എന്തുകൊണ്ടാണ് ലോക വ്യാപാര സംഘടന മത്സ്യബന്ധന സബ്‌സിഡിയെ എതിര്‍ക്കുന്നത് ?

മത്സ്യ സബ്‌സിഡിയുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയുടെ (WTO) ചര്‍ച്ചകള്‍ ആരംഭിക്കുന്നത് 2001ല്‍ ആണ്. ഒടുവില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാം എന്ന നിര്‍ണായക തീരുമാനം ഈ വര്‍ഷത്തെ ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തില്‍ വരുന്നത്. ഇതു പ്രകാരം മത്സ്യബന്ധന മേഖലയില്‍ സബ്‌സിഡികള്‍ നല്‍കുന്നത് രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവസാനിപ്പിക്കണം. നിയമ വിരുദ്ധവും അനിയന്ത്രിതവുമായ മീന്‍പിടുത്തം തടഞ്ഞ് മത്സ്യ സമ്പത്ത് സംരക്ഷിക്കുകയാണ് സബ്‌സിഡികള്‍ അവസാനിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഡബ്ല്യുടിഒ തീരുമാനം ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ (വള്ളം, വല, എഞ്ചിന്‍), മണ്ണണ്ണ തുടങ്ങിയവയ്ക്കാണ് ഇന്ത്യയില്‍ സബ്‌സിഡി നല്‍കുന്നത്. കേരളത്തിലെ മത്സ്യഫെഡിന് കീഴിലുള്ള പരമ്പരാഗത തൊഴിലാളികള്‍ ഈ സബ്‌സിഡിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25 രൂപ നിരക്കില്‍ കേരളം കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 56 കോടി രൂപയോളം ആണ്.

ഡബ്യുടിഒയുടെ കരാര്‍ പ്രകാരം 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മത്സ്യബന്ധനത്തിന് പോവുന്നവര്‍ക്കാണ് രണ്ട് വര്‍ഷത്തേക്ക് കൂടി സബ്‌സിഡി ലഭിക്കു.സബ്‌സിഡി 25 വര്‍ഷത്തേക്ക് കൂടി തുടരണമെന്നായിരുന്നു യോഗത്തില്‍ ഇന്ത്യയുടെ നിലപാട്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. വികസിത-വികസ്വര രാജ്യങ്ങളോ, അനുവദിക്കുന്ന സബ്‌സിഡിയോ കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളെയും ഒരേ രീതിയില്‍ ഡബ്യുടിഒ പരിഗണിച്ചു എന്നതാണ് കരാറിന്റെ ഏറ്റവും വലിയ പോരായ്മ.

ചൈന, നോര്‍വെ, വിയറ്റ്‌നാം, യുഎസ്, ഇന്ത്യ എന്നിവയാണ് മത്സ്യ കയറ്റുമതിയില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. മത്സ്യ സബ്‌സിഡി ഇനത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നതും കയറ്റുമതിയില്‍ മുന്നിലുള്ള ചൈനയാണ്. (7.3 ബില്യണ്‍ ഡോളര്‍). യുറോപ്യന്‍ യൂണിയന്‍ (3.8 ബില്യണ്‍), യുഎസ് 93.4 ബില്യണ്‍) എന്നിവരാണ് ചൈനയ്ക്ക് പിന്നില്‍. അതേ സമയം 2018ലെ കണക്ക് അനുസരിച്ച് വെറും 277 മില്യണ്‍ ഡോളര്‍ മാത്രമാണ് ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ത്യ അനുവദിച്ച സബ്‌സിഡി.

എന്തുകൊണ്ട് മത്സ്യബന്ധന സബ്‌സിഡി എതിര്‍ക്കപ്പെടുന്നു

ഒരു ജീവനോപാതി എന്ന നിലയിലും ലോകത്തെ വലിയൊരു വിഭാഗത്തിന്റെ പ്രധാന പോഷകാഹാരം എന്ന നിലയിലും മത്സ്യസമ്പത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മനുഷ്യന്‍ കഴിക്കുന്ന മാംസാഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്റെ 17 ശതമാനവും മത്സ്യത്തില്‍ നിന്നാണ്. അവികസിത രാജ്യങ്ങളിലും സമൂഹങ്ങളിലും ഇത് 80 ശതമാനത്തോളം ആണ്. മത്സ്യ സമ്പത്ത് സംരക്ഷിച്ചുകൊണ്ട് അഗോള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് മത്സ്യബന്ധന സബ്‌സിഡിയെ എതിര്‍ക്കുന്നവരുടെ പ്രധാന ലക്ഷ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വികിസിത രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിന്റെ തോത് അപകടകരമാംവിധം അമിതമാണ്. അനുവദിക്കപ്പെടുന്നതിന്റെ 34 ശതമാനം അധികമാണ് ഇപ്പോള്‍ നടക്കുന്ന മത്സ്യ ബന്ധനം എന്നാണ് 2020ല്‍ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 1970കളില്‍ ഇത് വെറും 10 ശതമാനം ആയിരുന്നു. മത്സ്യസമ്പത്ത് വീണ്ടും പഴയ പടി നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം സബ്‌സിഡികള്‍ ഒഴിവാക്കുക എന്നതാണ്.

മത്സ്യ സമ്പത്ത് ചൂഷണം ചെയ്യാന്‍ രാജ്യങ്ങള്‍ ഓരോ വര്‍ഷവും 20 ബില്യണ്‍ ഡോളറില്‍ അധികം പണമാണ് പൊതു ഖജനാവില്‍ നിന്ന് വീണ്ടും സബ്‌സിഡിയായും മറ്റും നല്‍കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളും പരമ്പരാഗ സമൂഹങ്ങളില്‍ നിന്നാണെങ്കിലും സബ്‌സിഡികളില്‍ 81 ശതമാനവും വന്‍കിടക്കാര്‍ കൈയ്യടക്കുന്നു എന്നാണ് വിലയിരുത്തല്‍.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it