നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് സംരംഭകര്‍ മനസിലാക്കേണ്ട പാഠങ്ങള്‍: അനില്‍ ബാലചന്ദ്രന്‍ പറയുന്നു

കേരളത്തിലെ മൂന്നുമുന്നണികളുടെയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍നിന്നും സംരംഭക സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രന്‍

എല്‍ഡിഎഫിന്റെ വിജയവും മന്ത്രിസഭാ മാറ്റവും യുഡിഎഫിന്റെ പരാജയവും അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത ബിജെപിയുടെ നിസഹായവസ്ഥയും ഒരു ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതിയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സന്ദേശങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്നു ഓരോ സംരംഭകനും തിരിച്ചറിയാന്‍ സാധിക്കും. എന്തുകൊണ്ട് ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ഉണ്ടായി? എന്തുകൊണ്ട് പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി? അഥവാ ഒരു സംരംഭത്തെ എങ്ങനെ വിജയിപ്പിക്കണം? അവിടെ ഒരു സംരംഭകന്റെ നേതൃപാടവം എന്തായിരിക്കണം? യുഡിഎഫ് എന്തുകൊണ്ട് പരാജയപ്പെട്ടു അഥവാ ഒരു സംരംഭം പരാജയപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം? ബിജെപിക്ക് എന്തുകൊണ്ട് ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയി അഥവാ ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭം എങ്ങനെ ആയിരിക്കരുത്? ഇത്തരം കാര്യങ്ങളുടെ ഒരു സാദൃശ്യപഠനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

എന്തുകൊണ്ട് വീണ്ടും പിണറായി?
ഓരോ തവണയും മുന്നണിഭരണം മാറിമാറി വന്നിരുന്ന കേരളത്തില്‍ ഇത്തവണ ഇടതുപക്ഷത്തിന് ഉണ്ടായ ഭരണ തുടര്‍ച്ച സംരംഭകര്‍ക്ക് വലിയൊരു പാഠമാണ് പകര്‍ന്നു നല്‍കുന്നത്. അതോടൊപ്പം പ്രധാനമാണ് മന്ത്രിസഭയിലുണ്ടായ സമ്പൂര്‍ണ അഴിച്ചുപണി നല്‍കുന്ന സന്ദേശവും. പിണറായി വിജയന്‍ എന്ന ശക്തനായ നേതാവിന്റെ കീഴിലാണ് ഇടതുമുന്നണി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. അതായത് കരുത്തുറ്റ നേതൃപാടവവും ഇച്ഛാശക്തിയുമുള്ള ഒരു നേതൃത്വവുമായിരിക്കണം ഏത് സംരംഭത്തിന്റെയും മുന്നിലുണ്ടാകേണ്ടത്. ഡിസിഷന്‍ മേക്കര്‍ എന്നത് ഒരാള്‍ മാത്രമായി തീരുമ്പോള്‍ കൃത്യമായ മാനേജ്‌മെന്റ് ഘടനയും വിജയകരമായ ഒരു പ്രവര്‍ത്തനരീതിയും ആ സ്ഥാപനത്തിന് ഉണ്ടായിക്കൊള്ളും. ഇനി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുവന്ന അഭിപ്രായവ്യത്യാസങ്ങളിലും ഇടതുപക്ഷം എന്തുകൊണ്ട് മാതൃകയാകുന്നുവെന്ന് ചോദിച്ചാല്‍ അതിന്റെയും ഉത്തരം ഒരു സംരംഭത്തെ സംബന്ധിച്ച് അവിടെ ഒരു ജീവനക്കാരനല്ല പ്രാധാന്യം, മറിച്ച് ആ സംരംഭത്തിനുതന്നെ ആണ് എന്നതാണ്. ഈ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇടതുപക്ഷത്തില്‍നിന്നും സംരംഭകര്‍ മാതൃകയാക്കേണ്ട ചില പോയിന്റുകള്‍കൂടി ചൂണ്ടിക്കാട്ടാം.

