തൊഴില്‍ 'മണ്ണിന്റെ മക്കള്‍'ക്കായി സംവരണം ചെയ്യാമോ? കര്‍ണാടകത്തില്‍ കൈ പൊള്ളിച്ച് സിദ്ധരാമയ്യ

തൊഴില്‍ രംഗത്ത് പ്രാദേശിക സംവരണം ഏര്‍പ്പെടുത്താനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കം അപകടകരവും വിനാശകരവുമാണ്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയുകയും വിവാദ ബില്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ വ്യാവസായ കേന്ദ്രങ്ങളിലും ഇതര സ്വകാര്യ സ്ഥാപനങ്ങളിലും പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കുന്ന ബില്‍ ഈ മാസം കര്‍ണ്ണാടക നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. സ്വകാര്യ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ പദവികളില്‍ 50 ശതമാനവും നോണ്‍ മാനേജീരിയല്‍ പദവികളില്‍ 70 ശതമാനവും പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ സംവരണം നല്‍കുന്നതാണ് ബില്‍.

കൗശലത്തില്‍ വാര്‍ത്തെടുത്ത ബില്‍
ഏറെ കൗശലത്തോടെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ എവിടെയും 'കന്നഡിഗ' എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് പതിനഞ്ചു വര്‍ഷത്തിലേറെയായി സ്ഥിരതാമസമാക്കിയവരെയും കന്നഡ സംസാരിക്കാന്‍ അറിയാവുന്നവരെയുമാണ്, ബില്ലില്‍ പരാമര്‍ശിച്ചിട്ടുള്ള 'പ്രാദേശികര്‍' എന്ന വാക്കു കൊണ്ട് വിവക്ഷിക്കുന്നത്. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്നുവെന്നതിന്റെ പേരില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട നിയമപ്രശ്നങ്ങളില്‍ കുരുങ്ങാതിരിക്കാനായിരുന്നു സിദ്ധരാമയ്യയുടെ ഈ തന്ത്രപരമായ നീക്കം. രാജ്യത്ത് ഇത്തരമൊരു നയം കൊണ്ടു വന്ന ആദ്യത്തെ മുഖ്യമന്ത്രിയല്ല സിദ്ധരാമയ്യ. പല സംസ്ഥാനങ്ങളും ഇത്തരമൊരു ബില്‍ നേരത്തെ കൊണ്ടു വന്നിട്ടുണ്ട്. ഹരിയാന സര്‍ക്കാര്‍ കൊണ്ടു വന്ന പ്രാദേശിക സംവരണ ബില്‍ കഴിഞ്ഞ നവംബറില്‍ പഞ്ചാബ്/ ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഝാര്‍ഖണ്ഡിലും അരുണാചല്‍ പ്രദേശിലും സര്‍ക്കാരുകള്‍ കൊണ്ടു വന്ന ഇതേ രീതിയിലുള്ള നിയമങ്ങള്‍ നീതിപീഠത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍
കര്‍ണ്ണാടക സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇത്തരമൊരു ബില്‍ പെട്ടെന്ന് കൊണ്ടു വന്നത്?. കോണ്‍ഗ്രസിനുള്ളിലുള്ള തര്‍ക്കം മറച്ചു വക്കാനുള്ള തന്ത്രമാണ് ഒന്നാമത്തെ കാരണം. സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരമൊരു വിവാദ ബില്‍ അവതരിപ്പിക്കപ്പെട്ടത്. മാത്രമല്ല, സിദ്ധരാമക്ക് യുവാക്കള്‍ക്കിടയില്‍ പിന്തുണ കുറഞ്ഞു വരികയാണ്. ജനകീയത നിലനിര്‍ത്താനും മുഖ്യമന്ത്രി കസേര സംരക്ഷിക്കാനുമാണ് സിദ്ധരാമയ്യ ബില്ലിലൂടെ ശ്രമിച്ചത്. എന്നാല്‍ ജനകീയതയും സാമ്പത്തിക വിഷയങ്ങളും തമ്മില്‍ കൂട്ടികലര്‍ത്തുമ്പോള്‍ കൈപൊള്ളുമെന്ന സത്യം ഇപ്പോള്‍ സിദ്ധരാമയും അനുഭവിക്കുന്നു.
