ഇനി എന്‍ജിനീയറിംഗ് പഠിച്ചാല്‍ രക്ഷയുണ്ടോ?

ഇനി എന്‍ജിനീയറിംഗ് പഠിച്ചിട്ട് ഒരു കാര്യവുമില്ലേ? സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന ട്രോളുകളും നിരീക്ഷണങ്ങളും എല്ലാം വായിക്കുമ്പോള്‍ പലര്‍ക്കും ഈ സംശയമുണ്ടാകും.

പ്ലസ് ടു കഴിഞ്ഞ്, എന്‍ട്രന്‍സൊക്കെ എഴുതി ഉന്നത പഠനത്തിനായി കുട്ടികള്‍ തയ്യാറെടുക്കുന്ന അവസരമാണിത്. ലക്ഷക്കണക്കിന് കുട്ടികള്‍ നാളെ എന്തായിതീരുമെന്ന് നിര്‍ണയിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ നമുക്ക് എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാവി എന്താണെന്ന് പരിശോധിക്കാം.

കോവിഡിന് മുന്‍പുള്ള കാലഘട്ടത്തില്‍ പരസ്പരം മത്സരിച്ചിരുന്ന വ്യവസായികള്‍ ഇപ്പോള്‍ പരസ്പരം സഹകരിച്ചു കൊണ്ടു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം നടത്തുന്നത് കാണാം. വീട്ടിലിരുന്ന് ഔദ്യോഗിക ജോലികളും സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളും എന്‍ജിനീയറിംഗ് മേഖലയെ കൂടുതല്‍ വിശാലമാക്കി കൊണ്ടിരിക്കുകയാണ്. ഇനിയുള്ള കാലഘട്ടത്തില്‍ വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്‍സ് ഓട്ടോമേഷന്‍, ത്രീഡി പ്രിന്റിംഗ്, നാനോടെക്‌നോളജി എന്നിവ ഉള്‍പ്പെട്ട മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം, തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ആണ് പ്രതീക്ഷിക്കുന്നത്. വ്യാപാര മേഖലയില്‍ ഐടി അടിസ്ഥാനമാക്കി വിതരണശൃംഖല മാനേജ്‌മെന്റ് വരുന്നതും എന്‍ജിനീയറിങ് മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതിനും കാരണമാകും.
സാധ്യത എവിടെയാണ്?
ഇന്‍ഡസ്ട്രിയിലെ നാലാം വിപ്ലവം ഒരു യാഥാര്‍ഥ്യമായി തുടങ്ങിയിരിക്കുന്നു. ഐ.ഓ.ടി, ബ്ലോക്ക്‌ചെയിന്‍, ക്ലൗഡ് ടെക്‌നോളജി, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, അഡ്വാന്‍സ് മെഷീന്‍ ലേണിങ്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ എല്ലാ എന്‍ജിനീയറിംഗ് മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട ഇന്‍ഡസ്ട്രി 4.0 ന്റെ അത്യാവശ്യവിഷയങ്ങളായി പരിണമിച്ചിരിക്കുന്നു. മികച്ച തൊഴില്‍ തേടുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങും പഠിക്കുന്നവര്‍ ഉള്‍പ്പെടെ ഇന്‍ഡസ്ട്രി 4.0 ന്റെ ടെക്‌നോളജികള്‍ അടിസ്ഥാനമാക്കി അവരവരുടെ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്യുന്നവരാണ്. ഇഷ്ടമുള്ള എന്‍ജിനീയറിംഗ് ബ്രാഞ്ച് തെരഞ്ഞെടുത്ത് പഠനം നടത്തുമ്പോള്‍ പ്രോജക്ട് വര്‍ക്കുകളും ഇന്റേണ്‍ഷിപ്പുകളും ഇന്‍ഡസ്ട്രി 4.0 ടെക്‌നോളജിയെ അടിസ്ഥാനമാക്കി ചെയ്യുക എന്നതാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും പുതിയ മാറിയ വ്യവസായിക ലോകം പ്രതീക്ഷിക്കുന്നത്. ഇത്തരം വിദ്യാര്‍ഥികള്‍ക്കെല്ലാം തന്നെ ജോലി ധാരാളമായിട്ടുണ്ട്. മാത്രമല്ല ഗവണ്‍മെന്റ് ്‌മേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കാതെ വ്യവസായ സംരംഭകരാകാനും അതുമൂലംതൊഴില്‍ദാതാക്കള്‍ ആകാനും ഇനി ധാരാളമായി എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്. ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ലഭിച്ച കോര്‍പ്പറേറ്റ് മേഖലയിലെ വന്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ വേണ്ടെന്നു വച്ചു സംരംഭകരായി വിജയം തെളിയിച്ച പല യുവ എന്‍ജിനീയര്‍മാരുടെയും ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകണം. ഇന്ത്യാ സ്‌കില്‍ റിപ്പോര്‍ട്ട് 2021 അനുസരിച്ച് വിവിധ വിഷയങ്ങള്‍ പഠിക്കുന്ന ഡിഗ്രി വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യത്തിന്റെ വിവരം ഇതോടൊപ്പമുള്ള ബോക്‌സില്‍ ചേര്‍ക്കുന്നു.

