'ദശകത്തിന്റെ ബജറ്റി'നെ ഉറ്റുനോക്കി രാജ്യം

ഇന്ന് പതിനൊന്നുമണിക്ക് ആരംഭിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിനെ ഉറ്റുനോക്കുകയാണ് രാജ്യം. ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടമാണിത്. അടുത്ത ഒരു ദശകത്തില്‍ രാജ്യം ഏത് ദിശയിലേക്ക് വളരണമെന്നതിന്റെ ദിശാസൂചി കൂടിയാകും ഈ ബജറ്റെന്നിരിക്കെ ഏവരും അങ്ങേയറ്റം ആകാംക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്.


പ്രതിസന്ധിഘട്ടമാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ മുന്നിലെത്തിക്കുക എന്ന തത്വത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും പിന്തുടര്‍ന്നാല്‍ വിപ്ലവാത്മകമായ പല പുതിയ ചുവടുവെപ്പുകളും ഇന്ന് പ്രഖ്യാപിക്കപ്പെട്ടേക്കാം. ആഭ്യന്തര, വിദേശ നിക്ഷേപകരും കര്‍ഷകരും മധ്യവര്‍ഗ കുടുംബങ്ങളും കോര്‍പ്പറേറ്റുകളും എല്ലാം തന്നെ കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുന്നതും അതുകൊണ്ടാണ്.

2020 മാര്‍ച്ച് അവസാനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയതോടെ വരുമാനം കുത്തനെ ഇടിയുകയും ചെലവുകള്‍ റോക്കറ്റുപോലെ ഉയരുകയും ചെയ്തിരുന്നു. രാജ്യം സ്തംഭിച്ച ലോക്ക്ഡൗണ്‍ നാളുകളില്‍ നിന്ന് ഇപ്പോള്‍ സമ്പദ് വ്യവസ്ഥ ചലിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടിട്ടില്ല. കോവിഡ് ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ അത്ര എളുപ്പമല്ലെന്നതു തന്നെ കാരണം.

'ഇതുവരെ രാജ്യം കാണാത്ത വിധമുള്ള ബജറ്റാ'യിരിക്കും അവതരപ്പിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ അതിനിടെ രാജ്യത്തിന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

രാജ്യത്തെ സമ്പദ് വളര്‍ച്ചയുടെ നാമ്പുകള്‍ കാണുന്നുണ്ടെങ്കില്‍ പോലും ഭാവനാത്മകമായ ഇടപെടലുകള്‍ നടത്തേണ്ട ഏറ്റവും അനിവാര്യമായ ഘട്ടമാണിത്. കര്‍ഷക സമരം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കേന്ദ്രത്തിന് വിപ്ലവാത്മകമായ പുതിയ കാര്യങ്ങള്‍ കൊണ്ടുവരാനുള്ള അനുകൂല അന്തരീക്ഷവും ഇപ്പോഴുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പേപ്പര്‍ ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തിലാണ് ബജറ്റ് സഭയില്‍ സമര്‍പ്പിക്കുന്നത്.


T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it