വന്യജീവി ശല്യം: കാര്‍ഷിക മേഖല തകര്‍ച്ചയില്‍; തൊഴില്‍ നഷ്ടവും

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട-പൂഴിത്തോട് മേഖലയില്‍ 400 ഏക്കറോളം കൃഷി ഭൂമി സര്‍ക്കാരിന് കൈമാറി കര്‍ഷകര്‍ മലയിറങ്ങുകയാണ്. പ്രതിസന്ധികളോട് പടപൊരുതി വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം ഉപേക്ഷിച്ചാണ് അവര്‍ മടങ്ങുന്നത്. അതിനു ലഭിക്കുന്നതാവട്ടെ ഒരു കുടുംബത്തിന് കേവലം 15 ലക്ഷം രൂപയും. ഗ്രാമത്തിന് പുറത്ത് ഒരു സെന്റിന് ലക്ഷങ്ങള്‍ വിലയുള്ളപ്പോള്‍ ഈ തുക കൊണ്ട് മറ്റൊരു കൃഷിഭൂമി വാങ്ങാമെന്ന് അവര്‍ക്ക് പ്രതീക്ഷയില്ല. എന്നാല്‍ വലിയൊരു ആശ്വാസം അവര്‍ക്കുണ്ട്. ജീവനും അധ്വാനത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വന്യജീവികളെ ഇനിയവര്‍ക്ക് നേരിടേണ്ടി വരില്ല. ആനയെയും കടുവയെയും പേടിച്ചും കാട്ടുപന്നിയുടെയും കുരങ്ങിന്റെയും മലയണ്ണാന്റെയും മയിലിന്റെയും കുറുക്കന്റെയുമെല്ലാം ശല്യം സഹിച്ചും ഇനി ജീവിക്കേണ്ടല്ലോ എന്ന ആശ്വാസമാണ് പലര്‍ക്കും.

ആക്രമണം രൂക്ഷം, നഷ്ടപരിഹാരം തുച്ഛം
ഇത് ചക്കിട്ടപാറ പഞ്ചായത്തിലെ മാത്രം പ്രശ്‌നമല്ല. ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ 13 ജില്ലകളിലും കര്‍ഷകരുടെ സ്ഥിതി ഇതു തന്നെയാണ്. കാലാവസ്ഥാ വ്യതിയാനവും വിലയില്ലായ്മയും കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതിനിടെയാണ് വന്യജീവികളും ഭീഷണിയായി എത്തുന്നത്. 2008-2021 കാലയളവില്‍ ഏകദേശം 37000 പരാതികളാണ് വന്യജീവികള്‍ മൂലമുണ്ടായ കൃഷിനാശത്തെ കുറിച്ച് സര്‍ക്കാരിന് ലഭിച്ചത്. ഇക്കാലയളവില്‍ വന്യജീവികളുടെ ആക്രമണത്തില്‍ 1290 പേര്‍ കൊല്ലപ്പെട്ടു. 6700 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നേരിട്ട ആകെ ആളുകളുടെ എണ്ണം ആയിരക്കണക്കിനാണ്.
കാര്‍ഷിക വിളകള്‍ വന്യജീവികളുടെ ആക്രമണത്തില്‍ നശിച്ചാല്‍ കര്‍ഷകന് കിട്ടുന്നത് നിസാരമായ തുകയാണ്. 10 സെന്റിലെ കപ്പ കൃഷി നശിച്ചാല്‍ 165 രൂപ കിട്ടും. റബര്‍ ഒന്നിന് 330 രൂപ, തെങ്ങ് 770 രൂപ, കുലച്ച വാഴ 110 രൂപ തുടങ്ങിയ നിരക്കിലാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇവയില്‍ നിന്നുള്ള ആറു മാസത്തെ വിളവില്‍ നിന്ന് ലഭിക്കുന്ന തുക പോലും എന്നന്നേക്കുമായി നശിച്ചാല്‍ കിട്ടുന്നില്ല.
വന്യജീവി നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം എന്നുണ്ട്. എങ്കില്‍ കൃഷി നശിപ്പിക്കുന്ന എലി, പെരുച്ചാഴി തുടങ്ങിയവയെ പോലെ, നാട്ടിലെത്തുന്ന അവയെയും നിയമപ്രശ്‌നങ്ങളില്ലാതെ കര്‍ഷകര്‍ക്ക് കൊന്ന് കൃഷി സംരക്ഷിക്കാനാവും. കര്‍ണാടക, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഈ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയണ് കര്‍ഷകര്‍. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകള്‍ അപ്രായോഗികമാണെന്ന് അവര്‍ പറയുന്നു.