1) ഒരു ജീവനക്കാരനുമാത്രമായി കമ്പനിയുടെ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. സംരംഭം എന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് അതീതമായിരിക്കണം.

2) സ്ഥിരമായി ഒരു ജീവനക്കാരനെയും ഒരു സ്ഥാനത്തും പ്രതിഷ്ഠിക്കരുത്. കംഫര്‍ട്ട് സോണിലേക്ക് അവര്‍ മാറിക്കഴിഞ്ഞാല്‍ പ്രൊഡക്ടിവിറ്റിയെ കാര്യമായി ബാധിച്ചേക്കും.

3) നമ്മുടെ കമ്പനിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് നമ്മുടെ മാത്രം തീരുമാനത്തിന് അനുസൃതമായി ആയിരിക്കണം. പുറത്ത് നില്‍ക്കുന്നവരുടെ കൈയ്യടി ലഭിക്കുവാനായി തീരുമാനങ്ങള്‍ എടുക്കരുത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്തയും വേണ്ട.

4) നമ്മളെ കുറ്റപ്പെടുത്തുന്നവരെ അവഗണിച്ചേക്കുക. ഈ കുറ്റപ്പെടുത്തുന്നവരൊക്കെ പണ്ടും അങ്ങനെ തന്നെ ആയിരുന്നുവെന്ന് തിരിച്ചറിയുക.

5) പുതുതലമുറയെ എന്നും മുന്നിലേക്ക് കൊണ്ടുവരിക. വളരുവാന്‍ വളക്കൂറുള്ള സ്ഥലമാണെന്ന് മനസിലായാല്‍ ധാരാളം പുതിയ ആളുകള്‍ ആ കമ്പനിയിലേക്ക് വരും.

6) ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുക. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക. ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ നാളെ കൈയടിക്കും എന്നും മനസിലാക്കുക.

7) ഞാന്‍ ഉണ്ടെങ്കിലേ ഈ സംരംഭത്തിന് നിലനില്‍പ്പുള്ളൂവെന്ന തോന്നല്‍ ഒരു ജീവനക്കാരനുപോലും ഉണ്ടാകാന്‍ ഒരു സംരംഭകനും അനുവദിക്കരുത്.

8) ഒരു സംരംഭത്തെ നയിക്കുന്നവര്‍ എപ്പോഴും ഒറ്റകെട്ടായി തീരുമാനം എടുക്കുക.

9) സ്വന്തം ടീമിനെ തീരുമാനിക്കുമ്പോള്‍ ബാഹ്യശക്തികളെയും അഭിപ്രായങ്ങളെയും അകറ്റി നിര്‍ത്തുക.

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും പഠിക്കേണ്ടത്
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്നതുപോലെ ഒരു ഭരണമാറ്റം സ്വാഭാവികമായും ഇത്തവണയും യുഡിഎഫ് പ്രതീക്ഷിച്ചിരിക്കും. ആ പ്രതീക്ഷയിന്‍മേലുണ്ടായ അമിതമായ കോണ്‍ഫിഡന്‍സ് ആണ് ഇത്തവണ യുഡിഎഫിനേറ്റ തിരിച്ചടികളിലൊന്ന്. പാര്‍ട്ടി സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളും കാലാനുസൃതമായെങ്കിലും പൊളിച്ചെഴുതേണ്ട നേതൃഘടനയും അധികാരവികേന്ദ്രീകരണത്തിലെ വ്യക്തത കുറവും കൃത്യമായ അജണ്ട സെറ്റ് ചെയ്യുന്നതിലെ വീഴ്ചയും തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കോണ്‍ഗ്രസിനു ഇക്കുറി കാര്യങ്ങള്‍ കയ്‌പേറിയതാക്കുകയായിരുന്നു. യുഡിഎഫ് സംവിധാനത്തിന്റെ പരാജയത്തിലേക്കു നയിച്ച ചില ഘടകങ്ങളെക്കുറിച്ച് തീര്‍ച്ചയായും സംരംഭകരും മനസ്സിരുത്തി വിലയിരുത്തേണ്ടതാണ്.

1) ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിലെ മനോഭാവം. പ്രസ്ഥാനത്തോട് കൂറും ആത്മാര്‍ഥതയും ഇല്ലാത്ത സ്വാര്‍ഥതാല്‍പര്യക്കാരെ യഥാസമയം ഒഴിവാക്കുക.

2) സെലക്ടിങ് ദ റോങ് കോംപറ്റീറ്റര്‍. നിലവിലുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി എതിരാളിയായി യുഡിഎഫ് കാണേണ്ടിയിരുന്നത് എല്‍ഡിഎഫിനെ ആയിരുന്നില്ല; ബിജെപിയെ ആയിരുന്നു. തെറ്റായ എതിരാളിയുടെ പിന്നാലെ പോയവരെല്ലാം എന്നും പരാജയപ്പെട്ടിട്ടേ ഉള്ളൂ.

3) 'ഡൂയിംഗ് ദ സെയിം തിങ് ആന്റ് എക്‌സ്‌പെക്ടിങ് ഡിഫറന്റ് റിസള്‍ട്ട് ഈസ് ഫെയിലുവര്‍.' പണ്ട് ചെയ്ത കാര്യങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരുന്നിട്ട് പുതിയ റിസള്‍ട്ട് പ്രതീക്ഷിച്ചാല്‍ അത് ഒരിക്കലും സാധ്യമാകില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും അത് ഉയര്‍ത്തിപ്പിടിച്ചത് പ്രയോജനപ്പെട്ടില്ല. നമ്മള്‍ സെലക്ട് ചെയ്യുന്ന വിഷയത്തിലും മുന്നോട്ടുവയ്ക്കുന്ന ഒബ്ജക്ടീവ്‌സിലും എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.

4) ബിസിനസിനു എപ്പോഴും ശരിയായ ഒരു സ്ട്രക്ചറും ശരിയായ ഒരു ഡിസിഷന്‍ മേക്കറും ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍പോലും യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. ആര് എന്ത് എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണം, ആരെക്കൊണ്ട് ചെയ്യിപ്പിക്കണം, ഇത് ആരുടെ ഉത്തരവാദിത്തമാണ് എന്നുള്ള കാര്യങ്ങളില്‍ സമ്പൂര്‍ണ വ്യക്തത നമ്മുടെ സ്ഥാപനത്തില്‍ ഉണ്ടായില്ലങ്കില്‍ ഡിസിഷന്‍ മേക്കിങില്‍ എപ്പോഴും പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും.

5) മികച്ച നേതൃത്വത്തിന്റെ അഭാവം. ഇവിടെ ഒരു വശത്ത് പിണറായി വിജയന്‍ എന്ന ഒറ്റയൊരാള്‍. മറുവശത്ത് നില്‍ക്കുന്നതാകട്ടെ ഒരു കൂട്ടം നേതാക്കള്‍. നമ്മളുടെ ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പിലോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലോ നാലോ അഞ്ചോ പത്തോ പേരുണ്ടാകുമെങ്കിലും ഒരാളായിരിക്കണം മുന്നില്‍നിന്ന് നയിക്കേണ്ടത്.

6) ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കുവേണ്ടിയോ ഒരു പ്രൊഡക്ട് വില്‍ക്കാനായോ ഒരു ക്യാപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ പിന്നില്‍ ടച്ചിങ് ആയ, ഇമോഷണല്‍ ആയ കഥകള്‍ ഉണ്ടെങ്കില്‍ മാത്രമേ, അതിനെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇടതുപക്ഷം മുന്നോട്ടുവച്ച, ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി അവര്‍ക്കു വളരെ ഇമോഷണലായി പറയാന്‍ പ്രളയമോ നിപയോ കൊവിഡോ കിറ്റോ ഉള്‍പ്പടെ ഒരുപാട് കഥകളുണ്ടായിരുന്നു. പക്ഷേ, നാടു നന്നാകാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യം പ്രതിപക്ഷം മുന്നോട്ടുവച്ചപ്പോള്‍ അതിന്റെ പിന്നില്‍ പറയാന്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ ഒരു കഥ ഇല്ലാതെ പോയി.

