സ്റ്റാർട്ടപ്പുകൾക്ക് നേടാം വിജയം

ഞാന്‍ സാധാരണയായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപദേശം നല്‍കാറില്ലെന്ന് എന്റെ വായനക്കാര്‍ക്ക് അറിയാം. ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യുന്ന സംരംഭകരില്‍ പലരും ആ വ്യവസായത്തെ കുറിച്ച് കാര്യമായി മനസിലാക്കാറില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെങ്കിലേ അടിസ്ഥാന കാര്യങ്ങളില്‍ മികച്ച അവഗാഹം ഉണ്ടാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പുതുയുഗത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന പല സംരംഭങ്ങളും ആമസോണ്‍, ഗൂഗ്ള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂബര്‍ തുടങ്ങിയ വമ്പന്‍മാരെ അനുകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഇത്തരം സംരംഭകരില്‍ പലരും സാധ്യമാകുന്നത്ര വേഗത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിനായി പണം പൊടിക്കുകയാണ് ചെയ്യുന്നത്. അവര്‍ ബിസിനസിന്റെ അടിസ്ഥാന ലക്ഷ്യമായ മൂലധന നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തെ (Return on Capital Employed, ROCE) അവഗണിക്കുന്നു.

അടുത്തിടെ, കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ അഭ്യര്‍ത്ഥന പ്രകാരം കേരളത്തിലെ വിവിധ ഇന്‍കുബേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കുകയുണ്ടായി.

സംരംഭത്തെ ബിസിനസ് വീക്ഷണത്തോടെ കാണാനാണ് ഈ സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് ഞാന്‍ ആവശ്യപ്പെട്ടത്. മറിച്ച് അവര്‍ അതിന്റെ ടെക്‌നോളജി വശം മാത്രമാണ് എടുത്തു
കാണിക്കാറുള്ളത്.

ഫണ്ട് ലഭ്യത കുറവ്

ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച പ്രധാന കാര്യങ്ങളിലൊന്ന് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിന്റെ ലഭ്യത സംബന്ധിച്ചതാണ്. നമുക്കെല്ലാം അറിയുന്നതു പോലെ വ്യത്യസ്ത തലങ്ങളിലുള്ള ഫണ്ടുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉപയോഗിക്കാറുണ്ട്. ആദ്യ റൗണ്ട് ഫണ്ടിംഗ് സീഡിംഗ് എന്ന് അറിയപ്പെടുന്നു.

സാധാരണയായി കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, ഇന്‍കുബേറ്റേഴ്‌സ് എന്നിവരില്‍ നിന്നെല്ലാം ഇത് സ്വീകരിക്കാറുണ്ട്. ഒരാശയത്തെ ഒരു ഉല്‍പ്പന്നമായോ സേവനമായോ വികസിപ്പിച്ച് ബിസിനസ് തുടങ്ങുന്നതിനുള്ള ഫണ്ടിംഗാണിത്. ഒരു സംരംഭം സീഡ് സ്റ്റേജ് പൂര്‍ത്തിയാക്കുകയും അതിന് നിശ്ചിത അളവില്‍ ബിസിനസ് ആക്ടിവിറ്റി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് അടുത്ത റൗണ്ട് ആയ സീരീസ് എ ഫണ്ടിംഗ് ലഭ്യമാകുക. ഉപയോക്താക്കളുടെ എണ്ണം, വരുമാനം, വ്യൂസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിസിനസ് ആക്ടിവിറ്റി കണക്കാക്കുന്നത്.

ലാഭകരമായ ഒരു ബിസിനസ് മോഡല്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമായാണ് സീരീസ് എ റൗണ്ട് ഫണ്ടിംഗ് ഉപയോഗിക്കുക. വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങള്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്, ചിലപ്പോള്‍ ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെയാണ്
സാധാരണയായി സീരീസ് എ ഫണ്ടിംഗ് എത്തുക.

