ബിസിനസ് വിജയിക്കണോ? ഏക മനസും കാഴ്ചപ്പാടും വേണം

ഞങ്ങളുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ വന്ന സംരംഭകന്റെ മൂന്ന് പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ നടപടികളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്. ആദ്യമായി ആ സംരംഭത്തിന്റെ സാരഥികള്‍ വിഭാവനം ചെയ്ത ദര്‍ശനങ്ങളെയും മൂല്യങ്ങളെയും ഏവര്‍ക്കും മനസിലാക്കാവുന്ന രീതിയില്‍ കമ്പനിയുടെ വിഷനും മിഷനും വ്യക്തമായി നിര്‍വചിച്ചു.

എങ്ങനെയാണ് ഒരു സ്ഥാപനത്തില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട വിഷനെ അതിന്റെ മനസിന്റെ ഭാഗമാക്കുന്നത്? സ്ഥാപനത്തിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്ന ഒരു മനസിനെ/സംസ്‌കാരത്തെ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

A. ജീവനക്കാരുടെ തിരഞ്ഞെടുപ്പ്: സ്ഥാപന മനസിന്റെ ഏറ്റവും പ്രധാന ഘടകം ജീവനക്കാരാണ്. അതുകൊണ്ടുതന്നെ ഒരു സ്ഥാപനം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്‌കാരത്തിന് ഇണങ്ങുന്ന സ്വഭാവവും വൈദഗ്ധ്യവും ഉള്ളവരെ വേണം ആദ്യമേ ടീമിന്റെ ഭാഗമാക്കാന്‍. ഓരോ വ്യക്തിയുടെയും താല്‍പ്പര്യങ്ങളും അഭിനിവേശങ്ങളും മനസിലാക്കി അതിനിണങ്ങുന്ന ഉത്തരവാദിത്വങ്ങളും ചുമതലകളും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയാല്‍ ആസ്വാദ്യകരമായി അത് ചെയ്യാന്‍ അവര്‍ക്ക് സാധിക്കും.

B. നിരന്തര പരിശീലനം: ജീവനക്കാരെയും അസോസിയേറ്റുകളെയും സ്ഥാപനത്തിന്റെ മനസിനിണങ്ങും വിധം പ്രവര്‍ത്തിക്കാന്‍ നിരന്തരം പരിശീലനം നല്‍കുന്നത് അത്യാവശ്യമാണ്. പുതുതായി ടീമിലേക്ക് വരുന്നവര്‍ക്ക് സ്ഥാപനത്തിന്റെ ദര്‍ശനങ്ങളെയും മൂല്യങ്ങളെയും പറ്റി വ്യക്തമായ കാഴ്ചപ്പാട് നല്‍കണം. തിരുത്തലുകള്‍ ആവശ്യമുള്ളവരെ പ്രത്യേകമായി ശ്രദ്ധിക്കുകയും അതിനു തയാറാകാത്തവരെ നീക്കം ചെയ്യേണ്ടിയും വന്നേക്കാം.

C. നേതൃത്വ ശൈലി: ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തന രീതി, പ്രധാന തീരുമാനങ്ങളെടുക്കുന്ന രീതി, അധികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ശൈലി, തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം അതിന്റെ നേതൃശൈലി വെളിവാക്കുന്നതാണ്. ഇവയെല്ലാം സ്ഥാപനത്തിന്റെ വിഷനും മിഷനും അനുസൃതമായി വേണം. പ്രധാന തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ കഴിവും ആത്മാര്‍ത്ഥതയുമുള്ളവരെ അതിന്റെ ഭാഗമാക്കുന്നത് അവരുടെ കൂറും താല്‍പ്പര്യവും കൂട്ടും.

D. തൊഴില്‍ പരിസരം: ജീവനക്കാരുടെ ജോലി സാഹചര്യങ്ങള്‍, അവരുടെ പരസ്പരഇടപെടലുകള്‍, ജോലി രീതികള്‍ എന്നിവയെല്ലാം സ്ഥാപന സംസ്‌കാരം രൂപീകരിക്കുന്നതില്‍പ്രധാനമാണ്. സ്ഥാപനത്തിന്റെ പൊതു സംസ്‌കാരം ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളും വാക്കുകളും (quotes) തൊഴില്‍ ഇടങ്ങളുടെ ഭാഗമാക്കുന്നത് ഉചിതമാണ്.

