മാന്ദ്യം: നിക്ഷേപകർക്കു സുവർണാവസരം?

അനിശ്ചിതത്വമാണു മുന്നിൽ. കാര്യങ്ങൾ എങ്ങനെയാണു പരിണമിക്കുക എന്നതിൽ ആർക്കും ഒരുറപ്പുമില്ല. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കാണു പോകുന്നതെന്ന് മിക്കവരും വിശ്വസിക്കുന്നു. മാന്ദ്യത്തിൻ്റെ തോതിൽ മാത്രമാണു തർക്കം. ചിലർ ലഘുവും ഹ്രസ്വവുമായ ഒരു മാന്ദ്യം കണക്കാക്കുമ്പോൾ തീവ്രവും ദീർഘവുമായ മാന്ദ്യമാണു മറ്റുള്ളവർ മുന്നിൽ കാണുന്നത്. രണ്ടായാലും മാന്ദ്യം തന്നെ. അതിനു ശേഷം വളർച്ച ഉറപ്പാണെന്നുള്ളതിൽ ആർക്കും തർക്കമില്ല താനും.

വിപണികൾ എല്ലായ്പോഴും അങ്ങനെയാണ്. ഏതു സാഹചര്യത്തിലും വിപണികൾ വലിയ ശുഭാപ്തിവിശ്വാസമാണ് പുലർത്താറ്. യുക്തിസഹമായി ചിന്തിച്ചാൽ അനുകൂലമല്ലാത്ത അന്തരീക്ഷത്തിലും പുലർത്തുന്ന
ആ ശുഭാപ്തിവിശ്വാസമാണ് വിപണികളെ നിലനിർത്തുന്നതെന്നും പറയാം. അതുള്ളതുകൊണ്ടാണ് എല്ലാവരും വിൽക്കുമ്പോൾ വാങ്ങാൻ ആളുകൾ ഉണ്ടാകുന്നത്. അങ്ങനെ വാങ്ങുന്നവർ വലിയ ലാഭം കൊയ്യുന്നതും സാധാരണം. "എല്ലാവരും പേടിച്ചു വിൽക്കുമ്പോൾ ആർത്തിയോടെ വാങ്ങുക, എല്ലാവരും ആർത്തിയോടെ വാങ്ങുമ്പോൾ പേടിച്ചു വിൽക്കുക" എന്നു വിശ്രുത നിക്ഷേപകൻ വാറൻ ബഫറ്റ് ഉപദേശിച്ചത് ഓർക്കുക.
മാന്ദ്യത്തിൻ്റെ വരവ് ഇങ്ങനെ
എന്തു കൊണ്ടാണു ലോകം മാന്ദ്യത്തിലേക്കു പോകുന്നത് എന്ന് എല്ലാവർക്കും അറിയാം. 2007-2009 ലെ ആഗോള മാന്ദ്യത്തിനു ശേഷം ലോകത്തിലെ പ്രധാന കേന്ദ്ര ബാങ്കുകൾ പണലഭ്യത വർധിപ്പിക്കുന്നതിലും പലിശ നിരക്ക് കുറയ്ക്കുന്നതിലുമാണു ശ്രദ്ധിച്ചത്. ഇതു ലോകമെങ്ങും കുറഞ്ഞ പലിശയിൽ ഇഷ്ടം പോലെ പണം കിട്ടുന്ന അവസ്ഥ ഉണ്ടാക്കി. ഈ പണം വ്യാപാരം വർധിപ്പിച്ചു. ഓഹരികൾ മുതൽ റിയൽ എസ്റ്റേറ്റ് വരെ എല്ലായിനം ആസ്തികൾക്കും വില കൂട്ടി. അതു നിയന്ത്രിക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോഴേക്കു കോവിഡ് മഹാമാരി വന്നു. എങ്ങും ലോക്ക്ഡൗണും അടച്ചിടലുകളും. വീണ്ടും പലിശ താഴ്ത്തിയും പണലഭ്യത കൂട്ടിയും സാമ്പത്തിക ഉത്തേജനത്തിനു കേന്ദ്ര ബാങ്കുകൾ ഉത്സാഹിച്ചു. കമ്മിയുടെ പിടിയിലമർന്ന ഗവണ്മെൻ്റുകൾക്കു കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു.
