ഒമിക്രോണിന്റെ വരവ് നല്ലതിനോ?

ഒമിക്രോണ്‍ വന്നതു നന്നായി. ഇപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. പറഞ്ഞയാളിനു വട്ടാണെന്നു തിരിച്ചു പറഞ്ഞെന്നും വരാം.

എങ്കിലും ചില മാസങ്ങള്‍ കഴിയുമ്പോള്‍ അങ്ങനെ ഒരു സംസാരം ഉണ്ടായാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. അതിനു കാരണങ്ങള്‍ പലതുണ്ട്.

ഒന്നാമത്തെ കാര്യം പലിശയും പണവുമായി ബന്ധപ്പെട്ടതാണ്. ഡിസംബറോടെ ലോകം ഒരു കാര്യം ഉറപ്പാക്കിയിരുന്നു. 2022-ല്‍ കാര്യങ്ങള്‍ പഴയതുപോലെ ആയിരിക്കില്ല. വിപണിയിലെ കണക്കില്ലാത്ത പണമൊഴുക്ക് തീരും. പണത്തിന്റെ വില (പലിശ) കൂടും.
അതിന്റെ ഫലം?
സാധാരണക്കാരുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹവും ആവശ്യവുമായ വീടു പണിയാനുള്ള വായ്പയ്ക്കു സമീപ ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ പലിശ നല്‍കിയിരുന്നതു മാറും. പലിശ കൂടും. അതിസമ്പന്നര്‍ക്ക് (ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിഡ്വല്‍ - എച്ച്എന്‍ഐ) കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത് ഐപിഒകളില്‍ നിക്ഷേപിച്ചു പെട്ടെന്നു ലാഭമുണ്ടാക്കാനുള്ള സാഹചര്യം കുറയും. സര്‍ക്കാരുകള്‍ക്കു കുറഞ്ഞ പലിശയ്ക്കു കടപ്പത്രമിറക്കി കമ്മി നികത്താന്‍ പറ്റാതെ വരും. വ്യവസായങ്ങള്‍ക്കു കുറഞ്ഞ പലിശയില്‍ വായ്പയെടുത്തു ബിസിനസ് വികസിപ്പിക്കാന്‍ കഴിയാതാകും.

കുറഞ്ഞ പലിശ എന്ന സുഖകരമായ അവസ്ഥ ഇക്കൊല്ലം മാറും. മാര്‍ച്ചിലോ ഏപ്രിലിലോ പലിശവര്‍ധന തുടങ്ങും. ഇതാണു ഡിസംബറില്‍ ലോകം കരുതിയത്.
വളര്‍ച്ച കുറയും; പലിശകൂട്ടല്‍ വൈകും
ഇപ്പോള്‍ ഈ കണക്കുകൂട്ടല്‍ മാറുന്നു. ഒമിക്രോണ്‍ വകഭേദം വന്നതോടെ കോവിഡ് വ്യാപനം തീവ്രമായി. പഴയ ലോക്ക് ഡൗണ്‍ പോലെ ഇല്ലെങ്കിലും ഒട്ടേറെ രാജ്യങ്ങളില്‍ പലതരം നിയന്ത്രണങ്ങള്‍ വന്നു. പ്രതിദിനരോഗികളുടെ സംഖ്യ തരംഗങ്ങളിലേതിന്റെ ഇരട്ടിയിലധികമായി. ഇതെല്ലാം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ ഇടയാക്കുന്നു. അതായതു ജിഡിപി വളര്‍ച്ച കുറയ്ക്കുന്നു.

ജിഡിപി വളര്‍ച്ച കുറയുമ്പോള്‍ ചെയ്യേണ്ട കാര്യമല്ല പലിശകൂട്ടല്‍. അതു കൊണ്ട് യുഎസ് ഫെഡ് മുതല്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്ക് വരെ പലിശകൂട്ടല്‍ നടപടികള്‍ വൈകിക്കുമെന്ന് കാര്യവിവരമുള്ളവര്‍ പറയുന്നു. പലിശ കൂട്ടല്‍ രണ്ടു ഘട്ടമായാണു റിസര്‍വ് ബാങ്ക് നടത്താനിരുന്നത്. ഒന്നാം ഘട്ടത്തില്‍ റിവേഴ്‌സ് റീപോ നിരക്ക് റീപോ നിരക്കിന്റെ അടുത്തേക്ക് എത്തിക്കുക. പിന്നെ റീപോ നിരക്കും റിവേഴ്‌സ് റീപോയും ഒരുമിച്ച് വര്‍ധിപ്പിക്കുക.