E. മീറ്റിംഗുകളും ഗ്രൂപ്പ് ആക്ടിവിറ്റികളും: നിശ്ചിത ഇടവേളകളില്‍ ടീം മീറ്റിംഗുകള്‍, ചര്‍ച്ചകള്‍, ഒത്തുചേരലുകള്‍ എന്നിവയൊക്കെ വേണം. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലേക്കും അത് നേടിയെടുക്കാനുള്ള ശരിയായ മാര്‍ഗങ്ങളിലേക്കും ഏവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുന്ന ശാസ്ത്രീയമായ കളികളും ആക്ടിവിറ്റികളും ഇതിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.


തൃശൂരിലെ ആ ജൂവല്‍റി ഉടമ ചെയ്തത് ഇതാണ്തൃശൂരിലെ ഒരു പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ പ്രമോട്ടറുമായി ഞാന്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഓരോ ജീവനക്കാരന്റെയും വീടുകളിലെ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളിലും പങ്കെടുക്കുകയും ആവശ്യമെങ്കില്‍ സഹായവും നല്‍കുമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചു. ഇപ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിന് ഇതൊക്കെ പ്രായോഗികമല്ലായിരിക്കും. പക്ഷേ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ അദ്ദേഹം ജീവനക്കാരോട് കാണിച്ച സ്നേഹവും കരുതലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മനസിനെ നെഗറ്റീവ് ആക്കുന്ന ഘടകങ്ങള്‍ഒരു വ്യക്തിയുടെ മനസില്‍ എന്നപോലെ സ്ഥാപനത്തിന്റെ മനസിലും നെഗറ്റിവിറ്റി സൃഷ്ടിക്കുന്ന പല കാരണങ്ങളും ഉണ്ട്. ഒരു സ്ഥാപനത്തിന്റെ തൊഴില്‍ സംസ്‌കാരം മോശമാണെന്ന് താഴെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ അവിടെ ഉണ്ടെന്നറിഞ്ഞാല്‍ നമുക്ക് മനസിലാക്കാം:

1.ആശയവിനിമയത്തിലെ കുറവുകളും വ്യക്തത ഇല്ലായ്മയും. 2. പരദൂഷണങ്ങളും പഴിചാരലുകളും യഥേഷ്ടം സംഭവിക്കുന്നു. 3. പരസ്പര വിശ്വാസം ഇല്ലായ്മ. 4. നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷവും നേതൃത്വവും. 5. ജീവനക്കാരുടെ അടിക്കടിയുള്ള കൊഴിഞ്ഞു പോക്ക്. 6.കഴിവും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്ക് സ്ഥാപനത്തില്‍ വളരാന്‍ കഴിയാതിരിക്കുക. 7. സുതാര്യത ഇല്ലായ്മ. 8. ജീവനക്കാരുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് തകരാറിലാകുന്ന സാഹചര്യം.

കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ച ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ പറഞ്ഞ സാഹചര്യങ്ങള്‍ അവിടെയുണ്ടായിരുന്നു. ഇതിന്റെ പ്രധാന കാരണം, സ്ഥാപനത്തിന്റെ ദര്‍ശനങ്ങളോട് ഒട്ടും യോജിക്കാത്ത സംസ്‌കാരമുള്ളവരുടെ കൈകളിലേക്ക് അതിന്റെ നിയന്ത്രണം വഴുതിപ്പോയതാണ്. പലപ്പോഴും ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ കാര്യങ്ങള്‍ നടത്തിയെടുക്കേണ്ടി വരുമ്പോള്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഏതു വഴിയിലൂടെയും ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുന്നവരെ പിന്താങ്ങുകയും അവര്‍ക്ക് സ്ഥാപനത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമായിരുന്നു. ഇത് സ്ഥാപന സംസ്‌കാരത്തിന് ഇണങ്ങാത്ത ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയാക്കി. ഇവരില്‍ ചിലരെ സ്ഥാപനത്തില്‍ നിന്നും നീക്കംചെയ്യുകയും തിരുത്തലിന് തയാറായിരുന്നവരെ തിരുത്തുകയും ചെയ്തതോടെ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങി.