ഇങ്ങനെ സുലഭമായി, നാമമാത്ര പലിശയിൽ ഒഴുകിയെത്തിയ പണം വിലക്കയറ്റം വർധിപ്പിച്ചു. ആദ്യം എല്ലാവരും അതു നല്ലതാണല്ലോ എന്നു കരുതി. പിന്നീടു റഷ്യയുടെ യുക്രെയ്ൻ ആക്രമണം വന്നപ്പോൾ ഇന്ധന പ്രതിസന്ധിയും ആഗോള ചരക്കുനീക്കവും വീണ്ടും ഉൽപന്ന വിലകളെ ഉയർത്തി. വിലക്കയറ്റം സാധാരണപരിധിയും സഹനപരിധിയും കടന്ന് കുതിച്ചു. ഇതിനു മുൻപു കേന്ദ്രബാങ്കുകൾ തെറ്റായ നിലപാട് എടുത്തതു സാഹചര്യം വഷളാക്കി.
അബദ്ധ വ്യാഖ്യാനങ്ങൾ
കോവിഡ് കാലത്തു പലതിനും വില ഉയർന്നപ്പോൾ പല വ്യാഖ്യാനങ്ങൾ ഉണ്ടായി. ഉൽപന്നങ്ങളുടെയും മറ്റും ലഭ്യത പ്രശ്നമായതുകൊണ്ട് (Supply Disruptions) വില കൂടുന്നു എന്നായിരുന്നു പ്രധാന വ്യാഖ്യാനം. ശരികളേക്കാൾ കൂടുതൽ വേഗം തെറ്റുകൾ പരക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യും. ഇക്കാര്യത്തിലും അതു തന്നെ സംഭവിച്ചു. കുറേ സാധനങ്ങളുടെ കാര്യത്തിൽ ലഭ്യത പ്രശ്‌നമായിരുന്നു എന്നതു ശരി. പൊതുവേ അതു ശരിയായിരുന്നില്ല.
ഈ അബദ്ധം കൂടുതൽ വലിയ അബദ്ധങ്ങളിലേക്കു നയിച്ചു. ലഭ്യതയാണു പ്രശ്നം എന്നു പരക്കെ പറയപ്പെട്ടപ്പോൾ കേന്ദ്ര ബാങ്കുകളും അത് ഏറ്റുപാടി. ലഭ്യത ഒരു താൽക്കാലിക പ്രശ്നമാണ്. അത് എന്നേക്കും നിൽക്കില്ല. അപ്പോൾ വിലക്കയറ്റം ഒരു താൽക്കാലിക പ്രശ്നമാണ് എന്നു കേന്ദ്രബാങ്കുകൾ വാദിച്ചു. അമേരിക്കയിൽ വിലക്കയറ്റം രണ്ടു ശതമാനത്തിൽ നിൽക്കണം എന്നതാണു വ്യവസ്ഥ. പക്ഷേ കഴിഞ്ഞ മാസം അത് കയറിക്കയറി 8.5 ശതമാനമെത്തി. ഇന്ത്യയിൽ നാലു ശതമാനമായിരിക്കേണ്ട വിലക്കയറ്റം 7.79 ശതമാനത്തിലേക്കു കയറി. ജനുവരിക്കു ശേഷം ആറു ശതമാനത്തിൽ താഴ്ന്നിട്ടില്ല ഇവിടത്തെ വിലക്കയറ്റം.
ചികിത്സ വൈകി
എല്ലാറ്റിനും കാരണം അബദ്ധ സിദ്ധാന്തത്തെ ഏറ്റു പാടിയ കേന്ദ്രബാങ്കുകളുടെ പിഴവ്. വിലക്കയറ്റം പരിധി ലംഘിച്ചു പാഞ്ഞപ്പോഴും അവർ ഒന്നും ചെയ്തില്ല. താൽക്കാലിക പ്രതിഭാസം എന്ന വാദത്തിൽ നിന്നു. യുക്രെയ്ൻ യുദ്ധവും അനുബന്ധ പ്രശ്നങ്ങളും ഉടലെടുത്ത ശേഷമാണ് അവർ വിഷയത്തെ ശരിയായി മനസിലാക്കിയത്. താൽക്കാലികമാേ എളുപ്പം മാറുന്നതോ അല്ല പ്രശ്നം. ആഴത്തിലാണു പ്രശ്നം. പലിശ കൂട്ടിയും പണലഭ്യത കുറച്ചും മാത്രമേ പരിഹാരം ഉണ്ടാക്കാനാകൂ.
