വിദേശ വ്യാപാരം ആര്‍ക്കും ചെയ്യാം, അടുത്തകാലത്ത് വന്ന മാറ്റങ്ങള്‍ അറിയണമെന്നുമാത്രം

ഒരു വളഞ്ഞു പുളഞ്ഞ അന്തര്‍ദ്ദേശീയ പാത പോലെയാണ് വിദേശ വ്യാപാര പ്രക്രിയ. ഈ ശൃംഖലയിലെ ഒരു കണ്ണിയാകാന്‍ ആര്‍ക്കും സാധിക്കും, മനസ്സുണ്ടെങ്കില്‍. ദൂരെ നിന്ന് നോക്കുമ്പോള്‍ ധാരാളം വളവുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കും. അടുത്തെത്തിയാല്‍ വളവുകള്‍ നിവരുന്നതായി അനുഭവപ്പെടും. യാത്രയില്‍ അല്‍പ്പസ്വല്‍പ്പം ദുരിതങ്ങള്‍ ഉണ്ടായേക്കാം. അത് വെറും സ്വാഭാവികം. കഴിഞ്ഞ ലക്കത്തിലെ, എന്റെ കുറിപ്പ് വായിച്ച്, എനിക്ക് പരിചയമുള്ള ഒരാള്‍ തീര്‍ത്തുപറഞ്ഞു, ഞാന്‍ ഈ വിദേശ വ്യാപാരത്തിലേക്കേ ഇല്ല. നമുക്ക് നമ്മുടെ നാട്ടിലെ വ്യാപാരികളുമായുള്ള ഇടപാടുകള്‍ മതി. കൊറോണക്ക് ശേഷവും കൊറേ ഓണം ഉണ്ണണം. പത്തുപേരുമായി ഓരോ ലക്ഷം രൂപയുടെ കച്ചവടം നടത്തുമ്പോള്‍ പകുതിയെങ്കിലും പിരിഞ്ഞു കിട്ടിയാല്‍ കട ഓടും. ഇവിടെ കയറ്റുമതിയില്‍ ഒരൊറ്റ ബില്ല് തന്നെ 10 ലക്ഷത്തിന്റേതാകും. പിരിഞ്ഞുകിട്ടാന്‍ വൈകിയാല്‍ കുഴഞ്ഞു പോകും. മറ്റൊരാള്‍ യുദ്ധത്തിന് തയ്യാറാണെന്നാണ് പറഞ്ഞത്.

വിദേശവ്യാപാരം ആരുടേയും കുത്തകയല്ല, കെട്ടുപിണഞ്ഞതുമല്ല. അല്‍പ്പം മനഃസാന്നിധ്യത്തോടെ സമീപിച്ചാല്‍ മതി. വളരെ എളുപ്പമാണ്.
ഇപ്പോഴത്തെ വിദേശവ്യാപാര നയത്തിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. 2015 - 20 എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കൊറോണക്കാലം കണക്കിലെടുത്ത് 2021 മാര്‍ച്ച് വരെ നീട്ടിയിരിക്കുകയാണ്. പക്ഷെ ഒരു പ്രോത്സാഹന സ്‌കീമിന്റെ ആയുസ് കുറച്ചു. എം ഇ ഐ എസ് എന്ന സ്‌കീം 2020 ഡിസംബര്‍ 31ന് അവസാനിക്കും. മാത്രമല്ല ഒരു കമ്പനി അല്ലെങ്കില്‍, ഒരു ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് കോഡ് - ഐ ഇ സി കോഡിന് ലഭിക്കാവുന്ന എം ഐ ഇ എസ് രണ്ടു കോടി മാത്രം.

എന്താണ് എംഇഐഎസ്?

ഇതൊരു കൈത്തങ്ങാണ്. വിദേശങ്ങളിലേക്ക് അയക്കുന്ന ചരക്കുകളുടെ വില നിര്‍ണ്ണയത്തില്‍ അല്‍പ്പം സഹായകമാവും എന്നു കണക്കാക്കി കയറ്റുമതിക്കാര്‍ക്ക് നല്‍കി വരുന്ന 'കടലാസ്' രൂപത്തിലുള്ള 'പണം' ആണ്. നേരത്തെ നിര്‍ണ്ണയിച്ചിട്ടുള്ള നിശ്ചിത നിരക്കു പ്രകാരം, കയറ്റുമതി നടത്തി അതിന്റെ പണവും ബാങ്കില്‍ വന്നതിന് ശേഷം കയറ്റുമതിക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിശോധിച്ച് അവര്‍ക്കു നല്‍കുന്ന ഒരു ആനുകൂല്യമാണിത്. ഈ പ്രമാണം ഔദ്യോഗികമായിത്തന്നെ മറ്റൊരു ഐ ഇ സിക്കാരന് കൈമാറാവുന്നാണ്. കൈമാറ്റത്തിലൂടെ ലഭ്യമാകുന്നത് പണമാണ്. ജി എസ് ടി ഇല്ല. ഇറക്കുമതി ചെയ്യുന്ന സാധങ്ങളുടെ തീരുവ പണമായി നല്‍കുന്നതിനു പകരമായി ഈ രേഖ സമര്‍പ്പിക്കാവുന്നതാണ്. സേവന കയറ്റുമതിക്കും ഇതുപോലൊരു കൈത്താങ്ങുണ്ട്. അതിനെ സര്‍വീസ് എക്സ്പോര്‍ട്ട്സ് ഫ്രം ഇന്ത്യ സ്‌കീം എന്നു പറയും. ഇതാണ് ജനുവരി ഒന്നുമുതല്‍ ഇല്ലാതാകാന്‍ പോകുന്നത്. പകരം മറ്റെന്തെങ്കിലും വരും.
നിലവിലെ ചട്ടങ്ങളും നടപടിക്രമങ്ങളും രണ്ട് പ്രസിദ്ധീകരണങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്.

www.dgft.gov.in എന്ന വെബ് സൈറ്റില്‍ എല്ലാ വിവരവും ഉണ്ട്. അത് വായിച്ചിരിക്കുന്നത് നല്ലതാണ്.

