വെള്ളം പാഴാകുന്നത് സഹിച്ചില്ല, പരിഹാരമായി ഒരു കിടിലന്‍ ബ്രാന്‍ഡുണ്ടാക്കി; ഈ സംരംഭകന്‍ പുലിയാണ്!

ബഹുരാഷ്ട്ര കമ്പനിയിലെ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് അതു വരെ ആര്‍ക്കും പരിചിതമല്ലാത്തൊരു ഉല്‍പ്പന്നവുമായി വിപണിയില്‍ ഭാഗ്യം തേടി ഇറങ്ങിയ രവി പി നായര്‍ എന്ന സംരംഭകന്റേത് വേറിട്ടൊരു വിജയകഥയാണ്. എല്‍വര്‍ എന്ന ബ്രാന്‍ഡില്‍ വാട്ടര്‍ കണ്‍ട്രോളര്‍ എന്ന ഉല്‍പ്പന്നം വിപണിക്ക് പരിചയപ്പെടുത്തിയ അദ്ദേഹം സംസാരിക്കുന്നു

എന്താണ് എല്‍വര്‍?
ടെക്‌നോളജിയോട് ചെറുപ്പം മുതലേ താല്‍പ്പര്യമുണ്ടായിരുന്നു. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടിലെ പ്രമുഖമായ പോളിടെക്‌നിക്കില്‍ പഠിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. അന്ന് ശാസ്ത്രമേളകളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തത് അതിന് കൂടുതല്‍ പ്രേരണയായി. ആ താല്‍പ്പര്യത്തില്‍ നിന്നാണ് എല്‍വര്‍ എന്ന സ്ഥാപനത്തിന്റെയും തുടക്കം. ഇലക്ട്രിസിറ്റിയുടെ 'ഇഎല്‍', വാട്ടറിന്റെ 'ഡബ്ല്യു', സേവര്‍ എന്നതിന്റെ 'ഇആര്‍' എന്നിവയാണ് എല്‍വര്‍ എന്ന പേരിന് പിന്നില്‍. പൊതുനിരത്തില്‍ പോലും വെള്ളം പാഴായി പോകുന്നത് കണ്ടാല്‍ അത് കണ്ടില്ലെന്ന് നടിച്ച് ഞാന്‍ പോകുമായിരുന്നില്ല. നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. പ്രതിദിനം ഓരോ വീട്ടില്‍ നിന്നും 200 ലിറ്റര്‍ ജലമെങ്കിലും ഓവര്‍ ഫ്‌ളോ ആയും മറ്റും നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. അതോടൊപ്പം വൈദ്യുതിയും പാഴായി പോകുന്നു. ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ വിപണിയില്‍ എത്തിച്ചതാണ് വാട്ടര്‍ കണ്‍ട്രോളര്‍.
എങ്ങനെയായിരുന്നു തുടക്കം?
കേരളത്തില്‍ ഒരു സംരംഭം തുടങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ മനോഭാവമാണ് ഏറ്റവും പ്രശ്‌നം. സര്‍ക്കാര്‍ ജോലിയല്ലാതെ മറ്റൊന്നും സുരക്ഷിതമല്ലെന്ന കാഴ്ചപ്പാടാണ് നമുക്കുള്ളത്. മികച്ചൊരു ജോലി വിട്ട് സംരംഭം തുടങ്ങുക എന്നത് പ്രശ്‌നമായി. അക്കാലത്ത് സംരംഭകന് പെണ്ണ് കിട്ടാന്‍ പോലും പ്രയാസമായിരുന്നു. അതുകൊണ്ട് ജോലി നേടിയ ശേഷം വിവാഹം കഴിച്ചു. പിന്നീടാണ് സംരംഭകനാകുന്നത്. റിസ്‌ക് ആണെന്നും പിന്തിരിയണമെന്നുമായിരുന്നു ലഭിച്ചിരുന്ന ഉപദേശങ്ങളെല്ലാം. പക്ഷേ എന്റെ ആഗ്രഹങ്ങള്‍ അറിയാവുന്ന അച്ഛനും അമ്മയും ഭാര്യയും പിന്തുണ നല്‍കി.
എന്തൊക്കെ മുന്‍കരുതലുകളാണ് എടുത്തത്?
പെട്ടെന്ന് വിപണിയില്‍ പുതിയ ഒരു ഉല്‍പ്പന്നവുമായി എത്തിയാല്‍ അത് വിജയിക്കണമെന്നില്ല. ഉപഭോക്താക്കളെ ബോധവത്കരിക്കേണ്ടതുണ്ട്. മൂന്നു കൊല്ലത്തെ പരിക്ഷണങ്ങളുടെ ഫലമാണ് വാട്ടര്‍ കണ്‍ട്രോളര്‍ എന്ന ഉല്‍പ്പന്നം. കൂട്ടുകാരുടെയും പരിചയക്കാരുടെയും ബന്ധുക്കളുടെയുമെല്ലാം വീടുകളിലായിരുന്നു ആദ്യം നല്‍കിയത്. പരാതികള്‍ പരിഹരിച്ച് പിന്നീട് കുറ്റമറ്റ രീതിയില്‍ വിപണിയില്‍ എത്തിക്കുകയാണ് ചെയ്തത്. അത് ഫിറ്റ് ചെയ്യാന്‍ വീടിനു മുകളില്‍ ടാങ്കില്‍ ഏന്തിവലിഞ്ഞ് കയറുന്നതൊക്കെ നാട്ടുകാരില്‍ സഹതാപമുണര്‍ത്തി. ഉണ്ടായിരുന്ന ജോലി കളഞ്ഞ് ഇത്തരത്തിലൊരു ജോലി ചെയ്യുന്നതിനെ പലരും നിരുത്സാഹപ്പെടുത്തി. പെട്രോള്‍ പമ്പില്‍ മാനേജരായി ജോലി സംഘടിപ്പിച്ചു നല്‍കാം എന്നു വരെ ഓഫര്‍ ചെയ്തവരുണ്ട്.
ഉള്ളില്‍ ഒരു സംരംഭകനുണ്ടെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?
പോളിടെക്‌നിക്കില്‍ ഇലക്ട്രിക് എന്‍ജീനിയറിംഗില്‍ ആണ് പ്രവേശനം ലഭിച്ചത്. അവിടെ പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ ഉടനെ ഭോപ്പാലില്‍ ഉണ്ടായിരുന്ന സഹോദരിയുടെ അടുത്തേക്ക് അയച്ചു. അവിടെ തന്നെ കണ്‍ട്രോള്‍ പാനലുകള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിയും കിട്ടി. ഏറെ താമസിയാതെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്‍ജിനീയറായി സ്ഥാനക്കയറ്റവും ലഭിച്ചു. കണ്‍ട്രോള്‍ പാനല്‍ നിര്‍മിക്കുന്നതിനുള്ള പല സാധനങ്ങളും പുറത്തു നിന്നാണ് കൊണ്ടുവന്നിരുന്നത്. അത് അവിടെ തന്നെ നിര്‍മിച്ചാലെന്താ എന്ന ചോദ്യത്തിന് ഉടമയില്‍ നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായത്. ജോലി കഴിഞ്ഞതിനു ശേഷം വൈകും വരെ അദ്ദേഹവുമൊത്ത് പരീക്ഷണങ്ങളായിരുന്നു പിന്നീട്. പുതിയ പ്രോഡക്റ്റുകള്‍ ഉണ്ടാക്കാന്‍ അതിലൂടെ സാധിച്ചു. മുംബൈ ഐഐറ്റിയില്‍ നിന്ന് പരിശീലനം നേടാനും കഴിഞ്ഞു. അതിനിടയിലാണ് സ്വന്തമായി എന്തെങ്കിലും ഉല്‍പ്പന്നം വിപണിയിലെത്തിക്കണം എന്ന ആഗ്രഹം ഉദിക്കുന്നത്.
എന്താണ് വിജയരഹസ്യം?
തുടര്‍ച്ചയായി പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് ഈ മേഖലയില്‍ നിലനിന്നു പോകാന്‍ അത്യാവശ്യമായി വേണ്ടത്. പുതിയ ടെക്‌നോളജി അപ്പപ്പോള്‍ മനസ്സിലാക്കണം. ഉല്‍പ്പന്നം കാണാനുള്ള ഭംഗിയും വേണം മികച്ച ഫീച്ചേഴ്‌സും ഏറെക്കാലം നിലനില്‍ക്കുകയും വേണം എന്ന ചിന്താഗതിയിലാണ് നിര്‍മാണം നടത്തിയിരുന്നത്. പ്രവര്‍ത്തിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാവണം. ആളുകളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. ഒരു ട്യൂബ് ലൈറ്റ് ഫിറ്റ് ചെയ്യുന്ന ലാഘവത്തോടെ എല്‍വറിന്റെ ഉല്‍പ്പന്നങ്ങള്‍ സ്ഥാപിക്കാനാകും എന്നതും പ്രത്യേകതയാണ്.
സംരംഭം ഒരു പാഷനായി കാണുന്നവര്‍ക്ക് വിജയിക്കാനാവും എന്നതാണ് അനുഭവം. പണത്തിനു വേണ്ടി മാത്രം ചെയ്യരുത്. വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കാനാകണം. ക്ഷമ അത്യാവശ്യമാണ്. കുറച്ചു ദിവസം ഒരു സംരംഭം അതിനു ശേഷം സ്‌കോപ്പില്ലെന്ന് പറഞ്ഞ് അടുത്ത സംരംഭം എന്ന രീതി പറ്റില്ല. മെന്റര്‍മാരുടെ സഹായം തേടുന്നത് നല്ലതാണ്.
