യു.എസില്‍ ട്രംപ് കോളിളക്കം സൃഷ്ടിക്കുമോ?

വോള്‍സ്ട്രീറ്റില്‍ നിന്ന് മറ്റൊരു ട്രഷറി സെക്രട്ടറി വരികയാണ്. അമേരിക്കന്‍ ഭരണകൂടത്തിലെ ധനമന്ത്രി പദവിയിലേക്ക് വരുന്നത് നിക്ഷേപ വിദഗ്ധനും കീ സ്‌ക്വയര്‍ ഗ്രൂപ്പ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സ്ഥാപകനുമായ 62 കാരനായ സ്‌കോട്ട് ബെസന്റ് ആണ്. ബെസന്റ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് ഊഹക്കച്ചവടത്തിന്റെ കളികള്‍ വശമാക്കി. 1992ല്‍ ബ്രിട്ടീഷ് പൗണ്ടിനെ വീഴ്ത്തി നൂറ് കോടി ഡോളര്‍ ലാഭമുണ്ടാക്കിയ സോറോസിന്റെ നീക്കത്തില്‍ വലംകയ്യായി നിന്നു. പിന്നീട് അവര്‍ ജാപ്പനീസ് യെന്നിലും കളിച്ച് ശതകോടികള്‍ ഉണ്ടാക്കി. ഇനി ഡോളറിന്റെയും യുഎസ് സമ്പദ്ഘടനയുടെയും സംരക്ഷകനാകണം.
ഡോണള്‍ഡ് ട്രംപിന്റെ കച്ചവടതന്ത്രങ്ങള്‍ ആഗോള നാണയ വ്യവസ്ഥയെ വട്ടം കറക്കാതെ നോക്കേണ്ട ജോലിയും ബെസന്റിന്റേതാണ്. ട്രംപിനെ ഊറ്റമായി പിന്തുണയ്ക്കുന്ന ബെസന്റ് വിദേശവസ്തുക്കള്‍ക്ക് ചുങ്കം കൂട്ടുന്നതിനെ ന്യായീകരിക്കുന്നു. വിലപേശലിനുള്ള ആയുധമാണു ചുങ്കം എന്നതാണു സമീപനം. ഇറക്കുമതി കുറച്ച്, കയറ്റുമതി കൂട്ടി, ധാരാളം വ്യാപാരമിച്ചം ഉണ്ടാക്കുക. അതില്‍ വിജയിക്കുമോ, അതു രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമോ, അയല്‍വാസിയെ ദരിദ്രവാസിയാക്കുന്ന നയം തിരിഞ്ഞു കുത്തുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.
ട്രംപിന്റെ നയങ്ങളെ വിപണിക്ക് ദോഷം വരുത്താതെ നടപ്പാക്കാന്‍ ബെസന്റിനു കഴിയും എന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം വര്‍ധിപ്പിക്കാതെ ട്രംപിന്റെ ചുങ്കം കൂട്ടല്‍ നടപ്പാക്കാനുള്ള വൈഭവം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം താഴുകയും കടപ്പത്ര വിലകള്‍ കൂടുകയും ചെയ്തു.

കോളിളക്കം പ്രതീക്ഷിക്കാം

നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, താന്‍ അധികാരമേല്‍ക്കുന്ന ദിവസം തന്നെ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന് പറഞ്ഞു കഴിഞ്ഞു. ചൈനയില്‍ നിന്നുള്ളവയ്ക്ക് 10 ശതമാനം അധികച്ചുങ്കം ഉണ്ടാകും. ഇത് ഡോളര്‍ വില കൂടാന്‍ കാരണമായി. ഭാവിയില്‍ കൂടുതല്‍ കോളിളക്കം കറന്‍സി വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയെ പ്രഥമ പട്ടികയില്‍ ട്രംപ് പെടുത്താത്തതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ട്രംപ് ഏതവസരത്തിലും നിലപാട് മാറ്റാം എന്നത് മറക്കാനാവില്ല.
ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിന്റെ നല്ല പങ്ക് ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെപ്പറ്റി ട്രംപ് ഇനിയും അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹം എന്ത് നിലപാട് എടുക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് ഉണ്ട്. ഇന്ത്യയുടെ വലിയ കയറ്റുമതി ഇനമായി മൊബൈല്‍ ഫോണുകള്‍ മാറിയത് ആപ്പിള്‍ വന്ന ശേഷമാണ്. വലിയ സംഖ്യ തൊഴിലും ആ മേഖലയില്‍ ഉണ്ടായി. യുഎസ് കമ്പനികളുടെ ആഗോള കേപ്പബിലിറ്റി സെന്ററുകള്‍ (ജിസിസി) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും ട്രംപ് നിലപാട് വ്യക്തമാക്കിയിട്ടില്ല. 19 ലക്ഷത്തോളം പേരാണ് 1700ലധികം ജിസിസികളിലായി ജോലി ചെയ്യുന്നത്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it