പ്രവാസികള്‍ക്കായി ക്വാറന്റീന്‍ സൗകര്യമൊരുക്കല്‍: ആശങ്കയോടെ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ ലോഡ്ജ് ഉടമകള്‍

സംസ്ഥാനത്തെ പ്രമുഖ പില്‍ഗ്രിം ടൂറിസം സെന്ററായ ഗുരുവായൂരിലെ ലോഡ്ജുകള്‍ വിദേശത്തുനിന്ന് തിരികെ എത്തിക്കുന്ന പ്രവാസികള്‍ക്കായുള്ള ക്വാറന്‍ീന്‍ സൗകര്യമൊരുക്കാന്‍ സജ്ജമായിരിക്കണമെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലോഡ്ജ് ഉടമകള്‍ കടുത്ത ആശങ്കയില്‍.

ലോക്ക്ഡൗണില്‍ മെയ് പകുതിയോടെ വീണ്ടും ഇളവുകള്‍ ലഭിക്കുമെന്നും അതിനുശേഷം പതുക്കെയെങ്കിലും ബിസിനസ് പുനഃരാരംഭിക്കാമെന്നുമുള്ള ലോഡ്ജ് ഉടമകളുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്. പ്രവാസികള്‍ ഏറെയുള്ള കേരളത്തിലെ പ്രമുഖ പ്രദേശങ്ങളാണ് ഗുരുവായൂരും ചാവക്കാടുമെല്ലാം. ഇവിടെ നിന്നുള്ളവര്‍ കൂട്ടത്തോടെ തിരിച്ചുവരുമ്പോള്‍ അവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കേണ്ടതും അനിവാര്യമാണ്. പക്ഷേ നിലവില്‍ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന ഗുരുവായൂരിലെ ലോഡ്ജ് ഉടമകള്‍ക്ക് ഈ നീക്കം ഇരുട്ടടിയായിരിക്കുകയാണ്. തങ്ങളുടെ ആശങ്കകള്‍ വ്യക്തമാക്കി ജില്ലാ ഭരണകൂടത്തിന് ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

കോവിഡ് വരാതെ ഞങ്ങള്‍ മരിക്കും!

കോവിഡിന്റെ സാമൂഹ്യവ്യാപനം തടയാന്‍ വേണ്ടി ചെയ്യുന്ന നടപടികളും അനിശ്ചിതമായി നീളുന്ന ലോക്ക്ഡൗണും മൂലം കോവിഡ് വരാതെ തന്നെ തങ്ങളെ മരണത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ഗുരുവായൂരിലെ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി കെ പ്രകാശ് പറയുന്നു.

കേരളത്തിലെ പ്രമുഖ പില്‍ഗ്രിം ടൂറിസം കേന്ദ്രവും രാജ്യാന്തരതലത്തില്‍ തന്നെ അറിയപ്പെടുന്ന ക്ഷേത്രനഗരിയുമായ ഗുരുവായൂരില്‍ 150 ഓളം ലോഡ്ജുകളാണ് ഉള്ളത്. ഇവിടെ മൊത്തം 3500ഓളം മുറികളുണ്ട്. ഏതാണ്ട് 3000 ത്തോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ''ഇവിടെയുള്ള ലോഡ്ജുകളെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭക്തരെ ഞങ്ങളില്‍ നിന്ന് അകറ്റുന്ന പ്രവണത കാലങ്ങളായുണ്ട്. യഥാര്‍ത്ഥത്തില്‍ മണ്ഡലകാലം, ഗുരുവായൂര്‍ ഉത്സവകാലം, പിന്നെ വേനലവധിക്കാലം എന്നീ സീസണുകളിലാണ് ഞങ്ങള്‍ക്ക് അതിഥികളെ ലഭിക്കുന്നത്. ഇതില്‍ തന്നെ ഞങ്ങളുടെ ഒരു വര്‍ഷത്തെ ബിസിനസിന്റെ പ്രധാന പങ്കും വരുന്നത് വേനലവധികാലത്താണ്. അത് ഇക്കൊല്ലം നഷ്ടമായി. എല്ലാവര്‍ക്കും ബിസിനസ് നഷ്ടമുണ്ട്. പക്ഷേ, വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാലത്തോളം ഞങ്ങള്‍ അവര്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ സജ്ജരായിരിക്കണമെന്ന നിര്‍ദേശം വിവേചനപരമാണ്. മറ്റെല്ലാ രംഗങ്ങളും ലോക്ക്ഡൗണില്‍ നിന്ന് ഇളവു നേടി പതുക്കെ പ്രവര്‍ത്തനം തുടങ്ങിയാലും ഞങ്ങള്‍ക്ക് അത് സാധിക്കണമെന്നില്ലല്ലോ?,'' ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മോഹനകൃഷ്ണന്‍ ചോദിക്കുന്നു.