അമേരിക്കയുടെ ഫെഡ് മാർച്ചിൽ 25 ബേസിസ് പോയിൻ്റും മേയിൽ 50 ബേസിസ് പോയിൻ്റും പിന്നീടു മൂന്നു തവണ 75 ബേസിസ് പോയിൻ്റും വീതം പലിശനിരക്ക് കൂട്ടി. യുഎസിൽ കുറഞ്ഞ പലിശ 0.0 - 0.25 ശതമാനത്തിൽ നിന്ന് 3.00- 3.25 ശതമാനമായി. ഇനി രണ്ടു തവണ കൂടി നിരക്ക് കൂട്ടി 4.25 ശതമാനത്തിലേക്കു കുറഞ്ഞ പലിശ ഉയർത്തും.
റിസർവ് ബാങ്കിനും ചുവടു പിഴച്ചു
ഇന്ത്യയിലും സമാന്തര നീക്കങ്ങൾ ഉണ്ടായി. സമാന്തര അബദ്ധങ്ങൾക്കു പിന്നാലെയായിരുന്നു അത്. ഏപ്രിലിൽ യോഗം ചേർന്നപ്പോഴും റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) പലിശകൂട്ടലും പണലഭ്യത കുറയ്ക്കലും ഉടനെ വേണമെന്നു കണക്കാക്കിയില്ല. പണലഭ്യത കൂട്ടേണ്ടതില്ല എന്നു മാത്രം വിലയിരുത്തി. റിസർവ് ബാങ്ക് വൃത്തങ്ങൾ അനൗദ്യോഗികമായി പറഞ്ഞത് ജൂലൈക്കു ശേഷമേ നിരക്കു കൂട്ടൂ എന്നാണ്. വളർച്ചയ്ക്കു തടസം വരുത്താതിരിക്കാനാണു പലിശ ഉടനെ കൂട്ടാതിരിക്കുന്നതെന്നും വിശദീകരിച്ചു.
പക്ഷേ മേയ് ആദ്യം എംപിസി അസാധാരണ യോഗം വിളിച്ച് നിരക്കു 40 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു - നാലിൽ നിന്നു 4.4 ശതമാനത്തിലേക്ക്. ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) നാലിൽ നിന്നു 4.5 ശതമാനമാക്കി. പിന്നീടു മൂന്നു തവണ 50 ബേസിസ് പോയിൻ്റ് വീതം കൂട്ടി 5.9 ശതമാനമാക്കി റീപോ നിരക്ക്. ഇനിയും നിരക്ക് കൂട്ടും.
ഇങ്ങനെ അസാധാരണ നീക്കം വേണ്ടിവന്നത് മുൻപു പറഞ്ഞ അബദ്ധം യുഎസ് ഫെഡിനെപ്പോലെ ഇന്ത്യയുടെ ആർബിഐയും വിശ്വസിച്ചതു കൊണ്ടാണ്. അതു കൊണ്ടു പലിശവർധന യഥാസമയം തുടങ്ങിയില്ല. പണലഭ്യതയുടെ ടാപ്പ് യഥാസമയം പൂട്ടിയില്ല. വിലക്കയറ്റം പരിധിയും സഹനപരിധിയും കടന്ന് ഏറെ ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്. അപ്പോഴേക്ക് നിരക്കുവർധന പതിവിനേക്കാൾ കൂടിയ തോതിലാക്കേണ്ട സമയമായി.
