എല്‍.ഐ.സിയും 'വി'യും നിക്ഷേപകര്‍ക്ക് നല്‍കുന്ന പാഠം ഇതാണ്
ധനകാര്യ വിപണികളിലെ ഏറ്റവും കാതലായ ചോദ്യം ഇതാണ്; ഈ ഓഹരിക്ക്/കടപ്പത്രത്തിന് എന്തു വില വരും? ഈ ചോദ്യത്തിന് സര്‍വസമ്മതമായ ഉത്തരമില്ല. അങ്ങനെ ഏകകണ്ഠമായ ഉത്തരം ഉണ്ടാവുകയുമില്ല. അങ്ങനെ ഉത്തരം വരുന്നതോടെ വിപണനം ഇല്ലാതാകും, വിപണിയും.
ഏകകണ്ഠമായ ഉത്തരം വന്നാല്‍ ഒരാള്‍ക്കും ലാഭത്തിന് അവസരമില്ല. ഒരാള്‍ കാണുന്നതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആയ വില മറ്റൊരാള്‍ കാണുമ്പോഴാണ് വ്യാപാരം ഉണ്ടാകുന്നത്. കാഴ്ചപ്പാടിലെ വ്യത്യാസം വ്യാപാരത്തിനു വഴിയൊരുക്കുന്നു.
വോഡഫോണ്‍ ഐഡിയ കയറിയിറങ്ങുമ്പോള്‍
ഏത് ഓഹരിയുടെ കാര്യമെടുത്താലും ഇതു കാണാം. ചില കമ്പനികള്‍ തകര്‍ച്ചയുടെ വക്കിലായാലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തിരക്കുണ്ടാകും. വോഡഫോണ്‍ ഐഡിയയും (വി) മറ്റും അങ്ങനെ സജീവമായ ഓഹരികളില്‍ പെടുന്നു.
കുറച്ചു വര്‍ഷമായി വോഡഫോണ്‍ ഐഡിയയുടെ കാര്യം പരുങ്ങലിലാണ്. വലിയ കടം, സര്‍ക്കാരിനു നല്‍കാനുള്ള വിവിധ ഫീസുകളുടെയും നികുതികളുടെയും കുടിശ്ശിക, ടവര്‍ കമ്പനികള്‍ക്കും മറ്റുമുള്ള കുടിശ്ശിക. ഈ ബാധ്യതകള്‍ തീര്‍ത്തുകഴിഞ്ഞാല്‍ മാത്രമേ കമ്പനിക്കു വളര്‍ച്ച ചിന്തിക്കാനാകൂ. അതിനു വലിയ തുകതന്നെ മുടക്കണം. പ്രമോട്ടര്‍മാരായ ബ്രിട്ടീഷ് കമ്പനി വോഡഫോണും ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പ് ആദിത്യ ബിര്‍ള ഗ്രൂപ്പും പണത്തിനു ബുദ്ധിമുട്ടുന്നവരല്ല. പക്ഷേ അവര്‍ പണമിറക്കുന്നില്ല. വേറെ ഏതെങ്കിലും ഗ്രൂപ്പ് വന്ന് പണമിറക്കി കാര്യം നടത്തട്ടെ എന്ന നിലപാടിലാണവര്‍.
ഈ കമ്പനിക്ക് ഭാവി കാണാത്തതുകൊണ്ട് പ്രമോട്ടര്‍മാര്‍ പണമിറക്കില്ല. മറ്റാരെങ്കിലും ഇതിനെ ഏറ്റെടുക്കുമ്പോള്‍ തങ്ങളുടെ ഓഹരിയുടെ മൂല്യം ഇനിയും ചുരുങ്ങും എന്നും അവര്‍ക്കറിയാം.
