തെരഞ്ഞെടുപ്പ് ഗോദയില്‍ നടന്നത് പൊരിഞ്ഞ ഡിജിറ്റല്‍ യുദ്ധം; അറിയാം ഓണ്‍ലൈന്‍ ക്യാമ്പെയ്‌നുകളുടെ കാണാപ്പുറങ്ങള്‍

പോക്കറ്റിലെ മൊബീല്‍ ഫോണില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടും ചൂരും നിറഞ്ഞ പ്രചാരണകാലമായിരുന്നു ഇത്തവണത്തേത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ ഏജന്‍സികള്‍ ഏറ്റെടുത്തത്തിന്റെ വ്യത്യാസം കേരളത്തില്‍ പ്രകടമായിരുന്നു. കുറഞ്ഞ ചെലവില്‍ 24 മണിക്കൂറും ജനങ്ങളുടെ അടുത്തേക്ക് നേരിട്ട് എത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മീഡിയ ക്യാംപെയ്ന്‍ ഇത്തവണ കക്ഷിഭേദമില്ലാതെ എല്ലാവരും വളരെ നല്ല രീതിയില്‍ ഉപയോഗിച്ചു.

സോഷ്യല്‍ മീഡിയ പ്രചാരണ ചെലവിനായി മാത്രം, പ്രധാന സ്ഥാനാര്‍ഥികള്‍ 25 മുതല്‍ 30 ലക്ഷം രൂപ വരെ ഒരു നിയമസഭ മണ്ഡലത്തില്‍ ചെലവഴിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ഏജന്‍സികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കായി ഏറ്റെടുത്ത് നടത്തുന്നത്. ഇലക്ഷന്‍ ചെലവിന് മാത്രമായി ഒരു സ്ഥാനാര്‍ഥി മൊത്തം രണ്ടര കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെലവഴിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന പരമാവധി തുക വെറും 30 ലക്ഷം രൂപ മാത്രമാണ്. പക്ഷേ, മൂന്നു പ്രധാന സ്ഥാനാര്‍ഥികള്‍ കൂടി ഏഴര കോടിയാണ് ഏറ്റവും ചുരുങ്ങിയത് ഒരു നിയമസഭ മണ്ഡലത്തില്‍ ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 140 മണ്ഡലങ്ങളില്‍ എല്ലാവരും ചേര്‍ന്ന് പൊടിപൊടിച്ചത് ഏകദേശം 1050 കോടി രൂപയും!
സോഷ്യല്‍ മീഡിയ ചെലവ് അടുത്ത കാലത്താണ് ഇത്രയധികം കൂടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതാക്കളെ മഷിയിട്ട് നോക്കിയാല്‍ കാണാത്തതുകൊണ്ട് മുന്‍കൂര്‍ പണം വാങ്ങിയാണ് സോഷ്യല്‍ മീഡിയ ഏജന്‍സികള്‍ ഡിജിറ്റല്‍ മീഡിയ പ്രചാരണ പാക്കേജ് നല്‍കിയത്. ഇതില്‍ സ്ഥാനാര്‍ത്ഥിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് മുതല്‍ പോസ്റ്റര്‍ ഡിസൈന്‍, ലൈവ് സ്ട്രീമിങ്, മീഡിയ മാനേജ്‌മെന്റ്, ഇവന്റ് കവറേജ്, സോഷ്യല്‍ മീഡിയ സന്ദേശം, ടെലിവിഷന്‍ ഇന്റര്‍വ്യൂ, രാഷ്ട്രിയ സന്ദേശങ്ങള്‍ ലൈവ് ആയി നല്‍കുന്ന പൊളിറ്റില്‍ വാര്‍ റൂം തുടങ്ങിയ സേവനങ്ങളുണ്ടായിരുന്നു.
ചാഞ്ചാടി നില്‍ക്കുന്ന വോട്ടര്‍മാരെ ചാക്കിട്ടുപിടിക്കാനുള്ള ആകര്‍ഷണീയ മുദ്രാവാക്യങ്ങളും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു. ''സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ സന്ദേശത്തിന്റെ വിശ്വസനീയതക്കാണ് പ്രാധാന്യം. ഒരു 'ഫ്രെയിം സെറ്റ്' ചെയ്ത് വേണം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഉദാഹരണത്തിന് കേരളത്തിലെ ഇടത്പക്ഷം ആകര്‍ഷണീയ മുദ്രാവാക്യമാണ് ഇത്തവണ ഇലക്ഷന് മുന്നോട്ട് വെച്ചത് ഇലക്ഷനില്‍ ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നത്, ചാഞ്ചാടി കളിക്കുന്ന (swing) ചെറിയൊരു വിഭാഗം വോട്ടര്‍മാരാണ്. സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ നാട് നന്നാകാന്‍ യു, ഡി എഫ് എന്ന മുദ്രാവാക്യത്തെക്കാള്‍ മുന്‍തുക്കം എല്‍. ഡി എഫിന്റെ, ഉറപ്പാണ് എല്‍ ഡി എഫ് എന്നത് നേടി'' സോഷ്യല്‍ മീഡിയ ഇലക്ഷന്‍ സ്‌ട്രേറ്റജിസ്റ്റും, ബ്രേക്ക്ത്രു ഏജന്‍സിയുടെ സ്ഥാപകനുമായ മനോജ് മത്തായി പറയുന്നു.
