തൊഴില്‍ അന്വേഷകരേ, ടെലികോം മേഖല നിങ്ങളെ വിളിക്കുന്നു!

മറ്റെല്ലാ മേഖലയിലും 2020 ല്‍ കോവിഡ് മഹാമാരി നിഴല്‍ വീഴ്ത്തിയെങ്കിലും ഇന്ത്യയിലെ ടെലികോം മേഖല വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു. ഈ വര്‍ഷം 20% പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

പുതുവര്‍ഷത്തില്‍ ഇന്ത്യ 5 ജി യുഗത്തിലേക്ക് കടക്കുന്നതോടെ ടെലികോം കമ്പനികളൊക്കെ അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുമെന്നത് കൊണ്ടാണ് ഈ ജോലി സാധ്യതകള്‍. ഇക്കൂട്ടത്തില്‍ ആര്‍ എഫ് എഞ്ചിനീയര്‍മാര്‍, ഫീല്‍ഡ് എഞ്ചിനീയര്‍മാര്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ് തുടങ്ങി ഗവേഷകര്‍ക്ക് വരെ പുതിയ അവസരങ്ങള്‍ വരും.

കോവിഡ് ഉണ്ടാക്കിയ മരവിപ്പ് ഏതാണ്ടെല്ലാ മേഖലയെയും വരിഞ്ഞു മുറുക്കിയ 2020ലും ടെലികോം മേഖലയില്‍ കമ്പനികള്‍ ധാരാളം പുതിയ ജീവനക്കാരെ നിയമിച്ചതിനാല്‍ 2020 തിരക്കേറിയ വര്‍ഷം തന്നെയായിരുന്നു. ഇത് 15% തൊഴില്‍ വളര്‍ച്ചയിലേക്ക് നയിച്ചു. 2021 ല്‍ സ്ഥിതി ഇനിയും മെച്ചപ്പെടും.

2021 ല്‍ ടെലികോം മേഖലയില്‍ 18 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍, അനുബന്ധ നെറ്റ്‌വര്‍ക്കുകള്‍ക്കൊപ്പം ഇന്റര്‍നെറ്റിന്റെ ഒപ്റ്റിമൈസേഷന്‍, വികസനം, ഗ്ലോബല്‍ ഡെലിവറി സെന്ററുകളുടെ ഗവേഷണം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ മുന്നിലെത്തുന്ന വര്‍ഷമായിരിക്കും 2021 എന്നാണ് പറയപ്പെടുന്നത്. രാജ്യത്തെ അതിവിശാലമായ ഉപഭോക്തൃ വിപണിയും ഈ രംഗത്തെ ഇന്ത്യക്കാരുടെ തൊഴില്‍ നൈപുണ്യവും ആഗോള ടെലികോം വ്യവസായത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് രാജ്യത്തെ സഹായിക്കും എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

പുതിയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകാന്‍ പോകുന്ന ടെലികോം ജോലികള്‍ ആര്‍ എഫ് എഞ്ചിനീയര്‍, ഫൈബര്‍ ലേയിങ്ങ്, ടെസ്റ്റര്‍മാര്‍, ഗുണനിലവാര പരിശോധന എഞ്ചിനീയര്‍മാര്‍, ഫീല്‍ഡ് എഞ്ചിനീയര്‍മാര്‍ എന്നിവയായിരിക്കും. ഈ ജോലികള്‍ക്ക് വര്‍ഷത്തില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപ വരെ ലഭിച്ചേക്കും. നിലവിലുള്ള 3 ജി, 4 ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും 5 ജി സേവനങ്ങള്‍ പരീക്ഷിക്കുന്നതിനും ലോഞ്ച് ചെയ്യുന്നതിനും ആയിരിക്കും പുതിയതായി ജോലിക്കെടുക്കുന്നവരെ ഉപയോഗിക്കുക. സ്വകാര്യ മേഖലയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ബി എസ് എന്‍ എല്‍ 4 ജി യിലേക്ക് മാറുന്നതോടെയും നെറ്റ്‌വര്‍ക്ക് ശേഷി വര്‍ദ്ധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ മേഖലയിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it