ഗുരുവായൂരിലെ എല്ലാ ലോഡ്ജുകളിലും ക്വാറന്റീന്‍ സൗകര്യമൊരുക്കിയാല്‍ അത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് ലോഡ്ജ് ഉടമകള്‍ അഭിപ്രായപ്പെടുന്നു. കോവിഡ് രോഗബാധിതരെയല്ല നിരീക്ഷണത്തിന് രോഗമില്ലാത്തവരെയാണ് ലോഡ്ജില്‍ താമസിപ്പിക്കുന്നതെങ്കിലും രോഗികളെ പാര്‍പ്പിച്ചുവെന്നാകും പ്രചാരണം. മാത്രമല്ല, ക്വാറന്റീന്‍ കാലമെത്രയാകുമെന്ന് ഇപ്പോഴും വ്യക്തമായി പറയുന്നില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഗതാഗത സൗകര്യങ്ങള്‍ വന്നാലും പിന്നീട് ഭക്തര്‍ ഗുരുവായൂരിലേക്ക് വരാന്‍ മടിക്കും. അതോടെ ചെറിയ രീതിയിലെങ്കിലും ബിസിനസിലേക്ക് തിരിച്ചുവരാമെന്ന ഞങ്ങളുടെ കണക്കുകൂട്ടലും തെറ്റും. ഗുരുവായൂര്‍ ക്ഷേത്രമെന്നാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ഒട്ടനവധി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും നിലനില്‍പ്പിന്റെ ആധാരം കൂടിയാണ്. അധികൃതര്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നാണ് ലോഡ്ജ് ഉടമകളുടെ ആവശ്യം.

''ക്വാറന്റീന്‍ ഒരുക്കാന്‍ എല്ലാവിധ പിന്തുണയും ഞങ്ങള്‍ നല്‍കാം. ഇനി ഏറ്റവും മോശമായ സാഹചര്യം വന്നാല്‍ എല്ലാ മുറികളും ഞങ്ങള്‍ നല്‍കാം. അത്തരമൊരു സാഹചര്യം ഉടലെടുത്തില്ലെങ്കില്‍ ഗുരുവായൂരിലെ ലോഡ്ജുകളെ ഒഴിവാക്കാന്‍ അധികൃതര്‍ കനിയണം,'' ലോഡ്ജ് ഉടമകള്‍ പറയുന്നു.

ആര് പണം നല്‍കും?

പത്ത് ലോഡ്ജ് മുറികള്‍ വിട്ടു നല്‍കിയാല്‍ നാലെണ്ണത്തിന്റെ വാടക ക്വാറന്റീനിലുള്ള പ്രവാസികളില്‍ നിന്ന് ഈടാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. താമസം കഴിഞ്ഞ് പോകുമ്പോള്‍ പ്രവാസി പണമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്നാണ് ലോഡ്ജ് ഉടമകളുടെ മറ്റൊരു ചോദ്യം.

ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുന്നുണ്ട്. എന്നാല്‍ ഹൗസ് കീപ്പിംഗ് ആര് നിര്‍വഹിക്കുമെന്ന് വ്യക്തമല്ല. ലോഡ്ജിലെ നിലവിലുള്ള ജീവനക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളുടെ മുറികള്‍ വൃത്തിയാക്കാന്‍ തയ്യാറാകണമെന്നില്ല.

കോവിഡ് കാലത്തിനു മുമ്പേ തകര്‍ന്നിരിക്കുന്ന തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഇരുട്ടടിയാണെന്ന് ലോഡ്ജ് ഉടമകള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it