കോവിഡ് തുണയായി
കോവിഡ് കാലത്ത് ഇലക്ഷന് പ്രചാരണത്തിന് നിയന്ത്രണം വന്നതാണ് ഡിജിറ്റല്‍ പ്രചാരണ രീതികള്‍ക്ക് തുണയായത്. സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം വിപുലമായതോടെ എളുപ്പത്തില്‍ ചെലവ് കുറഞ്ഞ സന്ദേശം എത്തിക്കാമെന്നായി. ഇതിനു പുറമെ, പഠനം സ്മാര്‍ട്ട് ഫോണിലൂടെ ആയതോടെ സാധാരണക്കാരന്റെ വീട്ടിലും നെറ്റ് കണക്ഷനും, സ്മാര്‍ട്ട് ഫോണും സര്‍വ്വ സാധാരണമായി. ഒരു നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷം പേര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ഇലക്ഷന്‍ സന്ദേശം എത്തിക്കാമെന്ന സൗകര്യമാണ് ഡിജിറ്റല്‍ പ്രചാരണത്തിന് ഇത്രമാത്രം സ്വീകാര്യത കൊണ്ടുവന്നത്.
ഇലക്ഷന്‍ കമ്മിഷന്റെ ജനുവരിയിലെ കണക്കനുസരിച്ച്, കേരളത്തില്‍ നിയമസഭ ഇലക്ഷന് 2.67 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5.79 ലക്ഷം യുവതി യുവാക്കള്‍ പുതിയ വോട്ടര്‍മാരാണ്. 18 നും 19 നും ഇടക്ക് പ്രായമുള്ളവര്‍ 3 ലക്ഷം പേര്‍ വരും. കന്നി വോട്ടര്‍മാരായ ഇക്കൂട്ടരേ സ്വാധീനിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടിക്കാര്‍, സോഷ്യല്‍ മീഡിയയില്‍ നിരവധി പരീക്ഷണങ്ങളാണ് പയറ്റിയത്. പരമ്പരാഗത രീതി മാറ്റി ന്യൂ ജനറേഷന്‍ 'ഔട്ട് ഓഫ് ദി ബോക്‌സ് ' സന്ദേശങ്ങള്‍ക്കായി ഏജന്‍സികള്‍ പരക്കം പാഞ്ഞു. പുതുമ കൊണ്ടുവരാനാണ് എല്ലാവരും കിണഞ്ഞു പരിശ്രമിച്ചത്.
കുറിക്ക് കൊള്ളുന്ന സന്ദേശം,മെമ്പോടിക്ക് ട്രോളും*
കേരളത്തിലെ മൂന്നു മുന്നണികളും സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആദ്യം ഉപയോഗിച്ചിരിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ പടവും ചിഹ്നവും ചേര്‍ന്നുള്ള സന്ദേശങ്ങളാണ്. പരസ്പരം വിഴുപ്പലക്കുന്ന ട്രോളുകള്‍ കാലത്ത് മുതല്‍ വന്നു തുടങ്ങും. സ്ഥാനാര്‍ത്ഥിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ പലതും തയാറാക്കിയിരിക്കുന്നത് സിനിമ, സീരിയല്‍ രംഗത്തുള്ള ചലച്ചിത്ര പ്രവത്തകരാണ്. ഇടവേളകളില്‍ നേട്ടങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒന്ന് മുതല്‍ മൂന്ന് മിനിട്ട് നീളുന്ന സ്റ്റില്‍ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഓഡിയോ സന്ദേശങ്ങള്‍ മൊബൈലില്‍ തുടരെ എത്തും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് എല്‍ ഡി എഫ് തീരുമാനിച്ചതോടെ ക്ഷേമ പെന്‍ഷന്‍, സൗജന്യ കിറ്റ്, അടിസ്ഥാന വികസനം തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു സന്ദേശങ്ങളില്‍ പ്രഥമ പരിഗണന. സര്‍ക്കാരിന്റെ അഴിമതിയും, പിടിപ്പുകേടും പ്രതിപക്ഷം ആയുധമാക്കി.
സമയക്കുറവ് വിനയായി
