ച്ച വന്ന വഴി
ജിഡിപി വളര്‍ച്ച എന്നാല്‍ രാജ്യത്തു തൊഴിലും വരുമാനവും കൂടുന്നതാണ്. പ്രതിവര്‍ഷം 1.3 കോടിക്കും 1.5 കോടിക്കുമിടയില്‍ യുവാക്കള്‍ തൊഴിലാര്‍ത്ഥികളായി വരുന്നുണ്ട്. അവര്‍ക്കു തൊഴില്‍ നല്‍കാന്‍ വ്യവസായങ്ങളും സംരംഭങ്ങളും വളരണം. പുതിയവ ഉണ്ടാകണം. അതു നടക്കുമ്പോഴാണു ജിഡിപി കൂടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതു വേണ്ട തോതില്‍ നടക്കുന്നില്ല.
2020-21-ല്‍ ജിഡിപി 6.6 ശതമാനം ഇടിഞ്ഞു. 145 ലക്ഷം കോടിയില്‍ നിന്ന് 135 ലക്ഷം കോടിയിലേക്ക്. മഹാമാരി ഇല്ലാതിരിക്കുകയും എട്ടു ശതമാനം വളര്‍ച്ച സാധിക്കുകയും ചെയ്‌തെങ്കില്‍ അപ്പോഴേക്ക് ജിഡിപി 165 ലക്ഷം കോടി ആകേണ്ടതായിരുന്നു. അതു സംഭവിക്കാത്തതു മൂലം ഏകദേശം 18 ശതമാനം കുറഞ്ഞ ജിഡിപി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. പിറ്റേവര്‍ഷം 8.7 ശതമാനം വളര്‍ന്നെങ്കിലും സാധ്യതയുടെ 20 ശതമാനം പിന്നിലായി അക്കൊല്ലത്തെ ജിഡിപിയും.
നിലവാരം കുറഞ്ഞ ജീവിതത്തിലേക്ക്
ഇപ്പറയുന്ന ലക്ഷം കോടികളെ കാണേണ്ടത് ലക്ഷക്കണക്കിനു തൊഴിലും കോടിക്കണക്കിനു രൂപയുടെ വരുമാനവുമായിട്ടാണ്. രാജ്യത്തു കൂടുതല്‍ ഉല്‍പ്പാദനം നടക്കണമെങ്കില്‍ കൂടുതല്‍ പേര്‍ പണിയെടുക്കണം. സേവനങ്ങള്‍ കൂടാനും അതു വേണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവ - തൊഴിലും വരുമാനവും - വേണ്ടത്ര ഉണ്ടായില്ല. തൊഴിലില്ലായ്മ കൂടി. താഴ്ന്ന വരുമാന വിഭാഗക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.
ഇതിനെ മറ്റൊരു രീതിയിലും കാണാം. ജിഡിപിയെ ജനസംഖ്യ കൊണ്ടു ഹരിക്കുമ്പോഴാണ് ആളോഹരി വരുമാനം കിട്ടുന്നത്. ജിഡിപി സാധ്യമാകാമായിരുന്നതിലും 20 ശതമാനം കുറവായി എന്നതിനര്‍ഥം ആളോഹരി വരുമാനം അത്രയും കുറഞ്ഞെന്നാണ്. അതായത് ഓരോരുത്തര്‍ക്കും ചെലവാക്കാന്‍ കിട്ടുന്ന തുക അത്രയും കുറഞ്ഞു. ഒരാളുടെ വരുമാനം 20 ശതമാനം കുറഞ്ഞാല്‍ എത്രയെത്ര ചെലവുകളാണു മാറ്റിവെക്കേണ്ടി വരുന്നത്? പാര്‍പ്പിടനിര്‍മാണം മുതല്‍ പുതിയ സിനിമ കാണുന്നതു വരെയുള്ള ആഗ്രഹങ്ങള്‍ നീട്ടിവെക്കേണ്ടി വരുന്നു. മികച്ച ചികിത്സാ സൗകര്യം തേടാനാകാതെ വരുന്നു. മികച്ച വസ്ത്രങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസവും നല്‍കാനാവാതെ വരും. അത്ര കണ്ടു കുറഞ്ഞ നിലവാരത്തിലാകുന്നു ജീവിതം.
