വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്...

ലോകത്തിലെ ഏറ്റവും അഭിവൃദ്ധി പ്രാപിച്ച അമേരിക്കന്‍ ഐക്യനാടുകള്‍ അറിയപ്പെടുന്നത് തന്നെ പരദേശികളുടെ നാടെന്നാണ്. പ്രവാസികളുടെ അധ്വാനവും സംസ്‌കാരവും ഇഴ ചേരുമ്പോഴാണ് ഏത് ദേശത്തിനും അതിന്റെ വളര്‍ച്ച സാധ്യമാകുന്നത്.

ഇതിന് കാനഡയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും മധ്യപൂര്‍വേഷ്യന്‍ ദേശങ്ങളും ഉദാഹരണങ്ങള്‍ തന്നെ. പ്രവാസികളുടെ കായികവും ബുദ്ധിപരവുമായ കഴിവുകള്‍ ഫലപ്രദമായി വിനിയോഗിക്കാമെന്നും അവരെ സ്വദേശികളുമായി എങ്ങനെ സമരസപ്പെട്ട് കൊണ്ടുപോകാം എന്നതുമാണ് ഈ രാജ്യങ്ങളിലെ രാഷ്ട്രതന്ത്രജ്ഞരുടെ ചിന്തകള്‍.

ഗള്‍ഫ് നാടുകളുടെ പകിട്ട് നഷ്ടപ്പെട്ടതോടെ മലയാളി ഇപ്പോള്‍ യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പാതയിലാണ്. കേരളം കാണാന്‍ പോകുന്ന
ഏറ്റവും പുതിയ ഈ തട്ടിപ്പിനെ കുറിച്ച് വഴിയെ മലയാളിക്ക് മനസിലാകും. മേല്‍പ്പറഞ്ഞ രാജ്യങ്ങളൊക്കെ സാമ്പത്തികമായി വളര്‍ച്ചയുടെ പാതയിലല്ല.

അവിടങ്ങളില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുമില്ല. ഉള്ള തൊഴിലുകളുടെ വേതനവും സ്ഥിരതയും കുറഞ്ഞുവരുന്നു. അവിടങ്ങളിലെ സ്വാശ്രയ കോളെജുകളിലേക്ക് പാവം മലയാളി തങ്ങളുടെ കിടപ്പാടം പണയം വെച്ച് ലക്ഷങ്ങള്‍ കടമെടുത്ത് മക്കളെ പഠിക്കാന്‍ അയക്കുന്നു. വഴിയെ മനസിലാക്കാന്‍ പോകുന്ന ഈ തട്ടിപ്പ് ഇന്നേവരെ കേരളം കണ്ടതില്‍ വെച്ചേറ്റവും വലുതായിരിക്കും.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ഏകദേശം 35 ലക്ഷം പ്രവാസികളുണ്ട് അതോടൊപ്പം കേരളത്തിലേക്ക് ഏകദേശം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പ്രവാസികളായി എത്തുന്നുമുണ്ട്.

ഈ അന്യഭാഷ തൊഴിലാളികളെ എങ്ങനെ നമ്മുടെ സംസ്‌കാരവുമായി കൂട്ടിയിണക്കാം എന്ന് ചിന്തിച്ചാല്‍ അത് നമ്മുടെ സംസ്ഥാനത്ത് പുതിയൊരു സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായി മാറും. നവോത്ഥാനം പറയുന്ന മലയാളി ഇപ്പോഴും ഈ അന്യഭാഷാ തൊഴിലാളികളെ ഒരു തീണ്ടാപ്പാടകലെ തന്നെയാണ് കാണുന്നത്.

നമ്മുടെ സമ്പന്നതയുെട പാല്‍പ്പായസത്തില്‍ ഇടിച്ചിറങ്ങാന്‍ എത്തുന്ന ഈച്ചകളെപ്പോലെയാണ് മലയാളികള്‍ അവരെ കാണുന്നത്. അവര്‍ക്ക് സ്വച്ഛമായി ഉറങ്ങാന്‍ സുരക്ഷിതമായ ഒരു ലേബര്‍ കോളനി നിര്‍മിച്ചു കൊടുക്കുവാന്‍ നമുക്ക് സാധിക്കുമോ? ഗള്‍ഫ് നാടുകളിലെ ലേബര്‍ കോളനികള്‍ നമുക്കൊരു മാതൃകയാക്കാം. ക്രെഡായ് ഇതിന്റെ ഒരു രൂപരേഖ തയാറാക്കട്ടെ.