ബാങ്കുകള്‍ക്ക് അടിയന്തരമായി ആവശ്യം വരുന്ന പണം റിസര്‍വ് ബാങ്കില്‍ നിന്ന് ഹ്രസ്വകാലത്തേക്ക് (പലപ്പോഴും ഒരു ദിവസം) ലഭ്യമാക്കുന്നതാണു റീപോ സംവിധാനം. അതിനുള്ള പലിശയാണു റീപോ നിരക്ക്. ബാങ്കുകളുടെ പക്കല്‍ മിച്ചമുള്ള പണം റിസര്‍വ് ബാങ്കില്‍ ഹ്രസ്വകാല നിക്ഷേപമായി നല്‍കുമ്പോഴുള്ള പലിശയാണു റിവേഴ്‌സ് റീപോ നിരക്ക്. ഇതു കുറച്ചു നിര്‍ത്തിയാല്‍ അധികപണം റിസര്‍വ് ബാങ്കില്‍ ഇടാതെ ആര്‍ക്കെങ്കിലും വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകും. അങ്ങനെ വിപണിയില്‍ പണലഭ്യത കൂടും.
കുറഞ്ഞ പലിശ കുറേക്കാലം കൂടി
കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ റിസര്‍വ് ബാങ്ക് റിവേഴ്‌സ് റീപോ നിരക്കു കുറച്ചു. 3.35 ശതമാനമാക്കി. റീപോ നാലു ശതമാനമായി. ഇവ ഉയര്‍ത്താനും തമ്മിലുള്ള അകലം കുറയ്ക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. അത് മാര്‍ച്ചില്‍ തുടങ്ങും എന്നു കരുതിയത് മേയിലോ അതിനുമപ്പുറമോ ആകും. അതാണ് ഒമിക്രോണ്‍ മൂലം വരുന്ന വലിയ മാറ്റങ്ങളില്‍ ഒന്നാമത്തേത്.

ഭവന-വാഹന വായ്പക്കാരും വ്യാപാരി-വ്യവസായികളുമൊക്കെ കുറേ മാസങ്ങള്‍ കൂടി കുറഞ്ഞ പലിശയുടെ ഗുണം അനുഭവിക്കും. കോമിക്രോണ്‍ വ്യാപനം മൂലമുള്ള അസൗകര്യങ്ങളെ മറികടക്കുന്നതാണ് ഈ പലിശനേട്ടം.
ജീവിതം തൊഴിലിനു വേണ്ടിയല്ല
രണ്ടാമത്തേതു തൊഴില്‍ രംഗത്താണ്. കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ ലോകമെങ്ങും തൊഴിലിനോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി കാണാം. തൊഴില്‍ സംബന്ധിച്ച ധാരണകളും വിശ്വാസങ്ങളും മാറി മറിഞ്ഞു. തന്റെ വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും തൊഴിലിനു വേണ്ടി ഉപേക്ഷിക്കാന്‍ തയാറില്ലാത്ത ഒരു തലമുറ വളര്‍ന്നു. കോവിഡിനെ തുടര്‍ന്നു 'വീട്ടില്‍ ജോലി' ആയപ്പോഴാണു തങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ പലരും മനസിലാക്കിയത്. ഇതിന്റെ ഫലമാണ് മഹാ രാജി (Great Resignation) എന്നു സമൂഹശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം. അമേരിക്കയിലും മറ്റും തൊഴിലില്‍ നിന്നു രാജിവയ്ക്കുന്നവരുടെ എണ്ണം ഈ വര്‍ഷം അസാധാരണമായി വര്‍ധിച്ചു.

അമേരിക്കയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി തൊഴില്‍ സേനയിലെ മൂന്നു ശതമാനം വീതം രാജി വയ്ക്കുകയാണ്. ജൂലൈയില്‍ 40 ലക്ഷം, ഓഗസ്റ്റില്‍ 43 ലക്ഷം, സെപ്റ്റംബറില്‍ 44 ലക്ഷം, ഒക്ടോബറില്‍ 41 ലക്ഷം, നവംബറില്‍ 45 ലക്ഷം എന്നിങ്ങനെ. ഇതു കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കൂടുതലാണ്. മറ്റു വികസിത രാജ്യങ്ങളിലും സ്ഥിതി ഇങ്ങനെ തന്നെ.
'വീട്ടില്‍ ജോലി'
'തൊഴിലിനു വേണ്ടി ജീവിതം പാകപ്പെടുത്തുന്നതിനു പകരം ജീവിതത്തിനുതകുന്ന തൊഴിലില്‍ കടക്കാനാണ് ശ്രമം' എന്നാണ് മഹാ രാജി എന്ന പ്രയോഗം അവതരിപ്പിച്ച ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആന്റണി ക്ലോട്‌സ് പറയുന്നത്. ഹോട്ടല്‍, സ്‌കൂള്‍, റീട്ടെയില്‍, ആരോഗ്യ സേവന മേഖലകളില്‍ നിന്നാണു കൂടുതല്‍ പേര്‍ മാറുന്നത്. സംരംഭകരാകാനും 'വീട്ടില്‍ ജോലി'ക്കാരാകാനും കൂടുതല്‍ വേതനവും ആനുകൂല്യങ്ങളും ഉറപ്പു വരുത്താനുമൊക്കെയാണു രാജി. സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ കാണിച്ചത് 40 ശതമാനം ജോലിക്കാര്‍ വേറേ പണി തേടുന്നു എന്നാണ്. 2019ലെ സര്‍വേയില്‍ 20 ശതമാനമാണ് ഇതു പറഞ്ഞത്.