സ്റ്റാഗ് ഫ്ലേഷനെയും പേടിക്കാം
അമിത വിലക്കയറ്റവും പലിശ വർധനയും ഒരേ സമയം ഉണ്ടാകുമ്പോൾ വേറേ പ്രത്യാഘാതമുണ്ട്. വിലക്കയറ്റത്തിൻ്റെ ഫലമായി കൈയിലെ പണത്തിൻ്റെ വില കുറയുന്നു. കുറച്ചു സാധനങ്ങളേ വാങ്ങാൻ പറ്റൂ. അപ്പാേൾ വാങ്ങൽ കുറയ്ക്കും. കടമെടുത്തു കാര്യം നടത്താമെന്നു വച്ചാൽ പലിശ ദുർവഹം. അതിനാൽ കടമെടുപ്പ് ഒഴിവാക്കും
രണ്ടും കൂടി സാമ്പത്തിക പ്രവർത്തനങ്ങൾ കുറയും. വ്യാപാരമാന്ദ്യവും നിക്ഷേപമാന്ദ്യവും ചേരുമ്പോൾ ജിഡിപി കുറയും, തൊഴിൽ കുറയും. വിലകൾ കുറയാതെയാണ് ഇതു സംഭവിക്കുന്നതെങ്കിൽ സ്റ്റാഗ്ഫ്ലേഷൻ (stagflation), വിലകൾ ഇടിയുക കൂടി ചെയ്താൽ സാമ്പത്തിക മാന്ദ്യം. രണ്ടും മാരകം.
നല്ല ഓഹരികൾ സ്വന്തമാക്കാൻ സുവർണാവസരം
അപ്പാേൾ നിക്ഷേപകർ എന്തു ചെയ്യണം?
മാന്ദ്യത്തിലേക്കു ലോകം കടക്കുമ്പോൾ ഓഹരികൾ ഇടിയും. അതു നല്ല നിക്ഷേപകർക്ക് അവസരമാണ്. മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ (കുറഞ്ഞ പി.ഇ. അനുപാതത്തിൽ) വാങ്ങിക്കാനുള്ള അവസരമാണത്. ഈയിടെ മെറ്റൽ, ഐടി ഓഹരികൾ അങ്ങനെ അവസരം സമ്മാനിച്ചിരുന്നു. ഇനിയും അവസരം വരും. എല്ലാവരും വിറ്റൊഴിയാൻ ശ്രമിക്കുന്ന അവസരം നല്ല നിക്ഷേപകർക്കു വാങ്ങൽ അവസരമാണ്.
മാന്ദ്യങ്ങളുടെ ഒരു പ്രത്യേകത അതിനു പല താഴ്ചകളും ഉയർച്ചകളും ഉണ്ടാകും എന്നതാണ്. ഒറ്റയടിക്ക് താണ് അൽപകാലം കഴിഞ്ഞ് ഒറ്റയടിക്ക് കുതിച്ചു കയറുന്നതല്ല സമ്പദ്ഘടനയുടെ സ്വഭാവം. അതിനെ പിഞ്ചെല്ലുകയോ അതിൻ്റെ മുന്നേ നടക്കുകയോ ചെയ്യുന്ന ഓഹരി വിപണിയും ഇതേ താഴ്ചകളും ഉയർച്ചകളും അനുകരിക്കും. ഒരു തവണ ഇരുപതോ മുപ്പത്തിമൂന്നോ ശതമാനം താഴ്ന്നതു കൊണ്ട് താഴ്ച അവസാനിച്ചു എന്നു കരുതുന്നതു ശരിയാകണമെന്നില്ല. എലിയട്ട് വേവും ഫിബാേനാച്ചി സ്വീക്വൻസുമൊക്കെ വച്ചു താഴ്ചയും ഉയർച്ചയും കണക്കുകൂട്ടുന്നതും എല്ലായ്പോഴും ശരിയാകാറില്ല എന്നോർക്കുക.
എങ്കിലും ക്ഷമാപൂർവം രണ്ടോ മൂന്നോ വർഷം കാത്തിരിക്കാൻ പറ്റുന്ന നിക്ഷേപകർക്കു മാന്ദ്യകാലം നല്ല ഓഹരികൾ കൈയടക്കാനുള്ള സുവർണാവസരമാണ്. അത്രയും ക്ഷമ ഇല്ലാത്തവർക്കു തകർച്ച ഷോർട്ട് വ്യാപാരങ്ങളിലൂടെ ലാഭം കൊയ്യാനുള്ള അവസരവും ലഭിക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it