എന്നാല്‍ ഇപ്പോഴത്തെ വിലയിലും ഇതില്‍ നിക്ഷേപിക്കാന്‍ തയാറാകുന്നവര്‍ക്കുമുണ്ട് ചില ബോധ്യങ്ങള്‍. ആരെങ്കിലും ഈ കമ്പനിയെ ഏറ്റെടുക്കും എന്ന് അവര്‍ കരുതുന്നു. കാരണം ഇന്ത്യയില്‍ മൂന്നു ടെലികോം കമ്പനികള്‍ക്ക് അവസരമുണ്ട്. അതുകൊണ്ടാണ് ഇലോണ്‍ മസ്‌ക് ഇതിനെ ഏറ്റെടുക്കുമെന്ന കിംവദന്തി വിശ്വസിച്ചു വലിയ ഇടപാടുകള്‍ അവര്‍ നടത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരിവില 5.70 രൂപയില്‍ നിന്നു 18 രൂപ വരെ കയറിയിറങ്ങിയതും അതുകൊണ്ടാണ്. പെന്നി സ്റ്റോക്കിനു വില കുറവായതിനാല്‍ നഷ്ടം കുറവാകും എന്ന ന്യായീകരണം പറയുന്നവര്‍ക്ക് വോഡഫോണ്‍ ഐഡിയ ഒരു പാഠമാണ്.
എല്‍.ഐ.സിയുടെ വീഴ്ചയും ഉയര്‍ച്ചയും
എല്‍.ഐ.സി ഓഹരിയുടെ കയറ്റിറക്കങ്ങള്‍ മൂല്യനിര്‍ണയത്തിലെ മറ്റൊരു വശം കാണിക്കുന്നു. 2022 മെയ് മാസത്തില്‍ എല്‍.ഐ.സി ഐ.പി.ഒ നടത്തിയത് 949 രൂപയ്ക്കാണ്. എല്‍.ഐ.സി പോളിസി ഉടമകള്‍ക്കും മറ്റും അല്‍പ്പം കുറഞ്ഞ വില മതിയായിരുന്നു. പക്ഷേ ലിസ്റ്റ് ചെയ്ത് 20 മാസം പിന്നിടുമ്പോഴാണ് ഇഷ്യു വിലയിലേക്ക് ഓഹരിയുടെ വിപണി വില എത്തിയത്. എന്തുകൊണ്ട് എല്‍.ഐ.സി ഓഹരി ലിസ്റ്റിംഗിനു ശേഷം 44% ഇടിഞ്ഞു? പിന്നീടു തിരിച്ചുകയറിയത് എന്തുകൊണ്ട്?
എല്‍.ഐ.സിയുടെ ധനകാര്യനിലയെ കാര്യമായിമാറ്റാവുന്ന ഒന്നും സംഭവിച്ചില്ല. എങ്കിലും ഓഹരി ഇടിഞ്ഞു, പിന്നീടു തിരിച്ചുകയറി. എല്‍.ഐ.സി അഞ്ചു ലക്ഷം കോടിയുടെ വിപണിമൂല്യമുള്ള കമ്പനിയാണ്. വിപണി സൂചികകളില്‍ പെടാന്‍ അര്‍ഹതയുള്ള കമ്പനി. സൂചികകളില്‍ പെട്ടാല്‍ എല്‍.ഐ.സി ഓഹരിയില്‍ വിദേശിയും സ്വദേശിയുമായ ധാരാളം ഫണ്ടുകള്‍ നിക്ഷേപകരാകും. അത് ഓഹരിയുടെ വില കൂട്ടും.
പക്ഷേ, ഒരു തടസമുണ്ട്. എല്‍.ഐ.സിയുടെ 3.5% ഓഹരി മാത്രമേ സര്‍ക്കാര്‍ വിറ്റിട്ടുള്ളൂ. അഞ്ചു ശതമാനം ഓഹരി എങ്കിലും പ്രമോട്ടര്‍ കയ്യൊഴിഞ്ഞാലേ സൂചികകളില്‍ പെടുത്താനാകൂ. എല്‍.ഐ.സിയെ സൂചികകളില്‍ പെടുത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ഓഹരി വില്‍ക്കുമെന്നു വിപണി കണക്കാക്കി. ലിസ്റ്റിംഗ് നിബന്ധന പാലിക്കാനും കൂടുതല്‍ ഓഹരി (25%) വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും വിപണി വിലയിരുത്തി. അതിന് അഞ്ചു വര്‍ഷം സമയമുണ്ടെങ്കിലും സര്‍ക്കാര്‍ നേരത്തേ വില്‍പ്പന നടത്തുമെന്നും വിപണി ഊഹിച്ചു.
