ഐ.എം.എഫ് വിലയിരുത്തല്‍: വിപണിയുടെ ഭാവി എന്താകും?

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമാണ് ഈവര്‍ഷം. അടുത്ത വര്‍ഷം ഇതിനേക്കാള്‍ മോശമാകും. ലോക സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയുള്ള ഐ.എം.എഫിന്റെ (അന്താരാഷ്ട്ര നാണയനിധി) വിലയിരുത്തലാണിത്. ലോക സാമ്പത്തിക ഗതി സംബന്ധിച്ച് ഏറ്റവും ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഐ.എം.എഫ്. അവരുടെ വിപുലവും ആഴമേറിയതുമായ പഠന-ഗവേഷണങ്ങളുടെ ഫലമായ ലോക സാമ്പത്തിക അവലോകന (World Economic Outlook October 2023) ത്തിന്റെ ഏറ്റവും പുതിയ പതിപ്പിലെ വിലയിരുത്തലാണ് ഇത്.

2022ല്‍ ലോക ജി.ഡി.പി 3.5 ശതമാനം വളര്‍ന്നു. 2023ലെ വളര്‍ച്ച 3.0 ആകുമെന്ന് ഇപ്പോള്‍ കണക്കാക്കുന്നു. 2024ലെ പ്രതീക്ഷ 2.9 ശതമാനമാണ്. ഏപ്രിലിലും ജൂലൈയിലും ഐ.എം.എഫ് ഇത്തരം നിഗമനങ്ങള്‍ തയാറാക്കിയിരുന്നു.
ഏപ്രിലിലെ നിഗമനം ഇങ്ങനെ: 2023ല്‍ വളര്‍ച്ച 2.8 ശതമാനവും 2024ല്‍ മൂന്നു ശതമാനവും. ജൂലൈയിലെ നിഗമനം: 2023ല്‍ 2.9 ശതമാനം, 2024ല്‍ മൂന്നു ശതമാനം എന്നിങ്ങനെ. ഇത് ആഗോള കാര്യമാണ്. ഇന്ത്യയുടെ കാര്യം നോക്കിയാലും വലിയ വ്യത്യാസം കാണില്ല.
2022ലെ ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം. 2023ലെ പ്രതീക്ഷ 6.3 ശതമാനമാണ്. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 6.3 ശതമാനവും. ഇതാണ് ഒക്ടോബറിലെ നിഗമനം.
ഏപ്രിലിലെ നിഗമനം 2023ല്‍ വളര്‍ച്ച 5.9 ശതമാനവും 2024ല്‍ 6.3 ശതമാനം എന്നതുമാണ്. ജൂലൈയിലെ നിഗമനം: 2023ല്‍ 6.1 ശതമാനവും 2024ല്‍ 6.3 ശതമാനം എന്നതും. ഈ നിഗമനങ്ങള്‍ പറയാതെ പറയുന്നകാര്യങ്ങള്‍ പലതുണ്ട്.
1) തിരിച്ചുകയറ്റത്തിനു കരുത്തു പോര: മഹാമാരിക്കു ശേഷമുള്ള തിരിച്ചു കയറ്റത്തിന്റെ വര്‍ഷങ്ങളാണ് ഇവ. പക്ഷേ തിരിച്ചുകയറ്റം ഭരണകൂടങ്ങള്‍ പറയുന്നതു പോലെ ആയിട്ടില്ല. V പോലെ തിരിച്ചു കയറുന്നു എന്നാണ് സര്‍ക്കാരുകള്‍ പറയുന്നത്. പക്ഷേ Vയും Wവും അല്ല K പോലെ എന്നതാണ് അനുഭവം. അതായത് സമ്പന്നര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്, അല്ലാത്തവര്‍ താഴേക്ക് എന്ന അവസ്ഥ. അതുകൊണ്ടാണ് കാര്‍ വിപണിയില്‍ ഹാച്ച് ബായ്ക്കും സെഡാനും പിന്നോട്ടു പോയതും എസ്.യു.വി കുതിച്ചുകയറിയതും. ഇരുചക്ര വാഹന വിപണിയില്‍ പഴയ തുടക്കക്കാരെ മാറ്റി ലക്ഷ്വറി ഇനങ്ങള്‍ കളം പിടിച്ചത്. എന്നു മാത്രമല്ല ഈ തിരിച്ചുകയറ്റം തനിയേ മുന്നേറാന്‍ തക്ക ആക്കം (ങീാലിൗോ) നേടിയിട്ടുമില്ല. അതാണ് ഇക്കൊല്ലത്തെ വളര്‍ച്ചയേക്കാള്‍ കുറവാകും അടുത്ത വര്‍ഷത്തെ വളര്‍ച്ച എന്ന നിഗമനത്തിനു കാരണം.