മികച്ച ബിസിനസ് മാതൃകയാണെന്ന് തെളിയിക്കപ്പെടുകയും അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ഫണ്ട് ആവശ്യമായി വരികയും ചെയ്താല്‍ സീരീസ് ബി ഫണ്ടിംഗിനായി ശ്രമിക്കുന്നു. സീരീസ് ബി ഫണ്ടിംഗിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിപണിയിലെ മികച്ച പ്രൊഫഷണലുകളെ നല്ല ശമ്പളം നല്‍കി സ്റ്റാര്‍ട്ടപ്പുകളില്‍ എത്തിച്ച് മാനേജ്‌മെന്റ് ബാന്‍ഡ് വിഡ്ത് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളാണ് സാധാരണയായി സീരീസ് ബി ഫണ്ടിംഗ് നല്‍കുക.

നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനും മറ്റു സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനും അല്ലെങ്കില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമൊക്കെ പണം കണ്ടെത്തുക സീരീസ് സി റൗണ്ട് ഫണ്ടിംഗിലൂടെയാണ്. ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിന് (IPO) തയാറെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപനത്തിന്റെ മൂല്യം ഉയര്‍ത്തുന്നതിനായാണ് സാധാരണ ഇങ്ങനെ ചെയ്യാറ്.

സാധാരണയായി സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിക്കുന്ന അവസാന വട്ട ഫണ്ടിംഗാണ് സീരീസ് സി. എന്നിരുന്നാലും ചില സ്റ്റാര്‍ട്ടപ്പുകള്‍ സീരീസ് ഡി, സീരീസ് ഇ തല ഫണ്ടിംഗിലേക്കും
പോകാറുണ്ട്.

കേരളത്തിലെ മിക്ക സ്റ്റാര്‍ട്ടപ്പുകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായവയാണ്. സീഡ് ഫണ്ടിംഗ് ഘട്ടത്തിലുള്ള അവ സീരീസ് എ ഫണ്ടിംഗ് നേടുന്നതിനുള്ള ശ്രമത്തിലാണ്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂൂര്‍, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ മറ്റിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ വളരെ മുമ്പ് തന്നെ തുടങ്ങിയവയും അവ സീരീസ് ബി, സീരീസ് സി ഫണ്ടിംഗിന് ശ്രമിക്കുന്നവരുമാണ്.

അതുകൊണ്ടു തന്നെ രാജ്യത്ത് ഓരോ വര്‍ഷവും വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപം വളരെ ഉയര്‍ന്നതാണെങ്കിലും അവയില്‍ ഭൂരിഭാഗവും സീരീസ് ബി, സീരീസ് സി ഫണ്ടിംഗിനാണ് ചെലവഴിക്കപ്പെടുന്നത്. അതിന്റെ ഫലമായി, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സീരീസ് എ ഫണ്ടിംഗിന് വലിയ തോതില്‍ പണത്തിന്റെ അഭാവം നേരിടുന്നു.
ഇതര്‍ത്ഥമാക്കുന്നത്, കേരളത്തിലെ മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫണ്ട് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതുകൊണ്ടു തന്നെ നിലനില്‍പ്പ് എന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുമാണ്.

നിലനില്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ കാഷ് ബ്രേക്ക് ഈവന്‍ ഘട്ടത്തിലോ പണം മിച്ചം വരുന്ന ഘട്ടത്തിലോ ആയിരിക്കണം എന്നാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ മാത്രം ശ്രദ്ധിച്ചാല്‍ അത് സാധ്യമാകില്ല.

മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിലനില്‍പ്പിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് സമാന്തര പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപദേശകര്‍ നല്‍കുന്ന സാധാരണ നിര്‍ദ്ദേശങ്ങള്‍ക്ക് കടക വിരുദ്ധമാണ് ഇത്. കാരണം അവരുടെ പ്രധാന ഉല്‍പ്പന്നത്തിലോ സേവനത്തിലോ ആയിരിക്കണം ശ്രദ്ധ മുഴുവന്‍ എന്നതായിരിക്കും അവര്‍ നല്‍കുന്ന ഉപദേശം.

എന്തൊക്കെയായാലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രത്യേക പരിതസ്ഥിതിയില്‍, സീഡ് സ്റ്റേജില്‍ നിലനില്‍പ്പ് സാധ്യമാക്കിയ സ്ഥാപനങ്ങള്‍ക്ക് സീരീസ് എ റൗണ്ട് ഫണ്ടിംഗ് നേടാന്‍ കഴിഞ്ഞിരിക്കണമെന്ന് ഞാന്‍ കരുതുന്നു.