കാലാവസ്ഥയും വില്ലനാകുന്നു
കുരങ്ങന്റെയും മറ്റും ആക്രമണം നഗരങ്ങളോട് ചേര്‍ന്നുള്ള തെങ്ങ് അടക്കമുള്ള കൃഷിയെ പോലും വന്‍തോതില്‍ ബാധിക്കുന്നു. പല കര്‍ഷകരും കുരങ്ങിനെ നേരിടാനാവാതെ ആ ചുമതല അന്യസംസ്ഥാന തൊഴിലാളികളെ ഏല്‍പ്പിക്കുകയാണ്. ആയിരം തേങ്ങ കിട്ടിക്കൊണ്ടിരുന്ന പറമ്പില്‍ 300 തേങ്ങ എങ്ങിനെയും കുരങ്ങ് നശിപ്പിക്കും. ബാക്കി കിട്ടുന്നതില്‍ പകുതി ഉടമയ്ക്കും ബാക്കി അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ്.
റബ്ബര്‍ ടാപ്പിംഗിനുള്ള സീസണ്‍ തുടങ്ങിയെങ്കിലും മഴ പ്രതിസന്ധിയായി മുന്നിലുണ്ട്. അതിനു പുറമേ കാട്ടുപന്നിയുടെ ഭീഷണിയും മലയോര പ്രദേശങ്ങളിലുണ്ട്. മംഗലം ഡാമിനടുത്ത് അടുത്തിടെയാണ് ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നി കൊന്നത്. വാഴ, ചേമ്പ്, ചേന തുടങ്ങി മിക്ക കൃഷിയും കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിക്കുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നശിക്കുന്ന കൃഷിയിടങ്ങള്‍ എല്ലാ ജില്ലകളിലും വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്നു.
നിയന്ത്രണമില്ലാതെ പെരുകുന്ന വന്യമൃഗങ്ങള്‍
കാട്ടുമൃഗങ്ങള്‍ വന്‍തോതില്‍ പെറ്റുപെരുകുന്നു എന്നതാണ് നിലവില്‍ കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. 1991 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ കാടുകളില്‍ 4400 ആനകളാണ് ഉണ്ടായിരുന്നത്. 2011 ല്‍ 7400 എണ്ണമായി വര്‍ധിച്ചു. ഒരാനയ്ക്ക് 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കാട് ആരോഗ്യകരമായ ജീവിത പരിതസ്ഥിതിക്ക് വേണമെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ 30 ലക്ഷം ഏക്കര്‍ വനഭൂമിയുള്ള കേരളത്തില്‍ 500 ഓളം ആനകള്‍ മാത്രമേ പാടുള്ളൂ. എല്ലാ മൃഗങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. അതുകൊണ്ട് ഇവ ഭക്ഷണം തേടി കാടുകളില്‍ നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണയിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 173 പേരെയാണ് കാട്ടാനകള്‍ കൊന്നത്. അവ കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് എന്നതാണ് സത്യം. 20-30 എണ്ണം ഒരുമിച്ച് നാട്ടിലിറങ്ങുമ്പോള്‍ നിയന്ത്രിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
മറ്റു രാജ്യങ്ങളില്‍ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്‍ അടുത്തിടെ 200 ഓളം ആനകളെയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ കൊന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവയ്‌ക്കെല്ലാം പുറമേ മയിലുകളും ഇപ്പോള്‍ കര്‍ഷകന് നഷ്ടം വിതക്കാന്‍ മുന്നിലുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇവ വ്യാപകമാണ്. നെല്‍വയലുകളാണ് ഇവയുടെ കൂട്ടമായ ആക്രമണത്തിന് ഇരയാകുന്ന വിള. പച്ചക്കറികളും മയില്‍ തിന്നു നശിപ്പിക്കുന്നു. മയില്‍ കുറുകെ ചാടിയതിനെ തുടന്ന് ബൈക്ക് അപകടത്തില്‍ പെട്ട് തൃശൂരില്‍ യുവാവ് കൊല്ലപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ പോലും കുറുക്കന്‍ വ്യാപകമായത് പൗള്‍ട്രി ഫാമുകള്‍ നടത്തുന്നവര്‍ക്കടക്കം ഭീഷണിയാണ്.
അതേസമയം കാട്ടിലെ ജലസ്രോതസുകള്‍ വറ്റിയതും കാടിന് പരിചയമില്ലാത്ത ഭക്ഷ്യയോഗ്യമല്ലാത്ത അധിനിവേശ മരങ്ങള്‍ പെരുകുന്നതുമെല്ലാം വന്യമൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.
കൊല്ലാന്‍ അനുമതി വേണമെന്ന് കര്‍ഷകര്‍
അതേസമയം വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളെല്ലാം പാഴായി പോകുകയാണ്. പലയിടങ്ങളിലും വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും ആനയക്കടമുള്ളവയുടെ ആക്രമണത്താലോ കാലപ്പഴക്കത്താലോ അവ നശിച്ചു പോകുന്ന സ്ഥിതിയുണ്ട്. മലയോര പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി ഭൂമി വാങ്ങിക്കൂട്ടി അവയില്‍ കൃഷി ചെയ്യാതെ കാടുവളരാന്‍ വിടുന്നത് മറ്റു കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ആരും തിരിഞ്ഞു നോക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് കാട്ടുപന്നിയുള്‍പ്പടെയുള്ളവ പെറ്റുപെരുകുന്നതും യഥേഷ്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നതും.
