
വി ഗൈഡിനെയും ലേബര്‍ ഇന്ത്യയെയും ആകാംക്ഷയോടെ കാത്തിരുന്ന കാലം ഓര്‍മയുണ്ടോ? അടുത്ത കാലം വരെ ഏതൊരു വിദ്യാര്‍ത്ഥിയുടെയും ഏറ്റവും വലിയ സഹായിയായിരുന്നു ഇത്തരത്തിലുള്ള ഗൈഡുകള്‍. പാഠഭാഗങ്ങളെ ലളിതമായും വിശദമായും മനസ്സിലാക്കാന്‍ അവ നല്‍കിയ സഹായം ചെറുതല്ല.
ഇന്ന് കഥമാറി. പുതിയ തലമുറ സ്മാര്‍ട്ട്‌ഫോണിലും ലാപ്‌ടോപ്പിലും ഡിജിറ്റല്‍ ഗൈഡുകളുടെ പിന്നാലെയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയും ചെയ്തതോടെ ഇത്തരത്തില്‍ എഡ്‌ടെക് കമ്പനികളുടെ സുവര്‍ണകാലമായി.
എല്‍കെജി തൊട്ട് പ്ലസ് ടു വരെയും ഹൈസ്‌കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെയും ഓണ്‍ലൈനില്‍ പഠന സഹായത്തിനായി നിരവധി ആപ്പുകളുമായാണ് എഡ്‌ടെക് കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. പിഎസ്‌സിയോ യുപിഎസ്‌സിയോ പോലുള്ള മത്സരപരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളും നൃത്തം, സംഗീതം പോലുള്ള കലകള്‍ അഭ്യസിപ്പിക്കുന്നവയുമൊക്കെ അതിലുണ്ട്.
16 ശതകോടി ഡോളര്‍ മൂല്യവുമായി, മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് എഡ്യുടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനവുമായി മുന്നില്‍ നയിക്കുമ്പോള്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യന്‍ എഡ്‌ടെക് വിപണിയുടെ വലിപ്പം 700800 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അടുത്ത 10 വര്‍ഷം കൊണ്ട് ഇത് 30 ശതകോടി ഡോളറാകുമെന്ന് റിപ്പോര്‍ട്ടന്നാണ് ട്രാന്‍സാക്ഷന്‍ അഡൈ്വസറി സ്ഥാപനമായ ആര്‍ബിഎസ്എ അഡൈ്വസേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൂന്ന് എഡ്യുടെക് സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ബൈജൂസിന് പുറമേ എറുഡിറ്റസ്, അപ്‌ഗ്രേഡ് എന്നിവ. അതിനു പുറമേ വേദാന്തു പോലെ അതിവേഗം യൂണികോണ്‍ കമ്പനിയാകാന്‍ ശ്രമിക്കുന്നവ വേറെയും.
ഫണ്ടിംഗിന്റെ കാര്യത്തിലും എഡ്‌ടെക് കമ്പനികള്‍ നേട്ടമുണ്ടാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേടിയത് 400 കോടി ഡോളറാണ്.
വെറുതെയല്ല, നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത്, ഇന്ത്യ ലോകത്തിന്റെ എഡ്‌ടെക് കമ്പനികളുടെ തലസ്ഥാനമാകുമെന്ന് അഭിപ്രായപ്പെട്ടത്. പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ എഡ്‌ടെക് മേഖല 4045 ശതകോടി ഡോളറിന്റെ വിപണിയായി മാറുമെന്നാണ് പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ(ജഅഎക) യുടെ എട്ടാമത് ദേശീയ ഫോറത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.
രാജ്യത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനി മലയാളിയുടേതാണ്. ബാംഗളൂര്‍ ആസ്ഥാനമായ ബൈജൂസ് ലേണിംഗ് ആപ്പ്. അതിന്റെ ചുവടു പിടിച്ച് വളര്‍ന്നു വരികയാണ് കേരളത്തിലെ എഡ്‌ടെക് മേഖല. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്കനുസരിച്ച് 220 ലേറെ എഡ്‌ടെക് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്‍ട്രി ആപ്പ്, കോഡ്‌സാപ്, ട്യൂട്ടര്‍കോംപ്, സിയുസ് തുടങ്ങി കേരളത്തിന് പുറത്തേക്കും വളര്‍ന്നു തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയവ വരെ അതിലുണ്ട്.
