അഗ്‌നിപഥ് ഇന്ത്യക്ക് നേട്ടമോ, കോട്ടമോ?

ഇന്ത്യന്‍ സായുധ സേനാ (Indian Armed Forces) രംഗത്ത് വിപ്ലവനീക്കവുമായാണ് കേന്ദ്രസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി (Agnipath Scheme) രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്. പിന്നാലെ പ്രതിഷേധങ്ങളും ആളിപ്പടര്‍ന്നു. അഗ്‌നിപഥ് പദ്ധതി തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും ദേശസുരക്ഷയെ തന്നെ ബാധിക്കുമെന്നുമുള്ള ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ ഇത് ഇന്ത്യന്‍ യുവതയ്ക്ക് മികച്ച അവസരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഗ്‌നിപഥ് പദ്ധതിയിലൂടെയുള്ള നിയമനങ്ങള്‍ ഉടന്‍ തന്നെയുണ്ടാകുമെന്ന് സേനാ മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് അഗ്‌നിപഥ് പദ്ധതി?

രാജ്യത്തെ സായുധ സേനാ (Armed Forces) രംഗത്തെ നിയമന രീതി പൊളിച്ചെഴുതുന്നതാണ് അഗ്‌നിപഥ്. നേരത്തെയുണ്ടായിരുന്ന നിയമന രീതിയില്‍നിന്ന് മാറി പതിനേഴര വയ്‌സ് മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരാവുന്നതാണ്. പ്രായപരിധി പ്രതിഷേധത്തെ തുടര്‍ന്ന് 26 വയസാക്കി ഉയര്‍ത്തിയിട്ടുണ്ട്. അഗ്‌നിപഥിലൂടെ നിയമനം ലഭിച്ചവരില്‍ മികവ് തെളിയിക്കുന്ന 25 ശതമാനം പേര്‍ക്ക് മാത്രമേ നാല് വര്‍ഷത്തിന് ശേഷം സൈന്യത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. ബാക്കി 75 ശതമാനം പേര്‍ ജോലിയില്‍നിന്ന് ഒഴിവാക്കപ്പെടും. ഇവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. തുടക്കത്തില്‍ 30,000 രൂപയും അവസാനത്തില്‍ 40,000 രൂപയുമാണ് പദ്ധതിയിലൂടെ ശമ്പളമായി ലഭിക്കുക. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗ്രമിലേക്ക് മാറ്റിവയ്ക്കും. ഇതുവഴി നാല് വര്‍ഷം കഴിഞ്ഞ് ജോലിയില്‍നിന്ന് ഒഴിവാകുമ്പോള്‍ പതിനൊന്നര ലക്ഷം രൂപ ഒരാള്‍ക്ക് ലഭിക്കും.

പത്താം ക്ലാസ് പാസയവര്‍ക്കും പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും അഗ്‌നിപഥ് പദ്ധതിയിലൂടെ സേനയില്‍ ചേരാവുന്നതാണ്. നാല് വര്‍ഷം കഴിയുമ്പോള്‍ പത്താം ക്ലാസ് പാസയവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും ലഭിക്കും. സേവനത്തിനിടെ മരണപ്പെട്ടാല്‍ ഒരു കോടി രൂപയും നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കും.

നേട്ടമെന്ത് ?

ഇപ്പോഴത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ ശരാശരി പ്രായം 32 വയസാണ്. അഗ്‌നിപഥിലൂടെ നിയമനങ്ങള്‍ നടത്തുമ്പോള്‍ സൈന്യത്തിന്റെ ശരാശരി പ്രായം 26 വയസായി കുറയും. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ നിയമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം, കൃത്യമായ പരിശീലനങ്ങള്‍ സൈനികര്‍ക്ക് ലഭിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വാദങ്ങളും ശക്തമാണ്.

സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയിലും അഗ്‌നിപഥ് പദ്ധതി പ്രതിഫലിക്കും. നിലവില്‍ കേന്ദ്രബജറ്റിന്റെ 30 ശതമാനവും നീക്കിവയ്ക്കുന്നത് പ്രതിരോധ രംഗത്തിനാണ്. ഇതില്‍ വലിയൊരു ഭാഗവും ശമ്പളവും പെന്‍ഷനും നല്‍കാനാണ് വിനിയോഗിക്കുന്നത്. അഗ്‌നിപഥ് വഴി നിയമനങ്ങള്‍ നടത്തുമ്പോള്‍ പെന്‍ഷന്‍ പോലുള്ള ബാധ്യതകള്‍ സര്‍ക്കാരിന് ഒഴിവാകും. ഇത് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കും.

അഗ്‌നിവീരന്മാര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ അവരുടെ റിക്രൂട്ട്മെന്റുകളില്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തിന്റെ സേനാ രംഗത്തും അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ പരിശീലനം നേടിയ സേനയെ സംസ്ഥാനങ്ങള്‍ക്കും കെട്ടിപ്പടുക്കാവുന്നതാണ്. നാല് വര്‍ഷം കഴിഞ്ഞ് ജോലിയില്‍നിന്ന് പിരിഞ്ഞുപോകുന്നവര്‍ക്ക് ലഭിക്കുന്ന തുക കൊണ്ട് സ്വന്തമായി സംരഭങ്ങളും മറ്റും തുടങ്ങാമെന്നതാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന മറ്റൊരു കാര്യം.

കോട്ടമെന്ത് ?

കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തെ സേനാ നിയമനങ്ങള്‍ സജീവമായിരുന്നില്ല. ഏകദേശം ആറ് ലക്ഷത്തോളം പേര്‍ കായിക - വൈദ്യ പരിശോധനകള്‍ കഴിഞ്ഞ സേനയിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്നുണ്ട്. അഗ്‌നിപഥിലൂടെ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഇവരുടെ പ്രതീക്ഷകളാണ് അസ്തമിക്കുന്നത്. ഇതാണ് രാജ്യത്തെ പ്രതിഷേധം ശക്തമാകാനുള്ള പ്രധാന കാരണവും.

നാല് വര്‍ഷം കഴിഞ്ഞ് 75 ശതമാനം പേരും തൊഴിലില്ലാതെ പുറത്തേക്ക് പോകുമ്പോള്‍ ഇവരുടെ ഭാവിയെന്തായിരിക്കുമെന്നതാണ് വലിയൊരു ചോദ്യമായി കേന്ദ്രത്തിന് മുന്നിലുള്ളത്. ഇത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നും ആരോപണങ്ങളുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് യുപി, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും സേനയിലേക്ക് ആളുകള്‍ എത്തുന്നത്. ഇവിടങ്ങളിലെ ഒരു വീട്ടില്‍നിന്ന് ഒരാളെങ്കിലും സൈന്യത്തില്‍ ചേരുന്നത് പതിവാണ്. രാജ്യത്തോടൊപ്പം ഒരു കുടുംബവും കൂടിയാണ് ഇതിലൂടെ സുരക്ഷിതമായിരുന്നത്. കാലാവധി കഴിഞ്ഞാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ടെന്നതിനാല്‍ ഇവിടങ്ങളിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ അഗ്‌നിപഥിലൂടെയുള്ള നിയമനങ്ങള്‍ വരുമ്പോള്‍ രാജ്യത്തെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മധ്യവര്‍ഗ വിഭാഗത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കും.

Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it