7) എന്താണോ കസ്റ്റമര്‍ക്കുവേണ്ടത്, ആ ആവശ്യം മനസ്സിലാക്കിക്കൊണ്ടുവേണം ഒരു പ്രൊഡക്ടോ സര്‍വീസോ ഡിഫൈന്‍ ചെയ്യേണ്ടത്. ഇവിടെ കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മെനക്കെട്ടില്ല.

8) ഓവര്‍ കോണ്‍ഫിഡന്‍സ് അപകടം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതും കിട്ടിയ യുഡിഎഫ്, അതിന്റെ ആത്മവിശ്വാസത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ അഞ്ചുകൊല്ലവും കഴിയുമ്പോള്‍ സംഭവിക്കുന്നതുപോലെ ഒരുമാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. 2016ലെ സാഹചര്യമല്ല 2021ല്‍. കോവിഡിനു മുമ്പുള്ള സാഹചര്യമല്ല, കോവിഡിനുശേഷം. കാലത്തിനനുസരിച്ച് നമ്മുടെ സ്ട്രാറ്റജിയിലും മാറ്റം വരുത്തണം.

9) ഒരു ബിസിനസ് ചെയ്യുമ്പോള്‍, ഒരു പ്രൊഡക്ടോ സര്‍വീസോ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ഉറപ്പായും ഒരു സ്ട്രാറ്റജി ഉണ്ടായിരിക്കണം. 2021ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പ് വരുമെന്നും 140 മണ്ഡലങ്ങളിലും മത്സരിക്കേണ്ടിവരുമെന്നും യുഡിഎഫിന് അറിയാമായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പിനു ഇരുപത് ദിവസം മുമ്പ് മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ ആ സ്ഥാനാര്‍ഥിക്ക് എന്ത് ഇംപാക്ടാണ് അവിടെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അവര്‍ ചിന്തിച്ചില്ല. ബിസിനസില്‍ ആയാലും സമയമുണ്ടല്ലോ എന്നുപറഞ്ഞ് ടാസ്‌കുകള്‍ അവസാനനിമിഷത്തേക്കു മാറ്റിവെക്കരുത്.

10) സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യേണ്ട രീതി. എല്‍ഡിഎഫ് കൊണ്ടുവരുന്ന ആശയങ്ങളെ അവരുടെ അനുഭാവികള്‍ യഥാസമയം സോഷ്യല്‍ മീഡിയലൂടെ പുറത്തെത്തിച്ചപ്പോള്‍ യുഡിഎഫ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത രീതി ദുര്‍ബലമായിരുന്നു. ബിസിനസില്‍ ആയാലും പരമ്പരാഗത പരസ്യരീതികള്‍ മാറ്റിവെച്ച് സോഷ്യല്‍ മീഡിയയെ കൂടുതല്‍ ശ്രദ്ധിക്കണം.

11) ഒരു നേതാവും അണിയായി നില്‍ക്കുന്ന പിടിവാശിക്കാരനായ ഒരു വ്യക്തിക്കു മുന്നില്‍ താഴ്ന്നുകൊടുക്കരുത്. താന്‍ മാറിക്കഴിഞ്ഞാല്‍ ഈ പ്രസ്ഥാനം ഇല്ലാതാകുമെന്ന് ഒരു ജീവനക്കാരനും തോന്നലുണ്ടാകുന്ന രീതിയില്‍ ഒരു ലീഡര്‍, ഒരു എന്‍ട്രപ്രണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

