പുതിയ കെവൈസി ചട്ടങ്ങള്‍ കുരുക്കാവുന്നു, നിക്ഷേപം നടത്താനാവാതെ പ്രവാസികള്‍

കേന്ദ്ര ഗവണ്മെന്റ് ഇയ്യിടെ പ്രഖ്യാപിച്ച കെ വൈ സി നിയമങ്ങളിലെ മാറ്റം ഇന്ത്യൻ മാർക്കറ്റിൽ പ്രവാസി പണം ഒഴുകിയെത്തുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. പുതിയ നിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിക്കാൻ പ്രവാസികൾ ബുദ്ധിമുട്ടുകയാണ്.

ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിലുള്ള സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇന്ററെസ്റ് ഇൻ ഇന്ത്യ (CERSAI) എന്ന സ്ഥാപനമാണ് ബാങ്ക് ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള നിയമങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് പുതിയ പരിഷ്‌കാരങ്ങൾ എന്നാണ് പറയപ്പെടുന്നത്.
പ്രവാസികൾ ഉൾപ്പെടെ നിലവിലുള്ളതും പുതിയതുമായ എല്ലാ നിക്ഷേപകരും കത്തിടപാടുകളുടെ വിലാസത്തിന്റെ തെളിവായി സ്വീകാര്യമായ രേഖകൾ നൽകണമെന്ന് ഈ സ്ഥാപനം അടുത്തിടെ ഉത്തരവിറക്കിയിട്ടുണ്ട്. സമർപ്പിക്കുന്ന വിലാസങ്ങൾക്ക് മതിയായ തെളിവുകൾ ഇല്ലെങ്കിൽ തങ്ങളുടെ നിക്ഷേപ അപേക്ഷകൾ തള്ളിപ്പോകുമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരിക്കുന്നത്. ചില ബാങ്കുകളും നിക്ഷേപ സംരംഭങ്ങളും ഇതിനകം തന്നെ ചിലരുടെ അപേക്ഷകൾ തള്ളിക്കഴിഞ്ഞു.
സെക്യൂരിറ്റൈസേഷൻ ഇടപാടുകൾ രജിസ്റ്റർ ചെയ്യുന്നതിനും സാമ്പത്തിക ആസ്തികളുടെ ആസ്തി പുനർനിർമ്മിക്കുന്നതിനും സ്വത്തിന്മേൽ സുരക്ഷാ താൽപ്പര്യം സൃഷ്ടിക്കുന്നതിനുമുള്ള സംവിധാനം പരിപാലിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അധികാരമുള്ള സ്ഥാപനമാണ് CERSAI.
നിക്ഷേപകർക്ക് സമർപ്പിക്കാവുന്ന രേഖകളുടെ ഒരു പട്ടിക CERSAI പുറത്തിറക്കിയിട്ടുണ്ട്. ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ്‌ ലൈസൻസ്, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, ദേശീയ പോപ്പുലേഷൻ രജിസ്റ്റർ കത്ത്, ഏറ്റവും പുതിയ ടെലിഫോൺ ബിൽ (ലാൻഡ്‌ലൈൻ മാത്രം), ഏറ്റവും പുതിയ വൈദ്യുതി ബിൽ, ഏറ്റവും പുതിയ ഗ്യാസ് ബിൽ, തൊഴിലുടമയിൽ നിന്ന് താമസസ്ഥലം അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നൽകുന്ന കത്ത് എന്നിവയാണ് രേഖകൾ.
എന്നാൽ ഒരു പ്രവാസിക്ക് ഇത്തരം രേഖകൾ എല്ലാമൊന്നും ലഭിക്കുന്നില്ല. അവർക്ക് സമർപ്പിക്കാൻ കഴിയുന്ന രേഖകൾ ടെലിഫോൺ, വൈദ്യുതി, ഗ്യാസ് ബില്ലുകൾ, എൻ ആർ ഇ/എൻ ആർ ഓ അക്കൗണ്ടുകളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ താമസിക്കുന്ന രാജ്യത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ്. എന്നാൽ പുതിയ കെ വൈ സി നിയമപ്രകാരം എൻ ആർ ഇ/എൻ ആർ ഓ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വിലാസം തെളിയിക്കുന്ന രേഖയായി സ്വീകാര്യമല്ല. പകരം തങ്ങളുടെ പേരിലുള്ള വൈദ്യുതി ബില്ലോ ലാൻഡ് ലൈൻ ടെലിഫോൺ ബില്ലോ സമർപ്പിക്കണം.