2) മുടന്തി നടക്കുന്നു, ഓടാനാവുന്നില്ല: ഐ.എം.എഫ് വിലയിരുത്തലിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. 'വളര്‍ച്ച മന്ദഗതിയിലാണ്; അതും ക്രമമായല്ല'. പിന്നൊരിടത്തു പറയുന്നു: 'മുടന്തി നീങ്ങുന്നു, ഓടാനാവുന്നില്ല'. ഏന്തി വലിഞ്ഞുനീങ്ങുന്ന സമ്പദ്ഘടനയ്ക്ക് എന്ത് ചെയ്യാനാകും?
അതുകൊണ്ടാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മഹാമാരിക്കു മുമ്പ് ഉണ്ടായിരുന്നതിലും കുറവായിരിക്കുന്നത്. വളര്‍ച്ച എല്ലാ ഭാഗത്തും ഒരുപോലെ നടക്കാത്തതിനും കാരണം മറ്റൊന്നല്ല.
3) സേഫ് ലാന്‍ഡിംഗ് നടത്തുന്നു?: കുതിച്ചുപായുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു കേന്ദ്ര ബാങ്കുകള്‍ നടത്തിയ പോരാട്ടം അന്തിമ ഘട്ടത്തിലാണ്. ഇതിനായി അമേരിക്കയില്‍ പലിശ പൂജ്യത്തില്‍ നിന്ന് 5.5 ശതമാനമാക്കി. പക്ഷേ, ഇതുവരെ അവിടെ തൊഴിലില്ലായ്മ കൂടിയില്ല. ഇപ്പോഴും 3.6 ശതമാനം മാത്രം.
ഇന്ത്യ കുറഞ്ഞ പലിശ നാലില്‍ നിന്ന് 6.5 ശതമാനമാക്കി. പക്ഷേ തൊഴിലില്ലായ്മ 2017-18ലെ 6 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 3.2 ശതമാനമായി. തൊഴില്‍ വേതനം കൂടുകയാണ് ചെയ്തത്. പക്ഷേ, അതു വിലക്കയറ്റം വര്‍ധിപ്പിക്കുന്നില്ല.
പലിശ വര്‍ധിപ്പിച്ചാല്‍ വ്യവസായങ്ങള്‍ക്കു ലാഭം കുറയും. തൊഴില്‍ കുറയും. പലിശ കൂടുമ്പോള്‍ വില കൂടും. ഇങ്ങനെയൊക്കെയാണ് കരുതിയിരുന്നത്. അത്തരം അനിഷ്ടകാര്യങ്ങള്‍ ഉണ്ടായില്ല. സുരക്ഷിത ലാന്‍ഡിംഗ് സാധിച്ചു എന്നു പറയാവുന്ന അവസ്ഥ.
ചുരുക്കം ഇത്രമാത്രം: ഈ വര്‍ഷത്തേക്കാള്‍ മോശമാകും ഭാവി.
കയറ്റുമതിയില്‍ ഇടിവ്
ഐ.എം.എഫ് പറയുന്നത് ആഗോള വളര്‍ച്ച 2024ല്‍ കുറയുമെന്നാണ്. അമേരിക്കയുടെ ജി.ഡി.പി വളര്‍ച്ച ഈ വര്‍ഷത്തെ 2.1 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറയും. വികസിത രാജ്യങ്ങള്‍ മൊത്തം എടുത്താല്‍ വളര്‍ച്ച 1.4 ശതമാനമായി കുറയും.
ഇത് ഗൗരവ പരിഗണന അര്‍ഹിക്കുന്നു. നമ്മുടെ കയറ്റുമതി മേഖലയുടെ വളര്‍ച്ചയ്ക്കു വലിയ ഭീഷണി ഉണ്ടാകും. പ്രത്യേകിച്ചും സേവന മേഖലയില്‍. അമേരിക്ക കഴിഞ്ഞ വര്‍ഷം 2.1 ശതമാനം വളര്‍ന്നു. ഈ വര്‍ഷവും അത്രതന്നെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. എന്നിട്ടും ഐ.ടി സേവന കമ്പനികളുടെ ബിസിനസ് വളര്‍ച്ച കുത്തനെ കുറഞ്ഞു.
പ്രധാന വിപണി അമേരിക്ക
ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍, വിപ്രോ തുടങ്ങിയ വലിയ ഐ.ടി സേവന കമ്പനികളുടെ പ്രധാന വിപണി അമേരിക്കയും യൂറോപ്പുമാണ്. എല്ലാം വികസിത മേഖല. അവിടെ വളര്‍ച്ച ഇന്നത്തേക്കാള്‍ കുറയുമ്പോള്‍ സേവന കയറ്റുമതി കുറയും. അതാണ് ഐ.ടി കമ്പനികളുടെ റിസള്‍ട്ടില്‍ വ്യക്തമായത്.
