ബിസിനസ് കോച്ച് സി എ റസാഖ് പറയുന്നു; ഇതൊരവസരമാണ്, മുന്നേറാനുള്ള വഴികള്‍ കണ്ടെത്തുക

വെറുതെയിരിക്കുക എന്നത് സംരംഭകനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യമല്ല. അല്ലെങ്കില്‍ അങ്ങനെയൊരു സ്ഥിതിയില്ല. പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അവനവനെയും സംരംഭത്തെയും മാറ്റാനായി ഒരു ദിവസം അരമണിക്കൂറും ഒരു വര്‍ഷത്തില്‍ പത്തു ദിവസവം ആളൊഴിഞ്ഞ പ്രശാന്തസുന്ദരമായ പ്രകൃതിയിലേക്ക് ഉള്‍വലിഞ്ഞ്, പുതിയ മനുഷ്യനും ആശയങ്ങളുമായി തിരിച്ചെത്തുന്ന സംരംഭകരേറെയുണ്ട്. അത്തരമൊരവസരമായി ഇതിനെ കാണാം. ഇനി വരുന്നത് പുതിയൊരു സംരംഭകനും സംരംഭവുമായിരിക്കണം.

ലോക്ക് ഡൗണിന്റെ കാലത്ത് പല സംരംഭകരും തിരിച്ചറിഞ്ഞൊരു സത്യമുണ്ട്. വലിയ ഓഫീസ് സമുച്ചയങ്ങളും അനാവശ്യമായ ചെലവേറിയ സംവിധാനങ്ങളൊന്നും ഒരു സംരംഭത്തിന് ആവശ്യമില്ല, വര്‍ക്ക് അറ്റ് ഹോമിലൂടെ ചെലവ് കുറച്ചും ഔട്ട്പുട്ട് വര്‍ധിപ്പിച്ചും പുതിയ തൊഴില്‍ സംസ്‌കാരം ഉണ്ടാക്കി സ്ഥാപനത്തെ മികച്ച രീതിയില്‍ കൊണ്ടുപോകാനാകും എന്നതാണത്.
നമുക്ക് പരിചിതമല്ലാത്ത ലോകക്രമമാണിനി വരാനിരിക്കുന്നത്. പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ നമ്മള്‍ കാണാന്‍ പോകുന്നു. അതിനനുസരിച്ച് മാറാന്‍ തയാറായിക്കൊള്ളുക. സെയ്ല്‍സ് ബന്ധത്തിനപ്പുറം ഉപഭോക്താവില്‍ ഞങ്ങളുണ്ട് കൂടെ എന്ന ഫീല്‍ വരുത്താനാവണം.

ബ്രാന്‍ഡിനെ സമൂഹത്തിന് പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണിത്. സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും, കൊറോണയ്‌ക്കെതിരെയുള്ള പ്രാചരണങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ നടത്താം. നമ്മുടെ ബ്രാന്‍ഡിനെ കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കാം.

ഗുണനിലവാരത്തിലും വിലയിലും ആളുകളുടെ വിശ്വാസം ആര്‍ജിക്കുക. സന്ദര്‍ഭത്തിനനുസരിച്ച് വില കുറയ്ക്കാനും തയാറാവുക. ഇക്കാര്യത്തില്‍ മറ്റുള്ളവരെ അനുകരിക്കേണ്ടതില്ല. നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കുക. പ്രതിസന്ധി ഘട്ടമായതിനാല്‍ ലാഭം കുറച്ച് വില്‍ക്കുക. ഉപഭോക്താവിനെ സഹായിക്കുന്ന തരത്തില്‍ ചെയ്യുമ്പോള്‍ വോള്യത്തില്‍ വര്‍ധനയുണ്ടാകും. സത്യസന്ധതയ്ക്കും വിശ്വസ്തയ്ക്കും പകരം വെക്കാന്‍ ഒന്നുമില്ലെന്ന് മനസ്സിലാക്കുക.