ഇത്ഇന്ത്യയുടെനിമിഷമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള (ഹ്യൂമന്‍ റിസോഴ്‌സ്) ലോക രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെസാമ്പത്തികവളര്‍ച്ച 12.6 ശതമാനം 2021- 22 കാലയളവില്‍ നേടി ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് ലോക സാമ്പത്തിക സഹകരണ വികസന സംഘടന ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പറഞ്ഞിരിക്കുന്നത്. മാത്രമല്ല നമ്മുടെ ജനസംഖ്യയുടെ 50 ശതമാനവും 35 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ ആണ്. കോവിഡിനു ശേഷമുള്ള ഈ കാലഘട്ടം എന്‍ജിനീയറിങ് മേഖലയില്‍ നമ്മുടെ രാജ്യത്ത വ്യവസായ വികസനവും അങ്ങനെ കൂടുതല്‍ തൊഴിലവസരങ്ങളും രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. 'മെയ്ക്ക് ഇന്‍ ഇന്ത്യ'യും 'മേക്ക് ഫോര്‍ ഇന്ത്യ'യും പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റിന്റെ നയങ്ങള്‍, നമ്മുടെ രാജ്യത്ത് പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് എല്ലാ മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഒരു ലക്ഷത്തിലധികം പേറ്റന്റുകളും മറ്റും നേടിയെടുക്കുന്നതിനും എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് സമൃദ്ധിയായി അവസരങ്ങള്‍ ഉണ്ടാക്കുന്ന വേദിയായി അതിനു സാധിച്ചു കൊണ്ടിരിക്കുന്നു.

പഠനത്തോടൊപ്പം ഗുണമേന്മയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള എന്‍ജിനീയര്‍മാരെ ആണ് ഇന്ന് ആവശ്യം. എഞ്ചിനീയറിംഗ് മേഖല കൂടാതെ മറ്റേത് മേഖലയിലായാലും ബുദ്ധിയെക്കാളും കഴിവിനെക്കാളും പ്രാധാന്യം നല്‍കേണ്ടത് മനോഭാവത്തിലാണ്. നല്ല കഴിവുള്ള ഒരു എന്‍ജിനീയര്‍ ആകണമെന്ന മനോഭാവവും പഠിക്കാന്‍ മനസ്സുമുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും നമുക്ക് വിജയിക്കാന്‍ കഴിയും.

എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇന്ന് ഒട്ടും തന്നെ ഇല്ലാതായിട്ടില്ല. മറ്റ് ഏത് വിദ്യാഭ്യാസത്തിനേക്കാള്‍ മികച്ച ഒന്നായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തെ സമൂഹം കാണുന്നതിന് കാരണം എന്‍ജിനീയറിംഗ് ശാഖയുടെ അനുപമമായ കഴിവുകള്‍ തന്നെയാണ്. എന്‍ജിനീയറിങ് എന്ന ശക്തമായ അടിത്തറയ്ക്ക് മുകളില്‍ ഓരോ വിദ്യാര്‍ഥിക്കും സ്വന്തം താല്‍പര്യ പ്രകാരം മാനേജ്‌മെന്റെ, ഗവേഷണം, അധ്യാപനം, സ്വയം തൊഴില്‍ എന്നിങ്ങനെ ഏതൊരു മേഖലയിലേക്കും തിരിയുവാന്‍ ഒരു എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സാധിക്കുമെന്നതാണ് മറ്റു പ്രൊഫഷണല്‍ ബിരുദങ്ങളില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദത്തെ വ്യത്യസ്തമാക്കുന്നത്.





Related Articles

Next Story

Videos

Share it