12) എതിരാളിയുടെ ഇമേജിനുമുന്നില്‍ ഭയന്നുനില്‍ക്കാനോ നമ്മുടെ ഉള്ളില്‍ പേടിയുണ്ട് എന്ന് എതിരാളി മനസിലാക്കാനോ പാടില്ല. പൊട്ടിനില്‍ക്കുന്ന ഒരു കമ്പനിയിലേക്ക് ആരെങ്കിലും ഇന്‍വെസ്റ്റ് ചെയ്യാന്‍ ആരും തയ്യാറാകില്ല. ഒരു സംരംഭകന്റെ സാഹചര്യമോ അവസ്ഥയോ വീക്‌നെസ്സുകളോ സമൂഹത്തോട് വിളിച്ചുപറഞ്ഞുകഴിഞ്ഞാല്‍ പിന്നെ നിലനില്‍പ്പുണ്ടാകില്ല.

13) ഒരു സംരംഭത്തിന് കൃത്യമായ മാനേജ്‌മെന്റ് ഘടനയുണ്ടെങ്കില്‍ ആ റൂട്ടിലൂടെ മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ. ഹൈകമാന്‍ഡ് ആകുന്ന നമ്മളിലേക്ക് നേരിട്ട് ഒരു എംപ്ലോയിക്കും അപ്രോച്ച് കൊടുക്കരുത്. ഒരിക്കലും ഹെലികോപ്ടര്‍ ലാന്‍ഡിങ് പോലെ ഒരു സ്ഥാപനത്തിലും പുറത്തുനിന്ന് ഒരാളെ കെട്ടിയിറക്കാനും പാടില്ല.

ബിജെപിയുടെ 'സംപൂജ്യത' സ്റ്റാര്‍ട്ടപ്പുകളെ പഠിപ്പിക്കുന്നത്
കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ട ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത് കടുത്ത നിരാശ മാത്രമായിരുന്നു. കേരളത്തിലെ പ്രബലരായ രണ്ട് മുന്നണികള്‍ക്കെതിരെയാണ് ബിജെപിയുടെ മത്സരം. ഒരു സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ച് സമാന ബിസിനസ് ചെയ്യുന്ന ഒട്ടേറെ കോര്‍പ്പറേറ്റുകളോട് ഒരേ സമയം മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കൃത്യമായ മുന്നൊരുക്കവും ഗൃഹപാഠവും അനിവാര്യമാണ്. സ്റ്റാര്‍ട്ട്അപ്പ് എപ്പോഴും സ്റ്റാര്‍ട്ടിങ് സ്‌റ്റേജില്‍ തന്നെയാണെന്ന തിരിച്ചറിവും ചെറുതില്‍ തുടങ്ങി ചെറുതായി മാത്രമേ വലിപ്പത്തിലേക്കു വളര്‍ച്ചയുണ്ടാകൂവെന്ന കൃത്യമായ ബോധ്യവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. ബിജെപിയുടെ പരാജയം സംരംഭകലോകത്തെ പഠിപ്പിക്കുന്ന മറ്റുചില കാര്യങ്ങളും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാം.

1) ഏതൊരു സംരംഭത്തിന്റെയും ആദ്യഘട്ടം ഒരു പരീക്ഷണമായതുകൊണ്ടുതന്നെ ചെറിയൊരു മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി അവിടെ പയറ്റി തെളിഞ്ഞു സക്‌സസ് ഫോര്‍മുല കണ്ടെത്തിയശേഷമായിരിക്കണം കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് ശ്രദ്ധതിരിക്കേണ്ടത്. കഴിഞ്ഞ എട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ആയിരുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടമായ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് സ്റ്റിക് ഓണ്‍ ചെയ്തിരുന്നെങ്കില്‍ ഇക്കുറി ഫലം മറ്റൊന്നാകുമായിരുന്നു.

