വരൂ, ആഗോള സംരംഭകനാവാം, മുഹമ്മദ് മദനിയുടെ 5 ടിപ്‌സ്

മലയാളിക്ക് വിദ്യാഭ്യാസമുണ്ട്. 100 ശതമാനം സാക്ഷരരുമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്ന ജോലികള്‍ നേടാന്‍ ആകുന്നുണ്ട്. അങ്ങനെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് ഇന്നും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതും. കേരളത്തിലെ മിക്ക ബിസിനസ് സംരംഭങ്ങളിലും പ്രവാസിയുടെ പണമുണ്ട്. നമ്മുടെ വന്‍കിട ബിസിനുകാരെല്ലാം കേരളത്തിനു പുറത്തും വിജയം നേടിയവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള ബിസിനസ് അവസരങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ മലയാളികള്‍ക്ക് കഴിയാതെ പോകുന്നത്?

1. ഇവിടെ ആകാമെങ്കില്‍ എവിടെയും ആകാം
ബിസിനസ് നടത്താന്‍ നിയമപരമായി ഏറ്റവും കൂടുതല്‍ നൂലാമാലകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതില്‍ മുന്നില്‍ നില്‍ക്കുന്നു കേരളം. അതുകൊണ്ടു തന്നെ മലയാളിക്ക് ലോകത്തിന്റെ ഏത് കോണിലും ബിസിനസ് നടത്താന്‍ വലിയ പ്രയാസം അനുഭവപ്പെടില്ല. ഒറ്റ ദിവസം കൊണ്ട് ബിസിനസ് തുടങ്ങുന്നതിനാവശ്യമായ എല്ലാ അനുമതികളും ലഭിക്കുന്ന രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോ
ലുമുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ സംരംഭകര്‍ക്ക് അറിയുന്നതു പോലെ ഉപഭോക്താവിനെ മറ്റൊരാള്‍ക്കും അറിയില്ല. റീറ്റെയ്ല്‍ സംരംഭം എങ്ങനെ നടത്താമെന്ന് മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. ജൂവല്‍റി, ടെക്സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളില്‍ വന്‍വിജയം നേടിയ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ ഇവിടെയുണ്ട്.
2. എന്താണ് പിന്നോട്ട് വലിക്കുന്നത് ?
സാഹചര്യങ്ങള്‍ അനുകൂലമായിട്ടും കൂടുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ മലയാളിയുടേതായി ഉണ്ടാകുന്നില്ല. അതിന് മനോഭാവം മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പ്രവാസികളിലൂടെ ഇരിപ്പിലും നടപ്പിലും ആഗോള പൗരനായി മലയാളി മാറി വരുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനത്തിലും ചിന്തയിലും കൂടി ഈ മനോഭാവം പ്രകടമാകേണ്ടതുണ്ട്.
തൊഴില്‍ തേടുക എന്നതിനപ്പുറം തൊഴില്‍ നല്‍കുന്ന സംരംഭകനായി മാറണം. പുതിയ തലമുറ അത്തരത്തില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആ നാടുകള്‍ക്ക് അനുയോജ്യമായ ബിസിനസ് സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കോവിഡിന് ശേഷം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. സപ്ലൈ പലയിടങ്ങളിലും കുറഞ്ഞിട്ടുണ്ട്. അത് മുതലെടുത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടേണ്ട സമയമാണിത്. ഇ കൊമേഴ്സ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വെയര്‍ഹൗസുകള്‍, സപ്ലൈ ചെയ്ന്‍, ഡിസ്ട്രിബ്യൂഷന്‍, ഉല്‍പ്പാദനം തുടങ്ങി എല്ലാ മേഖലകളിലും അവസരങ്ങളുണ്ട്. കേരളത്തില്‍ മാത്രം ശ്രദ്ധയൂന്നാതെ വിശ്വപൗരനായി മാറാനുള്ള മനസാണ് വേണ്ടത്.
3. ടീം പ്രധാനം
