ഭാഗ്യത്തിന് പിന്നാലെ മലയാളികള്‍ ലോട്ടറി വില്‍പ്പന ഇരട്ടിയായി

04സാമ്പത്തിക മാന്ദ്യം കേരളത്തിന്റെ വ്യാപാര വ്യവസായ മേഖലയെ ഉലക്കുമ്പോഴും, ഭാഗ്യം കൊണ്ട് കേരളത്തിലെ ലോട്ടറി വ്യാപാരം മുന്നേറുകയാണ്. കേരളത്തിലെ ഒരോ വൈദ്യുതക്കാലിന് സമീപവും ഒരു ലോട്ടറി വില്‍പ്പനക്കാരനെ കാണാമെന്ന നിലയായി. കോവിഡും തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും മൂലം വ്യാപാര, വ്യവസായ മേഖലയില്‍ ബാധിച്ച പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുമ്പോഴും ലോട്ടറി വില്‍പ്പന വര്‍ധിക്കുകയാണ്.

കൈയില്‍ കാശു കുറവാണെങ്കിലും ലോട്ടറി എടുക്കാന്‍ മലയാളി ഇപ്പോഴും മുന്‍പന്തിയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും, ചുരുങ്ങിയ മുതല്‍ മുടക്കില്‍ ലക്ഷപ്രഭു ആവാനുള്ള മലയാളിയുടെ മനോഭാവമാണ് ലോട്ടറി വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണം.
കോവിഡ് മൂലം 2020 മാര്‍ച്ച് അവസാന വാരം മുതല്‍ 90 ദിവസം കേരള ലോട്ടറി വില്‍പ്പന നിര്‍ത്തി വെച്ചിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ലോട്ടറി ടിക്കറ്റ് വില 30 രൂപയായിരുന്നു. ഇതിനുശേഷം ലോട്ടറി വില്‍പ്പന പുനഃരാരംഭിച്ചപ്പോള്‍ ടിക്കറ്റ് വില 40 രൂപയായി വര്‍ധിപ്പിച്ചിട്ടും വില്‍പ്പന അനുദിനം കൂടുകയാണ്
2020 സെപ്റ്റംബര്‍ മാസം പ്രതിദിനം 46 ലക്ഷം ടിക്കറ്റ് അച്ചടിച്ചിരുന്ന സ്ഥാനത്ത് നവംബറില്‍ 1.02 കോടി ടിക്കറ്റ് അടിച്ചു വിറ്റ്, വലിയ നേട്ടം കൈവരിച്ചു. ഡിസംബര്‍ മാസം പ്രതിദിനം 90 ലക്ഷം ടിക്കറ്റ് അച്ചടിച്ചു. 2021 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന ഇതേ രീതിയില്‍ തുടരുകയാണ് അച്ചടിക്കുന്ന എല്ലാ ടിക്കറ്റും വിറ്റു പോകുന്ന ഭാഗ്യവും കേരള ലോട്ടറിയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പ്!
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോട്ടറി ടിക്കറ്റ് വില്പന എങ്ങനെ നടക്കുന്നുവെന്നു ചോദിച്ചാല്‍ ഏജന്റുമാര്‍ ഒരേ സ്വരത്തില്‍ മറുപടി പറയും ''കച്ചവടവും, പണിയും കുറയുമ്പോള്‍ പ്രതീക്ഷയയുടെ അവസാന കച്ചിത്തുരുമ്പാണ് ലോട്ടറി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോട്ടറി അടിക്കുമെന്ന പ്രതിക്ഷയിലാണ് ഓരോത്തരും ഇല്ലാത്ത കാശു മുടക്കി ഭാഗ്യകുറി വാങ്ങുന്നത്. നാളെ ലക്ഷങ്ങള്‍ കിട്ടുമെന്ന ശുഭ പ്രതീക്ഷയാണ് നിലനിര്‍ത്തുന്നത്. അതൊരു തോന്നലും, വിശ്വാസവുമാണ്'' കഴിഞ്ഞ 14 വര്‍ഷമായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന തമ്മനം സ്വദേശി സദാശിവന്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി വ്യാപാര മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കമ്പോഴും ലോട്ടറി വില്‍പ്പനക്കാര്‍ എണ്ണയിട്ട യന്ത്രം പോലെ സജീവമാണ്.കേരളത്തിന്റെ മുക്കിലും മുലയിലും ഇറങ്ങി ചെന്ന് നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്തി വില്‍ക്കുന്ന ശക്തമായ മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ് കേരള ലോട്ടറിയുടെ വിപണന വിജയം. ഇവിടെ പ്രൊഫഷണല്‍ വിപണന തന്ത്രമല്ല മറിച്ച് അതിജീവനത്തിന്റെ പ്രായോഗിക രീതികളാണ് വിജയിക്കുന്നത്. ''മറ്റു ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സമൂഹത്തിന്റെ അരിക് ചേര്‍ക്കപ്പെട്ട, തൊഴില്‍ നൈപുണ്യമില്ലാത്ത വലിയൊരു വിഭാഗമാണ് ലോട്ടറി വില്‍പ്പനക്കാര്‍. കേരള സ്‌റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളായ 70,000 വില്‍പ്പനക്കാരാണ് കേരളത്തിലുള്ളത്'' എറണാകുളം ഡിസ്ട്രിക്ട് ലോട്ടറി ഓഫീസര്‍ രാജ്കുമാര്‍ പറഞ്ഞു. അംഗങ്ങളല്ലാത്ത ലോട്ടറി കച്ചവടക്കാരുടെ എണ്ണവും കുടി കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു ലക്ഷത്തിലേറെ വരും.
അയല്‍ സംസ്ഥാനത്തേക്കു ടിക്കറ്റ് വില്‍പ്പന കൂടുന്നു
കേരള ലോട്ടറിയുടെ ഏറ്റവുമധികം ടിക്കറ്റ് വില്‍ക്കുന്ന പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് വലിയ തോതില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് മുന്‍പത്തെക്കാള്‍ കൂടുതല്‍ കേരള ലോട്ടറി വില്‍പ്പന നടക്കുന്നുണ്ട് .ഈ സംസ്ഥാങ്ങളില്‍ ലോട്ടറി നിയപരമായി നിരോധിച്ചിരിക്കന്നത് കേരള ലോട്ടറിക്ക് നേട്ടമായി മാറി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നും വലിയ തോതില്‍ ടിക്കറ്റ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കു വില്‍പ്പനയ്ക്ക് പോകുന്നു. അടുത്ത കാലത്ത് ലോട്ടറി വില്‍പ്പന കുതിച്ചുയരുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി എറണാകുളത്തെ ന്യൂ ധന്യ ലോട്ടറി ഏജന്‍സി യുടെ ഉടമ വെങ്കിടേഷ് പൈ പറഞ്ഞു. ഇതിനു പുറമെ നാല്‍പ്പത് രൂപയുടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ ആറു രൂപ അറുപതു പൈസ വില്‍പ്പന കമ്മീഷന്‍ ലഭിക്കുന്നതും നല്ല നേട്ടമാണ്. അദ്ദേഹം കൂട്ടിചേര്‍ത്തു. അടിക്കുന്ന ടിക്കറ്റിന് ലഭിക്കുന്ന സമ്മാന കമ്മിഷന്‍ വില്‍പ്പനക്കാര്‍ക്ക്് മറ്റൊരു ആകര്‍ഷക ഘടകമാണ്.

