കമ്പനി ഡയറക്ടര്‍ഷിപ്പ് ഒരു തമാശയല്ല!

ഷാജി വര്‍ഗീസ്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഒരു കമ്പനിയുടെ ഡയറക്ടറാകുക എന്നത് അഭിമാനത്തിന്റേയും അധികാരത്തിന്റെയും സിംബലായിരുന്നു. പലരുടേയും സ്വപ്‌നമായിരുന്നു ഒന്നിലധികം കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുകയെന്നത്. എന്നാല്‍ ഇന്ന് ആ സാഹചര്യം പാടെ മാറി. 2013 നു ശേഷം ഇതുവരെ കമ്പനീസ് ആക്ടില്‍ നിരവധി ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കഠിനമായ പിഴകളും നിയമ നടപടികളും ബാധകമായേക്കാം. എനിക്ക് അറിയാവുന്ന ഒരു സംഭവം പറയാം. ഗള്‍ഫില്‍ നിന്ന് അത്യാവശ്യം പണമൊക്കെ സമ്പാദിച്ച് മടങ്ങിവന്നൊരു എന്‍ആര്‍ഐ ആണ് ഇതിലെ കഥാപാത്രം. വളരെ പാഷനോടെ സ്വന്തമായൊരു സ്ഥാപനം നടത്തി വരികയായിരുന്നു അയാള്‍. ആ സമയത്താണ് അയാളുടെ അടുത്ത സുഹൃത്ത് തന്റെ കമ്പനിയില്‍ ഡയറക്ടര്‍ പദവി ഓഫര്‍ ചെയ്യുന്നത്. സാമാന്യം നല്ല രീതിയില്‍ പോകുന്ന കമ്പനി ആയതുകൊണ്ട് എന്‍ആര്‍ഐ ആ ഓഫര്‍ സ്വീകരിച്ചു. എന്‍ആര്‍ഐ നിക്ഷേപിച്ച പണം ഉപയോഗിച്ച് കമ്പനിയെ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റി. ബിസിനസിനെ കുറിച്ച് അത്ര ഗ്രാഹ്യമുണ്ടായിരുന്നില്ലെങ്കിലും സുഹൃത്തില്‍ പൂര്‍ണ വിശ്വാസമായിരുന്നു അയാള്‍ക്ക്.

പക്ഷേ, അധികം താമസിയാതെ സുഹൃത്തിന്റെ കമ്പനിയില്‍ പലതരം പ്രശ്‌നങ്ങള്‍ വന്നു തുടങ്ങി. അവിടെ കൃത്യമായൊരു സിസ്റ്റമോ അക്കൗണ്ടിംഗ് രീതികളോ ഉണ്ടണ്ടായിരുന്നില്ല. മാത്രമല്ല നിയമപരമായ കാര്യങ്ങളില്‍ പലപ്പോഴും വീഴ്ചവരുത്തുകയും ചെയ്തു. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സുഹൃത്ത് പതുക്കെ വിദേശത്ത് ഒരു അസൈന്‍മെന്റ് ഏറ്റെടുത്ത് പോയി. അതോടെ നിയമനടപടികള്‍ മുഴുവന്‍ എന്‍ആര്‍ഐ ബിസിനസുകാരനിലേക്ക് വന്നു. ലക്ഷക്കണക്കിനു രൂപയുടെ പിഴ ആണ് അടയ്ക്കാനുണ്ടായിരുന്നത്. അധികാരികള്‍ നല്‍കിയ സമയപരിധി കഴിഞ്ഞതോടെ നിയമ നടപടികളായി. ഡയറക്ടര്‍ഷിപ്പിനുള്ള അയാളുടെ യോഗ്യത അഞ്ചുവര്‍ഷത്തേക്ക് വിലക്കിയതായി ഉത്തരവും വന്നു. ഇതോടെ അയാള്‍ സ്വന്തമായി നടത്തി വന്നിരുന്ന സ്വന്തം കമ്പനിയുടെ പ്രവര്‍ത്തനങ്ങളും താറുമാറായി.

പഠിക്കേണ്ടത്

* ഡയറക്ടര്‍ഷിപ്പ് ഏറ്റെടുക്കുകയാണെങ്കില്‍ ഉറപ്പായും ബിസിനസില്‍ ഇടപെടണം. ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുകയും സാമ്പത്തിക കണക്കുകള്‍ ആവശ്യപ്പെടുകയും മിനിറ്റ്‌സ് സൂക്ഷിക്കുകയും വേണം. കൃത്യമായ ഇടവേളകളില്‍ ബോര്‍ഡ് മീറ്റിംഗ് കൂടാന്‍ കമ്പനിയെ പ്രേരിപ്പിക്കുകയും വേണം.

* നിയമപരമായ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടറില്‍ നിന്നോ അല്ലെങ്കില്‍ ഫുള്‍ ടൈം ഡയറക്ടര്‍മാരില്‍ നിന്നോ ഓരോ മാസവും അല്ലെങ്കില്‍ ഓരോ ക്വാര്‍ട്ടറിലും ഡിക്ലറേഷന്‍ നേടുക.

* സ്വന്തം സുരക്ഷ ഉറപ്പു വരുത്താനായി അതുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍സുമായി ബന്ധപ്പെട്ടിരിക്കുക.

* ബിസിനസ് കാര്യങ്ങളെല്ലാം വളരെ നീതിയുക്തമായ രീതിയിലാണെന്ന് ഉറപ്പാക്കുക, എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക.

(ചാര്‍ട്ടേഡ് അക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. Email:shaji@svc.ind.in, 9847044030)

Shaji Varghese
Shaji Varghese  

The author is a Chartered Accountant & Management Consultant;Phone: 9847044030

Related Articles
Next Story
Videos
Share it