രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യസംരക്ഷണ വിപണിയ്ക്ക് വളര്‍ച്ച; തിളങ്ങി ആരോഗ്യ രംഗം

ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ ആരോഗ്യസംരക്ഷണ സംവിധാനം. വിവിധ ഗവേഷണ- വികസന സൗകര്യങ്ങള്‍ക്ക് പുറമേ താരതമ്യേന കുറഞ്ഞ കാലയളവില്‍ തന്നെ രാജ്യം മികച്ചൊരു ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുത്തു. പിന്നീട് ഈ മേഖലയും ഡിജിറ്റല്‍ ലേകത്തേക്കുള്ള ചുവട്‌വെയ്പ്പ് നടത്തി. രാജ്യത്ത് ഏറ്റവും നൂതനമായ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് നമുക്കറിയാം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം ഇന്ത്യയുടെ സാമൂഹിക ചുറ്റുപാടിനെ നവീകരിച്ചു.

ഡിജിറ്റല്‍ പേയ്മെന്റുകളും ഇലക്ട്രോണിക് കറന്‍സിയും ഇപ്പോള്‍ ചെറുകിട ഗ്രാമീണ പച്ചക്കറി കച്ചവടക്കാര്‍ മുതല്‍ വന്‍കിട നിര്‍മ്മാണ നിര്‍മ്മാതാക്കള്‍ വരെ എല്ലാവരും വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു. അതായത് രാജ്യം ഇതിനോടകം തന്നെ ഒരു 'ഡിജിറ്റല്‍ മനോഭാവം' സ്വീകരിച്ചിരിക്കുന്നു എന്ന് പറയാം. ഡിജിറ്റല്‍ സേവനങ്ങള്‍ ഇത്തരത്തില്‍ വ്യാപകമാകുന്നതിനിടെ ഇതിനൊപ്പം വളര്‍ന്നു വന്ന ഒന്നാണ് ഇന്ത്യയിലെ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം.

ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം

ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം (digital healthcare). സോഫ്റ്റ്‌വെയര്‍-ആസ്-എ-സര്‍വീസ് (SaaS), ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ്-ഓഫ്-തിംഗ്സ് (IoT), ബിഗ് ഡാറ്റ, 3D പ്രിന്റിംഗ്, റോബോട്ടിക്സ്, തടങ്ങി നിരവധി സാങ്കേതികവിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സാങ്കേതികവിദ്യകള്‍ പൊതുവായ ആരോഗ്യ ആപ്ലിക്കേഷനുകള്‍ മുതല്‍ ഒരു മെഡിക്കല്‍ ഉപകരണമെന്ന നിലയിലുള്ള ആപ്ലിക്കേഷനുകള്‍ വരെ ഇന്ന് വാഗ്ദാനം ചെയ്യുന്നു.

ഇവയെല്ലാം ഉപയോഗിച്ച് ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍, ആരോഗ്യ സംരംക്ഷണത്തിനായുള്ള വെയറബിള്‍സ് എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ജങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരുക്കുന്നു. കോവിഡിന്റെ വരവോടെയാണ് ടെലിമെഡിസിന്‍ വ്യാപകമായത്. എന്നാല്‍ കോവിഡ് തരംഗത്തിന് ശേഷവും ആളുകള്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തുടരുന്നതായി രാജഗിരി ടെലിമെഡിസിന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെവിന്‍ ദേവസ്യ വലിയമറ്റം പറഞ്ഞു. ഇത് രോഗികള്‍ക്ക് ആശുപത്രികളിലേക്കുള്ള യാത്രയും, ഡോക്ടറെ കാണാനുള്ള വിലിയ ക്യൂവും മറ്റും ഒഴിവാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രോഗികള്‍ക്ക് മത്രമല്ല ഡോക്ടര്‍മാര്‍ക്ക് സമയം ലാഭിക്കാനും, ഓപിയിലെ തിരക്ക് ക്രമീകരിക്കാനും മറ്റും ഇതുവഴി കഴിഞ്ഞു. ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം മുന്നോട്ട് വച്ച ടെലിമെഡിസിന്‍ ഇരുകൂട്ടര്‍ക്കും ഇത്തരത്തില്‍ സഹായമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മൊബൈല്‍ മെഡിക്കല്‍ ആപ്പുകളും സോഫ്റ്റ്‌വെയറുകളും മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും വരെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ആരോഗ്യ സംരക്ഷണത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഡിജിറ്റല്‍ ഹെല്‍ത്ത് ടൂളുകള്‍ രോഗം കൃത്യമായി കണ്ടുപിടിക്കാനും ചികിത്സിക്കാനും വഴിയൊരുക്കി. വ്യക്തിയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മാത്രമല്ല വിപണിയിലും ഇത് വലിയ പങ്ക് വഹിക്കുന്നു.

ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണി

2015- ലാണ് കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്‍ ആരംഭിച്ചത്. അതിനുശേഷം, ഡിജിറ്റല്‍ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആരോഗ്യ സംരക്ഷണ മേഖലയുടെ കാര്യത്തിലും ഡിജിറ്റല്‍ സേവനങ്ങള്‍ എത്തി. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് (ABDM) കീഴില്‍ രാജ്യത്ത് ഡിജിറ്റല്‍ ആരോഗ്യ ദൗത്യം (NDHM) ആരംഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ ഇന്ത്യയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.

കൊറോണ വൈറസിന്റെ വരവോട് കൂടി ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനം അത്യാവശ്യമായി മാറി. ആഗോളതലത്തില്‍ തന്നെ ഡിജിറ്റല്‍ ആരോഗ്യ വിഭാഗം വളര്‍ന്നു. ഇന്ത്യയിലും ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണി വളര്‍ന്നു. രോഗികളുടെ വിവരങ്ങളും മറ്റും ശേഖരിക്കാനും പങ്കിടാനും ഡിജിറ്റല്‍ ടൂളുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചു. മറ്റ് ആരോഗ്യ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും എല്ലാം ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം ഉപയോഗിച്ചു.കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളെ ചെറുക്കുന്നതില്‍ ഡിജിറ്റല്‍ ആരോഗ്യ ടൂളുകള്‍ പ്രധാന പങ്ക് വഹിച്ചു.

കോവിഡിന് ശേഷവും ആളുകള്‍ ടെലിമെഡിസിന്‍ സൗകര്യങ്ങളും മറ്റും ഉപയോഗിക്കുന്നത് തുടര്‍ന്നതോടെ ഇതിലെ സാധ്യതകളും വളര്‍ന്നു. ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്കായി പല ആശുപത്രികളും സ്വന്തമായി ആപ്പുകളും മറ്റും പുറത്തിറക്കിയെന്നും കെവിന്‍ ദേവസ്യ വലിയമറ്റം പറഞ്ഞു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആപ്പുകള്‍ ജനങ്ങളും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എംഹെല്‍ത്ത് (Mobile Health) വളര്‍ന്നു. ഇതെല്ലാം ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണിയുടെ വളര്‍ച്ചയെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഇന്ന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 2022 ല്‍ ഇത് കൂടുതല്‍ പുരോഗതി കൈവരിച്ചു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (ABHA) ഐഡികള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ 30 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഈയടുത്ത് ട്വിറ്ററില്‍ അറിയിച്ചു. 2022 ജനുവരിയില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ യൂണിഫൈഡ് ഹെല്‍ത്ത് ഇന്റര്‍ഫേസ് സമാരംഭിച്ചതോടെ, ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനികള്‍ക്കും മറ്റ് പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും അവരുടെ സേവനങ്ങള്‍ നല്‍കാനുള്ള വഴിയുമൊരുങ്ങി.

എല്ലാ മരുന്നുകളുടെയും ഏകീകൃതവും കേന്ദ്രീകൃതവുമായ ശേഖരണത്തിനായി 2022 മാര്‍ച്ചില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ഡ്രഗ് രജിസ്ട്രിയെക്കുറിച്ചുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. ഇന്ത്യയിലെ ഇത്തരത്തിലുള്ള വളര്‍ച്ച ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണിയുടെ മൂല്യം ഉയര്‍ത്തി. വികസിച്ചുകൊണ്ടിരിക്കുന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചറാണ് പ്രാഥമികമായി ഡിജിറ്റല്‍ ആരോഗ്യ വിപണിയെ നയിക്കുന്നത്.

ഇതുകൂടാതെ, പ്രോസസ്സിംഗ്, സ്റ്റോറേജ് സാങ്കേതികവിദ്യകളിലെ വികസനം കമ്പ്യൂട്ടിംഗ് ഉറവിടങ്ങളെ കൂടുതല്‍ കാര്യക്ഷമവും താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതും രോഗികള്‍ക്ക് ആവശ്യാനുസരണം സേവനങ്ങള്‍ നല്‍കുന്നതുമാക്കി മാറ്റി. ഇതും വിപണി വളര്‍ച്ച വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ സംവിധാനം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ ടൂളുകളുടെ നിക്ഷേപത്തില്‍ 80 ശതമാനം വര്‍ധനവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇനിയുമുണ്ട് ചിലത്

ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്, ടു-വേ ക്യാമറകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയിലൂടെ വിദൂര രോഗികളുടെ നിരീക്ഷണം അനുവദിക്കുന്ന ഇലക്ട്രോണിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ (e-ICU) സംയോജനം പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണിക്ക് ഇനിയും ഊര്‍ജം പകരും.

വരും വര്‍ഷങ്ങളില്‍ വ്യക്തിപരമാക്കിയ രീതിയില്‍ മരുന്ന് നല്‍കാന്‍ കഴിയുന്നതിലേക്കും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിക്കും. കൂടാതെ, ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഡോക്ടര്‍മാരെയും ആശുപത്രികളെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രാപ്തരാക്കും. ഇതെല്ലാം തന്നെ രാജ്യത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ സംരക്ഷണ വിപണി ഇനിയും വളര്‍ത്തും.

Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it