കേരളത്തിലെ ഇരുപത്തിയഞ്ചു ലക്ഷത്തോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കേരള ലോട്ടറി വലിയ തോതില്‍ വാങ്ങുന്നുണ്ട്. പെരുമ്പാവൂര്‍, ആലുവ പോലെയുള്ള സ്ഥലങ്ങളില്‍ കേരള ലോട്ടറി നന്നായി വില്‍ക്കുന്നുണ്ടെന്ന് ലോട്ടറി ഏജന്റുമാര്‍ പറയുന്നു. ഭാഷ വശമില്ലെങ്കിലും, അക്കങ്ങള്‍ തിരിച്ചറിഞ്ഞു സമ്മാനം കിട്ടുന്നുണ്ടോ എന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാം. ഇവരില്‍ ചിലര്‍ക്കു ഒന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ടിക്കറ്റ് വില്‍പ്പന വര്‍ധിക്കുന്നതിന് ഇത് മറ്റൊരു കാരണമാണെന്ന് വെങ്കിട്ഷ് പൈ സൂചിപ്പിച്ചു.

കേരള ലോട്ടറിയുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നത് വ്യാജമായി അച്ചടിച്ചു വന്നിരുന്ന ലോട്ടറികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടിക്കറ്റിലുള്ള ക്യൂ ആര്‍ കോഡ്, മൊബൈല്‍ അപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്ത് വ്യാജ ടിക്കറ്റ് തിരിച്ചറിയാനുള്ള സംവിധാനം ലോട്ടറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ''ഇത് മാത്രമല്ല നറുകെടുപ്പിന്റെ തല്‍സമയ ടെലിക്കാസ്റ്റ്് നാല് ചാനലുകള്‍ കാണിക്കുന്നുമുണ്ട്,'' കേരള ലോട്ടറിയുടെ സുതാര്യത ചൂണ്ടി കാട്ടി രാജ് കുമാര്‍ പറഞ്ഞു.
ലോട്ടറിയിലെ താരം ബമ്പര്‍
എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ടെങ്കിലും വര്‍ഷത്തില്‍ നടക്കുന്ന ആറ് ബമ്പര്‍ നറുക്കെടുപ്പിലാണ് ഭാഗ്യാന്വേഷികള്‍ക്കു കൂടുതല്‍ താല്‍പ്പര്യം. ഇതില്‍ തന്നെ 12 കോടിയോളം സമ്മാനമുള്ള ഓണ, ക്രിസ്മസ് ബമ്പര്‍ ടിക്കറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം. സമ്മാനമടിച്ച ടിക്കറ്റിനു 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (ഒരു വില്‍പ്പനകാരന് ) ലഭിക്കും. നികുതിയായി 30 ശതമാനം നല്‍കിയാലും ഭാഗ്യ ജേതാവിന് 7.56 കോടി രൂപ കൈയില്‍ കിട്ടും. ഉപജീവനത്തിനായി കൂലവേല ചെയ്യുന്നവര്‍ക്കും അര്‍ധപട്ടിണിക്കാര്‍ക്കുമാണ് മിക്കപ്പോഴും ബമ്പര്‍ സമ്മാനം ലഭിക്കുന്നത്. മാധ്യമങ്ങളിലൂടെ ഇതിനു ലഭിക്കുന്ന വലിയ പ്രചാരമാണ് ടിക്കറ്റ് വില്‍പ്പന കൂട്ടുന്ന മറ്റൊരു ഘടകം. ''വരുമാനം കുറയുകയും, സാമ്പത്തിക ബാധ്യത കൂടുകയും ചെയുമ്പോഴാണ് ആളുകള്‍ കൂടുതല്‍ ടിക്കറ്റ് വാങ്ങുന്നത്'' പത്തു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നവരുടെ മനഃശാസ്ത്രം നന്നായി അറിയുന്ന വഞ്ചിയൂരില്‍ ടിക്കറ്റ് വില്‍ക്കുന്ന എല്‍. ഷീജ പറഞ്ഞു.

സ്ഥിരമായി ലോട്ടറി വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നവരാണ് കേരളത്തിലെ ലോട്ടറി ഉപഭോക്താക്കള്‍. സാധാരണക്കാരായ ഇവര്‍ ഒന്നും രണ്ടും ലോട്ടറി വാങ്ങാറുണ്ട്. വല്ലപ്പോഴും ചെറിയ സമ്മാനങ്ങള്‍ അടിച്ചാലും ഇക്കൂട്ടര്‍ സംതൃപ്തരാണ്.
''കോവിഡ് കാലത്ത് കച്ചവടം അനുദിനം മോശമായതോടെയാണ് സ്ഥിരമായി ലോട്ടറി എടുക്കാന്‍ തുടങ്ങിയത് ഇതിനിടെ ചെറിയ സമ്മാനങ്ങള്‍ കിട്ടി. സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ ആവേശം വര്‍ധിക്കും പിന്നീട് കൂടുതല്‍ ടിക്കറ്റ് എടുക്കും. എല്ലാം കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ വലിയ നേട്ട മൊന്നുമില്ല'' കൊയിലാണ്ടിയിലെ ചെരുപ്പ് വ്യാപാരിയായ അബ്ദുല്‍ ഖാദര്‍ പറയുന്നു.