2) കോണ്‍ഫിഡന്‍സ് വിത്ത്ഔട്ട് ക്ലാരിറ്റി ഈസ് ഡിസാസ്റ്റര്‍. ബിസിനസ് തുടങ്ങിയാല്‍ ഉടന്‍ കോടീശ്വരന്‍മാരാകാം എന്ന് ചിന്തിക്കുന്ന ചില സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുണ്ട്. യാതൊരു പ്ലാനിങും ഇല്ലാതെ വെറും ആത്മവിശ്വാസം മാത്രമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ ഇത്രയും സീറ്റുകള്‍ എവിടെനിന്നു കിട്ടുമെന്നോ എങ്ങനെ കിട്ടുമെന്നോ ഉള്ള യാഥാര്‍ഥ്യബോധവും വ്യക്തതയും നേതാക്കള്‍ക്കു ഉണ്ടായിരുന്നില്ല.

3) മാര്‍ക്കറ്റ് നിരീക്ഷണം അനിവാര്യം. ഫൈന്‍ഡ് ദ ഗ്യാപ് ആന്റ് ഫില്‍ ദ ഗ്യാപ്. സമാന ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്‍കാന്‍ കഴിയാത്തത് ലഭ്യമാക്കുമ്പോഴാണ് ഒരു സംരംഭത്തിന് അതിജീവിക്കാന്‍ കഴിയുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഇടപെടലുകളില്‍ എവിടെയൊക്കെയാണ് ജനങ്ങള്‍ക്ക് സംതൃപ്തി ഇല്ലാത്തത് എന്നുകണ്ടെത്തി ആ ഗ്യാപ് ഫില്‍ ചെയ്യാന്‍ ബിജെപി ശ്രമിച്ചില്ല.

4) ഒരു പാത്രത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഞണ്ടുകളിലൊന്ന് വലിഞ്ഞ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവ അതിന്റെ കാലില്‍ പിടിച്ച് താഴേക്കിടുന്ന സാഹചര്യം ഒരു സംരംഭത്തില്‍ ഒരിക്കലും പാടില്ല. ആരാണ് മുകളില്‍, ആരാണ് അതിനുതാഴെ എന്നതു സംബന്ധിച്ചു വ്യക്തമായ ധാരണയോടെ ഒരു ലീഡര്‍ഷിപ്പ് സ്ട്രാറ്റജി ഉണ്ടായില്ലെങ്കില്‍ എത്ര വലിയ കോണ്‍സെപ്ട് ആയാലും സ്റ്റാര്‍ട്ട്അപ്പ് കമ്പനി പരാജയപ്പെട്ടേക്കാം.

5) ഒരു ബിസിനസിന്റെ വിജയത്തിന് ആവശ്യംപോലെ ക്യാപിറ്റല്‍ ഫണ്ട് മാത്രം ഉണ്ടായിട്ട് കാര്യമില്ല എന്ന തിരിച്ചറിവ് സംരംഭകര്‍ക്ക് ഉണ്ടായിരിക്കണം. ആവശ്യംപോലെ പണമുണ്ടായിരുന്നിട്ടും അത് ചെലവഴിച്ചിട്ടും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്ന കാര്യം സംരംഭകര്‍ ഓര്‍ത്തിരിക്കുക.

6) ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭം തുടങ്ങുമ്പോള്‍ അതിലേക്ക് ആദ്യം ചേര്‍ക്കേണ്ടത് പരിചയ സമ്പന്നരെയാണ്. അത് സ്റ്റാഫ് ആയാലും പാര്‍ട്‌ണേഴ്‌സ് ആയാലും. പോപ്പുലാരിറ്റിയും ബ്രാന്‍ഡ് ബില്‍ഡിങും രണ്ടാമത് മാത്രം. പ്രശസ്തരായവരെയും സെലിബ്രിറ്റികളെയും കൂടുതലായി കൊണ്ടുവരാനാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിച്ചത്. അതേസമയം രാഷ്ട്രീയപരമായി പരിചയ സമ്പത്തുള്ള ഇലക്ഷന്‍ മാനേജര്‍മാരെ ഒപ്പം ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