ഒന്നര മാസം മുമ്പ് ലിസ്റ്റിംഗ് നിബന്ധനയിലെ ഒഴിവ് എല്‍.ഐ.സിക്ക് 10 വര്‍ഷത്തേക്കായി സര്‍ക്കാര്‍ ക്രമീകരിച്ചു. സൂചികകളില്‍ പെടുത്താന്‍ ധൃതി ഇല്ലെന്നും വിശദീകരിച്ചു. ഇതോടെ എല്‍.ഐ.സി ഓഹരി കയറ്റം തുടങ്ങി. ജനുവരി മൂന്നാം വാരത്തില്‍ ഇഷ്യു വിലയുടെ മുകളില്‍ കയറി.
എല്‍.ഐ.സിയുടെ കൂടുതല്‍ ഓഹരികള്‍ വിപണിയില്‍ വരുമെന്ന് കരുതി ഓഹരി വില ഇടിച്ചിട്ടവര്‍ തന്നെ വില ഉയര്‍ത്തി. എല്‍.ഐ.സിയുടെ പ്രവര്‍ത്തന റിസല്‍ട്ടോ ലാഭക്ഷമതയോ അല്ല, മറിച്ച് വിപണിയില്‍ ഓഹരികളുടെ എണ്ണം കുറേ കാലത്തേക്കു വര്‍ധിക്കുകയില്ല എന്ന ഉറപ്പാണ് ഉയര്‍ന്ന മൂല്യനിര്‍ണയത്തിനു പ്രേരകമായത്.
ഐ.ടിയും ബാങ്കിംഗും പൊതുമേഖലയും
പാശ്ചാത്യ രാജ്യങ്ങളില്‍ പലിശ കൂടുകയും ബിസിനസുകള്‍ മോശമാകുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. കാരണം ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കു വരുമാനം കുറഞ്ഞു. അതു മുമ്പേ കണ്ടവര്‍ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്കു വിറ്റു ലാഭമെടുത്തു.
ബാങ്ക് വായ്പകള്‍ക്കു ഡിമാന്‍ഡ് കൂടുകയും നിക്ഷേപങ്ങള്‍ അതിനനുസരിച്ചു വര്‍ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ പലരും ബാങ്ക് ഓഹരികളെ ഉപേക്ഷിച്ചു. കാരണം ബാങ്കുകള്‍ അമിത പലിശ നല്‍കി ഹ്രസ്വകാല നിക്ഷേപങ്ങള്‍ എടുത്ത് ലാഭമാര്‍ജിന്‍ കുറയ്ക്കും എന്ന് അവര്‍ കണക്കാക്കി. മൂന്നാം പാദ റിസല്‍ട്ടുകള്‍ ഈ ആശങ്കകളെ ശരിവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിവിജയിച്ചതിനു ശേഷം പൊതുമേഖലാ ഓഹരികളില്‍ വലിയ കുതിപ്പുണ്ടായി. ഡിസംബര്‍ മൂന്നുമുതല്‍ ജനുവരി 12 വരെയുള്ള കാലയളവില്‍ പൊതുമേഖലാ ഓഹരികളുടെ വിപണിമൂല്യത്തില്‍ 10.45 ലക്ഷം കോടി രൂപയുടെ കുതിപ്പാണുണ്ടായത്.
റെയില്‍വേ, റോഡ്, പ്രതിരോധ മേഖലകളില്‍ സര്‍ക്കാര്‍ വലിയ തോതില്‍ പണമിറക്കും എന്ന ധാരണയാണ് ഈ കുതിപ്പിനു പിന്നില്‍. അതു ശരിെവയ്ക്കുന്ന വിധം നിരവധി കരാറുകള്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഈ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു.