കണ്ടന്റ് ക്രിയേറ്റര്‍മാരും ഇന്‍ഫ്‌ളുവന്‍സേഴ്‌സും പിന്നെ ബിസിനസ് വളര്‍ച്ചയും

ഒരുകാലത്ത് സിനിമ, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലുള്ള സെലിബ്രിറ്റികളായിരുന്നു ജനങ്ങളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരെയും ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയുമാണ് സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളെ പ്രൊമോട്ട് ചെയ്യാനായി ആശ്രയിക്കുന്നത്. വലിയ രീതിയിലുള്ള സ്വാധീനമാണ് ജനങ്ങള്‍ക്കിടയില്‍ ഈ സോഷ്യല്‍ മീഡിയ സ്റ്റാറുകള്‍ക്കുള്ളത്. 20 കോടിയിലധികം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരുമാണ് ഇന്ന് ലോകത്തുള്ളത്. ബിസിനസുകള്‍ക്ക് അവരുടെ മാര്‍ക്കറ്റിംഗ് ശ്രമങ്ങള്‍ സൂപ്പര്‍ചാര്‍ജ് ചെയ്യാന്‍ ഈ സോഷ്യല്‍ മീഡിയ സ്റ്റാറുകളെ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് നോക്കാം.

ആരാണ് ക്രിയേറ്റര്‍, ആരാണ് ഇന്‍ഫ്‌ളുവെന്‍സര്‍?

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ സൂക്ഷ്മത മനസ്സിലാക്കുന്നതിന് മുമ്പ് ആരാണ് ഒരു ക്രിയേറ്റര്‍, ആരാണ് ഇന്‍ഫ്‌ളുവെന്‍സര്‍ എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ഈ പദങ്ങള്‍ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും അവ യഥാര്‍ത്ഥത്തില്‍ പര്യായമാണോ?
എല്ലാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഒരു യാത്രയുണ്ട്, അത് സാധാരണയായി ഒരു ക്രിയേറ്ററില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതോ, യൂട്യൂബില്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതോ, ബ്ലോഗുകള്‍ എഴുതുന്നതോ ആകട്ടെ, അവരെല്ലാം തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള എന്തെങ്കിലും പങ്കുവെച്ചാണ് തുടങ്ങുന്നത്.
തുടക്കത്തില്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വലിയ അനുയായികളോ മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവോ ഇല്ലായിരിക്കാം. എന്നാല്‍ അവര്‍ അവരുടെ ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കിടുന്നതും തുടരുമ്പോള്‍ അവര്‍ ഒരു വലിയ കൂട്ടം ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങുന്നു. ആളുകള്‍ അവരുടെ പോസ്റ്റുകളില്‍ ആകൃഷ്ടരാവാനും അവരുടെ വീഡിയോകളുമായി ഇടപഴകാനും അവരെ വിശ്വസിക്കാനും തുടങ്ങുന്നു. അത്തരത്തില്‍ പതിയെ അവര്‍ കൈകാര്യം ചെയ്യുന്ന മേഖലയില്‍ ഒരു ഇന്‍ഫ്‌ളുന്‍സറായി മാറുന്നു. ഫാഷന്‍, ടെക്‌നോളജി, ബിസിനസ്, എഡ്യൂക്കേഷന്‍ തുടങ്ങി ഓരോ മേഖലയിലും ഓരോ ഭാഷയിലും ഇത്തരത്തില്‍ ആളുകളെ സ്വാധീനിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇന്നുണ്ട്. എവിടെയാണോ ജനങ്ങള്‍ ഒത്തുകൂടുന്നത് അവിടെയാണ് മാര്‍ക്കറ്റിംഗ് ചെയ്യേണ്ടത് എന്ന പൊതുനിയമം തന്നെയാണ് ഇവിടെയും നോക്കേണ്ടത്. ഓരോ ബിസിനസിനും വേണ്ട ഉപഭോക്താക്കള്‍ അവര്‍ കൈകാര്യം ചെയ്യുന്ന മേഖലയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പിന്തുടരുന്നവരായിരിക്കും. അതിനാല്‍ ഈ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വഴി ആളുകളിലേക്ക് എത്താന്‍ എളുപ്പമാണ്.
ചുരുക്കി പറഞ്ഞാല്‍, പുതിയ ക്രിയാത്മകമായ എന്തെങ്കിലും സൃഷ്ടിക്കുന്ന ആര്‍ക്കും ഒരു ക്രിയേറ്റര്‍ ആകാം. അനുയായികളുടെ എണ്ണം ഒരു വിഷയമല്ല. എന്നാല്‍ അധികാരം, അറിവ്, സ്ഥാനം അല്ലെങ്കില്‍ പ്രേക്ഷകരുമായുള്ള ബന്ധം എന്നിവ കാരണം മറ്റുള്ളവരുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ഒരാളാണ് ഇന്‍ഫ്‌ളുവന്‍സര്‍.

ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കുന്നതെങ്ങനെ?

വിദഗ്ദ്ധനായ ഒരു കണ്ടന്റ് ക്രിയേറ്റര്‍ക്ക് പ്രൊഡക്ട് വിവരണങ്ങളെ ആകര്‍ഷകമായ സ്റ്റോറികളാക്കി മാറ്റാന്‍ കഴിയും. അത് കാഴ്ചക്കാരെ ബോധവല്‍ക്കരിക്കുകയും വിനോദിപ്പിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബ്രാന്ഡിനെയും ടാര്‍ഗെറ്റ് പ്രേക്ഷകരെയും തമ്മില്‍ കണക്ട് ചെയ്യാന്‍ കണ്ടന്റ് ക്രിയേറ്ററുടെ സേവനം ആവശ്യമാണ്. അത് വില്പനയിലേക്ക് നേരിട്ട് നയിക്കണമെന്നില്ല, എന്നാല്‍ ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും.

