മുറുക്ക് മുതല്‍ ശര്‍ക്കരവരട്ടി വരെ, ''ലോക്കല്‍'' കപ്പയെ പ്രീമിയം ഉല്‍പ്പന്നങ്ങളാക്കി ഷീജ നേടുന്നത് മികച്ച വരുമാനം

''കണ്ണുണ്ടായാല്‍ പോര, നമുക്ക് ചുറ്റും കണ്ണോടിക്കുകയും വേണം'' തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഷീജ ഒരു സംരംഭം തുടങ്ങണമെന്ന് ചിന്തിച്ചപ്പോള്‍ ആദ്യം ചെയ്ത കാര്യമാണിത്... പിന്നീട് കൂടുതലായൊന്നും ആലോചിക്കേണ്ടി വന്നില്ല ഈ യുവസംരംഭകയ്ക്ക്, നാട്ടില്‍ സുലഭമായ ''ലോക്കല്‍'' കപ്പയില്‍നിന്ന് പ്രീമിയം ഉല്‍പ്പന്നങ്ങളുമായി ഷീജ തന്റെ സംരംഭ ജീവിതത്തിന് തുടക്കമിട്ടു. കപ്പയില്‍നിന്ന് മിക്‌സ്ചര്‍, പക്കവട, ഓമപ്പൊടി, ശര്‍ക്കരവരട്ടി, കാരസേവ എന്നിങ്ങനെ ആറ് പ്രീമിയം ഉല്‍പ്പന്നങ്ങളാണ് ഷീജ തന്റെ ഉടമസ്ഥതയിലുള്ള നൃപന്‍സ് ടേസ്റ്റ്് ഫുഡിന് കീഴില്‍ വിപണിയിലെത്തിക്കുന്നത്.

2018ലാണ് വ്യത്യസ്ത ആശയവുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് ഷീജ കപ്പ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് തുടങ്ങിയത്. ജില്ലയിലെ പ്രീമിയം ഷോപ്പുകളില്‍ മാത്രം ലഭ്യമാകുന്ന കപ്പ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ഷീജ ധനത്തോട് പറഞ്ഞു.
''തികച്ചും കേരളത്തില്‍നിന്ന് ലഭിക്കുന്ന കപ്പ ഉപയോഗിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 100 ശതമാനം പ്രകൃതിദത്തമായ രീതിയില്‍, കൃത്രിമ നിറങ്ങളോ ഫ്‌ളേവറുകളോ ചേര്‍ക്കാതെയാണ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നത്. പൂര്‍ണമായും മൈദ ഫ്രീയാണ്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണം വീണ്ടും ഉപയോഗിക്കാറില്ല. ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ പ്രീമിയം ഷോപ്പുകളിലാണ് ഉല്‍പ്പന്നങ്ങളെത്തിക്കുന്നത്. എറണാകുളത്ത് കൂടി ഇത് വ്യാപിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതികളുമുണ്ട്'' തന്റെ സംരംഭത്തെ കുറിച്ച് ഷീജ പറഞ്ഞു.
നിലവില്‍ വിപണിയിലെത്തിക്കുന്ന ആറ് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കപ്പ കൊണ്ടുള്ള കുക്കീസ്, 14 ഫ്‌ളേവറുകളിലുള്ള റസ്‌ക്, കേക്ക്, ചിപ്‌സ് എന്നിവയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നൃപന്‍സ് ടേസ്റ്റ്് ഫുഡ്. 150 ഗ്രാം പേക്കറ്റുകളില്‍ ലഭ്യമാകുന്ന കപ്പയുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് 65 രൂപയാണ് ഈടാക്കുന്നത്.
പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ വില്‍പ്പന വരെ
പ്രീമിയം കപ്പ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ പ്രതിമാസം ശരാശരി 1.5-2 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഷീജ നേടുന്നത്. അഞ്ച് ജീവനക്കാരും ഷീജയുടെ ഉടമസ്ഥതയിലുള്ള നൃപന്‍സ് ടേസ്റ്റ്് ഫുഡില്‍ ജോലി ചെയ്തുവരുന്നുണ്ട്. തുടക്കത്തില്‍ മെഷീനറികള്‍ക്കായി എട്ട് ലക്ഷം രൂപയായിരുന്ന സംരംഭത്തിനായി ചെലവഴിച്ചിരുന്നത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മൊത്തത്തില്‍ 17 ലക്ഷം രൂപയോളം മൂലധനമായി ചെലവഴിച്ചതായി ഷീജ പറയുന്നു.
എല്ലാ മേഖലയെ പോലെ കോവിഡ് കാലത്തും ഷീജയുടെ ബിസിനസിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍നിന്നുള്ള തിരിച്ചുവരവിലാണ് ഈ യുവസംരംഭക. തന്റെ സംരംഭ ജീവിതത്തില്‍ പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് വിജയദാസ് കൂടെയുള്ളതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും ഷീജ പറഞ്ഞു.Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it