ചെലവ് കുറഞ്ഞ നിര്‍മിതികളുടെ സാങ്കേതികത്വം നമുക്കുണ്ട്. വേഗത്തില്‍ പണിതീര്‍ക്കാന്‍ നമ്മുടെ പ്രീ ഫാബ് കണ്‍സ്ട്രക്ഷന്‍ കമ്പനികളും ഉണ്ട്.

നാട് നന്നാകും

നമ്മുടെ ബാങ്കുകള്‍ ഇതിനൊരു SPV (Special Purpose vehicle) തയാറാക്കട്ടെ, ഓരോ താലൂക്കിലും 10,000 പേര്‍ക്ക് താമസിക്കാനുള്ള ലേബര്‍ കോളനികള്‍ ഒരുക്കിയാല്‍ കേരളത്തിലെ 77 താലൂക്കുകളില്‍ കൂടി 7.7 ലക്ഷം പേര്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കാം ഇതൊരു വലിയ റിയല്‍ എസ്റ്റേറ്റ് ബൂം കേരളത്തില്‍ ഉണ്ടാക്കും, കേരള സര്‍ക്കാരിന് ജിഎസ്ടി ഇനത്തിലും അതാതിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഇനത്തിലും ധാരാളം വരുമാനം ലഭിക്കും.

ലേബര്‍ കോളനികള്‍ക്ക് ചുറ്റും സൂപ്പര്‍മാര്‍ക്കറ്റുകളും മൊബീല്‍ ഫോണ്‍ ഷോപ്പുകളും തുടങ്ങാം. ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ പോലെ അവയ്ക്ക് ചുറ്റും അന്യസംസ്ഥാന ഭക്ഷണ കലവറകളൊരുക്കാം. തല ചായ്ക്കാന്‍ സുരക്ഷിതമായ ഒരു ഇടവും വായ്ക്ക് രുചിയുള്ള ഭക്ഷണവും ലഭിച്ചാല്‍ പിന്നെ അവര്‍ Maslow തിയറി അനുസരിച്ച് അല്‍പ്പം സന്തോഷവും വിനോദവും തേടും. അവര്‍ ഇവിടെ സിനിമയ്ക്കും വസ്ത്രത്തിനും ഭക്ഷണത്തിനും പണം ചെലവാക്കുമ്പോള്‍ അത് നമ്മുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് ഒരു പുത്തനുണര്‍വ് പകരും.

ഭായിമാര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇവിടെ റിലീസ് ചെയ്യാം. ഭായിമാരുടെ മക്കളെ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്ത് നമ്മുടെ ഡിവിഷന്‍ കട്ട് ഒഴിവാക്കാം. അവരുടെ ഭാര്യമാര്‍ക്ക് അല്‍പ്പം മിഡ്‌വൈഫറി കോഴ്‌സ് പഠിപ്പിച്ചാല്‍ കേരളം ഇന്ന് നേരിടുന്ന ഹോംനഴ്‌സിംഗിനുള്ള ദൗര്‍ലഭ്യം മാറ്റിയെടുക്കാം.

ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് കേരളത്തിന് വിടുതല്‍ പ്രാപിക്കാം. ഇങ്ങനെ കേരളം ഒരു അന്യഭാഷാക്കാര്‍ക്കുള്ള ഗള്‍ഫ് ആയി മാറ്റാം. ഇവിടെ പുതിയ യൂസഫലിമാര്‍ ഉയര്‍ന്നുവരും. കൂടുതല്‍ ആളുകള്‍ ഇങ്ങോട്ട് വരുമ്പോള്‍ കോംപറ്റീഷന്‍ കൂടുകയും വേതനം കുറയുകയും ചെയ്യും. അപ്പോള്‍ നമുക്ക് കേരളത്തിലെ ഷെയ്ഖുമാരായി വലിയ ബിസിനസുകള്‍ പടുത്തുയര്‍ത്താം. കേരളം അങ്ങകലെ കിടക്കുന്ന വിദേശികളെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതിനേക്കാള്‍ 25 ലക്ഷത്തിലധികം വരുന്ന ഭായിമാരെ നോക്കി അല്‍പ്പമൊന്ന് പുഞ്ചിരിച്ചാല്‍ നമ്മുടെ ടൂറിസം രംഗം പറയും വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് ഇനി നാട്ടില്‍ കേണു നടപ്പൂ…

Judy Thomas
Judy Thomas  

Related Articles

Next Story

Videos

Share it