ഒരു കണ്ടന്റ് ക്രിയേറ്റര്‍ മികച്ച രീതിയില്‍ ഒരു സ്റ്റോറിലൈന്‍ സൃഷ്ടിച്ച് ആളുകളുമായി കണക്ട് ചെയ്യാന്‍ പാകത്തിന് ബ്രാന്‍ഡിനെ മാറ്റുന്നു എന്ന് വിചാരിക്കുക. എന്നാല്‍ അതുവഴി വില്പന സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അവിടെയാണ് ഇന്‍ഫ്‌ളുവന്‍സര്‍മാർ കടന്നുവരുന്നത്. ഈ സോഷ്യല്‍ മീഡിയ താരങ്ങള്‍ അവരുടെ അഭിപ്രായങ്ങളിലും ശുപാര്‍ശകളിലും വിശ്വസിക്കുന്ന ഫോളോവെഴ്‌സിനെ വളര്‍ത്തിയെടുത്തിട്ടുണ്ട്. നിങ്ങളുടെ ബ്രാന്‍ഡിന്റെ മൂല്യങ്ങളുമായി യോജിക്കുന്ന ഒരു ഇന്‍ഫ്‌ളുന്‍സറുമായി സഹകരിക്കുന്നതിലൂടെ, പ്രേക്ഷകരിലേക്ക് നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് നിങ്ങളുടെ ഉത്പന്നം അവരുടെ ഫോളോവര്‍ക്ക് ആധികാരികമായി തോന്നുന്ന വിധത്തില്‍ പ്രമോട്ട് ചെയ്യാന്‍ സാധിക്കും.
ബ്രാന്‍ഡ് പ്രൊമോഷനായി ഇന്‍ഫ്‌ളുവന്‍സര്‍മാരെ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചുവേണം. നിങ്ങളുടെ ഉപഭോക്താവാകാന്‍ ശേഷിയുള്ള ഫോളോവേഴ്‌സ് ആ ഇന്‍ഫ്‌ളുവന്‍സറിന് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല ആ ഇന്‍ഫ്‌ളുവന്‍സറിന്റെ അവതരണരീതി നിങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെകൂടി ആഴത്തില്‍ സ്വാധീനിക്കും എന്നും ഓര്‍ക്കുക. കൃത്യമായ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ അത് നിങ്ങളുടെ ബ്രാന്‍ഡ് ഇമേജിനെ സാരമായി ബാധിക്കും.
ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഒരു ഊഹക്കച്ചവടം മാത്രമല്ല. ബിസിനസുകള്‍ അവരുടെ കാമ്പെയ്‌നുകളുടെ ഫലപ്രാപ്തി അളക്കുന്നതിന് എന്‍ഗേജ്‌മെന്റ് റേറ്റ്‌റ് , വെബ്‌സൈറ്റ് ട്രാഫിക്, കണ്‍വേര്‍ഷന്‍ റേറ്റ് എന്നിവ പോലുള്ള പ്രധാന അളവുകള്‍ ട്രാക്ക് ചെയ്യണം. ഈ ഡാറ്റ പിന്നീട് ഭാവി തന്ത്രങ്ങള്‍ പരിഷ്‌കരിക്കാനും റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉയര്‍ത്താനും ഉപയോഗിക്കാം.

മൈക്രോ-ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പരിഗണിക്കണം

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ മാത്രമല്ല സ്ഥാപനങ്ങള്‍ പരിഗണിക്കേണ്ടത്. മൈക്രോ-ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വലിയ സ്വാധീനശക്തികളാണ്. ചെറുതും എന്നാല്‍ വളരെയധികം എന്‍ഗേജ്‌മെന്റ് ഉള്ളതുമായ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ താരങ്ങളാണ് മൈക്രോ-ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് ഒരുകൂട്ടം തല്പരരായ ഫോളോവേഴ്‌സിനെ സൃഷ്ടിച്ച് അവര്‍ക്കിടയില്‍ അധികാരം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നു. അവരുമായുള്ള പങ്കാളിത്തം ബഡ്ജറ്റ്-ഫ്രണ്ട്‌ലി ആണ് കൂടാതെ ഒരു പ്രത്യേക ഇടത്തില്‍ ടാര്‍ഗെറ്റുചെയ്തുള്ള ബ്രാന്‍ഡ് പ്രമോഷന്‍ സാധ്യമാകുന്നു, ഇത് ബ്രാന്‍ഡിന്റെ മേലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും അതുവഴി വില്‍പ്പനയിലേക്കും ബ്രാന്‍ഡ് അവബോധത്തിലേക്കും നയിക്കുന്നു.
മാര്‍ക്കറ്റിംഗ് ബജറ്റ് തയ്യാറാക്കുമ്പോള്‍ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിനുള്ള തുക വകയിരുത്തേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. എന്നാല്‍ അതിനോടൊപ്പം അത് ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ ധനനഷ്ടം മാത്രമല്ല ബ്രാന്‍ഡിന്റെ മൂല്യത്തെത്തന്നെ അത് ബാധിക്കും.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it