അറിയണം നിങ്ങളുടെ ഉപഭോക്തൃ അവകാശങ്ങള്‍; ചൂഷണത്തെ ചോദ്യം ചെയ്യൂ

ദേശീയ ഉപഭോക്തൃ അവകാശ ദിനം. ഉപഭോക്തൃ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 24 ന് ഇന്ത്യ ദേശീയ ഉപഭോക്തൃ അവകാശ ദിനം ആഘോഷിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമം 1986 ഡിസംബര്‍ 24-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടി പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മാര്‍ച്ച് 15 ന് ആഘോഷിക്കുന്ന ലോക ഉപഭോക്തൃ അവകാശ ദിനവുമായി പലപ്പോഴും ദേശീയ ഉപഭോക്തൃ അവകാശ ദിനം ആശയക്കുഴപ്പത്തിലാകുന്നു. എന്നാല്‍ രണ്ടിനും ഒരേ ലക്ഷ്യമാണ്. ഉപഭോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കുക. ആധുനിക കാലത്ത്, സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ഉപഭോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഇനിയും അവസാനിച്ചിട്ടില്ല. ഇതിന് മാറ്റം വരണമെങ്കില്‍ ഉപഭോക്താക്കളെ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക തന്നെ വേണം.

വിവിധ പ്രശ്‌നങ്ങള്‍

വിപണിയില്‍ ഉപഭോക്താക്കള്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പുതിയ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ വരവ്, ഒരു ഉല്‍പ്പന്നത്തിന്റെ ലഭ്യത എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ മിക്കപ്പോഴും ഉപഭോക്താക്കള്‍ക്ക് ശരിയായും സമയബന്ധിതവുമായും ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. വിവരങ്ങളുടെ അഭാവത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നമോ സേവനമോ വാങ്ങുന്നതിനെക്കുറിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞേക്കില്ല. വിതരണക്കാരുടെ തെറ്റായ നടപടികള്‍ ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, ലാഭം കൊയ്യല്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിതരണക്കാര്‍ വാങ്ങുന്നയാളും വില്‍ക്കുന്നവരും തമ്മിലുള്ള ബന്ധം മോശമാക്കുന്നു. ക്രമരഹിതമായ വിതരണത്തിന്റെ പ്രശ്‌നങ്ങളും ഉപഭോക്താവ് അഭിമുഖീകരിക്കുന്നുണ്ട്. പ്രത്യേകിച്ചും അവശ്യസാധനങ്ങളുടെ കാര്യത്തില്‍ വ്യവസ്ഥാപിതമല്ലാത്ത വിതരണം ഗുരുതരമായ ക്ഷാമം സൃഷ്ടിക്കുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും മൂലമുണ്ടാകുന്ന ക്രമക്കേടുകള്‍ പലപ്പോഴും ബോധപൂര്‍വം തന്നെയാണ്.പലപ്പോഴും ഉപഭോക്താക്കളുടെ പരാതികളും ആവലാതികളും സംശയങ്ങളും ശ്രദ്ധാപൂര്‍വം അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നതും ഉടനടി പരിഹരിക്കുന്നില്ലെന്നതും ഒരു പ്രശ്‌നമാണ്.

തെറ്റായ തൂക്കവും അളവുകളും ഉപയോഗിച്ചും ഉപഭോക്താക്കളെ വ്യാപാരികള്‍ വഞ്ചിക്കുന്നുണ്ട്. മായം ചേര്‍ക്കല്‍, തൃപ്തികരമല്ലാത്ത പാക്കിംഗ് തുടങ്ങി വ്യാജ സാധനങ്ങളുടെ പ്രശ്‌നവും ഇന്ന് ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്നു. മരുന്നുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ പോലും ഇന്ന് അനധികൃതമായി വിറ്റഴിക്കുന്നുണ്ട്. ഉല്‍പ്പന്നത്തിന്റെ നേട്ടങ്ങളെക്കുറിച്ച് തെറ്റായ പരസ്യം നല്‍കിയും ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ പലപ്പോഴും ഉപഭോക്താക്കള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. ഉപങോക്താവെന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആദ്യം നമ്മള്‍ നമ്മുടെ അവകാശങ്ങളെകുറിച്ച് അറിയണം.

ഇന്ത്യയിലെ ഉപഭോക്തൃ അവകാശങ്ങള്‍

ഇന്ത്യയിലെ ഉപഭോക്തൃ അവകാശങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമം ആറ് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട. ഉല്‍പ്പന്നം തിരഞ്ഞെടുക്കാനുള്ള അവകാശം, എല്ലാത്തരം അപകടകരമായ വസ്തുക്കളില്‍ നിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം, എല്ലാ ഉല്‍പ്പന്നങ്ങളുടെയും പ്രകടനത്തെയും ഗുണനിലവാരത്തെയും കുറിച്ച് അറിയിക്കാനുള്ള അവകാശം, ഉപഭോക്തൃ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനമെടുക്കല്‍ പ്രക്രിയകളിലും കേള്‍ക്കാനുള്ള അവകാശം, ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴെല്ലാം പരിഹാരം തേടാനുള്ള അവകാശം, ഉപഭോക്തൃ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അവകാശം എന്നിവയാണിത്. ഈ അവകാശങ്ങളെ ഊട്ടിയുറപ്പിക്കാനാണ് ദേശീയ ഉപഭോക്തൃ അവകാശ ദിനം ആഘോഷിക്കുന്നത്.