പ്രധാനമായും മൂന്നു തരത്തിലുള്ള കമ്പനികളാണ് കേരളത്തില്‍ വളര്‍ന്നു വന്നത്.
കേരളത്തില്‍ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നു വരാന്‍ പ്രധാനമായും മൂന്നു കാരണങ്ങളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോജക്റ്റ് ഡയറക്റ്റര്‍ (ഫണ്ടിംഗ് & ഗ്ലോബല്‍ ലിങ്കേജ്) പി റിയാസ് ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് കേരളത്തിലേത് എന്നതു കൊണ്ട് എഡ്‌ടെക് കമ്പനികള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു. അതിനായി പണം മുടക്കാനും കേരളീയര്‍ക്ക് മടിയില്ല. ഈയൊരു വിപണി മുന്നില്‍ കണ്ട് വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരുന്ന പലതും എഡ്‌ടെക് കമ്പനികളായി മാറി. ഓഗമെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി മേഖലയിലുള്ളവര്‍ക്ക് മികച്ച സയന്‍സ് ക്ലാസുകള്‍ നല്‍കാന്‍ കഴിയുമെന്നായതോടെ ആ മേഖലയിലുള്ളവര്‍ എഡ്‌ടെക് രംഗത്തേക്ക് കടന്നത് ഉദാഹരണം.
കോവിഡ് വ്യാപനം വരെ മറ്റുമേഖലകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും കുറഞ്ഞ തോതില്‍ ഡിജിറ്റലൈസേഷന്‍ നടന്നിരുന്നത് വിദ്യാഭ്യാസ മേഖലയിലായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യം ഈ മേഖലയിലും ഡിജിറ്റല്‍ സാധ്യതകള്‍ പരീക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി.
പൊതുവേ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതിനൊപ്പം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് ഫണ്ട് നേടുന്നതിലടക്കമുള്ള മികച്ച പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ മേഖലയ്ക്ക് കരുത്തോടെ വളരാന്‍ കാരണമായി.
കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളടക്കം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ തേടിയത് പല എഡ്യുടെക് കമ്പനികള്‍ക്കും ഗുണകരമായി. കോഡ്‌സാപ് എന്ന സ്ഥാപനത്തിന്റെ സേവനം കോഴിക്കോട് കോര്‍പറേഷന്‍ പ്രയോജനപ്പെടുത്തുന്നതു പോലെ കേരളത്തില്‍ പലിയിടങ്ങളിലും ഉണ്ടായി. മാത്രമല്ല, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കും മറ്റു സോഫ്റ്റ്‌വെയറുകള്‍ക്കും ഏറെ ആവശ്യമുണ്ടായിരുന്നു. സ്ഥാപനങ്ങള്‍ക്ക് ബിടുബി സേവനം നല്‍കുന്ന കമ്പനികളും ഇതോടെ നിരവധി വളര്‍ന്നു വന്നു. കേരളത്തില്‍ 12644 സ്‌കൂളുകളും (4504 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, 7277 സ്വകാര്യ സ്‌കൂളുകള്‍ 863 അണ്‍എയ്ഡഡ് ്‌സ്‌കൂളുകള്‍), 186 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളും ഇവരുടെ ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
കേരളത്തില്‍ തുടക്കമിടുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പു വരുത്തണമെങ്കില്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും വിപണി കണ്ടെത്തിയേ തീരൂ. അങ്ങനെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും ഗുജറാത്തിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കയില്‍ വരെ വിപണി കണ്ടെത്തിയ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്. ചെറുകിട സംരംഭങ്ങളെ സംബന്ധിച്ച് ഇത്തരത്തില്‍ പുറത്തേക്ക് വ്യാപിപ്പിക്കണമെങ്കില്‍ വലിയ ഫണ്ട് ആവശ്യമായി വരും. അത് കണ്ടെത്തുക എന്നതും ആവശ്യമാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആഗോളതലത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഫണ്ടിംഗ് ലഭിക്കാനും കേരളത്തിലെ എഡ്‌ടെക് സ്ഥാപനങ്ങളെ സഹായിക്കുന്നുണ്ട്. ദുബായ്ല്‍ എക്‌സ്‌പോയുടെ ഭാഗമായി നടന്ന ടെക്‌നോളജി ഈവന്റ് ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് 20 സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. അതില്‍ പകുതിയോളം എഡ്‌ടെക് കമ്പനികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ജൈടെക്‌സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണി കണ്ടെത്താനുള്ള മികച്ച അവരമാണ് ഒരുക്കിയത്. അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പരിചയപ്പെടുത്തുന്നതിലൂടെ വളരാനുള്ള സഹചര്യം ഒരുക്കുന്നു.