കച്ചവടവും കൃഷിയും മോശമായതോടെ ലോട്ടറി ടിക്കറ്റ് വാങ്ങി ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നവരുടെ എണ്ണം അടുത്തകാലത്ത് കുടിയിട്ടുണ്ട്. ''മുന്‍പ് ലോട്ടറി വാങ്ങുന്ന സ്വഭാവം ഇല്ലായിരുന്നു. റബ്ബറിനു വിലയില്ലാതായതോടെ സ്ഥിരമായി ലോട്ടറി വാങ്ങി തുടങ്ങി. എന്നെങ്കിലും വലിയ സമ്മാനം അടിക്കുമെന്ന പ്രതീക്ഷയാണ്'' റാന്നി സ്വദേശി ജെയിംസ് വര്‍ഗീസ് പറയുന്നു. സാമ്പത്തിക മാന്ദ്യം മൂലം കടക്കെണിയിലായ പുതിയൊരു വിഭാഗം ലോട്ടറി വാങ്ങുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഒരു ചൂതാട്ടം എന്ന നിലയില്‍ ഇന്ത്യയിലെ പതിമൂന്നോളം സംസ്ഥാനങ്ങളില്‍ ലോട്ടറി നിരോധിച്ചിരിക്കുകയാണ്.

കേരളത്തില്‍ സമ്മാനം ലഭിച്ച നല്ലൊരു വിഭാഗം ഭാഗ്യവാന്മാരും പിന്നീട് സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതായി കാണുന്നുണ്ട്. ''സമ്മാനം ലഭിക്കുന്നത് പലപ്പോഴും സമൂഹത്തിലെ സാധാരണക്കാര്‍ക്കാണ്. സാമ്പത്തിക അസൂത്രണത്തിലേ പിഴവും, അശാസ്ത്രീയമായ നിക്ഷേപവും, കരുതലില്ലാത്ത മാര്‍ഗ നിര്‍ദേശവും സമ്മാനര്‍ഹരെ വഴി തെറ്റിക്കും. താമസിയാതെ ഇവര്‍ കടക്കണിയിലാവും'' പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുന്‍ ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡെയ്‌സി മാത്യു പറയുന്നു.
ലോട്ടറി വകുപ്പിനും ഭാഗ്യം, തുടക്കം മുതല്‍ ലാഭം
1968 ല്‍ കേരളത്തില്‍ ലോട്ടറി തുടങ്ങിയ വര്‍ഷം തന്നെ ഇരുപത് ലക്ഷം രൂപയുടെ വരുമാനവും 14 ലക്ഷം രൂപയുടെ ലാഭവും ലോട്ടറി വകുപ്പ് നേടി. ഒന്നാം സമ്മാനം അമ്പതിനായിരം രൂപയും, ടിക്കറ്റ് വില വെറും ഒരു രുപയുമായിരുന്നു.തുടക്കം മുതല്‍ ലോട്ടറി വകുപ്പ് ലാഭത്തിലായിരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച് 2018 -19 ല്‍, 9276 കോടി രൂപ വരുമാനവും 1673 കോടി രൂപ ലാഭവും നേടിയിട്ടുണ്ട്.

ടിക്കറ്റ് വില്‍പ്പനയിലും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നു ലോട്ടറി ഏജന്റുമാര്‍ ചൂണ്ടികാണിക്കുന്നു.2015 ല്‍ പ്രതിദിനം 50 മുതല്‍ 60 ലക്ഷം ടിക്കറ്റ് വിറ്റിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ 90 ലക്ഷം ടിക്കറ്റാണ് വിറ്റുപോകുന്നത്. ഈ പ്രതിസന്ധി കാലത്തും ഭാഗ്യാന്വേഷികളുടെ എണ്ണം വര്‍ധിക്കുകയാണ്. നല്ല കാലം നാളെ വരുമെന്ന പ്രതീക്ഷയിലാണ് ഇല്ലാത്ത കാശ് മുടക്കി അവര്‍ ടിക്കറ്റ് വാങ്ങുന്നത്. വാങ്ങുന്ന ടിക്കറ്റ് മുഴുവന്‍ നറുക്കെടുപ്പിന് മുന്‍പ് വിറ്റു പോകണം എന്ന പ്രാര്‍ത്ഥനയാണ് വില്‍പ്പനക്കാര്‍ക്കുള്ളത്.


T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it