6) ഏത് സംരംഭത്തില്‍ ആയാലും അതിന്റെ ഉന്നത മാനേജ്‌മെന്റ് പദവി വഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ആ സംരംഭത്തിന്റെ വളര്‍ച്ചക്കുവേണ്ടി അവര്‍ എടുക്കുന്ന സ്ട്രാറ്റജി പരാജയമായി ഭവിക്കും. ഗ്രൗണ്ട് ലെവലില്‍ നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി ഡിസിഷന്‍ മേക്കേഴ്‌സില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയോ അല്ലെങ്കില്‍, എന്താണ് ഗ്രൗണ്ട് റിയാലിറ്റി എന്നുള്ളത് ടോപ്പ് മാനേജ്‌മെന്റ് നേരിട്ട് മനസിലാക്കുകയോ വേണം. കേന്ദ്രനേതൃത്വത്തില്‍ ഉള്ളവരെ പലകാര്യങ്ങളിലും തെറ്റിദ്ധരിപ്പിക്കാന്‍ നമ്മള്‍ പ്രസിഡന്റ് എന്നോ ജനറല്‍ മാനേജര്‍ എന്നോ ഒക്കെ വിളിക്കുന്ന ഇടനില നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

7) ഏത് സംരംഭത്തിലായാലും ഏതുകാര്യവും നാളേക്ക് നീട്ടിവെയ്ക്കാതെ തീരുമാനങ്ങള്‍ യഥാസമയം എടുക്കാന്‍ ശ്രദ്ധിക്കണം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേതുപോലെ വളരെ വൈകിമാത്രമാണ് ബിജെപിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

8) ബിസിനസില്‍ ഒരിക്കലും സ്ട്രാറ്റജി വെളിപ്പെടുത്താന്‍ സംരംഭകര്‍ ശ്രമിക്കരുത്. നമ്മുടെ ആശയങ്ങള്‍ മറ്റൊരാള്‍ അടിച്ചുമാറ്റുന്നതിനോ അല്ലെങ്കില്‍ നമ്മുടെ സ്ട്രാറ്റജി മനസ്സിലാക്കുന്ന എതിരാളികള്‍ അതുപയോഗിച്ച് നമ്മളെ തകര്‍ക്കാനോ ശ്രമിക്കും. ശബരിമല വിഷയം ഒരു സുവര്‍ണാവസരമാണെന്നു കൊണ്ടുതന്നിരിക്കുന്നതെന്ന ചില ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍ അവര്‍ക്ക് രാഷ്ട്രീയപരമായും സാമൂഹ്യപരമായും തിരിച്ചടിയായിട്ടുണ്ട്.

9) ഒരു പ്രമോഷന്റെ കാര്യം വരുമ്പോള്‍ താഴെ തട്ടില്‍ നമുക്കുവേണ്ടി ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ പരിഗണിക്കാതെ പുറത്തുനിന്ന് ഒരാളെ നിയമിക്കുകയും ഇദ്ദേഹമാണ് ഇനി നിങ്ങളെ നയിക്കാന്‍ പോകുന്നത് എന്നും പറയുന്ന പ്രവണത ഒരിക്കലും ഒരു സംരംഭകനും സ്വീകരിക്കരുത്. നമ്മളോട് ആത്മാര്‍ഥത ഉണ്ടായിരുന്നവരെ അത് തീര്‍ച്ചയായും സങ്കടപ്പെടുത്തും. പാര്‍ട്ടിയോട് കൂറുള്ള കുറച്ചുപേരെയെങ്കിലും ഒഴിവാക്കി പ്രശസ്തിമാത്രം കണിക്കിലെടുത്ത് പുറത്തുനിന്ന് ഒട്ടേറെ പേരെ സ്ഥാനാര്‍ഥികളായി ബിജെപി കെട്ടിയിറക്കിയിരുന്നു.

