സാമ്പത്തിക മേഖലയിലേത് മുമ്പുണ്ടാകാത്ത സമ്മര്‍ദ്ദമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍

രാജ്യത്തെ സാമ്പത്തിക മേഖലയില്‍ കനത്ത സമ്മര്‍ദ്ദമാണ് ദൃശ്യമാകുന്നതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഇത്രയേറെ സങ്കീര്‍ണത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ആരും പരസ്പരം വിശ്വസിക്കുന്നില്ല'-രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

പണം കയ്യില്‍ വച്ചുകൊണ്ടിരിക്കാനാണ് എല്ലാവരും നോക്കുന്നത്.സ്വകാര്യമേഖലയില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറാകുന്നില്ല.അവരുടെ മനസ്സില്‍ നിന്നു ഭയം നീക്കാനും നിക്ഷേപത്തിനു പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു. സ്വകാര്യ നിക്ഷേപം വര്‍ദ്ധിച്ചേ പറ്റൂ.

അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കായിരുന്നു 2018-19 ലെ 6.8 ശതമാനമെന്നത്. ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

2009-14ല്‍ പ്രാബല്യത്തിലായ വിവേചനരഹിത വായ്പാ നയത്തോടെയാണ് കുഴപ്പങ്ങള്‍ ആരംഭിച്ചതെന്ന അഭിപ്രായക്കാരനാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍.2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ദ്ധിച്ചതോടെ വായ്പ നല്‍കാനുള്ള ബാങ്കുകളുടെ കഴിവ് കുറഞ്ഞു. ഷാഡോ ബാങ്കുകള്‍ ഈ വിടവിലേക്കു കടന്നുവന്നു. 25 ശതമാനം വായ്പാ വളര്‍ച്ചയാണീ മേഖലയിലുണ്ടായത്. നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് (എന്‍ബിഎഫ്സി) ഈ ഉയര്‍ന്ന വായ്പാ വളര്‍ച്ച കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടു നിരോധനം, ചരക്ക് സേവന നികുതി, പാപ്പരത്ത കോഡ് എന്നിവ സാമ്പത്തിക മേഖലയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഇവയെല്ലാം ചേര്‍ത്ത് പറഞ്ഞാല്‍, വളരെ സങ്കീര്‍ണ്ണമാണു നിലവിലെ സാഹചര്യം. പ്രശ്‌ന പരിഹാരത്തിന് എളുപ്പ മാര്‍ഗ്ഗങ്ങളില്ല -രാജീവ് കുമാര്‍ പറഞ്ഞു.

Related Articles

Next Story

Videos

Share it