ശ്രദ്ധിക്കാതെ പോകരുത്; രാഷ്ട്രീയ അറിവിലും അല്‍പ്പം കാര്യമുണ്ട്

എവിടെ നമുക്ക് രാഷ്ട്രീയ അറിവും ആഴവും നഷ്ടപ്പെടുന്നുവോ അവിടെ ശത്രുവിന് നമ്മെ കീഴ്‌പ്പെടുത്താന്‍ വളരെ എളുപ്പമാണ്

Indian startups saw 322% YoY jump in investments in July
Image credit: rawpixel.com / Freepik
-Ad-

ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഭരണക്രമങ്ങളില്‍ ഏറ്റവും മേന്മ അവകാശപ്പെടാവുന്നതാണ് ജനാധിപത്യം. കമ്യൂണിസ്റ്റ് ഭരണവും ഏകാധിപത്യ സംവിധാനങ്ങളും വിലയിരുത്തുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യം തന്നെ. ഇതൊരു നല്ല ആശയമാണെങ്കിലും ലോകത്തൊരിടത്തും അതിന്റെ പ്രായോഗികത ഫലപ്രാപ്തിയിലെത്തുന്നില്ല എന്നത് അതീവ ദുഃഖകരം തന്നെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഇംഗ്ലണ്ടില്‍ ബ്രെക്‌സിറ്റിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്, അങ്ങ് അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതില്‍ പിന്നെ മൂന്നു പ്രാവശ്യം ട്രഷറി പൂട്ടി, നമ്മുടെ നാട്ടിലാണെങ്കില്‍ അഴിമതിയുടെ അമരക്കാരനാകാന്‍ മത്സരിക്കുകയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. ഇവിടെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കേരളയുടെ സാധ്യത നാം കാണേണ്ടത്. എങ്ങനെ ഒരു പുതിയ ഭരണക്രമം ഈ കൊച്ചു കേരളത്തില്‍ നമുക്ക് പടുത്തുയര്‍ത്താം.

തിളങ്ങുന്ന നേതാക്കള്‍

ലോകത്തുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിലേതാണ്. നമുക്കിവിടെ അനുകൂലമായ ഒട്ടനവധി ഘടകങ്ങളുണ്ട്. നമുക്ക് നല്ല രാഷ്ട്രീയ നേതൃത്വമുണ്ട്, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം 916 മാറ്റുള്ളവരാണ്. തമിഴ് സിനിമയിലെ വിസ്മയമായ കമലഹാസന്‍ നമ്മുടെ പിണറായി സഖാവിന്റെ കട്ട ഫാന്‍ ആണ്. പ്രളയകാലത്തു ചാക്ക് ചുമലിലേറ്റിയ നമ്മുടെ കൃഷിമന്ത്രിയെക്കുറിച്ചു തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആയ യതീഷ് ചന്ദ്ര പറഞ്ഞത് കേട്ടപ്പോള്‍ നമ്മള്‍ മലയാളികള്‍ കോള്‍മയിര്‍കൊണ്ടു. നമ്മുടെ എംപിമാര്‍ അങ്ങ് പാര്‍ലമെന്റില്‍ നല്ല മിടുക്കന്മാര്‍ ആണത്രേ. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്നത് നമ്മുടെ കേരള നേതാക്കളെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയായ പോളിറ്റ്ബ്യൂറോയില്‍ നിയന്ത്രണം കേരള സഖാക്കള്‍ക്കാണ്.

സത്യത്തില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ എല്ലാം എത്ര നല്ലവര്‍ ആണല്ലേ? ഓരോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ അവര്‍ നമുക്ക് മുന്നില്‍ വന്നുനിന്നിട്ട് പറയും, നിങ്ങള്‍ ഞങ്ങളെ വിധിക്കൂ എന്ന്, നമുക്കവരെ വോട്ടു ചെയ്തു പ്രോത്സാഹിപ്പിക്കാനോ മാറ്റിനിര്‍ത്തി ശിക്ഷിക്കാനോ ഉള്ള അവസരമുണ്ട്, 20ാം വയസില്‍ സര്‍വീസില്‍ കേറുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ നാല്‍പതു വര്‍ഷ സര്‍വീസിനിടയ്ക്ക് ഒരിക്കല്‍ പോലും നമ്മുടെ മുമ്പില്‍ ഒരു വിലയിരുത്തലിന് വന്ന് നില്‍ക്കാറില്ല, അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീക്കാര്‍ എല്ലാം തങ്കപ്പന്‍മാര്‍ അല്ല പൊന്നപ്പന്മാര്‍ അല്ലേ പൊന്നപ്പന്മാര്‍!