മാറ്റങ്ങള്‍ ഇതൊക്കെ

അടുത്ത കാലത്തെ വളരെ ശ്രദ്ധേയമായ മാറ്റം കാണുന്നത് ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് കോഡ് നമ്പറിലാണ്. ഇപ്പോഴും പത്ത് ഡിജിറ്റുകളാണ്. എന്നാല്‍ ഇന്‍കം ടാക്സ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ തന്നെയാണ് ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് കോഡ് നമ്പറും. മുമ്പ് ഒരാള്‍ തന്നെ വിവിധ പേരുകളില്‍ കോഡ് നമ്പര്‍ എടുത്തിരുന്നു. അങ്ങനെയുള്ള ഓരോ കോഡിലും ഒരു ഐ ടി പാനിന് എത്ര കോഡുകള്‍ കൊടുത്തിട്ടുണ്ട് എന്നറിയാന്‍ എഫ് ടി 1, എഫ് ടി2 എന്നുമൊക്കെ നമ്പറിട്ടിരുന്നു. പിന്നീട് സിസ്റ്റം മാറ്റി. ഒരു ഐ ടി പാന്‍ നമ്പറിന് ഒരു ഐ ഇ സി എന്നാക്കി.
ഡിസംബര്‍ ഒന്നു മുതല്‍ സ്വന്തമായി ഡാഷ് ബോര്‍ഡും നിര്‍ബന്ധമാണ്. മൊബൈല്‍ നമ്പറും മെയില്‍ ഐ ഡിയും കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അത് സ്ഥിരമായുള്ളതായിരിക്കണം. പല കമ്പനികളും ഓഫീസര്‍മാര്‍ക്ക് മൊബീല്‍ ഫോണ്‍ നല്‍കുന്നുണ്ട്. ജോലി മാറുമ്പോള്‍ അത് തിരിച്ചു തരുമെങ്കില്‍ കുഴപ്പമില്ല. ഒരിക്കലും ഉദ്യോഗസ്ഥരുടെ സ്വന്തം നമ്പറും മെയില്‍ ഐഡിയും നല്‍കാതിരിക്കുക. കാരണം ചില പ്രധാന അപേക്ഷകള്‍ക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഒ ടി പി വരും. അതുപയോഗിച്ചേ മുന്നോട്ട് നീങ്ങാന്‍ കഴിയൂ. ഇപ്പോള്‍ കൈവശം ഒന്നില്‍ കൂടുതല്‍ ഐ ഇ സി നമ്പര്‍ ഉള്ളവരുണ്ടെങ്കില്‍, ഉപയോഗത്തിലില്ലാത്ത നമ്പര്‍ തിരികെ കൊടുക്കുക. ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അവയെല്ലാം തന്നെ ചിലപ്പോള്‍ മരവിപ്പിച്ചിട്ടുണ്ടാവാം.
ഇതിനിടയില്‍ സര്‍ക്കാര്‍ ഒരന്വേഷണം നടത്തി ഒരെണ്ണം കയ്യില്‍ വെച്ച് ബാക്കിയുള്ളവ സറണ്ടര്‍ ചെയ്യാന്‍ അറിയിച്ചിരുന്നു പലരേയും. എല്ലാവരെയും ഇതുപോലെ വിവരം അറിയിച്ചിട്ടുണ്ടോ എന്നറിയില്ല. അതുകൊണ്ട് ഡി ജി എഫ് ടിയുടെ സൈറ്റില്‍ ഒന്നു തിരയുന്നത് നല്ലതാണ്. 'ഇന്‍ വാലിഡ്' എന്ന് കാണിക്കുന്നു എന്ന് പ്രശ്നവുമായി പലരും സമീപിച്ചിരുന്നു. അങ്ങനെയെങ്കില്‍ സ്ഥലത്തെ ഓഫീസുമായി ബന്ധപ്പെടുന്നത് നല്ലതായിരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. സ്ഥിരമായി വ്യാപാരം നടത്തുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാവാറില്ല.
ആധാറും പാനും ഐ ഇ സി നമ്പറും എല്ലാം കൂടിക്കഴിഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ബാധ്യതയുണ്ടെങ്കില്‍ പെട്ടെന്ന് ലിങ്ക്് ചെയ്യാന്‍ കഴിയും. സ്വന്തം ഐ ഇ സി നമ്പര്‍ മറ്റൊരാള്‍ക്ക് 'വാടക'ക്ക് കൊടുക്കരുത്. അങ്ങനെയും കേസുകള്‍ ഉണ്ടത്രെ.

(നാല് ദശാബ്ദക്കാലമായി കയറ്റുമതി - ഇറക്കുമതി കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാബു എഴുമാവില്‍ (എക്സിം എക്സ്പെര്‍ട്ടൈസ്, അഹമ്മദാബാദ്)


Babu Ezhmavil
Babu Ezhmavil  

Related Articles

Next Story

Videos

Share it