ആശയങ്ങളുടെ ആവര്‍ത്തനം

ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച രണ്ടാമത്തെ കാര്യം ആശയങ്ങളുടെ ആവര്‍ത്തനം സംബന്ധിച്ചാണ്. യുഎസ്, യൂറോപ്പ് തുടങ്ങിയ വികസിത മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നടത്തി വിജയിച്ച ആശയങ്ങളുടെ ആവര്‍ത്തനങ്ങളാണ് കേരളത്തിലെ മിക്ക സ്റ്റാര്‍ട്ടപ്പുകളും നടപ്പിലാക്കുന്നത്. ഈയൊരു തന്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉദാഹരണങ്ങളിലൊന്ന് ആവര്‍ത്തന ആശയങ്ങളിലൂടെ ചൈനയിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയ വിജയമാണ്.

ചൈനയുടെ ആമസോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഡി (JD), ചൈനയുടെ ഗൂഗ്ള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൈദു (Baidu), ചൈനയുടെ ഫേസ് ബുക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെന്‍ റെന്‍ (Ren Reി), ചൈനയുടെ ട്വിറ്റര്‍ വെയ്‌ബോ (Weibo) ചൈനയുടെ യൂബര്‍ ദിദി ചഷിംഗ് (Didi Chuxing) എന്നിവയാണ് ആളുകള്‍ മാതൃകകളായി ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ പരാമര്‍ശിക്കപ്പെടുമ്പോഴും ഇന്ത്യയുടെയും ചൈനയുടെയും വിപണികള്‍ തമ്മില്‍ വലിയ ഒരു വ്യത്യാസമുണ്ട്.
ചൈനയില്‍ ബഹുരാഷ്ട്ര കമ്പനികളായ ആമസോണ്‍, ഗൂഗ്ള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂബര്‍ തുടങ്ങിയവ ഭാഷാ പ്രതിസന്ധി നേരിടുന്നതിനൊപ്പം സര്‍ക്കാര്‍ നിയന്ത്രണങ്ങളുള്ളതിനാല്‍
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമാകുന്നില്ല.

ഇതുമൂലം ചൈനീസ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തിലുള്ള മല്‍സരം കൂടാതെ തന്നെ സ്വന്തം ബിസിനസ് കെട്ടിപ്പടുക്കാന്‍ അവസരമൊരുക്കുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിയമപരമായ കടമ്പകളൊന്നും നിലവില്ല. മാത്രമല്ല നമ്മുടെ ഇന്റര്‍നെറ്റ് മിക്കവാറും ഇംഗ്ലീഷില്‍ തന്നെയാണ്.

ഈ വ്യത്യാസം ഉണ്ടാക്കുന്ന ഫലം എന്താണ്?

ഇന്ത്യയുടെ ആമസോണ്‍, ആമസോണ്‍ തന്നെയാണ്. ഇന്ത്യയുടെ ഗൂഗ്ള്‍, ഗൂഗ്ള്‍ തന്നെയും ഇന്ത്യയുടെ ഫേസ് ബുക്ക്,
ഫേസ് ബുക്ക് തന്നെയും ഇന്ത്യയുടെ ട്വിറ്റര്‍, ട്വിറ്റര്‍ തന്നെയും ഇന്ത്യയുടെ യൂബര്‍, യൂബര്‍ തന്നെയുമാണ്. ആവര്‍ത്തന ആശയങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഫഌപ്പ്കാര്‍ട്ടിന്റെ ഉദാഹരണം പരിശോധിക്കാം.

2007 ലാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ തുടക്കം. 2013 ല്‍ ആമസോണ്‍ വരുന്നതു വരെ ഫഌപ്പ് കാര്‍ട്ട് സാമാന്യം നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിച്ചു. പിന്നീട് ആമസോണുമായുള്ള മത്സരത്തില്‍
ഫ്ളിപ്പ്കാര്‍ട്ട് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ വാള്‍മാര്‍ട്ട് അതിനെ ഏറ്റെടുത്തു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ആവര്‍ത്തിക്കപ്പെടുന്ന ആശയങ്ങള്‍ക്ക് ഇന്ത്യയില്‍ വിജയിക്കാനാവില്ല.