ഇത്രയും കാലം ഇത്തരം നിബന്ധനകളൊന്നും പിന്തുടർന്നു വന്നിരുന്നില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പാസ്പോർട്ട് കോപ്പികൾ, പാൻ കാർഡ് കോപ്പികൾ എന്നിവ തിരിച്ചറിയിൽ രേഖകളായി സമർപ്പിച്ചാൽ സ്റ്റോക്ക് ട്രേഡിങ്ങ്, ഷെയർ അലോട്ട്മെന്റ്, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപ പദ്ധതികൾ എന്നിവയിലെ നിക്ഷേപത്തിനായി അക്കൗണ്ടുകൾ തുറക്കാൻ പറ്റുമായിരുന്നു.
എന്നാൽ ഇപ്പോൾ അപേക്ഷകൾ തള്ളുമ്പോൾ നിക്ഷേപകരോട് പറയുന്ന കാരണം വിലാസം തെളിയിക്കാൻ "മതിയായരേഖകൾ" ഇല്ലെന്നാണ്. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസേർവ് ബാങ്കിനും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും ചില പ്രവാസി സംഘടനകൾ നിവേദനം സമർപ്പിച്ചിരിക്കുകയാണിപ്പോൾ. പുതിയ നിയമം റദ്ദാക്കി പഴയത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അടുത്ത കാലം വരെ നാട്ടിലെയോ ജോലി ചെയ്യുന്ന രാജ്യത്തെയോ ബാങ്ക് സ്റ്റേറ്റ്മെന്റും പാസ്പോര്‍ട്ട് കോപ്പിയും ഒക്കെ മതിയായിരുന്നു വിലാസത്തിനുള്ള തെളിവായി.
മറ്റു തെളിവുകൾ ഹാജരാക്കാൻ പ്രവാസികൾക്ക് പ്രയാസമാണ്. പലരും ഷെയറിങ് അക്കമഡേഷൻ ആയിരിക്കും, ചിലർക്ക് ലാൻഡ് ലൈൻ ഫോൺ ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ ബില്ല് വരുന്നത് തൊഴിലുടമയുടെയോ വീട്ടുടമസ്ഥന്റെയോ പേരിലായിരിക്കും. ബഹുഭൂരിപക്ഷം പ്രവാസികളും മൊബൈൽ ഫോൺ ആയിരിക്കും ഉപയോഗിക്കുന്നത്. പ്രീ-പെയ്‌ഡ്‌ കണക്ഷൻ ആണെങ്കിൽ ബില്ലും ഉണ്ടാവില്ല. ചിലർക്ക് തൊഴിലുടമ നൽകുന്ന പോസ്റ്റ്-പെയ്‌ഡ് ഫോൺ ആയിരിക്കും. അപ്പോഴും ബില്ല് കയ്യിൽ കിട്ടില്ല.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ അടുത്ത കാലത്തായി പ്രവാസികൾ വർദ്ധിത താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഈ പുതിയ നിയമങ്ങൾ അവരെ ഇന്ത്യൻ സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിൽ നിന്ന് തടയുകയാണ്. അത്കൊണ്ട് തന്നെ വേണ്ടത്ര ആലോചനയില്ലാതെ കൊണ്ടുവന്ന പുതിയ നിയമം കോടികളുടെ നിക്ഷേപം രാജ്യത്തെത്തുന്നത് തടയുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.


Ismail Meladi
Ismail Meladi  

Related Articles

Next Story
Share it