പ്രചാരണത്തിന് സമയം കുറവായിരുന്നുവെന്നതാണ് ഏവരെയും വലച്ച ഘടകം. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞപ്പോള്‍ തന്നെ വൈകിപ്പോയി. സോഷ്യല്‍ മീഡിയയില്‍ 'എഫക്റ്റീവ് കമ്മ്യൂണിക്കേഷന്' സമയം പരിമിതമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചിയിലെ സോഷ്യല്‍ മീഡിയ സെല്‍ ചുമതലയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇടത് പക്ഷം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടത് പ്രചാരണ രംഗത്ത് ഒരു ചുവട് മുന്നില്‍ നില്‍ക്കാന്‍ അവരെ സഹായിച്ചു. ബി ജെ പി സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് ഒട്ടും പിന്നിലായിരുന്നില്ല. ഈ രണ്ടു മുന്നണികള്‍ക്കും ചെലവാക്കാന്‍ ധാരാളം പണവുമുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ പ്രചാരണ രംഗത്ത് പ്രൊഫഷണല്‍ ഏജന്‍സികള്‍ മാത്രമല്ല അതാത് പ്രദേശത്തെ സൈബര്‍ പോരാളികളും പോരാട്ട വീര്യത്തോടെ നിറഞ്ഞുനിന്നു. കളമറിഞ്ഞുള്ള ഇവരുടെ വീറും, വാശിയുമാണ് സൈബര്‍ രംഗത്ത് തീ പാറിച്ചത്. പ്രാദേശിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി സ്ഥാനാര്‍ത്ഥികളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന മിക്ക സൈബര്‍ പോരാളികളും പ്രഫഷണല്‍ സമീപനം തന്നെയാണ് കേരളത്തില്‍ പിന്തുടരുന്നത്.
വാട്ട്‌സ് ആപ്പ്, ഫേസ്ബുക് പ്രിയങ്കരം
കേരളത്തിലെ സോഷ്യല്‍ മീഡിയ ഇലക്ഷന് പ്രചാരണം കൂടുതല്‍ നടക്കുന്നത് ഫേസ് ബുക്കിലും വാട്ട്‌സ് അപ്പിലുമാണ്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ് പോലെയുള്ള സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങള്‍ എത്തുന്നുണ്ട്. സ്വന്തം യു ട്യൂബ് ചാനലിലും, ചിലര്‍ കൊണ്ട് പിടിച്ചു പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധി മത്സ്യ തൊഴിലാളികളുടെ കൂടെ തങ്കശേരിയില്‍ നിന്ന് കടലില്‍ പോയ, യു ട്യൂബ് വീഡിയോ, 14 ലക്ഷം പേരാണ് കണ്ടത്. സെബിന്‍ സിറിയക് എന്ന ചെറുപ്പക്കാരന്റെ 'ഫിഷിങ് ഫ്രീക്‌സ് ' എന്ന യു ട്യൂബ് വഴി പൊളിറ്റിക്കല്‍ പ്രോപ്പഗാണ്ട തന്നെയാണ് രാഹുല്‍ ലക്ഷ്യമാക്കിയത്.
''പാശ്ചാത്യ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇതിനുദാഹരണമാണ് കേരളത്തില്‍ ഇത് എത്ര മാത്രം ശാസ്ത്രീയമായി നടപ്പാക്കുന്നുണ്ട് എന്നറിയില്ല. മൊബൈല്‍ സ്‌ക്രീനില്‍ തല കുമ്പിട്ടിരിക്കുന്ന വോട്ടര്‍മാര്‍ ഒരു ദിവസം തന്നെ നിരവധി പ്രാവശ്യമാണ് ഇത്തരം സന്ദേശങ്ങളിലൂടെ കടന്നു പോകുന്നത്. 'ക്രിസ്പ് 'ആയ സന്ദേശമാണ് അവരിഷ്ടപെടുന്നത്. പഴയ പോലെ 30 സെക്കന്റ് പരസ്യമൊന്നും കണ്ടിരിക്കാന്‍ അവര്‍ക്കാവില്ല. മുന്നും നാലും സെക്കന്‍ഡില്‍, പൂര്‍ണ വിവരം ഉള്‍കൊള്ളുന്ന പരസ്യങ്ങളാണ് പാശ്ചാത്യ നാടുകളില്‍ സോഷ്യല്‍ മീഡിയയില്‍ വിജയിക്കുന്നത്.'' കാനഡയിലും കൊച്ചിയിലും പരസ്യ കമ്പനി വിജയകരമായി നടത്തി കൊണ്ട് പോകുന്ന 'വൈ നോട്ട് പരസ്യ ഏജന്‍സി യുടെ തലവന്‍ അരുണ്‍കുമാര്‍ ചുണ്ടികാട്ടി.
സിനിമ ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ നല്‍കുന്ന ഒ ടി ടി പ്ലാറ്റ് ഫോമുകലിലും താമസിയാതെ ഇലക്ഷന്‍ സന്ദേശങ്ങള്‍ പലതരത്തിലും വരാന്‍ സാധ്യത ഉണ്ട്. ഇത്തവണ അത്തരം അന്വേഷണം വന്നിലെന്ന് മലയാളം ഒ ടി ടി ചാനലായ നീ സ്ട്രീമിന്റെ കേരള ഹെഡ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.


Related Articles

Next Story

Videos

Share it