വന്‍കിട ആഗോള കമ്പനികള്‍ക്ക് തങ്ങളുടെ സാമ്പത്തിക ശക്തിയും വലുപ്പവും ഉപയോഗിച്ച് ചെറിയ തദ്ദേശീയ കമ്പനികളെ എളുപ്പത്തില്‍ ഇല്ലാതാക്കുവാന്‍ കഴിയും. ഈ പുതിയ വിവരങ്ങളുടെ വെളിച്ചത്തില്‍ ആവര്‍ത്തന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്തു ചെയ്യണം? മിക്ക ആവര്‍ത്തിത ആശയങ്ങളും ഇന്റര്‍മീഡിയറി എന്നു വിളിക്കുന്ന ബിസിനസ് മോഡലാണ് പിന്തുടരുന്നത്.

ഇന്റര്‍മീഡിയറി ബിസിനസ് മോഡലില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി, തങ്ങളുടെ ബ്രാന്‍ഡ് നെയിമിലൂടെ ഉപഭോക്താക്കളെ സപ്ലയര്‍മാരുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്റര്‍മീഡിയറി മോഡലില്‍ നിന്ന് മൂല്യശൃംഖലകള്‍ ഭേദിച്ചു കൊണ്ടുള്ള മാതൃകകളിലേക്ക് മാറേണ്ടിയിരിക്കുന്നു.

നിലവിലുള്ള ബിസിനസില്‍ മൂല്യശൃംഖല സ്വന്തമാക്കിയോ ഏറ്റെടുത്തോ അത് നേടാം. ഇത് സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം ഉയര്‍ത്തുകയും ഇന്റര്‍മീഡിയറി ബിസിനസില്‍ മാത്രം ശ്രദ്ധയൂന്നിയ ബഹുരാഷ്ട്ര കമ്പനികളോട് മത്സരിച്ച് ജയിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും. മൂല്യശൃംഖലയിലൂടെ ചലിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറച്ചു കൂടി എളുപ്പത്തില്‍ ലാഭകരമാകാനും മൂലധന നിക്ഷേപത്തിന് ഭേദപ്പെട്ട റിട്ടേണ്‍ ലഭിക്കാനും കഴിയും.

ഈ മോഡലിനുള്ള ഒരു പ്രശ്‌നം എന്തെന്നാല്‍ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ രാജ്യമാകമാനം ഇത്തരമൊരു മോഡല്‍ വളര്‍ത്തിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും എന്നതാണ്. ഇത്തരത്തില്‍ മൂല്യ ശൃംഖലയിലൂടെ ചലിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ പലതും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി പ്രവര്‍ത്തനം ചുരുക്കും. ഇങ്ങനെ ദേശീയതലത്തില്‍ ഉയരാന്‍ കഴിയാതെ പോകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍എസ്ഇയിലും ബിഎസ്ഇയിലും സാധാരണ ഐപിഒ നടത്താന്‍ കഴിയില്ല.

ഇത്തരത്തില്‍ ചെറിയ തോതിലുള്ള എന്നാല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍എസ്ഇയിലും ബിഎസ്ഇയിലും എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ഐപിഒ നടത്താനാകും. അതുകൊണ്ട്, കേരളത്തിലെ പുതുയുഗ സ്റ്റാര്‍ട്ടപ്പുകള്‍ സീഡ് ഫണ്ടിംഗ് ഘട്ടത്തില്‍ തന്നെ നിലനില്‍പ്പ് സാധ്യമാക്കുകയും മൂല്യ ശൃംഖലകള്‍ ഭേദിക്കുന്ന തരത്തിലുള്ള ബിസിനസ് മോഡല്‍
നിര്‍മിക്കുകയും രാജ്യത്തിന്റെ ഒരു മേഖലയില്‍ വ്യാപി
ക്കുകയും വേണം.

മാത്രമല്ല, എന്‍എസ്ഇ, ബിഎസ്ഇ എന്നിവയിലെ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെയും ഡിവിഡന്റ് നല്‍കുന്നതിലൂടെയും നിക്ഷേപങ്ങളിന്മേല്‍ ഭേദപ്പെട്ട വരുമാനം ലഭ്യമാക്കുന്ന തരത്തില്‍ ആകുകയും വേണം.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it