10) നമ്മള്‍ക്കില്ലാത്ത കഴിവുകളുള്ള ഒരാളെ ആയിരിക്കണം പാര്‍ട്ണര്‍ ആക്കേണ്ടത്. നമ്മുടെ അതേ കഴിവും അതേ ചിന്താഗതിയും ഉള്ളയാളാണ് പാര്‍ട്ണര്‍ എങ്കില്‍ രണ്ടാമത്തെയാളെക്കൊണ്ട് ഉറപ്പായും പ്രയോജനമില്ലാതെ വരും. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുമ്പോള്‍ ബിജെപിക്ക് ബിഡിജെസ് സഖ്യത്തില്‍നിന്നും എന്ത് നേട്ടമാണ് ഉണ്ടായതെന്നു ചിന്തിക്കുക.

11) മാര്‍ക്കറ്റിന്റെ ട്രെന്‍ഡ് മനസിലാക്കുക. കസ്റ്റമര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമുക്ക് ഇഷ്ടമല്ല എന്നുകരുതി അത് നടപ്പിലാക്കാതിരുന്നാല്‍ ഒരു കസ്റ്റമറും നമുക്ക് അനുകൂലമായി ഉണ്ടാകില്ല. ബീഫ് നിരോധനം സംബന്ധിച്ച തെറ്റിദ്ധാരണയെക്കുറിച്ച് ഇന്നുവരെ ശരിയായ രീതിയില്‍ വിശദീകരിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

12) ഒരു കസ്റ്റമറുടെ ഉള്ളിലുള്ള യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുവേണം ഒരു പ്രോജക്ട് ഡിസൈന്‍ ചെയ്യേണ്ടത്. ശരിയായ ഡേറ്റ കൊണ്ടുമാത്രമേ എവിടെയൊക്കെയാണ് നമുക്ക് തെറ്റുപറ്റിയതെന്നോ എവിടെയൊക്കെയാണ് തിരുത്തേണ്ടതെന്നോ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ ഉള്ളിലിരുപ്പ് എന്താണെന്നു തിരിച്ചറിയാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ഒരു സംരംഭത്തിന്റെ സുഗമവും വിജയകരവുമായ പ്രവര്‍ത്തനത്തിന് ആത്യന്തികമായി ഉണ്ടാകേണ്ടത് വ്യക്തതയാണ്. ടോപ്പ് ഓര്‍ഡര്‍ മാനേജ്‌മെന്റില്‍ തുടങ്ങി നയപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിലും ജീവനക്കാരെ വിലയിരുത്തുന്നതിലും മാര്‍ക്കറ്റ് ട്രന്‍ഡ് മനസിലാക്കുന്നതിലും ആ ക്ലാരിറ്റി അനിവാര്യമാണ്. ഓരോ സാഹചര്യങ്ങള്‍ക്കും അനുസൃതമായ സ്ട്രാറ്റജി രൂപപ്പെടുത്താനും സുസംഘടിതമായ രീതിയില്‍ അത് നടപ്പാക്കാനും സംരംഭകന് കഴിയണം. കോവിഡിനുമുമ്പുള്ള സാഹചര്യങ്ങളല്ല, കോവിഡിനുശേഷമുള്ളതെന്ന കാര്യവും സംരംഭകര്‍ പ്രത്യേകം മനസിലാക്കിയിരിക്കുക.


(അനില്‍ ബാലചന്ദ്രന്‍ പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമാണ്. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് സംരംഭകര്‍ക്ക് മികച്ചരീതിയില്‍ സെയില്‍സ് പരിശീലനം നല്‍കിവരുന്നു. കോര്‍പ്പറേറ്റുകള്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സെയില്‍സ് ട്രയിനിങിനു പുറമേ കണ്‍സള്‍ട്ടിങ് സേവനവും ലഭ്യമാക്കുന്നു. സെയില്‍സ് മേഖലയെ സംബന്ധിച്ച ഒട്ടേറെ മലയാളം വീഡിയോകളും അനില്‍ ബാലചന്ദ്രന്‍ ദ സെയില്‍സ്മാന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.)



Related Articles
Next Story
Videos
Share it