അമ്മ നല്‍കിയ 300 രൂപയില്‍നിന്ന് തുടക്കം, കളിമണ്ണില്‍ വിജയകഥ രചിച്ച് ജയന്റെ സംരംഭം

തന്റെ കഴിവിലുള്ള വിശ്വാസവും അടങ്ങാത്ത ആഗ്രഹവും... കുറച്ച് കളിമണ്ണുമായി സംരംഭക ജീവിതത്തിലേക്ക് ഇറങ്ങിയ വികെ ജയന്‍ ചക്രം കറക്കിയെടുത്ത ജീവിത വിജയത്തെ കുറിച്ച് ചോദിച്ചാല്‍ പറയുന്ന ഉത്തരങ്ങളാണിത്. ഒപ്പം എന്നും ഓര്‍ക്കുന്നതാകട്ടെ തന്റെ ജീവിതത്തിന്റെ തന്നെ മൂലധനമായി അമ്മ നല്‍കിയ 300 രൂപയും... എറണാകുളം ജില്ലയിലെ വൈറ്റിലക്കടുത്ത് എരൂരിലെ മണ്‍പാത്ര-ശില്‍പ്പ നിര്‍മാണ സ്ഥാപനമായ ടെറാ ക്രാഫ്റ്റ്‌സിന്റെ ഉടമയായ ജയന്റെ സംരംഭ തുടക്കകാലം പ്രയാസം നിറഞ്ഞതാണെങ്കിലും ഇന്ന് ഇന്ത്യയ്ക്കപ്പുറം വിദേശരാജ്യങ്ങളില്‍ പോലും പ്രശസ്തമാണ് ഇവിടെനിന്ന് രൂപപ്പെടുത്തിയെടുക്കുന്ന കളിമണ്ണിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍. 2010 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയന്റെ മുന്‍ഭാഗം ഒരുക്കിയത് ഈ കളിമണ്‍ സ്‌നേഹിയുടെ കലാവിരുതുകളിലൂടെയാണെന്നത് അദ്ദേഹത്തിന്റെ കഴിവുകളെ അനര്‍ത്ഥമാക്കുന്നു.


പരമ്പരാഗത മണ്‍പാത്ര നിര്‍മാണ സമുദായത്തിലെ അംഗമായിരുന്നെങ്കിലും തന്റെ വിദ്യാഭ്യാസ കാലത്ത് തന്നെ കുടുംബപരമായ മണ്‍പാത്ര നിര്‍മാണം നിലച്ചുപോയതിനാല്‍ ദൂരങ്ങള്‍ താണ്ടിയായിരുന്നു ജയന്‍ പരിശീലനം നേടിയത്. തുടക്കത്തില്‍ അയല്‍വാസികളില്‍നിന്നും ബന്ധുക്കളില്‍നിന്നും മണ്‍പാത്ര നിര്‍മാണം പഠിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഖാദി കമ്മീഷന്റെ കീഴില്‍ നടത്തിവന്നിരുന്ന കോഴ്‌സില്‍ ചേര്‍ന്നു. ഇതിനുപിന്നാലെ കര്‍ണാടകയിലെ ബെല്‍ഗാമിലും പോയി പരിശീലനം നേടാന്‍ ജയന് മടിയുണ്ടായില്ല. ഇവിടെ നിന്നാണ് കളിമണ്ണില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭ സാധ്യതകളെ കുറിച്ച് അറിഞ്ഞതെന്ന് വികെ ജയന്‍ ധനത്തോട് പറഞ്ഞു.