വരുമാനം കുറയുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ കമ്പനികള്‍ ചെലവുകള്‍ കുറയ്ക്കുന്നു. ആദ്യം കുറയ്ക്കാവുന്ന ഇനങ്ങളില്‍ ഐ.ടി പെടുന്നു. ചെലവ് കുറയ്ക്കല്‍ രണ്ടു രീതിയില്‍ ഉണ്ട്. ഒന്ന്: ചെലവ് വേണ്ടെന്നു വെയ്ക്കല്‍. രണ്ട്: പ്രതിഫലം കുറയ്ക്കല്‍.
കൂടുതല്‍ കമ്പനികളും പ്രതിഫലം കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. കരാര്‍ തുക കുറഞ്ഞുവരുന്നതായി ഐ.ടി കമ്പനികള്‍ തന്നെ പറയുന്നു. ഐ.ടി കമ്പനികളുടെ ഈ ദൗര്‍ബല്യം 2024ലേക്കു തുടരുമെന്നാണ് ഐ.എം.എഫ് പരോക്ഷമായി നല്‍കുന്ന മുന്നറിയിപ്പ്.
ഇന്ത്യയുടെ സേവന കയറ്റുമതിയുടെ വളര്‍ച്ച നാമമാത്രമായി കുറഞ്ഞു. ഈ ധനകാര്യ വര്‍ഷം ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) സേവന കയറ്റുമതി 2,937 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,922 കോടി ഡോളര്‍. 15 കോടിയുടെ മാത്രം വളര്‍ച്ച. ഐ.ടി സേവന മേഖല മാത്രമല്ല, ഉല്‍പ്പന്ന കയറ്റുമതി മേഖലയും ഇതേ ഭീഷണി നേരിടുന്നുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഉല്‍പ്പന്ന കയറ്റുമതി വരുമാനം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 8.7 ശതമാനം കുറഞ്ഞു. 23,173 കോടി ഡോളറില്‍ നിന്ന് 21,140 കോടി ഡോളറിലേക്ക്.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്
വികസിത രാജ്യങ്ങളില്‍ വളര്‍ച്ച കുറയുന്നത് ഇന്ത്യയെ പല വിധത്തില്‍ ബാധിക്കും. അതിന്റെ ആഘാതം മനസിലാക്കി നിക്ഷേപ മേഖലകള്‍ മാറ്റണം.
1. യു.എസും മറ്റു വികസിത രാജ്യങ്ങളുമാണ് ഇന്ത്യന്‍ ഐ.ടി സേവന കമ്പനികളുടെ പ്രധാന സേവന മേഖല. അവിടെ വളര്‍ച്ച കുറയുമ്പോള്‍ ഈ കമ്പനികളുടെ വരുമാനവും ലാഭവും കുറയും. സ്വാഭാവികമായും ഓഹരി വിലയും താഴും. എന്നാല്‍ 2024ല്‍ ഈ മേഖലയുടെ ദുര്‍ദശ മാറും എന്നായാല്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ഈ ഓഹരികള്‍ തിരിച്ചുകയറും.
2. വികസിത രാജ്യങ്ങള്‍ക്കു ക്ഷീണമായാല്‍ ടൂറിസം, ഹോട്ടല്‍ വ്യവസായത്തിനു ക്ഷീണമാകും. കാരണം സമ്പന്ന രാജ്യങ്ങളില്‍ നിന്നു സഞ്ചാരികള്‍ കുറയും.
3. വികസിത രാജ്യങ്ങളില്‍ വളര്‍ച്ചയും വരുമാനവും കുറയുമ്പോള്‍ ജനറിക് ഔഷധങ്ങള്‍ക്കു ഡിമാന്‍ഡ് കൂടും. ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്കു കയറ്റുമതിയും ലാഭവും കൂടും.
4. വികസിത രാജ്യങ്ങളുടെ ക്ഷീണം ഇന്ധന ആവശ്യം കുറയ്ക്കും. അത് ക്രൂഡ് ഓയിലിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില താഴാന്‍ സഹായിക്കും. രാസവളങ്ങള്‍ മുതല്‍ പെയിന്റുകള്‍ക്കു വരെ ഉല്‍പ്പാദനച്ചെലവ് കുറയും.
5. വളര്‍ച്ച കുറയുന്നതു വാഹന വില്‍പ്പനയില്‍ പെട്ടെന്നു പ്രതിഫലിക്കും. വികസിത രാജ്യങ്ങളിലേക്ക് വാഹനഘടക വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്ഷീണമാകും.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it