ജീവനക്കാര്‍ റോബോട്ടല്ല അവര്‍ക്ക് വേണം വേറിട്ട ശൈലികള്‍

കമ്പനികളുടെ പരാജയ കഥകള്‍ പരിശോധിക്കുമ്പോള്‍ പലപ്പോഴും പ്രശ്‌നമായി കാണുന്ന ഒന്നാണ് മികച്ച ഹ്യൂമന്‍ റിസോഴ്‌സിന്റെ അഭാവം. കമ്പനികള്‍ പലപ്പോഴും അവരുടെ പ്രധാന അസറ്റായ ജീവനക്കാരെ മറക്കുന്നു. ശമ്പളം നല്‍കുന്നതുകൊണ്ട് ജീവനക്കാര്‍ കഷ്ടപ്പെട്ട് പണിയെടുക്കണമെന്നാണ് മാനേജ്‌മെന്റ് ചിന്തിക്കുന്നത്. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജീവനക്കാര്‍ റോബോട്ടല്ല, അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. 50 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ശമ്പളം പ്രധാന ഘടകമായി കരുതുന്നത്. മികച്ച തൊഴില്‍ സാഹചര്യം, തൊഴില്‍ സുരക്ഷ, തൊഴില്‍ സംതൃപ്തി, കെയറിംഗ് മാനേജ്‌മെന്റ് എന്നിവയ്ക്കാണ് ബാക്കി ജീവനക്കാര്‍ പ്രാധാന്യം നല്‍കുന്നത്.

ഹ്യൂമന്‍ റിസോഴ്‌സസിന് വളരെ പ്രാധാന്യമുള്ള സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തിന്റെ കഥ പറയാം. നന്നായി മുന്നോട്ടുപോയിക്കൊണ്ടിരുന്ന കമ്പനിയുടെ സാരഥ്യത്തിലേക്കാണ് പുതിയ മാനേജ്‌മെന്റ് വന്നത്. പുതിയ മാനേജ്‌മെന്റിന് ഇന്‍ഡസ്ട്രിയെ കുറിച്ച് വേണ്ടത്ര ഗ്രാഹ്യമുണ്ടായിരുന്നില്ല. അതിനാല്‍ ബിസിനസ് സുഗമമായി നടത്തികൊണ്ടു പോകാന്‍ പഴയ ജീവനക്കാരെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ പുതിയ മാനേജ്‌മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കിയത് അവരോട് വിശ്വസ്തത കാണിക്കുന്ന, ഇന്‍ഡസ്ട്രിയെകുറിച്ച് അറിവില്ലാത്ത പുതിയ ജീവനക്കാര്‍ക്കാണ്. നല്ല പ്രവര്‍ത്തന പരിചയമുള്ള പഴയ ജീവനക്കാരെ മാനേജ്‌മെന്റ് പരിഗണിച്ചില്ല. പഴയ ജീവനക്കാര്‍ക്ക് മാനേജ്‌മെന്റില്‍ വലിയ പിടിപാടൊന്നുമുണ്ടായിരുന്നില്ല അതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റ് കേട്ടതുമില്ല. മാത്രമല്ല മാനേജ്‌മെന്റിന്റെ സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ മൂല്യവത്തായ ക്ലയ്ന്റുകള്‍ക്ക് സേവനം നല്‍കാനും സാധിച്ചില്ല.

ഇങ്ങനെ പോയാല്‍ ക്ലയന്റുകളെയും ആത്യന്തികമായി തങ്ങളുടെ ജോലിയും നഷ്ടപ്പെടുമെന്ന് മനസിലാക്കിയ പഴയ ജീവനക്കാര്‍ ഒന്നിച്ച് ഒരു സുപ്രഭാതത്തില്‍ കമ്പനി വിട്ടു പോയി. ക്ലയന്റുകളുടെ വിവരങ്ങളും മറ്റും കൊണ്ടുപോവുകയും പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്തു. കമ്പനിക്ക് വലിയൊരു ആഘാതമായിരുന്നു ഇത്. വിശ്വസ്തരെന്ന് മാനേജ്‌മെന്റ് വിശ്വസിച്ച പുതിയ ജീവനക്കാര്‍ക്ക് ഈ നീക്കം തിരിച്ചറിയാനായില്ല.

ഈ സാഹചര്യം നേരിടാനായി മാനേജ്‌മെന്റ് വീണ്ടും ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ടീമിനെ നിയമിച്ച് തെറ്റ് വീണ്ടും ആവര്‍ത്തിച്ചു. അങ്ങനെ ബിസിനസ് നഷ്ടമാകുകയും പതുക്കെ അടച്ചു പൂട്ടപ്പെടുകയും ചെയ്തു. ഇന്ന് ആ ബിസിനസ് പൂര്‍ണമായും ഇല്ലാതെയായി.

ഈ കേസ് സ്റ്റഡി പഠിപ്പിക്കുന്നത്

  • ജീവനക്കാരുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുകയും അവരെ ചുമതലയേല്‍പ്പിക്കുകയും അതിനനുസരിച്ച വേതനം നല്‍കുകയും വേണം. ലൈന്‍ മാനേജര്‍മാരായിട്ട് ശരിയായ ആളുകളെ ശരിയായ സ്ഥലങ്ങളില്‍ നിയമിക്കണം. ഇല്ലെങ്കില്‍ സ്ഥാപനത്തിനുള്ളില്‍ സുരക്ഷിതത്വമില്ലായ്മയും ഈഗോ ക്ലാഷും ഉണ്ടാകും.
  • എല്ലാ തലത്തിലുള്ളവരെയും ഉള്‍പ്പെടുത്തി സുതാര്യമായ മീറ്റിംഗുകള്‍ നടത്തുക. തൊഴില്‍, പെരുമാറ്റ അധിഷ്ഠിത ട്രെയ്‌നിംഗുകള്‍ നല്‍കണം.
  • സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകുന്നവരെ ഇന്റര്‍വ്യൂ ചെയ്ത് പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും വേണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകും മുന്‍പ് തീര്‍പ്പാക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Shaji Varghese
Shaji Varghese  

The author is a Chartered Accountant & Management Consultant;Phone: 9847044030

Related Articles

Next Story

Videos

Share it