IRCTC ഉടനൊന്നും ഡാറ്റ വില്‍ക്കില്ല, പക്ഷെ സര്‍ക്കാര്‍ പിന്മാറില്ല

2019ലെ ഇക്കണോമിക് സര്‍വെ, പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ വില്‍ക്കാനുള്ള സാധ്യതകള്‍ മുന്നോട്ട് വെച്ചിരുന്നു. ഗതാഗത മേഖയുടെ ഉന്നമനത്തിനായി ഒരു ഡാറ്റ ഷെയറിംഗ് പോളിസി കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
IRCTC ഉടനൊന്നും ഡാറ്റ വില്‍ക്കില്ല, പക്ഷെ സര്‍ക്കാര്‍ പിന്മാറില്ല
Published on

ഏതാനും ദിവസം മുമ്പാണ് ഇന്ത്യന്‍ റെയില്‍വെയ്‌സ് ആന്‍ഡ് കാറ്ററിംഗ് കോര്‍പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാരുടെ ഡാറ്റ വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാനുള്ള ടെന്‍ഡറും ഐആര്‍സിടിസി ഇറക്കിയിരുന്നു. എന്നാല്‍ ഡാറ്റ സംരംക്ഷണ ബില്‍ പിന്‍വലിച്ച സാഹചര്യത്തില്‍, ഐആര്‍സിടിസിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡാറ്റ വിറ്റ് 1000 കോടി രൂപയോളം സമാഹരിക്കാനുള്ള പദ്ധതിയില്‍ നിന്ന് കോര്‍പറേഷന്റെ താല്‍ക്കാലിമായുള്ള പിന്മാറ്റം.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടെന്‍ഡര്‍ നോട്ടിഫിക്കേഷനില്‍ ഉപഭോക്താക്കളുടെ ലോഗിന്‍/പാസ്‌വേര്‍ഡ്, പേയ്‌മെന്റ് രീതി, യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള പത്തില്‍ അധികം വിവരങ്ങള്‍ പഠനത്തിനായി കണ്‍സള്‍ട്ടന്‍സിക്ക് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പുതുക്കിയ ഡാറ്റ സംരംക്ഷണ ബില്‍ കേന്ദ്രം അവതരിപ്പിച്ചതിന് ശേഷം ഡാറ്റ വില്‍ക്കുന്നതിനുള്ള പദ്ധതി ഐആര്‍ടിസി വീണ്ടും കൊണ്ടുവന്നേക്കും. കാരണം ഇത് ആദ്യമായല്ല സര്‍ക്കാര്‍ പൊതുജനങ്ങളുടെ വിവരങ്ങള്‍ പങ്കിടാനുള്ള ശ്രമം നടത്തുന്നത്.

2019 മാര്‍ച്ചില്‍ ഗതാഗത മേഖയുടെ ഉന്നമനത്തിനായി ഒരു ഡാറ്റ ഷെയറിംഗ് പോളിസി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സുകളില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റകളാണ് അന്ന് പങ്കിട്ടിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തിന് ശേഷം കേന്ദ്രം ഈ നയം പിന്‍വലിക്കുകയായിരുന്നു. രാജ്യ സുരക്ഷയും മറ്റും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാനുള്ള പഴുതുകള്‍ ചൂണ്ടിക്കാട്ടിയാണ് ഡാറ്റ സംരക്ഷണ ബില്ലിനെതിരെ (പിന്‍വലിക്കപ്പെട്ട) പ്രതിഷേധം ഉയര്‍ന്നത്.

2019ലെ ഇക്കണോമിക് സര്‍വെ, പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ വില്‍ക്കാനുള്ള സാധ്യതകള്‍ മുന്നോട്ട് വെച്ചിരുന്നു. 2022ല്‍ ഐടി മന്ത്രാലയം ഡാറ്റ അക്‌സസിബിലിറ്റി & യൂസ് പോളിസിയുടെ കരടും പുറത്തിറക്കിയിതാണ്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനികളുമായും ഗവേഷകരുമായും പങ്കിടാന്‍ അനുവദിക്കുന്നതായിരുന്നു കരട്. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള സാധ്യതകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാരുകള്‍ പലപ്പോഴായി പരിഗണിച്ചുവരുന്നതാണ്. യൂറോപ്യന്‍ യൂണിയനും ഇത്തരത്തിലുള്ള നീക്കം നടത്തിയിരുന്നു.

ജസ്റ്റിസ് കെഎസ് പുട്ടസ്വാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, സ്വകാര്യത മൗലീക അവകാശങ്ങളുടെ ഭാഗമാണെന്ന് 2017 ഓഗസ്റ്റില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതേ സമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്‍പ്പടെ മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഡാറ്റ സഹായിക്കും എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിവധ വകുപ്പുകളിലെ ഡാറ്റകള്‍ നയരൂപീകരണങ്ങള്‍ക്കും ഗുണം ചെയ്യും. എന്നാല്‍ പൗരന്മാരുടെ ഡാറ്റ വില്‍ക്കാനുള്ള സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നീക്കം വ്യാപക പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തും എന്നതാണ് ഇതുവരെയുള്ള ചരിത്രം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com