അടുത്ത പാദങ്ങളും മെച്ചമാകാനിടയില്ല
അതില്‍ നിന്നു മാറ്റം ഉണ്ടായില്ല എന്നാണ് ഒന്നാം പാദത്തിലെ കുറഞ്ഞ വളര്‍ച്ച കാണിക്കുന്നത്. ഇതിന്റെ മറ്റൊരര്‍ത്ഥം അടുത്ത പാദങ്ങളിലെ വളര്‍ച്ചയുടെ തോതും അത്ര മെച്ചമായിരിക്കില്ല എന്നാണ്. അതുകൊണ്ടാണു റേറ്റിംഗ് ഏജന്‍സികളും ബാങ്കുകളും വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തുന്നത്. ഈ ദിവസങ്ങളില്‍ വിവിധ ഏജന്‍സികള്‍ വളര്‍ച്ച നിഗമനം കുറച്ചത് ഇങ്ങനെ:


വളര്‍ച്ചയുടെ ദയനീയ ചിത്രം
നമ്മള്‍ക്ക് സാധ്യമായതിനേക്കാള്‍ കുറഞ്ഞ നിരക്കിലേ ഈ വര്‍ഷവും വളരൂ എന്നാണ് ഇതിനര്‍ത്ഥം. ഇതിനിടെ പാശ്ചാത്യ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം വന്നാല്‍ സ്ഥിതി കൂടുതല്‍ ദയനീയമാകും. ഇപ്പോള്‍ത്തന്നെ ഐടി മേഖലയില്‍ വാര്‍ഷിക ഇന്‍ക്രിമെന്റിലും ബോണസിലുമൊക്കെ 'മാന്ദ്യം' വന്നുകഴിഞ്ഞു. കയറ്റുമതി മേഖലയിലും ഇതു വന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച എത്രകണ്ട് കുറയും എന്നു ചിന്തിച്ചാല്‍ മതി.
തകര്‍ക്കേണ്ടത് ഈ ദൂഷിത വലയം
താഴ്ന്ന വളര്‍ച്ചയുടെ ഈ ദൂഷിതവലയ (ഢശരശീൗ െര്യരഹല) ത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ വലിയ മൂലധന നിക്ഷേപത്തോടൊപ്പം ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്ന നടപടികളും ഉണ്ടാകണം. മൂലധന നിക്ഷേപം സംബന്ധിച്ച അവകാശവാദങ്ങള്‍ പലതും കടലാസില്‍ മാത്രമാണെന്നു കാണാം. ഹൈവേ നിര്‍മാണം ഒഴികെയുള്ള മേഖലകളിലെല്ലാം മൂലധനച്ചെലവ് കുറഞ്ഞ തോതിലേ നടക്കുന്നുള്ളൂ എന്ന് ഒന്നാം പാദ ജിഡിപി കണക്കുകള്‍ തന്നെ കാണിക്കുന്നു.
വിമാന കമ്പനികള്‍ നൂറുകണക്കിനു ബോയിംഗുകളും എയര്‍ബസുകളും ഓര്‍ഡര്‍ ചെയ്യുന്നതു രാജ്യത്തെ മൂലധന നിക്ഷേപമല്ല. വിദേശ പ്രൈവറ്റ് ഇക്വിറ്റികളും ഹെഡ്ജ് ഫണ്ടുകളും പണം നിക്ഷേപിച്ച കമ്പനികള്‍ ഐപിഒ നടത്തി കോടികള്‍ സമാഹരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നു മൂലധനം പുറത്തേക്കു പോകുന്നതേ ഉള്ളൂ. ഇവയെല്ലാം കാണിച്ച് എല്ലാം ഭദ്രമാണെന്നു പറയുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നു കണക്കുകള്‍ തെളിയിക്കുന്നു.
ജിഡിപി വളര്‍ച്ചയും ഓഹരി വിപണിയും
ജിഡിപി വളര്‍ച്ചയും ഓഹരി വിപണിയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരെ നമുക്കു കാണാം. വാദത്തിനു വേണ്ടി സ്റ്റാറ്റിസ്റ്റിക്‌സിനെ ആശ്രയിക്കുന്നവരും ഉണ്ട്. പലപ്പോഴും ജിഡിപി വളര്‍ച്ചയോടു ബന്ധപ്പെട്ടല്ല ഓഹരി സൂചികകള്‍ ഉയരുകയും താഴുകയും ചെയ്യുന്നത് എന്നു സ്ഥാപിക്കാനാണ് അവ ഉപകരിക്കാറ്. ജിഡിപി താഴോട്ടു പോകുമ്പോള്‍ ഓഹരികള്‍ കയറുന്നത് മിക്കപ്പോഴും സംഭവിക്കുന്നതാണ്. മറിച്ച് ജിഡിപി ഉയരുമ്പോഴെല്ലാം ഓഹരികള്‍ താഴാറില്ല. അതാണു വസ്തുത.
