ക്ലാസ് റൂം 'ആപ്പി'ലായപ്പോള്‍ കേരളത്തിലെ എഡ്യുക്കേഷന്‍ ആപ്പ് സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ കുതിപ്പ്

ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി ഏകദേശം 200 കോടി ഡോളര്‍ ആയി 2021ല്‍ വളരുമെന്ന് ഒരു റിപ്പോര്‍ട് കെപിഎംജി എന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനം 2017ല്‍ പുറത്തിറക്കുമ്പോള്‍ കോവിഡ് എന്ന പദം തികച്ചും അജ്ഞാതമായിരുന്നു. കോവിഡിന്റെ വരവോടെ കെപിഎംജിയുടെ നിഗമനങ്ങളെ മറികടക്കുന്ന നിലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി വളര്‍ന്നാല്‍ അത്ഭുതമില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

കേരളത്തില്‍ കോവിഡിന് മുന്‍പ് തന്നെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിദ്ധ്യമായ ഓണ്‍ലൈന്‍ പഠന സമ്പ്രദായങ്ങളും ആപ്പുകളും കോവിഡിന്റെ വ്യാപനത്തോടെ ഒരു കുതിച്ചു ചട്ടത്തിന്റെ വക്കിലാണ് എന്നാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരം.
കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ധനവാണ് കോവിഡിന് ശേഷം രേഖപെടുത്തിയത്. കോവിഡ് മഹാമാരി സാമൂഹ്യ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിച്ചപ്പോള്‍,ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളുമായി പൊരുത്തപ്പെടാന്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നിര്‍ബന്ധിതരായി.

കേരളത്തിലെ എഡ്യൂടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതൊരു മികച്ച അവസരമാണെന്നാണ് മുന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ യും നിലവില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ: സജി ഗോപിനാഥ് വിലയിരുത്തുന്നു. കേരളത്തിലെ നിരവധി പ്രാദേശിക എഡ്യൂ ടെക്ക് സ്ഥാപനങ്ങള്‍ക്ക്, തങ്ങളുടെ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. മികച്ച സേവനം ഉറപ്പു നല്‍കികൊണ്ട് ഈ മേഖലയിലെ കുത്തക ബ്രാന്‍ഡുകളുമായി കിടപിടിക്കാന്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ എകദേശം 60 ഓളം പഠന ആപ്പുകളുടെ സംരംഭങ്ങള്‍ ആണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഏകദേശം 20ഓളം കോവിഡിന് ശേഷം തുടങ്ങിയവ ആണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒരു വക്താവ് പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ സിലബസിനെ അടിസ്ഥാനമാക്കി രൂപം കൊടുത്ത 90+ മൈ ട്യൂഷന്‍ ആപ്പിന്റെ ഉപയോഗം കോവിഡിന് ശേഷം 90 ശതമാനം കൂടി എന്ന് സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ ശരാശരി മൂന്നര ലക്ഷം ഡൗണ്‍ലോഡുകളാണ് ആപ്പിന് ലഭിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടയില്‍ സംഭവിച്ചതാണ് ഈ വര്‍ദ്ധന.

സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നിരവധി എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് കാലയളവില്‍ വലിയ നിക്ഷേപമാണ് സ്വന്തമാക്കിയത്. നിരവധി പുതിയ എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു പുറമെ മറ്റു ചില ആപ്പുകള്‍ പണിപ്പുരയിലാണ്.

2020 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈനായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാതായി റെഡ് സീറും ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയും നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ സൗജന്യമായും പണമടച്ചും ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ ആപ്പുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ നിന്നും ഇരട്ടിയായി. 90 ദശലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി 2021 ഓടെ 6.3 മടങ്ങ് വര്‍ദ്ധിച്ച് 1.7 ബില്യണ്‍ ഡോളറിലേക്കും, പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ വിപണി 3.7 മടങ്ങ് വര്‍ദ്ധിച്ച് 1.8 ബില്യണ്‍ ഡോളറിലേക്കും എത്തിച്ചേരുമെന്നും റെഡ് സീര്‍ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിന് അകത്തും പുറത്തുമായി ചെറുതും വലുതുമായ നിരവധി എഡ്യൂക്കേഷന്‍ ആപ്പുകളാണ് വിദ്യാഭ്യാസ വിപണി കൈയടക്കിയിരിക്കുന്നത്. െ്രെപമറി സ്‌കൂള്‍ തലം മുതല്‍ മത്സരപരീക്ഷാ പരിശീലനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ വ്യവസായമേഖലയായി ആപ്ലിക്കേഷനുകള്‍ വളര്‍ന്നുകഴിഞ്ഞു. വന്‍തോതിലുള്ള സാമ്പത്തിക നിക്ഷേപം ഈ വ്യവസായത്തിന് കരുത്തുപകരുന്നു.