ഒരു ജനാധിപത്യ രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ലതും ഫലപ്രദവുമായ മാര്‍ഗം രാഷ്ട്രീയത്തിലൂടെ തന്നെയാണ്. എന്നാല്‍ ഇന്നത്തെ പുതുതലമുറ വളരെ വേഗം ഒരു അരാഷ്ട്രീയവാദത്തിലേക്കു വഴുതി വീഴുന്നു, ക്യാപിറ്റ ലിസ്റ്റിക് ഇക്കോണമി രൂപപ്പെടുന്ന എല്ലാ സമൂഹങ്ങളിലും ഈ പ്രവണത കാണാവുന്നതാണ്, എവിടെ നമുക്ക് രാഷ്ട്രീയ അറിവും ആഴവും നഷ്ടപ്പെടുന്നുവോ അവിടെ ശത്രുവിന് നമ്മെ കീഴ്‌പ്പെടുത്താന്‍ വളരെ എളുപ്പമാണ്. രാഷ്ട്രത്തെ സംബന്ധിക്കുന്ന എന്തും രാഷ്ട്രീയമാണെന്നും അത് രാഷ്ട്രീയ പാര്‍ട്ടികളുടെ പേക്കൂത്തുകളല്ലെന്നും നമ്മുടെ യുവാക്കള്‍ മനസിലാക്കട്ടെ, സ്വപ്‌നം കാണാനും, ചോദ്യം ചോദിക്കാനുമുള്ള മനസ് അവര്‍ വളര്‍ത്തിയെടുക്കട്ടെ, കൂടുതല്‍ കൂടുതല്‍ നമുക്ക് നമ്മുടെ ജനകീയാസൂത്രണ പ്രക്രിയയില്‍ പങ്കുകാരാകാം. ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ജനകീയാസൂത്രണം നടപ്പാക്കിയ ഒരു സംസ്ഥാനമാണ് നമ്മുടേത്, ലോകത്തിലെ തന്നെ ഏറ്റവും നല്ല സ്ത്രീ ശാക്തീകരണമാണ് കുടുംബശ്രീയിലൂടെ നാം നേടിയെടുത്തത്, നൂറു ശതമാനം സാക്ഷരത നേടാനായി ജാതിമതരാഷ്ട്രീയത്തിനതീതമായി നാം കൈകോര്‍ത്തതുപോലെ പുതിയൊരു ഭരണക്രമത്തിനായും നമുക്ക് കൈകോര്‍ക്കാം.

നമുക്ക് തീര്‍ക്കാം സ്വപ്‌ന കേരളം

നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ പഞ്ചായത്തുകളിലേക്കും കടന്നു ചെല്ലട്ടെ. ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ പഠിക്കട്ടെ, ഗ്രാമസഭകളില്‍ നമ്മുടെ യുവാക്കള്‍ സജീവ സാന്നിധ്യമാവട്ടെ. സോഷ്യല്‍ മീഡിയകളിലൂടെ ലഭിക്കുന്ന പുതിയ അറിവുകള്‍ നമ്മുടെ ഗ്രാമസഭകളിലും ത്രിതല പഞ്ചായത്തുകളിലും ഉറക്കെ ചര്‍ച്ച ചെയ്യട്ടെ. വ്യാപാര വ്യവസായ സംഘടനകള്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ നമുക്ക് നല്ലൊരു ഭരണക്രമത്തിന്റെ നാന്ദി കുറിക്കാം. നമ്മുടെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മന്ത്രിമാരെയും സെക്രട്ടറിമാരെയും തങ്ങളുടെ കോളെജില്‍ ക്ഷണിച്ചു പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യട്ടെ. പദ്ധതി നടത്തിപ്പില്‍ നമ്മുടെ ഒരു ജനകീയ ജാഗ്രത ഉണ്ടാക്കുന്നതിലൂടെ അഴിമതിയുടെ വലിയൊരു അളവ് നമുക്ക് നിയന്ത്രിക്കാം. അഴിമതി കുറയ്ക്കുന്നതിലും അഴിമതിക്കാരെ ഒറ്റപ്പെടുത്തുന്നതിലും നമ്മുടെ മതസംഘടനകളും മാധ്യമങ്ങളും കൂടെനിന്നാല്‍ ഈ കൊച്ചു കേരള ത്തിന് ലോകത്തിനു തന്നെ മാതൃകയായ, നമ്മള്‍ സ്വപ്‌നം കണ്ട ഒരു കിനാശേരി ഗ്രാമം പണിതുയര്‍ത്താം.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here