ബ്രാന്‍ഡ് എന്ന ചിന്ത മനസ്സില്‍ എത്തിയത് എപ്പോഴാണ്?
ബ്രാന്‍ഡ് എന്നത് തുടക്കം മുതലേ മനസ്സിലുണ്ടായിരുന്നതാണ്. എന്നാല്‍ അതിന് പ്രചോദനമായത് ധനം മാഗസിന്‍ വായിച്ചു തുടങ്ങിയതു മുതലാണ്. ഭോപ്പാലിലായിരിക്കെ സംരംഭം എന്ന ചിന്ത മനസ്സില്‍ വന്നെങ്കിലും നാട്ടില്‍ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. ആയിടയ്ക്കാണ് റെയ്ല്‍വേ സ്‌റ്റേഷനില്‍ വെച്ച് ധനം മാഗസിന്‍ ശ്രദ്ധയില്‍ പെടുന്നത്. പിന്നെ അത് സബ്‌സ്‌െ്രെകബ് ചെയ്ത് സ്ഥിരമായി വായിച്ചു തുടങ്ങി. അത് ടേണിംഗ് പോയ്ന്റായി. ധനം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകളിലും പരിശീലനങ്ങളിലും പങ്കെടുത്തു. എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാമുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹമാണ് കേരളത്തില്‍ തന്നെ സംരംഭം തുടങ്ങുന്നതിന് ധൈര്യം തന്നത്. മികച്ച മോട്ടിവേഷനാണ് അദ്ദേഹം നല്‍കിയത്.
എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനായുള്ള തിരക്കിനിടയില്‍ വീണ്ടും ബ്രാന്‍ഡിംഗില്‍ നിന്ന് പിന്നോക്കം പോയപ്പോഴാണ് ധനത്തില്‍, റൂബ്ള്‍ ചാണ്ടി, വിപിന്‍ റോള്‍ഡന്റ്, ജോയ്ഷ് എന്നിവരുടെ പരിശീല പരിപാടിയെ കുറിച്ച് കണ്ടത്. അതില്‍ പങ്കെടുത്തത് വ്യക്തിപരമായി വലിയ മാറ്റം കൊണ്ടു വന്നു.
എന്താണ് ഭാവി പദ്ധതി?
ദിവസം 200 ലിറ്റര്‍ വെള്ളം ഓരോ വീട്ടിലും പാഴായി പോകുന്നതായി പറഞ്ഞല്ലോ. പത്തു കോടി വീടുകളില്‍ എല്‍വര്‍ വാട്ടര്‍ കണ്‍ട്രോളര്‍ എത്തിക്കാനായാല്‍ ഇടുക്കി ഡാമിലെ ആകെയുള്ളതിനേക്കാളും വെള്ളം ഓരോ ദിവസവും സംരക്ഷിക്കാനാകും. അതിനാണ് ഇപ്പോഴത്തെ ശ്രമം.
കൊറോണക്കാലം പഠിപ്പിച്ചതെന്ത്?
കൊറോണ കാലത്ത് പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് വിനിയോഗിച്ചത്. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടാനായി മലയാളത്തില്‍ ലളിതമായി വിശദീകരിച്ചു കൊണ്ട് യൂട്യൂബില്‍ ഇട്ടു. വീഡിയോ എഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍, ഇലക്ട്രോണിക് വിഷയങ്ങള്‍ എന്നിവയൊക്കെ ഇതില്‍പ്പെടും. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും മലയാളികള്‍ മടങ്ങിയെത്തിയപ്പോള്‍ ഞങ്ങളുടെ ബിസിനസ് കൂടുകയാണ് ചെയ്തത്. ഉള്ള സമയം ടിവിയും സിനിമയും കണ്ട് തീര്‍ക്കാതെ ക്രിയേറ്റീവായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയായിരുന്നു.

(ലേണ്‍ ടു ഇന്‍സ്‌പെയര്‍ എന്ന യൂട്യൂബ് ചാനലില്‍ ടോക്ക് വിത്ത് ജോയ്ഷ് എന്ന പരിപാടിയില്‍ എല്‍വര്‍ സിസ്റ്റംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ രവി പി നായരുമായി സംരംഭകയും ബിസിനസ് കോച്ചുമായ ജോയ്ഷ് ജേക്കബ് നടത്തിയ അഭിമുഖ സംഭാഷണത്തെ അധികരിച്ച് തയാറാക്കിയത്)Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it