Explained: സമ്പദ്‌വ്യവസ്ഥ വളരുകയാണോ, ജിഡിപി കണക്കുകള്‍ പറയുന്നത്

ബുധനാഴ്ച വൈകിട്ടാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍, 2011-12 വര്‍ഷത്തെ അടിസ്ഥാന വിലയില്‍, രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (Real GDP) 36.85 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2021-22) ആദ്യ പാദത്തെ (32.46 ലക്ഷം കോടി രൂപ) അപേക്ഷിച്ച് 13.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. നിലവിലെ വിലയെ (Current Price in Q1, 2022-23) അടിസ്ഥാനമാക്കി കണക്കാക്കുന്ന നോമിനല്‍ ജിഡിപി (Nominal GDP) അഥവാ GDP at Current Price 64.95 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് നോമിനല്‍ ജിഡിപിയില്‍ ഉണ്ടായത്.

സമ്പദ്‌വ്യവസ്ഥ വളരുകയാണോ ?

2021-22ന്റെ തുടക്കം രാജ്യം കോവിഡിന്റെ പിടിയിലായിരുന്നു. സ്വാഭാവികമായും അത് ഉല്‍പ്പാദനത്തെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിച്ചു. അതുകൊണ്ട് തന്നെ അക്കാലയളവിലെ റിയല്‍ ജിഡിപിയുമായി ഇപ്പോഴത്തേതിനെ താരതമ്യം ചെയ്യുന്നതിലും രാജ്യം 13.5 ശതമാനം വളര്‍ച്ച നേടി എന്ന് പറയുന്നതിലും വലിയ കാര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2020-1 കാലയളവിലും കോവിഡ് ആഘാതത്തെ തുടര്‍ന്ന് ജിഡിപി 23.90 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

ഇനി കൊവിഡിന് മുന്‍പുള്ള 2019-20 കാലയളവിലെ ആദ്യ പാദത്തിലെ കണക്കുകള്‍ എടുത്താല്‍ രാജ്യത്തിന്റെ ജിഡിപി 35.35 ലക്ഷം കോടി ആയിരുന്നു. 2019-20ലെ കണക്കുകളോട് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദം താരതമ്യം ചെയ്താല്‍ വളര്‍ച്ച വെറും 3.8 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ അഥവാ 2022 ജനുവരി-മാര്‍ച്ചിലെ റിയല്‍ ജിഡിപിയിലേക്ക് നോക്കിയാല്‍ സമ്പദ്‌വ്യവസ്ഥ 9.6 ശതമാനം ചുരുങ്ങിയതായി മനസിലാക്കാം. 40.78 ലക്ഷം കോടി രൂപയായിരുന്നു ജനുവരി-മാര്‍ച്ചിലെ റിയല്‍ ജിഡിപി.

വരും പാദങ്ങളിലെ പ്രകടനം

2020-21ല്‍ സമ്പദ്‌വ്യവസ്ഥ 6.6 ശതമാനം ചുരുങ്ങിയപ്പോള്‍ 2021-22ല്‍ 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച നിരക്ക് കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച ആഘാതം, യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങിയവയൊക്കെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കുകയാണ്.

പണപ്പെരുപ്പം ഉയരുന്നത് തടയാന്‍ ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തുന്നത് ഉല്‍പ്പാദനത്തെ ബാധിക്കും. വരും പാദങ്ങളില്‍ വളര്‍ച്ച കുത്തനെ കുറയുമെന്നാണ് ആര്‍ബിഐയുടെ പ്രവചനവും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.2 ശതമാനവും പിന്നീടുള്ള രണ്ട് പാദങ്ങളില്‍ യഥാക്രമം 4.1 ശതമാനം, 4.0 ശതമാനം എന്നിങ്ങനെ റിയല്‍ ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് ആര്‍ബിഐ പറയുന്നത്‌.

ഈ സാമ്പത്തിക വര്‍ഷം രാജ്യം 7 ശതമാനത്തിന് മുകളില്‍ വളര്‍ച്ച നേടുമെന്ന് ഫിനാന്‍സ് സെക്രട്ടറി ടിവി സോമനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെയും ആര്‍ബിഐയുടെയും പ്രവചനങ്ങളും കേന്ദ്രത്തിന്റെ കാഴ്ചപ്പാടിന് സമാനമാണ്. ഐഎംഎഫ് 2022-23 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ച പ്രവചിക്കുമ്പോള്‍ റിയല്‍ ജിഡിപി 7.2 ശതമാനം ഉയരുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. ഇത്തവണ ആദ്യ പാദത്തില്‍ 16.2 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞ ആര്‍ബിഐയുടെ പ്രവചനം തെറ്റിയിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it