കേരളം കൃഷി ഉപേക്ഷിക്കുന്നു
1960 ലെ ഇക്കണോമിക് റിവ്യൂ പ്രകാരം മൊത്ത ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തിന്റെ 53 ശതമാനം കൃഷി മേഖലയില്‍ നിന്നാണ്. അന്ന് 53 ശതമാനം മലയാളികളും ജീവിച്ചിരുന്നത് കാര്‍ഷിക മേഖലയെ ആശ്രയിച്ചായിരുന്നു. 2020 ലെ കണക്കനുസരിച്ച് ജിഡിപിയുടെ 12 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയുടെ സംഭാവന. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം 25-30 ശതമാനത്തിലെത്തി. ഇക്കാലത്തിനിടയക്ക് വനഭൂമി കൂടുകയും കാര്‍ഷിക ഭൂമി കുറയുകയും ചെയ്തു. കാര്‍ഷികേതര ഭൂമിയുടെ വര്‍ധന 86 ശതമാനമാണ്. പരമ്പരാഗത കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തില്‍. അരനൂറ്റാണ്ടു മുമ്പ് 6-8 തേങ്ങ വിറ്റാല്‍ ഒരാളുടെ കൂലി ലഭിക്കും. ഇന്ന് 100 തേങ്ങ വിറ്റാലേ 800-1000 കൂലി നല്‍കാനാവുകയുള്ളൂ. കാര്‍ഷിക മേഖലയില്‍ ചെലവ് വര്‍ധിച്ചുവെങ്കിലും അതില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. കര്‍ഷകര്‍ക്ക് മാത്രമല്ല ഇത് തിരിച്ചടിയാകുക കാര്‍ഷിക തൊഴിലാളികള്‍ക്കും അനുബന്ധ മേഖലകളിലുമെല്ലാം ഇത് പ്രതിസന്ധിയുണ്ടാക്കും. നിരവധി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും.
റബ്ബര്‍ വെട്ടാനാവുന്നില്ല, ജാതിക്ക, അടയ്ക്ക, തേങ്ങ തുടങ്ങിയവ പൊഴിഞ്ഞ് പോകന്നു, പച്ചക്കറികള്‍ അഴുകി നശിക്കുന്നു തുടങ്ങി കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ക്കിടെയാണ് വന്യജീവികളും ഭീഷണിയാകുന്നത്.
വന്യജീവി ശല്യമുള്ള കൃഷിയിടങ്ങള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ വാങ്ങാന്‍ ആളില്ല. അതുകൊണ്ടു തന്നെ ആകെയുള്ള ഭൂമി വിറ്റ് മറ്റു വഴികള്‍ തേടാനും കര്‍ഷകര്‍ക്ക് ആകുന്നില്ല. ആകെയുള്ള പോംവഴി സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ കൈമാറാം എന്നതു മാത്രമാണ്.
പോംവഴി തേടി സര്‍ക്കാരും
കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഏതു മാര്‍ഗം ഉപയോഗിച്ചും നേരിടുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണം. അത് സാധ്യമല്ലെങ്കില്‍ വന്യമൃഗങ്ങള്‍ വനത്തിന് വെളിയില്‍ വരുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതല്ലാതെ വന്യമൃഗ ശല്യത്തിന് മറ്റു പരിഹാരങ്ങളില്ലെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ചൂണ്ടിക്കാട്ടുന്നു.
വനം, കൃഷി, റവന്യു, മൃഗ സംരക്ഷണ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, സ്ഥലം ഉടമകള്‍, പരിസ്ഥിതി സംഘടനകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും ആളുകളുടെയും സംഘടനകളുടെയും സഹായത്തോടെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വനം വകുപ്പ് പ്രത്യേക പദ്ധതി രേഖയും തയാറാക്കിയിരുന്നു. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് ഇതില്‍ മുഖ്യം. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ഡ്രോണ്‍, അപകടകാരികളാണ് ആനകളെ പ്രത്യേകം പാര്‍പ്പിക്കല്‍, കടുവാ പരിപാലന കേന്ദ്രങ്ങള്‍, ഉപഗ്രഹ സംവിധാനം ഉപയോഗിക്കല്‍, പന്നികളെ ഓടിക്കാന്‍ പരിശീലനം ലഭിച്ച നായകളെ ഇറക്കല്‍, ശല്യക്കാരായ കുരുങ്ങുകള്‍ക്ക് മങ്കി ഷെല്‍ട്ടറുകള്‍, കാട്ടിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം, അധിനിവേശ വൃക്ഷങ്ങള്‍ ഒഴിവാക്കല്‍, വിളനാശത്തിന് ഇന്‍ഷുറന്‍സ് ഉള്‍പ്പടെ നിരവധി മാര്‍ഗങ്ങളാണ് പദ്ധതി രൂപരേഖയിലുള്ളത്.


Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it