''തുടക്കത്തില്‍ അമ്മ നല്‍കിയ 300 രൂപ കൊണ്ട് വാങ്ങിയ കളിമണ്ണുമായി, വീടിനോട് ചേര്‍ന്ന് ഒരു ഷെഡ് കെട്ടിയാണ് സംരംഭ ജീവിതത്തിന് 1991 ല്‍ തുടക്കമിട്ടത്. തുടക്കത്തില്‍ മാനുവലായി കറക്കുന്ന ചക്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യം പ്രായോഗിക പരിചയക്കുറവ് കാരണം ചില പരാജയങ്ങളുണ്ടായിരുന്നു. ഉണ്ടാക്കുന്നവ പൊട്ടിപ്പോകുമായിരുന്നു. പിന്നീട് പരിശീലനത്തിലൂടെ ഇവ മറികടക്കാനായി, നല്ല വരുമാനവും ലഭിച്ചുതുടങ്ങി. തുടക്കത്തില്‍ ഒരുദിവസത്തെ കൂലിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനേക്കാളൊക്കെ കിട്ടിയിരുന്നു'' ജയന്‍ പറഞ്ഞു. ആദ്യകാലത്ത് അച്ഛനും സഹോദരനും മറ്റ് ജോലിക്ക് പോകുന്നതോടൊപ്പം ജയന് പിന്തുണുമായെത്തി, ഇതോടെയാണ് തന്റെ സംരംഭ ജീവിതത്തിന് മുന്നോട്ടുപോകാനായത് - ജയന്‍ പറയുന്നു.
പിന്നീട് പടിപടിയായി ബിസിനസ് വിപുലീകരിച്ചതോടെ തൊഴിലാളികളെയും നിയമിച്ചു തുടങ്ങി. ബിസിനസ് വളര്‍ന്നതോടെ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളിലും മാറ്റം വരുത്തുകയായിരുന്നു ജയന്‍. ഓരോ വര്‍ഷവും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെങ്കിലും കളിമണ്ണില്‍നിന്ന് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ജയന്‍ പറഞ്ഞു. ആദ്യം ചെടിച്ചട്ടികള്‍, ജാറുകള്‍, ഇന്റീരിയര്‍ അലങ്കാര വസ്തുക്കള്‍ എന്നിവയൊക്കെയായിരുന്നു ഉണ്ടാക്കി തുടങ്ങിയത്. പിന്നീട് ശില്‍പ്പങ്ങള്‍, മ്യൂറല്‍ ശില്‍പ്പങ്ങള്‍ എന്നിവയൊക്കെ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ബിസിനസും അതിവേഗം വളര്‍ന്നു.
ട്രെന്‍ഡുകള്‍ക്കൊപ്പം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മാറ്റം വരുത്തുന്നതാണ് ജയന്റെ സംരംഭത്തിന്റെ വിജയത്തിന്റെ രഹസ്യം. നിലവില്‍ മണ്‍പാത്രങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതിനാല്‍ ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പന്നങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ എപ്പോഴും പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും ജയന്‍ പറയുന്നു.
സംരംഭക ജീവിതത്തിനപ്പുറം കലാവിരുതുകളില്‍ വിസ്മയം തീര്‍ക്കുന്ന ജയനെ തേടി ഒരുപാട് അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ''രണ്ട് തവണ ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആദ്യമായി ഒരു അംഗീകാരം ലഭിക്കുന്നത് സോണിയാഗാന്ധിയില്‍നിന്നാണ്, അതും 1994 ല്‍. അന്ന് സോണിയാഗാന്ധിയെ നേരിട്ട് കാണുകയും ഇന്ദിരാഗാന്ധിയുടെ ഒരു ശില്‍പ്പം സമ്മാനിക്കുകയും ചെയ്തിരുന്നു. 2010 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയന്റെ മുന്‍ഭാഗം ഒരുക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്'' ജയന്‍ പറഞ്ഞു.
17 പേര്‍ക്ക് ജോലി, ഒപ്പം മികച്ച വരുമാനംതന്റെ ആഗ്രഹത്തോടെ തുടങ്ങിയ സംരംഭത്തിലൂടെ ജയന്‍ മികച്ച വരുമാനമാണ് നേടുന്നത്. പ്രതിമാസം കൂലിയിനത്തില്‍ മാത്രം 50,000 രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം. 17 പേരാണ് അദ്ദേഹത്തിന്റെ ടെറാ ക്രാഫ്റ്റ്‌സില്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ തന്നെ നല്ല ജോലിക്കാര്‍ക്ക് 1000-1500 രൂപ വരെ ദിവസക്കൂലി നല്‍കുന്നുണ്ടെന്ന് ജയന്‍ പറഞ്ഞു. കലാവിരുതിലൂടെ വിസ്മയം തീര്‍ക്കുന്ന ജയന്റെ കീഴില്‍ 2,000 ഡിസൈനുകളാണ് ഇതുവരെയായി രൂപകല്‍പ്പന ചെയ്തത്.Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it