സംരംഭം തുടങ്ങുന്നതിന് നിക്ഷേപം മാത്രമല്ല വേണ്ടത്, മികച്ച ടീം ഉണ്ടാക്കുക എന്നതാണ് ആദ്യം വേണ്ടത്. വന്‍ നിക്ഷേപങ്ങളല്ല, ബിസിനസ് വിജയത്തിന്റെ അളവുകോല്‍. മികച്ച മനുഷ്യവിഭവ ശേഷിയുണ്ടെങ്കില്‍ മാത്രം വിജയിക്കാവുന്ന മേഖലകളുണ്ട്. മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ കഴിവുകള്‍ അംഗീകരിക്കാനുമുള്ള മനസാണ് സംരംഭകനെ വിജയത്തിലേക്ക് നയിക്കുക. എല്ലാവരിലെയും നല്ലത് എടുത്ത് പ്രയോജനപ്പെടുത്തണം. ചിലര്‍ക്ക് നിക്ഷേപി ക്കാന്‍ പണമുണ്ടായേക്കണം എന്നില്ല, പക്ഷേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയവും അറിവും ഉണ്ടായിരിക്കും. അത് സമര്‍ത്ഥമായി വിനിയോഗിക്കുക എന്നതാണ് സംരംഭകന്റെ വിജയം.
4. എവിടെയും ഒരു പോലെ
എവിടെ സംരംഭം തുടങ്ങുന്നുവെന്നതിന് വലിയ പ്രാധാന്യമില്ല. അനുകൂലമായ എവിടെയും ഏത് നാടെന്ന് പരിഗണിക്കാതെ തന്നെ സംരംഭം തുടങ്ങാനാവണം. ബിസിനസ് വിജയിപ്പിക്കാന്‍ കേരളത്തിലായാലും മറ്റെവിടെ ആയാലും വേണ്ടത് ഒന്നു തന്നെയാണ്. ചെയ്യുന്ന മേഖലയെ കുറിച്ച് ആഴത്തില്‍ പഠിക്കുക എന്നതാണ് പ്രധാനം. ഏത് മേഖലയില്‍ ഏത് വിജയിക്കും എന്ന് മനസിലാക്കണം. കേരളത്തില്‍ റൂഫിംഗ് ടൈലിന് ഉള്ള ഡിമാന്‍ഡ്, മഴ കുറഞ്ഞ ഗള്‍ഫ് നാടുകളില്‍ ലഭിക്കണമെന്നില്ല. അതേസമയം ഒരു ആര്‍ക്കിടെക്ടിന് കേരളത്തില്‍ ഇരുന്ന് തന്നെ ലോകത്തില്‍ എവിടെയും സേവനം നല്‍കാനുമാകും. ചെയ്യുന്ന കാര്യത്തോടുള്ള പാഷന്‍ ആണ് പ്രധാനം. തന്റെ മേഖലയെ കുറിച്ച് സ്ഥിരമായി പഠിക്കണം. അതില്‍ ഫോക്കസ് ചെയ്ത് കഠിനാധ്വാനം നടത്തണം. ആത്മാര്‍പ്പണം നടത്തണം. എങ്കില്‍ കേരളവും ദുബായും ഉഗാണ്ടയുമെല്ലാം ഒരു പോലെയാകും. ആഗോളതലത്തില്‍ ചിന്തിച്ചു തുടങ്ങണം. ഒറ്റ ടൈം സോണില്‍ ബിസിനസ് ഒതുക്കരുതെന്നതാണ് ഇനിയുള്ള കാലത്തെ ബിസിനസ് രീതി. സംരംഭം എത്രത്തോളം വളരണം എന്നതു സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ സംരംഭകന് ബോധ്യം വേണം. ദീര്‍ഘകാല ലക്ഷ്യം ഉണ്ടായിരിക്കണം.
5. അവസരങ്ങള്‍ നിരവധി
യുഎഇയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ഇന്ത്യക്കാരാണ്. രണ്ടാമത് യുകെയും. ക്രൂഡ് ഇക്കോണമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സംരംഭകര്‍ക്ക് സാധ്യതകള്‍ ഏറെയുണ്ട്. എന്താണ് അവസരം എന്നത് അതാത് നാടിനെ ആശ്രയിച്ചിരിക്കും. ആഫ്രിക്കയില്‍ കാര്‍ഷിക മേഖലയില്‍ വലിയ അവസരങ്ങള്‍ തുറന്നിട്ടുണ്ട്. ധാരാളം സ്ഥലവും തൊഴിലാളി ലഭ്യതയും അവിടെയുണ്ട്. ജോലിക്ക് കൂലി ഭക്ഷണം എന്ന നിലയില്‍ പോലും തൊഴിലാളികളെ ലഭിക്കുന്നയിടം. ആരോഗ്യ സംരക്ഷണ രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും ആഫ്രിക്കയില്‍ അവസരങ്ങളുണ്ട്. ഇപ്പോഴും നമ്മേക്കാള്‍ 25 വര്‍ഷം പുറകിലാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളും. വിദേശങ്ങളില്‍ മാത്രമല്ല, നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ പോലും നമുക്ക് വളരാനുള്ള മണ്ണാണ്. ആഭ്യന്തര വിപണിയില്‍ കരുത്ത് കാട്ടിയ സംരംഭങ്ങളാണ് വിദേശത്തും വിജയിക്കുന്നത്. കേരളത്തിലെ ചെറുകിട ബിസിനസുകാര്‍ക്ക് പോലും വിദേശത്ത് നിക്ഷേപം നടത്താനാകും. പല രാജ്യങ്ങളിലും ബിസിനസ് തുടങ്ങാന്‍ വലിയ നിക്ഷേപം വേണമെന്നില്ല. മികച്ച സിസ്റ്റവും പ്രോസസുമാണ് വിജയം നിശ്ചയിക്കുന്നത്. വില്‍ക്കാനറിയാവുന്ന മലയാളിക്ക് ലോകത്തിലെ ഏതു മണ്ണും സമമാണ് എന്നറിയുക.

(കണ്ണൂര്‍ ആസ്ഥാനമായുള്ള എബിസി ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍. ക്ലബ് ഹൗസിലെ ധനം ബിസിനസ് ക്ലിനിക് റൂമില്‍ സംഘടിപ്പിച്ച ബിസിനസ് ക്ലിനിക്കില്‍ 'വിദേശത്തെ ബിസിനസ് സാധ്യതക'ളെ കുറിച്ച് നടത്തിയ പ്രഭാഷണത്തെ അധികരിച്ച് തയാറാക്കിയത്)


Related Articles
Next Story
Videos
Share it