ബൈജൂസ്, വേദാന്ത്, അണ്‍അക്കാഡമി തുടങ്ങിയവരാണ് ഈ രംഗത്തെ ഭീമന്മാര്‍.പഠന രീതികളിലും ഉള്ളടക്കത്തിലും ആപ്ലിക്കേഷനുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു.ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത കൂടിയതോടെ നോട്ട്ബുക്ക്,ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിപണനവും വര്‍ദ്ധിച്ചു. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐഡിസി (ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍) യുടെ കണക്കുപ്രകാരം ഇന്ത്യയിലെ ഡിജിറ്റല്‍ നോട്ട്ബുക്ക് വ്യാപാരത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം 7.9 ദശലക്ഷം നോട്ട്ബുക്കുകളാണ് വിറ്റഴിച്ചത്. ഡിജിറ്റല്‍ വിദ്യാഭ്യാസം നേടുന്നവരുടെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലുമുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണമെന്നും,2021ലും ഈ സ്ഥിതി തുടരുമെന്നും ഐഡിസി വിലയിരുത്തുന്നു.

'ഇതൊരു ക്ലാസ്‌റൂം അല്ല, പഠനം മെച്ചപ്പെടുത്താനുള്ള ഒരു മികച്ച മാര്‍ഗമാണ്. സാധാരണ ട്യൂഷന്‍ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി അധ്യാപകരുടെയും ആനിമേറ്റര്‍മാരുടെയും സഹായത്തോടെ പഠനത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു . ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് സംസ്ഥാന സിലബസ് മെറ്റീരിയലുകള്‍ ഞങ്ങള്‍ തയ്യാറാക്കുന്നു' ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 90+ മൈ ട്യൂഷന്‍ ആപ്പ് പറയുന്നു.
'2018 ലാണ് ഈ സംരംഭം ആരംഭിക്കുന്നത്.ഒരു കുട്ടിക്ക് ഒരു ടീച്ചര്‍ എന്ന രീതിയില്‍ ഓരോ വിദ്യാര്‍ഥിക്കും പ്രത്യേകം ശ്രദ്ധ നല്‍കുന്ന ഞങ്ങളുടെ പ്രവര്‍ത്തന രീതിയെ കൂടുതല്‍ സ്വീകാര്യമാകുന്നു. വിവിധ വിഷയങ്ങളിലായി അയ്യായിരത്തോളം ട്രെയിനര്‍മാരുള്ള ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് രണ്ടര വര്‍ഷത്തിനിടയ്ക്ക് മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് ട്രെയിനിങ് നേടിയത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത് അയ്യായിരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കള്‍ക്കിടയിലും ഞങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം കൂട്ടുന്നു' ഇന്റര്‍വെല്‍ ട്യൂഷന്‍ സ്റ്റാര്‍ട്ടപ്പിന്റെ സംരംഭകരില്‍ ഒരാളായ സനാഫിര്‍ പറയുന്നു.

ഓരോ അധ്യയന വര്‍ഷത്തേക്കും സിലബസ് പൂര്‍ത്തീകരിക്കുന്നതിനും, വ്യത്യസ്ത മത്സര പരീക്ഷാ പരിശീലനത്തിനുമായി 5,000 മുതല്‍ 75,000 രൂപവരെയുള്ള പാക്കേജുകളില്‍, ആന്‍ഡ്രോയ്ഡിലും ഐഒഎസ് ലും പ്രവര്‍ത്തിക്കുന്ന നിരവധി ആപ്പുകള്‍ വിപണിയില്‍ സജീവമാണെന്നും സനാഫിര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കോവിഡ് വന്ന് ട്യൂഷന്‍ സെന്റെറുകള്‍ അടച്ചതോടെയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും എഡ്യൂക്കേഷന്‍ ആപ്പുകളെ ആശ്രയിക്കേണ്ടി വന്നത്.'എന്റെ രണ്ടു കുട്ടികള്‍ക്കും പതിനായിരത്തോളം രൂപ വരുന്ന സ്മാര്‍ട്ട് ഫോണുകളും, പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 1000 രൂപയ്ക്ക് മുകളില്‍ ഇന്റര്‍നെറ്റ് റീചാര്‍ജ്ജിനും നീക്കി വെക്കേണ്ടി വരുന്നു. ഇതൊരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ തുകയാണ്. ഏതു സമയവും എവിടെ വെച്ചും ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്റെ ഗുണം എന്ന് ഒരു രക്ഷകര്‍ത്താവ് അഭിപ്രായപ്പെടുന്നു. പരമ്പരാഗത ക്ലാസ് റൂം വിദ്യഭ്യാസ രീതികള്‍ക്കപ്പുറം ദൃശ്യ ശ്രവ്യ സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് കൊണ്ട് തന്നെ എഡ്യൂക്കേഷന്‍ ആപ്പുകളിലൂടെയുള്ള പഠനം തുടരാന്‍ താല്പര്യപ്പെടുന്നുവെന്നാണ് ഉപയോക്താക്കളായ വിദ്യാര്‍ഥികളുടെ പക്ഷം.


Kiran Parakott
Kiran Parakott  

Related Articles

Next Story

Videos

Share it