രാജി വയ്ക്കുന്നവരില്‍ 30 ശതമാനം പേര്‍ മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും തേടിയാണു പണി മാറുന്നതെന്ന് ഒരു സര്‍വേയില്‍ വ്യക്തമായി. 26 ശതമാനം മെച്ചപ്പെട്ട ജോലി-ജീവിത ബാലന്‍സിനു വേണ്ടി എന്നു പറഞ്ഞു. ഇത് സമീപകാലത്തു വര്‍ധിച്ചു വന്ന പ്രവണതയാണ്. 'വീട്ടില്‍ ജോലി ' നല്‍കിയ സൗകര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും തയാറല്ല. പ്രത്യേകിച്ചും കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ഉപേക്ഷിക്കാന്‍ യുവ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നില്ല.
കൊഴിഞ്ഞുപോക്ക് ഇന്ത്യയിലും കൂടി
തൊഴിലില്ലായ്മ ധാരാളമുള്ള ഇന്ത്യ പോലും ഈ പ്രവണതയിലേക്കു മാറി. പ്രമുഖ ഐടി കമ്പനികളില്‍ സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിലെ കൊഴിഞ്ഞുപോക്ക് (ശതമാനം) ഇങ്ങനെയാണ്:

കോഗ്‌നിസന്റ് 33

ടെക് മഹീന്ദ്ര 21

വിപ്രോ 20.5

ഇന്‍ഫോസിസ് 20.1

ടിസിഎസ് 11.9

മുന്‍ ത്രൈമാസങ്ങളെ അപേക്ഷിച്ചു വളരെ കൂടിയ നിരക്കാണിത്. ഈ ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് ഐടി കമ്പനികളില്‍ മാത്രം ഒതുങ്ങുന്നില്ല. വിശേഷ നൈപുണ്യം ആവശ്യമുള്ള എല്ലാ മേഖലകളിലും സംഭവിക്കുന്നുണ്ട്. 2021 ലെ ശരാശരി കൊഴിഞ്ഞുപോക്ക് 22 ശതമാനം വരുമെന്നാണു സ്റ്റാഫിംഗ് കമ്പനി ടീംലീസ് കണക്കാക്കിയിട്ടുള്ളത്.

കുറഞ്ഞ വേതനത്തില്‍ നിന്ന് ഉയര്‍ന്ന വേതനത്തിലേക്കു കയറാനുള്ള പ്രവണത എക്കാലത്തുമുണ്ടായിരുന്നു. മഹാമാരിയുടെ ഈ മൂന്നു വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം വേതനവര്‍ധന മാത്രമല്ല മാറാനുള്ള പ്രേരണ എന്നതാണ്. ജീവിതത്തിലെ ചെറുതും വലുതുമായ സന്തോഷങ്ങള്‍ ബലികഴിക്കാതെയുള്ള ജോലിയിലേക്കു മാറാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നു. 'വീട്ടില്‍ ജോലി ' കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നു.

ജോബ് ഓഫറുകള്‍ വച്ചു വില പേശുന്നതും സാധാരണമായി മാറി.

മഹാമാരി മാറ്റിയെടുത്ത ലോകക്രമത്തിന്റെ ഒരു മുഖമാണിത്. കമ്പനികളും സ്ഥാപനങ്ങളും ജീവനക്കാരെ യാന്ത്രികമായി കൈകാര്യം ചെയ്തിരുന്ന കാലം കുറേ തൊഴില്‍ മേഖലകളിലെങ്കിലും മാറുകയാണ്. മഹാമാരിയും മറ്റും തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വേതന വര്‍ധനയും മറ്റും നീട്ടി വയ്ക്കാനും പറ്റിയാല്‍ വേതനം കുറയ്ക്കാനും മാനേജ്‌മെന്റുകള്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ ഐടി അടക്കം പല മേഖലകളിലും ഇതു തിരുത്തേണ്ടി വന്നു. യോഗ്യരായ ആള്‍ക്കാരെ കിട്ടാനും മിടുക്കരെ നിലനിര്‍ത്താനും ഉയര്‍ന്ന വേതനവും സൗകര്യങ്ങളും നല്‍കാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമായി.

കോവിഡ് വ്യാപനത്തെ മൂന്നാം വര്‍ഷത്തിലേക്കു കടത്തിവിട്ട ഒമിക്രോണിന്റെ വരവ് നല്ലതാകുന്നത് ഇങ്ങനെ ചില കാരണങ്ങളാലാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it