നാം ഇതില്‍ ബോധവാന്‍മാരോ

രാജ്യത്ത് വിവിധ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ നോരിടുമ്പോഴും ഇത്രയും ഉപഭോക്തൃ അവകാശങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട് എത്രത്തോളം പരാതികള്‍ എത്തുന്നുണ്ട് എന്നത് വലിയൊരു ചോദ്യമാണ്. എന്നാല്‍ തങ്ങള്‍ക്ക് ന്യായമായ ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അവ ലഭിച്ചില്ലെങ്കില്‍ നിയമപരമായി നേരിടാമെന്നും ഇത്തരം നിയമങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് തങ്ങളുടെ അവകാശമാണെന്നുമുള്ള അറിവ് ഉപഭോക്താക്കള്‍ക്ക് ഇല്ലാത്തതുമാണ് പ്രധാന പ്രശ്‌നമെന്ന് അഡ്വക്കേറ്റ് കെ എസ് ഹരിഹരന്‍ പറയുന്നു. ഇനി ചിലര്‍ ബോധവാന്‍മാര്‍ ആണെങ്കില്‍ കൂടി ഇതിന് വേണ്ടത്ര പ്രാധാന്യമോ ജാഗ്രതയോ നല്‍കുന്നില്ല എന്നതും മറ്റൊരു പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നു.

ഇവരെ കൃത്യമായി ബോധവാന്‍മാരാക്കുക എന്നതും ഇതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്നതുമാണ് ഇതിന് പരിഹാരം. അതിനായി റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉപഭോക്തൃ അവകാശം, ഉപഭോക്തൃ സംരക്ഷണ നിയമം തുടങ്ങിയവയെ കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത്തരം ക്ലാസുകള്‍ ഉപഭോക്താക്കള്‍ ഈക്കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിനൊപ്പം തങ്ങളുടെ ഉപഭോക്തൃ അവകാശം ലംഘിക്കപ്പെടുമ്പോള്‍ അവ തിരിച്ചു പിടിക്കേണ്ടത് അനിവാര്യമാണെന്നും പഠിപ്പിക്കുന്നുവെന്നും അഡ്വക്കേറ്റ് കെ എസ് ഹരിഹരന്‍ പറയുന്നു.

ഈ വര്‍ഷത്തെ തീം

ഓരോ വര്‍ഷവും, ഉപഭോക്തൃ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി ഉപഭോക്തൃ അവകാശ ദിനത്തില്‍ ഒരു സവിശേഷ തീം തീരുമാനിക്കുന്നു. 2022 ലെ ദേശീയ ഉപഭോക്തൃ അവകാശ ദിനത്തിന്റെ തീം 'ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്' എന്നതാണ്. എന്തുകൊണ്ടാണ് ഈ തീമെന്ന് അറിയാമോ. നോക്കാം. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പണമിടപാടുകള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ്, സമ്പത്ത് മാനേജ്‌മെന്റ് എന്നിവ പുനഃക്രമീകരിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ക്കുള്ള ഒരു പ്രധാന സഹായിയായി മാറി.

എന്നാല്‍ കോവിഡ് രൂക്ഷമായപ്പോള്‍ പല സാമ്പത്തിക തട്ടിപ്പുകള്‍ക്കും, ഡാറ്റാ ദുരുപയോഗത്തിനുമെല്ലാം ഉപഭോക്താക്കള്‍ ഇരയായായി. ഇത്തരത്തില്‍ ഡിജിറ്റല്‍ ഫിനാന്‍സില്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്ന തീം തിരഞ്ഞെടുത്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവും ഡാറ്റ പരിരക്ഷിതവും സ്വകാര്യവും സുസ്ഥിരവുമായ ഒരു ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്പ്ലെയ്സ് നിര്‍മ്മിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ആഘോഷിക്കേണ്ടത് അനിവാര്യം

ഓരോ വര്‍ഷവും ഉപഭോക്തൃ അവകാശ ദിനം ആഘോഷിക്കുമ്പോള്‍, ഉപഭോക്താവിന് അവരുടെ അവകാശങ്ങളെക്കുറിച്ചും അന്യായമായ വ്യാപാര സമ്പ്രദായങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം അല്ലെങ്കില്‍ നടപടിയെടുക്കാമെന്നും കൂടുതല്‍ കൂടുതല്‍ അവബോധം ലഭിക്കുന്നു. അതിനാല്‍ ഈ ദിനം ആഘോഷിക്കേണ്ടത് അനിവാര്യമാണ്.

Related Articles

Next Story

Videos

Share it