എത്ര വലിയ പ്രതിസന്ധിയെയും കരുത്തോടെ നേരിടാന്‍ കഴിയണം. ലോകം കണ്ട ലോകമഹായുദ്ധങ്ങള്‍, സ്പാനിഷ് ഫ്‌ളൂ, എബോള, എയ്ഡ്‌സ് തുടങ്ങിയവയെ പരാജയപ്പെടുത്തി അതിജീവിച്ച് മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിപണിയും ഇവയെ അതിജീവിച്ചാണ് മുന്നേറിയത്. കേരളത്തില്‍ പ്രളയത്തെയും നിപ്പയേയും അതിജീവിച്ചു. മറ്റു സാമൂഹ്യ സാമ്പത്തിക രംഗത്തെ വെല്ലുവിളികളും നമ്മെ പ്രതിസന്ധിയിലാക്കി. മന്ദഗതിയിലാണെങ്കിലും നമ്മള്‍ അവയെ അതിജീവിക്കുന്നു. ഇത് അതിനേക്കാളെല്ലാം വലുതു തന്നെ. എങ്കിലും നമുക്ക് അതിജീവിക്കാനും. കാലാവസ്ഥാ വ്യതിയാനം പോലെ കരുതിയാല്‍ മതി. വെയിലിനെ നേരിടാന്‍ അനുയോജ്യമായ വസ്ത്രങ്ങളും എസിയും ഫാനുമൊക്കെ ഉപയോഗിക്കുന്നു. മഞ്ഞുകാലത്ത് കമ്പനിളി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു മഴക്കാലത്ത് കുട വാങ്ങുന്നു, ആരോഗ്യ ചികിത്സ നടത്തുന്നു. അതുപോലെ കാലത്തിനനുസരിച്ച തന്ത്രങ്ങള്‍ സ്വീകരിക്കണമെന്നു മാത്രം.

എത്ര വലിയ പ്രതിസന്ധിയും കോര്‍പ്പറേറ്റുകള്‍ എങ്ങനെ അവസരമാക്കുന്നു എന്ന് നോക്കുക. അവരുടെ മാര്‍ക്കറ്റിംഗ് രീതി, ഉല്‍പ്പന്നത്തെ അവതരിപ്പിക്കുന്ന രീതി എന്നിവ ശ്രദ്ധിക്കുക. ലൈഫ്‌ബോയ് സോപ്പുകളുടെ പരസ്യം കണ്ടിട്ടില്ലേ, സോപ്പ് ഏത് ഉപയോഗിച്ചാലും കൈകഴുകിയാല്‍ മതിയെന്ന പരസ്യം. ആളുകളെ ആകര്‍ഷിക്കാനും ഇഷ്ടം പിടിച്ചു പറ്റാനും അതിന് കഴിഞ്ഞിട്ടുണ്ട്.

അനാവശ്യമായ മത്സരങ്ങളുടെ സമയമല്ല ഇത്. സാമൂഹ്യ പ്രതിബദ്ധതയോടെ സംരംഭത്തെ നയിക്കുക. നമുക്ക് ചേരുന്ന ബിസിനസ് കമ്മ്യൂണിറ്റുയമായി ചേര്‍ന്ന് നില്‍ക്കുക. കണ്‍സോര്‍ഷ്യം പോലുള്ള കൂട്ടായ ശ്രമങ്ങള്‍ ഗുണം ചെയ്യും

ദുഷ്‌കരമായ സമയത്ത് മാനസികോര്‍ജം നേടുക എന്നത് പ്രധാനമാണ്. പതറിയാല്‍ എല്ലാം പോകും. എന്തു വന്നാലും 10 ശതമാനം പേരെങ്കിലും അതിജീവിക്കുക തന്നെ ചെയ്യും. അവര്‍ വലിയ നേട്ടം ഉണ്ടാക്കും. അതില്‍ നമ്മളുണ്ടാവണം എന്ന ചിന്ത വേണം. ഇല്ലെങ്കില്‍ പരാജയപ്പെടും.

ഊര്‍ജം ചോര്‍ത്തികളയുന്ന കാര്യങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ബന്ധങ്ങള്‍ പോസിറ്റീവായി നിലനിര്‍ത്തുക. നെഗറ്റീവ് വികാരങ്ങള നിയന്ത്രിക്കുക.