തിരിച്ചടികള്‍ വാങ്ങാന്‍ മാത്രം സഹായിക്കുന്ന അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്ക് പ്രസിദ്ധി നേടിയ നേതാവാണ് സിദ്ധരാമയ്യ. നേരത്തെ, ഹിജാബ് പ്രശ്നം കോടതിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധനമില്ലെന്ന് പറഞ്ഞത്. ഹിന്ദുമത വിശ്വാസികള്‍ ബീഫ് കഴിക്കുന്നത് സംബന്ധിച്ചും അദ്ദേഹം വിവാദ പ്രസ്താവന നടത്തി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമന്‍, യഥാര്‍ത്ഥ രാമനല്ലെന്നും ബി.ജെ.പിയുടെ രാമനാണെന്നുമുള്ള വിവാദ പരാമര്‍ശവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
പ്രതീക്ഷിച്ച പോലെ സംവരണ ബില്‍ നിയമസഭ കടന്നപ്പോള്‍ തന്നെ എതിപ്പുകള്‍ രൂക്ഷമായി. കര്‍ണ്ണാടകയിലെ വ്യവസായികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിന് പിന്നാലെ, തൊഴില്‍ നിയമനങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട എന്നിവിടങ്ങളിലെ സര്‍ക്കാരുകള്‍ ഇതൊരു അവസരമായെടുത്തു. കര്‍ണ്ണാടകയിലെ വ്യവസായികള്‍ക്ക് അവര്‍ ചുവന്ന പരവതാനി വിരിച്ചു. വ്യവസായ സൗഹൃദമല്ലെന്ന ചീത്തപ്പേരുള്ള കേരളവും മുതലെടുപ്പിന് ചാടിവീണു എന്നതാണ് രസകരം. യഥാര്‍ത്ഥത്തില്‍ ആന്ധ്ര പ്രദേശിലും ഇത്തരമൊരു സംവരണ ബില്ലിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്ന സമയം കൂടിയാണിത്.
കുടിയേറ്റത്തെ മാറ്റി നിര്‍ത്താനാവില്ല
ഇത്തരമൊരു നയത്തിന്റെ അടിസ്ഥാന സ്വഭാവം പരിശോധിച്ചാല്‍, ഇതൊരു നിയമപ്രശ്നമല്ലെന്നും തൊഴില്‍ വൈദഗ്ദ്യവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും സാമാന്യമായി കണ്ടെത്താനാകും. മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തൊഴില്‍ വൈദഗ്ധ്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാരിന് ഒറ്റക്കോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയോ ഇത് ചെയ്യാവുന്നതാണ്. സംവരണത്തിന് തൊഴില്‍ വൈദഗ്ദ്യവുമായി ബന്ധമൊന്നുമില്ല. അത് വോട്ട് കൈക്കലാക്കാനുള്ള തന്ത്രം മാത്രമാണ്. ബയോ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോലുള്ള പ്രധാന മേഖലകളില്‍ സംവരണത്തിലൂടെ നിയമനം നടത്തിയാല്‍ അത് സ്വകാര്യമേഖലയെ സാരമായി ബാധിക്കും. കഴിവിന്റെയും വൈദഗ്ദ്യത്തിന്റെയും മാത്രം പിന്‍ബലത്തിലാണ് സ്വകാര്യ മേഖല നിലനില്‍ക്കുന്നത്.
തൊഴിലാളികളുടെ കുടിയേറ്റം ജനസംഖ്യയുടെ 37 ശതമാനമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു രാജ്യത്ത് പ്രാദേശിക സംവരണം ഒരിക്കലും സ്വീകാര്യമല്ല. ബീഹാറില്‍ നിന്നും തെക്കേ ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രാദേശിക സംവരണം കൊണ്ടുവന്നപ്പോള്‍ ഉണ്ടായ ദുരനുഭവം ഇവിടെയുണ്ട്. മുംബൈയുടെ സാമ്പത്തിക ഘടനയെ അത് എത്രമാത്രം ദുര്‍ബലമാക്കി എന്ന് നാം കണ്ടതാണ്.
കേരളത്തിന്റെ സമ്പദ് രംഗം ഇന്ന് മുന്നോട്ട് നീങ്ങുന്നതു തന്നെ ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒഡീഷ, ആസാം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങള്ില്‍ നിന്നുള്ള അതിഥി തൊഴിലാളികളിലൂടെയാണ്. കേരളത്തില്‍ പ്രാദേശിക സംവരണം കൊണ്ടു വന്നാല്‍ സുപ്രധാനമായ കാര്‍ഷിക, ഹോട്ടല്‍ മേഖലകള്‍ അടക്കം ഒട്ടുമിക്ക രംഗവും നിശ്ചലമാകും.
തൊഴില്‍ വൈദഗ്ദ്യമാണ് പ്രധാനം
വോട്ടിന് വേണ്ടി സംവരണത്തെ കുറിച്ച് ആലോചിക്കുന്നതിന് പകരം, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തൊഴില്‍ പരിശീലനം നല്‍കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ സമയം കണ്ടെത്തേണ്ടത്.സ്വകാര്യ മേഖലയിലെ തൊഴില്‍ സംവരണം വ്യവസായങ്ങളെയും സംസ്ഥാന സമ്പദ് രംഗത്തെയും നശിപ്പിക്കുക മാത്രമാണ് ചെയ്യുക. ഇത്തരം തെറ്റായ നയങ്ങള്‍, കര്‍ണ്ണാടകയില്‍ എന്നല്ല മറ്റെവിടെയും ഞെട്ടലുണ്ടാക്കുന്നതാകും.
ആന്ധ്രപ്രദേശില്‍ തൊഴില്‍ വൈദഗ്ദ്യം നേടിയവരുടെ ഒരു സെന്‍സസ് എടുക്കാനുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇന്ത്യയൊട്ടാകെ ഇത്തരമൊരു സെന്‍സസ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിന്തകള്‍ ഈ രീതിയിലാണ് വളരേണ്ടത്.
Shankar Raj
Shankar Raj - Noted Columnist and Former Resident Editor of The New Indian Express  
Related Articles
Next Story
Videos
Share it