ഒരു ബിസിനസ് തലമുറ ഇല്ലാതായ കഥ

ഒരു ബിസിനസ് തലമുറ ഇല്ലാതായ കഥ
Published on

എനിക്കറിയാവുന്ന ഒരു കുടുംബ ബിസിനസ് പ്രസ്ഥാനമുണ്ടായിരുന്നു. മൂന്ന് നാല് കുടുംബാംഗങ്ങളുള്ള ചെറിയ ബിസിനസായിരുന്നു. ബിസിനസ് കൂട്ടിയും ശാഖകള്‍ വര്‍ധിപ്പിച്ചുമൊക്കെ അത്യാവശ്യം ബിസിനസ് വിപുലീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതോടെ നിരവധി വലിയ ബ്രാന്‍ഡു കള്‍ ഏജന്‍സികള്‍ക്കായി അവരെ ബന്ധപ്പെടുകയും ചെയ്തു.

എന്നാല്‍ നല്ല അക്കൗണ്ടിംഗ് സംവിധാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല, അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള മീറ്റിംഗുകളില്ല, റീകണ്‍സിലിയേഷന്‍ നടന്നിട്ടില്ല, ഓരോ ബ്രാഞ്ചിലെയും പണമൊഴുക്ക് നിയന്ത്രിക്കുന്നതാകട്ടെ ആ മേഖലയുടെ ചുമതലയുള്ള കുടുംബാംഗവും.

അതിനാല്‍ ബിസിനസ് ഇതര കാര്യങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ ധാരാളം പണം ചെലവഴിക്കാന്‍ തുടങ്ങി. ബിസിനസിലാണെങ്കില്‍ നിയന്ത്രണങ്ങളില്ലാതെ റീറ്റെയ്‌ലര്‍മാര്‍ക്ക് ക്രെഡിറ്റ് കൊടുത്തു. പ്രവര്‍ത്തന മൂലധനം പ്രശ്‌നമായി തുടങ്ങിയപ്പോള്‍ കുടിശിക കിട്ടാനുള്ളത് പിരിച്ചെടുക്കാതെ ബാങ്കിലെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉയര്‍ത്തി. ബാങ്ക് മാനേജര്‍മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഓഡിറ്റ് അധികാരികള്‍ അണ്‍ഓതറൈസ്ഡ് ആയ ഒ.ഡിയെല്ലാം തിരിച്ചുപിടിക്കാന്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ടു. അതോടെ മുഖം രക്ഷിക്കാനായി മാനേജര്‍ കുടുംബാംഗങ്ങളോട് അക്കൗണ്ട് നോര്‍മലൈസ് ചെയ്ത് കാണിക്കാന്‍ വേണ്ടി തല്‍ക്കാലത്തേക്ക് ആ പണം അടയ്ക്കാനും അതുകഴിഞ്ഞ് ഒ.ഡി പുനഃസ്ഥാപിച്ചു തരാമെന്നും പറഞ്ഞു. വലിയ പലിശയ്ക്ക് പുറത്തുനിന്നും കടമെടുത്തും കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങിയും വളരെ കഷ്ടപ്പെട്ട് അവര്‍ പണം തിരിച്ചടച്ചു.

പക്ഷേ പെട്ടെന്നു തന്നെ മാനേജര്‍ മറ്റൊരു ശാഖയിലേക്ക് ട്രാന്‍സ്ഫറായി. പിന്നീട് വന്ന മാനേജറാണെങ്കില്‍ ഒ.ഡി സൗകര്യം പിന്‍വലിക്കുകയും ചെയ്തു. അതോടെ ചെക്കുകള്‍ പലതും മുടങ്ങുകയും കേസിലേക്കും അറസ്റ്റിലേക്കുമൊക്കെ പോവുകയും ചെയ്തു. അവസാനം കുടുംബസ്വത്തുക്കള്‍ ഭൂരിഭാഗവും വിറ്റഴിക്കേണ്ടിയും ബിസിനസ് തന്നെ അവസാനിപ്പിക്കേണ്ടതായും വന്നു. പ്രൊഫഷണല്‍സിന്റെയോ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരുടേയോ ശരിയായ മേല്‍നോട്ടം ഉണ്ടായിരുന്നെങ്കില്‍ ഒരു തലമുറ ബിസിനസ് മുഴുവനായും ഇത്തരത്തില്‍ നഷ്ടപ്പെടുമായിരുന്നില്ല. ഇതില്‍ നിന്നു പഠിക്കേണ്ട പാഠങ്ങള്‍ ഇവയാണ്:

1. അക്കൗണ്ട്‌സ്, ബുക്ക് കീപ്പിംഗ്, റികണ്‍സിലിയേഷന്‍, റിവ്യൂസ്, ക്രെഡിറ്റേഴ്‌സ്, മാര്‍ജിന്‍സ്, എക്‌സ്‌പെന്‍സ്, കാഷ് ഫ്‌ളോ തുടങ്ങിയ കാര്യങ്ങളുടെയൊക്കെ ശരിയായ മെയ്ന്റനന്‍സും നിയന്ത്രണവും കഴിവുള്ള പ്രൊഫഷണല്‍സ് നടത്തണം.

2. പുതിയ ഏജന്‍സികള്‍- ബിസിനസ് വിപുലീകരിക്കുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണം. മാര്‍ജിന്‍, മറ്റ് നിബന്ധനകള്‍ എന്നിവയെ കുറിച്ചും ശ്രദ്ധ വേണം. പോസ്റ്റ് ഡേറ്റഡ് ചെക്ക്, ബ്ലാങ്ക് ചെക്ക് എന്നിവ നല്‍കുന്നതിലും നിയന്ത്രണം വേണം.

3. ഔട്ട്‌സ്റ്റാന്‍ഡിംഗ് തുകകളെ കുറിച്ച് അറിഞ്ഞിരിക്കണം. അത് കൃത്യമായി കളക്ട് ചെയ്യുകയും ശരിയായി റികണ്‍സിലിയേഷന്‍ നടത്തുകയും വേണം.

4. ബിസിനസുമായി ബന്ധമില്ലാത്ത ചെലവുകള്‍ നിര്‍ത്തലാക്കണം.

5. മികച്ച മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (MIS) കണ്ടെത്തുകയും അവ നടപ്പാക്കുകയും വേണം.

(ചാര്‍ട്ടേഡ് അക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്

ലേഖകന്‍. Email: shaji@svc.ind.in, 9847044030)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com