നിലവിലുള്ള ജീവനക്കാരെ കൃത്യമായി പല ഡിപ്പാര്‍ട്ട്മെന്റുകളായി തിരിക്കുകയും അവരുടെ ജോലിയുടെ കൃത്യമായ വിവരണങ്ങളും അധികാരങ്ങളും ബോധ്യപ്പെടുത്തുകയും ചെയ്തു. സ്ഥാപന ഘടന തയാറാക്കുകയും അധികാരഘടനയും റിപ്പോര്‍ട്ടിംഗും വ്യക്തതയോടെ നിര്‍വചിക്കുകയും ചെയ്തു. പല വകുപ്പുകളിലും ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിരുന്ന മാനേജര്‍മാര്‍ക്ക് ആ ജോലിയുടെ സ്വഭാവത്തെ കുറിച്ചും അത് ചെയ്യേണ്ട രീതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ചിലരെ ആവശ്യമുള്ള പരിശീലനം നല്‍കി അതിന് പ്രാപ്തരാക്കി. അത് പറ്റാത്ത സ്ഥലത്ത് നൈപുണ്യ

മുള്ളവരെ തലവന്മാരായി കൊണ്ടുവന്നു.നിരന്തരം തൊഴില്‍ നൈപുണ്യവും നേതൃപാടവവും വളര്‍ത്തുന്നതിനായി ട്രെയിനിംഗുകള്‍ സംഘടിപ്പിച്ചു. ഇത് അവരുടെ കൊഴിഞ്ഞുപോക്കിനെ തടയുകയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അവര്‍ ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്തു. ലോകപ്രശസ്ത സംരംഭകന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഒരു ഉദ്ധരണിയുണ്ട്.

'Train people well enough as they can leave. Treat them well enough as they don't want to.'

ജീവനക്കാരുടെ വര്‍ക്ക് ലൈഫ് ബാലന്‍സ്

ജോലിയും വ്യക്തിജീവിതവും സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമാകുന്ന സാഹചര്യമുള്ള ഒരു ജീവനക്കാരന് ഒരു സംരംഭകന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം:

ജോലി സംബന്ധമായോ വ്യക്തിപരമായോ ഉള്ള മാനസിക സംഘര്‍ഷങ്ങള്‍ ഒരു ടീം മെമ്പറില്‍ ഉണ്ടാകുന്ന അവസരത്തില്‍ അത് കണ്ടെത്താനും മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ സ്ഥാപനത്തിന്റെ അകത്ത് ഉണ്ടായിരിക്കണം.

വ്യക്തിബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ആശയവിനിമയങ്ങള്‍ക്കൊപ്പം പ്രൊഫഷണല്‍ ആയി ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാവുന്ന ഒരാളുടെ സേവനം, എച്ച്.ആര്‍ കൗണ്‍സലിംഗ്, ആവശ്യമുള്ള ഇടവേളകളില്‍ സ്ഥാപനത്തിനകത്ത് ലഭ്യമാകണം.

തനിക്കും സ്ഥാപനത്തിനും വളര്‍ച്ചാ സാധ്യത ഉണ്ടെന്നുള്ള അറിവില്‍ ഒരു വ്യക്തി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിന്റെ ഭാഗമാകും. ഒരു സംരംഭകന്‍ തന്റെ വളര്‍ച്ചയിലേക്കുള്ള വഴികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും തന്റെ കൂടെ നില്‍ക്കുന്ന ടീമംഗങ്ങളെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തേണ്ടതാണ്.

Read This Also : നിങ്ങളുടെ ബിസിനസ് എന്തുകൊണ്ട് പ്രതിസന്ധിയിലാകുന്നു?

ജീവനക്കാരുടെ വ്യക്തിജീവിതത്തിലെ പല ഘട്ടങ്ങളിലും സ്ഥാപനത്തില്‍ നിന്നും സാമ്പത്തികവും ധാര്‍മികവുമായ സഹായങ്ങള്‍ നല്‍കുന്നത് വളരെ അത്യാവശ്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ അവരെ സഹായിക്കാനായി സ്ഥാപനത്തിന് ഒരു പൊതു ഫണ്ട് രൂപീകരിക്കുന്നതും ഉത്തമമാണ്.

ജീവനക്കാര്‍ക്കായി ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുക്കുന്നത് അവരെയും സ്ഥാപനത്തെയും അപ്രതീക്ഷിതമായി ബാധിക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കും.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരു ടീം മെമ്പറിന്റെ പ്രകടനം മോശമാകുമ്പോള്‍ അതിന്റെ കാരണങ്ങളെ അറിയുന്നതിനും അത് പരിഹരിക്കുന്നതിനും ഉള്ള പ്രത്യേക ശ്രദ്ധ സ്ഥാപനത്തിനകത്ത് നിന്നും വരേണ്ടതാണ്.

(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍.

ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)

(This article was originally published in Dhanam Magazine October 2nd issue)

Jimson David C
Jimson David C is a Director of Hanhold Consulting Pvt. Ltd. and Co-founder of NAVION Wealth Management  

Related Articles

Next Story

Videos

Share it