ഓഹരികളുടെ വില അവയുടെ ഭാവി സാധ്യത കണക്കിലെടുത്താണ്. കഴിഞ്ഞകാല പ്രകടനം കമ്പനിയെ മനസിലാക്കാനുള്ള ഉപാധി മാത്രമാണ്. വരുന്ന പാദത്തില്‍, വരുന്നവര്‍ഷം, വരുന്ന അഞ്ചു വര്‍ഷം കമ്പനി എങ്ങനെ പ്രവര്‍ത്തിക്കും, എത്ര വരുമാനമുണ്ടാക്കും, എത്ര ലാഭമുണ്ടാക്കും എന്നൊക്കെയാണു നിക്ഷേപകര്‍ അന്വേഷിക്കുന്നത്. അതിന്റെ ഉത്തരമനുസരിച്ചാണു നിക്ഷേപ തീരുമാനം.
കമ്പനികളുടെ വരുംകാല പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട് ജിഡിപി വളര്‍ച്ചയ്ക്ക്. ജിഡിപി വേഗം വളരുമ്പോള്‍ രാജ്യത്ത് നിര്‍മാണങ്ങള്‍ വേഗം നടക്കും. കൂടുതല്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കും. കൂടുതല്‍ ഉപഭോഗം നടക്കും. അപ്പോള്‍ കമ്പനികള്‍ക്കു കൂടുതല്‍ വില്‍പ്പന ഉണ്ടാകും. സ്വാഭാവികമായും ലാഭം കൂടും. അത്തരം കമ്പനികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം കൂടും. മറിച്ച്, ജിഡിപി വളര്‍ച്ച കുറഞ്ഞാല്‍ ഉല്‍പ്പാദനവും ലാഭവും കുറവാകും. വളര്‍ച്ചയും ലാഭവും കുറയും. അങ്ങനെയുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ മടിക്കും.
എന്നാല്‍ ജിഡിപി വളര്‍ച്ച താഴ്ന്നു നില്‍ക്കുന്ന ചില സമയങ്ങളില്‍ ആവേശപൂര്‍വം നിക്ഷേപത്തിനു മുതിരുന്നവര്‍ ഉണ്ട്. കോവിഡ് മഹാമാരിക്കാലത്തും 2008 - 09 ലെ മാന്ദ്യകാലത്തും ഒക്കെ ഇതു കണ്ടതാണ്. അത് എന്തുകൊണ്ട് എന്നു രണ്ടു വട്ടം ആലോചിക്കേണ്ടതില്ല; ആ തകര്‍ച്ചയില്‍ നിന്നു വൈകാതെ തിരിച്ചു കയറും എന്ന വിശ്വാസം കൊണ്ട്.
അതാണു ശരിയായ നടപടിയും. വില താഴ്ന്നു നില്‍ക്കുമ്പോള്‍ വാങ്ങുക. എല്ലാവരും വിപണിയെ വിട്ടു പോകുമ്പോള്‍ വാങ്ങിക്കൂട്ടുന്നവര്‍ വലിയ നേട്ടം കൊയ്യും. മാന്ദ്യവും മറ്റും അവസാനിക്കും മുന്‍പ് വാങ്ങുന്നവര്‍ക്ക് അസാധാരണ ലാഭം ഉണ്ടാകും. ഇവിടെയെല്ലാം നിക്ഷേപ തീരുമാനത്തിന് അടിസ്ഥാനം ഒന്നു മാത്രം - നാളെ കാര്യങ്ങള്‍ മെച്ചപ്പെടും, അഥവാ ഭാവിയില്‍ ലാഭം കൂടും എന്ന കണക്കുകൂട്ടല്‍.
ജിഡിപി വളര്‍ച്ച ഉയര്‍ന്നു നില്‍ക്കുമ്പോഴല്ല, കമ്പനികള്‍ക്കു വലിയ വളര്‍ച്ച പ്രതീക്ഷിക്കാവുന്നത്. താഴ്ന്നു നില്‍ക്കുമ്പോഴാണ്. താഴ്ച താല്‍ക്കാലികമാണോ (ഉദാ: കോവിഡ്, 2008-09 ലെ മഹാ മാന്ദ്യം, 2001-ലെ ഡോട് കോം തകര്‍ച്ച) അതോ ദീര്‍ഘകാലം (ഉദാ: 1929-38 കാലത്തെ മഹാ തകര്‍ച്ച) നീണ്ടു നില്‍ക്കുന്നതാണോ എന്നു ശരിയായി വിലയിരുത്തണം. അപ്പോള്‍ ശരിയായ നിക്ഷേപ തീരുമാനത്തില്‍ എത്താനാകും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it