സംരംഭത്തില്‍ പൊളിച്ചെഴുത്ത് വേണമെങ്കില്‍, മാറ്റം വരുത്തേണ്ടത് എന്തിലൊക്കെയാണെന്ന് കണ്ടെത്താനുള്ള മികച്ച സമയമാണിത്. മാസത്തില്‍ ഒരു ദിവസമെങ്കിലും മാറ്റിവെക്കാം. എക്കൗണ്ട്‌സ് അടക്കം എല്ലാ മേഖലകളും പരിശോധിക്കണം. ടൈം ആന്‍ഡ് എനര്‍ജി ഓഡിറ്റ് കൃത്യമായി നടത്താന്‍ ഇനി തയാറാവണം

ഇരു കൂട്ടര്‍ക്കും നേട്ടം ഉണ്ടാക്കാവുന്ന വിന്‍ വിന്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനുള്ള സമയമാണ് ഇത്.

ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളെ ഗുണപരമായി വിനിയോഗിക്കാന്‍ ഇനി കാലതാമസം വേണ്ട, വെബിനാറുകള്‍, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയെ കുറിച്ച് അറിയുകയും അത് പ്രയോജനപ്പെടുത്തുകയും വേണം. അറിയില്ലെങ്കില്‍ വൈദഗ്ധ്യം വിലയ്ക്ക് വാങ്ങണം.

വിപണിയില്‍ ശ്രദ്ധ കിട്ടാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ മൂല്യം വര്‍ധിപ്പിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കാന്‍ പറ്റിയ സമയമാണിത്. കടം കിട്ടാനുള്ളതിലും കൊടുക്കാനുള്ളതിലും മാന്യമായ നീക്കുപോക്ക് ഇപ്പോള്‍ ഉണ്ടാക്കാം.

മിനിമലിസം എന്ന പ്രാക്ടീസ് സ്വന്തമായും കുടുംബത്തിലും നടപ്പിലാക്കണം. ചെലവ് ചുരുക്കാനുള്ള അവസരമാണിത്.

സ്വന്തം അധ്വാനവും ബുദ്ധിയും ഉപയോഗിച്ച് സമ്പന്നനാകാം എന്ന ധാരണ മാറേണ്ട കാലമാണിത്. സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്ത് പ്രയാസങ്ങള്‍ മുന്നില്‍ കണ്ട് വിദഗ്ധരുടെ സേവനം തേടണം. കോച്ചിംഗ്, മെന്ററിംഗ്, പരിശീലനങ്ങള്‍ നേടണം. വെബിനാറുകളില്‍ പങ്കെടുത്തോ, വീഡിയോകള്‍ കണ്ടോ പുസ്തകങ്ങള്‍ വായിച്ചോ അറിവ് നേടാനാകും. സാങ്കേതിക വിദ്യ അവലംബിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യുകയേ അരുത്.

കസ്റ്റമര്‍ ഫ്രണ്ട്‌ലി കള്‍ചര്‍ സംരംഭത്തില്‍ വികസിപ്പിക്കണം. അവരെ സഹായിക്കുന്ന ഹോട്ട്‌ലൈനായി മാറാനാകണം.

സ്വീപ്പര്‍ മുതല്‍ എംഡി വരെ സെയ്ല്‍സ്‌ഫോഴ്‌സ് ടീമാകണം. അതിന് കൂടുതല്‍ ശ്രമം നടത്തേണ്ടി വരും. അവരവരുടെ ജോലിയ്ക്ക് പുറമേ ഇക്കാര്യം കൂടി ശ്രദ്ധിക്കാന്‍ സംരംഭകരും ജീവനക്കാരും തയാറാവണം. അതോടൊപ്പം സെയ്ല്‍സ് ഇന്‍സെന്റീവ് ആനൂപാതികമായി എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് സംരംഭകന്‍ ഉറപ്പു വരുത്തണം

സംതൃപ്തരായ ഉപഭോക്താക്കള്‍, സന്തോഷവാന്മാരായ തൊഴിലാളികള്‍ സ്വതന്ത്രരായ സംരംഭകര്‍ എന്ന ഫോര്‍മുല ലക്ഷ്യമാക്കി മുന്നേറുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles
Next Story
Videos
Share it