സ്‌കൂളുകളും കോളെജുകളും തുറന്നു പ്രവര്‍ത്തിച്ചാലും ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നതിന്റെ ശീലം കുട്ടികള്‍ അത്രപെട്ടെന്ന് മറന്നു പോകില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ പഠനം ഒരു അനിവാര്യതയായി മാറും. ഫിസിക്കല്‍ ക്ലാസിനൊപ്പം ഓണ്‍ലൈന്‍ സാധ്യതകളും പരീക്ഷിക്കുന്ന ഹൈബ്രിഡ് ശൈലിയാകും ഇനി വിദ്യാഭ്യാസ മേഖലയിലുണ്ടാവുക എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
തദ്ദേശീയ ഭാഷകളില്‍: ഇംഗ്ലീഷില്‍ മാത്രം ക്ലാസ് തയാറാക്കുന്ന കാലം മാറുകയാണ്. മലയാളമടക്കം തദ്ദേശീയ ഭാഷകളിലേക്ക് ഇതിനകം തന്നെ എഡ്യുടെക് കമ്പനികള്‍ മാറിയിട്ടുണ്ട്.
2020 ലെ പുതിയ വിദ്യാഭ്യാസ നയം: അടിമുടി മാറുന്ന വിദ്യാഭ്യാസ നയം സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നു. പഠനത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ തേടുകയും ഡിജിറ്റല്‍ ലാബുകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നത് എഡ്‌ടെക് കമ്പനികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താം.
കോവിഡ് ഒരുക്കിയ സാഹചര്യം: കോവിഡ് വ്യാപനത്തോട് കൂടിയാണ് എഡ്‌ടെക് കമ്പനികളുടെ വളര്‍ച്ച തുടങ്ങിയത്. സ്വയം, ദീക്ഷ, ഇ വിദ്യ പോലെയുള്ള സര്‍ക്കാര്‍ പദ്ധതികളും സ്വകാര്യ സംരംഭങ്ങളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഡിജിറ്റല്‍ ഇക്കോ സിസ്റ്റം മെച്ചപ്പെടുത്താന്‍ എഡ്‌ടെക് കമ്പനികള്‍ ശ്രമിക്കുന്നതിനൊപ്പം നയപരിഷ്‌കരണങ്ങളിലൂടെയും മറ്റും അതിന് പിന്തുണ നല്‍കാന്‍ സര്‍ക്കാരിനും കഴിയും. കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് സ്വാഭാവികമായും എഡ്‌ടെക് കമ്പനികള്‍ക്ക് ചെറിയ തോതില്‍ തിരിച്ചടിയാകും. മികച്ച തന്ത്രങ്ങളിലൂടെ അത് മറികടക്കുന്നവരുടേത് മാത്രമാകും ഭാവി.
'ഫ്ലിപ്പ്കാര്‍ട്ടും, ആമസോണുമൊക്കെ ഇപ്പോഴും നഷ്ടത്തിലാണ്. എന്നാല്‍ ഭാവിയുടെ ബിസിനസ് അതാണെന്ന് കണ്ടാണ് അവ മുന്നോട്ട് പോകുന്നത്. അതേ സാഹചര്യമാണ് ഇവിടെയും ബാലന്‍സ് ഷീറ്റില്‍ ലാഭമുണ്ടാക്കുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ കുറവാണ്. ഭാവിയില്‍ മെച്ചപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാകും' പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രമുഖ എഡ്‌ടെക് സ്ഥാപനത്തിന്റെ സ്ഥാപകന്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine